യേശുവിന് തിന്നാൻ കൊടുക്കാൻ നല്ലതൊന്നും ഇല്ലല്ലോയെന്ന് ഉമ വ്യസനിച്ചു. വീടിന്റെ മൂലയിലെ ബെഞ്ചിൽ പാവത്താനെപ്പോലെ പിന്നാക്കം ചാരിയിരിക്കുകയാണ്. ഞങ്ങടെ ദൈവങ്ങൾക്കെല്ലാം നല്ല കാലമായിട്ടും ഈ പാവത്തിന്റെ കഷ്ടകാലം നീങ്ങുന്നില്ലല്ലോയെന്ന സങ്കടവും ഉമയെ നീറ്റി.
പാതിരായടുത്ത നേരത്താണ് വന്നുകയറിയത്. ഒറ്റനോട്ടത്തിൽ തന്നെ ഉമയ്‌ക്ക് ആളെ പിടികിട്ടി. അലച്ചിലിന്റെ ഭൂപടം പോലുണ്ടായിരുന്നു യേശു. ഗൾഫ് രാജ്യങ്ങളിലെവിടെയോ തൊഴിൽ തേടിപ്പോയി കബളിപ്പിക്കപ്പെട്ട് നീണ്ട ജയിൽവാസവുമൊക്കെ കഴിഞ്ഞ് സർക്കാർ ചെലവിൽ വീട്ടിലെത്തിയ അയൽപ്പക്കത്തെ അനിലിനെ ആദ്യം കണ്ടത് ഉമയായിരുന്നു. താടിയും മുടിയുമൊക്കെ ചെമ്പിച്ചും വളർന്നും കോലം കെട്ടിട്ടും ആദ്യനോട്ടത്തിൽത്തന്നെ ഉമയ്‌ക്ക് ആളെ പിടികിട്ടി. എന്റെ കുഞ്ഞേ എന്ന് നെഞ്ച് പൊട്ടി അലറിക്കരഞ്ഞതും ആളുകൂടിയതുമെല്ലാം നിമിഷംകൊണ്ടായിരുന്നു.
യേശുവിനെ തിരിച്ചറിയാൻ അത്രപോലും നേരം വേണ്ടിവന്നില്ല. അനിലിനേക്കാൾ തളർന്നും അവശനും ആയിരുന്നു യേശു. എന്നാലും ദേവഗണത്തിൽപ്പെട്ടവരുടെ ഛായ മുഖത്തുണ്ടായിരുന്നു. ശിവകാശി കലണ്ടറുകളിലൊന്നും കാണുന്ന മട്ടിലായിരുന്നില്ല അത്. നൊവേനപ്പള്ളിയിലെ ചെങ്കോലേന്തിയ വിഗ്രഹത്തിന്റെ ഛായയും ഉണ്ടായിരുന്നില്ല. ശരിക്കും ഒരു പാവത്താൻ. എന്നാലും അമ്മമാരുടെ ഉള്ള് ചുരത്തുന്ന എന്തോ ഒന്ന് യേശുവിന്റെ പാവം പിടിച്ച കണ്ണുകളിലുണ്ടായിരുന്നു. അതിൽ ഉമ വീണുപോയി. അല്ലെങ്കിൽ സാക്ഷാൽ ശ്രീരാമചന്ദ്രനായാലും പാതിരായ്‌ക്ക് അപരിചിതനൊരുത്തനെ ഉമ വീട്ടിൽ കയറ്റുമായിരുന്നില്ല. യേശുവിനെ തിരിച്ചറിഞ്ഞതും കന്യാമറിയത്തിന്റെ ഉള്ളുപോലെ ഉമയുടെ ഉള്ള് ആളിപ്പിടഞ്ഞു. എന്റെ ദൈവങ്ങളേ എന്നൊരു വിലാപത്തോടെയാണ് ഉമ യേശുവിന് കയറി വരാനായി വാതിൽ തുറന്നുപിടിച്ചത്.
തല കുനിച്ച് അകത്തേയ്‌ക്ക് കയറുമ്പോൾ യേശു ഒരുമാത്ര തലയുയർത്തി ഉമയെ കണ്ണിൽത്തന്നെ നോക്കി. ഇലക്‌ട്രിക് കറണ്ട് കയറി വരുമ്പോലെ യേശുവിന്റെ ഉള്ളിലെ വേദന തന്റെ ഉള്ളിലേക്കും പിടഞ്ഞു കയറുകയാണെന്ന് ഉമയ്‌ക്ക് അപ്പോൾ തോന്നി. ഇത് പങ്കപ്പാടണല്ലോയെന്ന് മനസിൽ നിരൂപിക്കുകയും ചെയ്‌തു.
ഉള്ളിലേക്ക് കയറിയ ഉടനെ ഒന്നും ഉരിയാടാതെ മുറിയുടെ മൂലയിലെ ബെഞ്ചിൽ അമരുകയായിരുന്നു യേശു. ഭിത്തിയിൽചാരി മൗനിയായി വീടിന്റെ മോന്തായം നോക്കി ഒരിരുപ്പ്. മഴ നനഞ്ഞ് കരിമ്പനടിച്ച കാവി മുണ്ടും അതേ നിറമുള്ള നീണ്ടൊരു ഷർട്ടുമായിരുന്നു യേശുവിന്റെ വേഷം. പകലായിരുന്നെങ്കിൽ വിഷാദരോഗം മൂലം പിരാന്ത് പിടിച്ച ഒരുത്തനെന്നോ വിഷം കഴിക്കാനും കെട്ടിത്തൂങ്ങാനും ധൈര്യം പോരാഞ്ഞ് കുടുംബം ഉപേക്ഷിച്ച് ഊര് തെണ്ടുന്ന ഒരു കൃഷിക്കാരനെന്നോ തെറ്റിദ്ധരിച്ചേനെ. കർക്കിടകത്തിലെ മഴയും തണുപ്പും കൊണ്ടുവന്നവനല്ലേ, കുരുമുളകിട്ട് അനത്തിയ കട്ടനാകും യേശുവിന് വേണ്ടതെന്ന് ഉമ തീരുമാനിച്ചു. അതു കഴിഞ്ഞ് ഇത്തിരി കഞ്ഞിയിരിക്കുന്നത് ചൂടാക്കികൊടുക്കാം. അതും കുടിച്ച് കിടന്നുറങ്ങട്ടെ. നേരം പുലർന്നിട്ട് ബാക്കികാര്യങ്ങൾ ആലോചിക്കാം.
അന്നേരവും ഇതൊന്നും അറിയാതെ ദിവാകരൻ ഉറക്കത്തിലായിരുന്നു. യേശു കട്ടൻകാപ്പി ഊതിയൂതി കുടിക്കുമ്പോഴാണ് ഉമ ദിവാകരനെ വിളിച്ചുണർത്തിയത്. അപരിചിതനെ കണ്ട് ആദ്യം ദിവാകരൻ അന്ധാളിച്ചു. പിന്നെ ഉറക്കച്ചടവ് കുടഞ്ഞുകളഞ്ഞ് ബോധത്തിലേക്ക് പണിപ്പെട്ട് ഊർന്നിറങ്ങി അയാൾ യേശുവിനെ തുറിച്ചുനോക്കി.
“എന്റെ കണിച്ചുകുളങ്ങര ഭഗവതിയേ, ഞാനെന്താടീ ഈ കാണുന്നത്! പൗലോസച്ചായന്റേം മറ്റും യേശുക്രിസ്‌തുവല്ലേടി ഈ ഇരിക്കുന്നത്?”
ദിവാകരന്റെ അന്തംവിട്ടുള്ള വർത്തമാനം കേട്ട് അയാളുടെ വാപൊത്തി ഉമ തടഞ്ഞു.
“നേരം പാതിര കഴിഞ്ഞു. വെറുതെ ഒച്ചയിട്ട് മനുഷ്യരെ ശല്യപ്പെടുത്തുന്നതെന്തിനാ? ആള് നിങ്ങള് പറഞ്ഞതുതന്നെ. ശകലം നേരത്തേ വാതിലിൽ മുട്ടുന്നതുകേട്ട് ഞാൻ തൊറന്നു നോക്കുമ്പം ആകപ്പാടെ നനഞ്ഞ് പിഞ്ചി നിൽക്കുന്നു”
യേശു ദിവാകരനെ നോക്കി ക്ഷീണിതമായി പുഞ്ചിരിച്ചു. ദിവാകരന്റെ മനസ് നിറഞ്ഞുതൂവി. മുഷിഞ്ഞ കാവിയിലും യേശുവിന്റെ സൗമ്യമുഖത്തിന് നല്ല ശ്രീയുണ്ടെന്ന് അയാൾക്ക് തോന്നി.
“എന്നാലും കുരിശേക്കിടക്കുന്നതു തന്നാ കാണാൻ ഭംഗി. വയറ് താഴോട്ട് പറ്റി ആ ചുളിവിലും യേശുക്രിസ്‌തുവിന്റെ മൊഖം തെളിയുന്ന വയലാറ്റുമുഖംപള്ളീലെ രൂപം കാണാൻ നമ്മൾ പോയതോർമ്മയുണ്ടോ? എന്നാ ആൾക്കൂട്ടവും കരച്ചിലുമാരുന്നു! അവിടിപ്പം നേർച്ചവരവ് ലക്ഷങ്ങളാ”.
കാപ്പിഗ്ലാസ് ചുണ്ടിൽ നിന്നും മാറ്റി യേശു ദിവാകരനെയും ഉമയേയും നോക്കി. കുരിശുമരണത്തിന്റെ കൊടിയവേദനയിൽ യേശു അകമേ പുളയുന്നുണ്ടെന്ന് ഉമയ്‌ക്ക് തോന്നി. അവൾ ദിവാകരനെ വിലക്കി “ മതി, മതി നിങ്ങൾ കഠിനപ്പെട്ടതൊന്നും പറയണ്ട”.
“ഞങ്ങടെ അയൽക്കാരെല്ലാം നിങ്ങടെ ജാതിക്കാരാരുന്നു. മാങ്കൂട്ടത്തിൽ ദേവസ്യാച്ചൻ കുടികിടിപ്പ് തന്ന പത്ത് സെന്റിൽ നിന്ന് എന്റച്ഛൻ വീതം വച്ചു തന്ന മൂന്നുസെന്റിലാ ഞങ്ങൾ താമസിച്ചിരുന്നത് ദേവസ്യാച്ചന്റെ കൊച്ചുമക്കൾക്ക് അതിലൊരു മോഹം ആദ്യം ഞാൻ സമ്മതിച്ചില്ല. ഒടുവില് അവര് തന്നതും വാങ്ങി ഇങ്ങോട്ട് പോരേണ്ടിവന്നു. കൊഴപ്പമില്ല. ഇത് അഞ്ചുസെന്റാ ഇവിട അന്ന് നല്ല വിലക്കുറവാരുന്നു”.
ദിവാകരൻ ചുറ്റും കാണുന്നതുപോലെ അങ്ങോട്ടുമിങ്ങോട്ടും നോക്കി. അഞ്ചുസെന്റിലെ ഓരോ ചുവടുഭൂമിയും അയാൾ മനക്കണ്ണിൽ കാണുകയായിരുന്നു. ആ കാഴ്‌ചയിൽ അയാൾ വേറെ ചിലതും കണ്ടും. മുറ്റം നിറഞ്ഞ് ഓടിക്കളിക്കുന്ന ഒരാൺകുട്ടി.
“അന്ന് ഞങ്ങടെ വേണുക്കുട്ടനും ഉണ്ടായിരുന്നു. അവന് അവിടം വിട്ടുപോരാൻ വലിയ സങ്കടമാരുന്നു….”
“നിങ്ങള് പിന്നേം തൊടങ്ങി. മുന്നിലിരിക്കുന്നതാരാണെന്ന് നിങ്ങൾ മറന്നുപോയോ?”
ഉമ സ്നേഹവാത്സല്യങ്ങളോടെ ദിവാകരനെയും യേശുവിനെയും നോക്കി. വേണുക്കുട്ടനുണ്ടായിരുന്നെങ്കിൽ ഇപ്പോൾ യേശുവിനോളം ഉണ്ടാകുമായിരുന്നു എന്നോർത്തപ്പോൾ അവളുടെ അകവും നൊന്തു. മുടിയും താടിയുമെല്ലാം ഒതുക്കി കുളിച്ച് പാന്റും അരക്കൈയ്യൻ ഷർട്ടും ധരിച്ച ഒരു യേശുക്കുട്ടൻ അപ്പോൾ അവളുടെയുള്ളിൽ കിളിർത്തുവന്നു.
വേണ്ടാ, വേണ്ടായെന്ന് മനസിനെ ശാസിച്ചടക്കി ഉമ പറഞ്ഞു.
“ദിവാകരനണ്ണന് ഒരു മൂഡ് വരാഞ്ഞിട്ടാ. ഒറക്കത്തീന്ന് എഴുന്നേറ്റതല്ലേ. അല്ലെങ്കിൽ ആള് ഇങ്ങനെയൊന്നുമല്ല. ഇത്തിരി തെങ്ങിങ്കള്ള് കൂടി അകത്ത് ചെന്നാൽ പിന്നെ മൂഡിന്റെ മൂഡാ”.
കുടിച്ചുതീർന്ന കാപ്പിഗ്ലാസ് ഉമയ്‌ക്ക് നേരെ നീട്ടിക്കൊണ്ട് യേശു ചോദിച്ചു. “കുറച്ച് വെള്ളം തരുമോ?”
ഇത്തിരി വലിയ ഒരു പളുങ്കുകോപ്പയിൽ വെള്ളം പകർന്ന് ഉമ യേശുവിന് കൊടുത്തു. രണ്ട് കൈത്തലങ്ങൾക്കുള്ളിൽ ഒരു പ്രാവിൻകുഞ്ഞിനെയെന്നവണ്ണം യേശു ആ കോപ്പയെ ഒരു നിമിഷം ചേർത്തുപിടിച്ചു. പിന്നെ ഈർപ്പമുള്ളൊരു സ്നേഹത്തോടെ കോപ്പ ദിവാകരനാ നേരെ നീട്ടി. അയാൾ അത് ഇത്തിരിയൊരമ്പരപ്പോടെ വാങ്ങുമ്പോൾ കള്ളുവാസന ആ മുറിയാകെ പരന്നിരുന്നു. ദിവാകരൻ കണ്ണടച്ച് മോന്തി.
“പണ്ടൊരു കല്യാണവീട്ടില് വെള്ളം വീഞ്ഞാക്കിയ കഥയൊക്കെ ഞാനും വായിച്ചിട്ടുണ്ട്. ”കോപ്പ ഉമയ്‌ക്ക് തിരികെ കൊടുത്തുകൊണ്ട് ദിവാകരൻ ഒച്ച താഴ്‌ത്തി പറഞ്ഞു. “ദൈവം സാക്ഷി, ഇത്രേം നല്ല കള്ള് ഞാൻ ഈ അടുത്തകാലത്തൊന്നും കുടിച്ചിട്ടില്ല.”
യേശുവിന്റെ തെളിഞ്ഞ ചിരി കണ്ടപ്പോൾ ഉമയുടെ മനസ് നിറഞ്ഞു.
“നട്ടപ്പാതിരായ്‌ക്ക് എവിടെ പോകുവാരുന്നു?”
“ഞാൻ ഇങ്ങോട്ട് തന്നെ വരികയായിരുന്നു”
ഉമയ്‌ക്ക് അത് വിശ്വസിക്കാനും അവിശ്വസിക്കാനും തോന്നിയില്ല.
“ഒരുപാട് അലഞ്ഞു. അല്ലേ? എന്തിനാ ഇങ്ങിനെ അലയുന്നത്?”
യേശു ഉമയെ മിഴി വെട്ടാതെ നോക്കി.
“ജനിക്കും മുൻപേ തുടങ്ങിയതാ എന്റെ അലച്ചിൽ. നിറവയറുമായി പ്രസവിക്കാൻ ഇത്തരി ഇടം തേടി അമ്മയും അച്ഛനും ഒരുപാട് അലഞ്ഞിട്ടുണ്ട്. ജനിച്ചു കഴിഞ്ഞപ്പോൾ എന്റെ ഊഴമായി. എല്ലാ ദേശവും മെല്ലെ പരദേശമായി മാറുന്നത് അനുഭവം. അതുകൊണ്ടാണ് അലച്ചിൽ ഒടുങ്ങാത്തത്. ഇതിനിടയിൽ നിങ്ങളെപ്പോലുള്ളവരെ തേടുന്നതും കണ്ടുമുട്ടുന്നതും സന്തോഷം”
“ഞങ്ങടെ ഗുരുവിനെ അറിയുമോ? ഗുരുവും ഇങ്ങനാരുന്നു. ജീവിതകാലം മുഴുവൻ അലഞ്ഞു. ഒരു സ്ഥലത്തും സ്വസ്ഥതയില്ലായിരുന്നു. എന്നും സങ്കടമാരുന്നു. ഇങ്ങോട്ട് വരുന്ന വഴിക്ക് കണ്ടുകാണും. കവലേല് ചില്ലുകൂട്ടിൽ ഇരുത്തി നിറയെ ലൈറ്റും ഇട്ടിട്ടുണ്ട്.
യേശു ധ്യാനത്തിലെന്നവണ്ണം മിഴികൾ പൂട്ടി. ഗുരുവിനെ മനക്കണ്ണിൽ കാണുകയാണെന്ന് ഉമയ്‌ക്ക് തോന്നി. ഒന്നാലോചിച്ചാൽ രണ്ടുപേരും സങ്കടക്കാര് തന്നാ. എന്തിനാ ഇവരൊക്കെയിങ്ങനെ സങ്കടപ്പെടുന്നതെന്ന് ഉമ ആകുലയായി. ഉമയുടെ മനസ് വായിച്ചിട്ടെന്നപോലെ യേശു പറഞ്ഞു.
”ലോകജീവിതത്തിന് ഉപ്പായിത്തീരാൻ മോഹിക്കുന്നവർ സ്വയം അലിയണം. ഒരേസമയം അലിയുകയും ആയിരിക്കുകയും ചെയ്യുന്നതിന്റെ വേദന…“
യേശു ഇടയ്‌ക്ക് നിർത്തി മൗനത്തിലേയ്‌ക്ക് പോയി. ഉമയ്‌ക്കൊന്നും മനസിലായില്ല. കഞ്ഞി ചൂടായോന്ന് നോക്കാൻ അവൾ അടുക്കളയിയ്ക്ക് നടന്നു. ദിവാകരൻ യേശുവിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു..
”എവിടാന്നേലും ഒരു പെണ്ണില്ലാതെ ജീവിക്കാൻ എനിക്കാവൂല്ല. ഉമയ്‌ക്ക് ഞാനും. എനിക്ക് ഉമയും. ഞങ്ങള് വല്ലാത്തൊരു ചേർച്ചയാണെന്നാ എല്ലാവരും പറേണത്. ഇരുപത്തിമൂന്നാമത്തെ വയസിലാ അവര് വേണുക്കുട്ടനെ കൊന്നത്. ഉമയില്ലായിരുന്നെങ്കിൽ സങ്കടം കൊണ്ട് ഞാൻ മണ്ണിനടിയിൽ പോയേനെ.“
യേശു ആർദ്രത നിറഞ്ഞ് ദിവാകരനെ നോക്കി. അച്ഛൻ, ഭർത്താവ് എന്നൊക്കെ യേശുവിന് അപരിചിതമാണല്ലോയെന്ന് ആലോചിക്കുകയായിരുന്നു ദിവാകരൻ.
”എനിക്കും സ്‌ത്രീകൾ കൂട്ടുകാരായി ഉണ്ടായിരുന്നു. മഗ്‌ദലനക്കാരി മേരി, ലാസറിന്റെ സഹോദരിമാർ മാർത്തയും മറിയവും, പത്രോസിന്റെ അമ്മായിയമ്മ അങ്ങിനെ എത്രയോപേർ. പാവം മേരിയും യൂദാസും. ഓരോരുത്തർ എന്തൊക്കെയാണ് അവരെക്കുറിച്ചെല്ലാം എഴുതിക്കൂട്ടുന്നത്! അവരെല്ലാവരും എനിക്ക് നല്ലവരായിരുന്നു, തുണക്കാരായിരുന്നു. എഴുന്നേറ്റുനിൽക്കാനും നീതിയ്‌ക്കും നൻമയ്‌ക്കുമായി പൊരുതാനുമാണ് ഞാൻ എല്ലാവരോടും പറഞ്ഞത്. വഴിയിൽ വീണുപോയവരായിരുന്നു എന്നും എന്നോടൊപ്പം. അവരോട് അതല്ലാതെ മറ്റെന്ത് പറയാൻ?“.
ഉമ കഞ്ഞിയും ചമ്മന്തിയും കൊണ്ടുവന്ന് യേശുവിന്റെ മുന്നിൽവച്ചു. ബെഞ്ചിൽ നിന്നും ഇറങ്ങി തറയിലെ കൊച്ചുപായിൽ കഞ്ഞിയുടെ മുന്നിൽ ഇരിക്കുമ്പോൾ യേശു ഉമയെ നന്ദിയോടെ നോക്കി. പിന്നെ മെല്ലെ കഞ്ഞി കുടിക്കാൻ തുടങ്ങി. ഉമയുടെ മനസ് ചുരന്നു. എന്തുകൊടുത്താലും പരാതിയില്ലാതെ കഴിച്ചിരുന്ന വേണുക്കുട്ടനാണ് കഞ്ഞികുടിക്കുന്നതെന്ന് ഉമ വെറുതേ ഓർത്തുപോയി. മക്കളില്ലാത്തവർക്ക് എല്ലാ കുഞ്ഞുങ്ങളും മക്കൾ തന്നെ. അവൾ ദിവാകരനെ നോക്കി. അയാളും കഞ്ഞികുടിക്കുന്ന യേശുവിനെയാണ് ശ്രദ്ധിക്കുന്നത്.
”എത്ര വയസുണ്ട്?“ ദിവാകരൻ ചോദിച്ചു. യേശു മറുപടി പറയാതെ അയാളെ നോക്കിയിരുന്നു.
”മുപ്പതടുത്ത് ആയിട്ടുണ്ട്, അല്ലേ? വേണുക്കുട്ടനുണ്ടായിരുന്നേൽ ഇപ്പോൾ ഈ പ്രായമായിരുന്നേനെ. എന്റെ കുഞ്ഞിനെ ദുഷ്ടന്മാര് കരിമ്പ് ചതയ്‌ക്കുമ്പോലെ ചതച്ച് കൊല്ലുവാരുന്നു.“ ദിവാകരന് പിന്നീടൊന്നും മിണ്ടാനായില്ല. അയാൾ വിതുമ്പിപ്പോകുമെന്ന് തോന്നി. ഉമ അയാളോട് ചേർന്നുനിന്നു. ഉള്ളിൽ ഒരു സങ്കടക്കായൽ ഒതുങ്ങാനാവാതെ വിങ്ങുന്നത് ദിവാകരൻ അറിഞ്ഞു.
”കടം മേടിച്ചാണ് കോളേജിൽ ചേർത്തത്. നന്നായി പഠിക്കുമായിരുന്നു. അമ്പലത്തിലും പള്ളീലുമൊന്നും പോകത്തില്ല. അനീതി കണ്ടാ സഹിക്കാത്ത സ്വഭാവമായിരുന്നു ചെറുപ്പം മുതൽ. കോളേജിൽ ചെന്നപ്പം അതുപോലുള്ള കുറേ കൂട്ടുകാരേം കിട്ടി. വേണുക്കുട്ടനാരുന്നു മുമ്പൻ. ജാഥേം പ്രസംഗോം ഒക്കെ ഉണ്ടാരുന്നു. ഒരു ദിവസം രാത്രിയില് കുറച്ചുപേര് വന്ന് ഏതാണ്ടൊക്കെ പറഞ്ഞ് എന്നേം ഉമയേം വെരട്ടി. ഇങ്ങിനെ പോയാൽ കാണാക്കാഴ്‌ചയ്‌ക്ക് ഒരുങ്ങിയിരിക്കാൻ പറഞ്ഞേച്ച് അവരുപോയി. വേണുക്കുട്ടനോട് ഇതെല്ലാം പറഞ്ഞപ്പോ അവൻ ചിരിച്ചു തള്ളി. പിന്നൊരുദിവസം രാവിലെ എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങിയപ്പോൾ എന്റെ കുഞ്ഞ് മുറ്റത്തുതന്നെ ഉണ്ടായിരുന്നു. പച്ചോലയിൽ പൊതിഞ്ഞ് രക്തം വാർന്ന ഒരു ശരീരം“
ദിവാകരൻ വിതുമ്പി. ഉമ കാറ്റിൽ പാറുന്ന കരിയിലയായി ദിവാകരനെ പൊതിഞ്ഞു. യേശുവും അവരോടൊപ്പം വിതുമ്പിക്കരഞ്ഞു. മൊഴിയുടെ വിനിമയങ്ങൾ നാടുനീങ്ങി. അതിലും പുരാതനമായ അടയാളങ്ങൾ അവർക്ക് തുണയായി.
മെല്ലെ മെല്ലെ ആ വീട് പതിവുകളിലേക്കും ഉറക്കപ്പായിലേക്കും ഊർന്നിറങ്ങി.
കിഴക്ക് പെരുമീൻ ഉദിക്കും മുൻപേ യേശു എഴുന്നേൽക്കുന്നത് ഉറങ്ങാതെ കിടന്ന ഉമ അറിഞ്ഞു. കുരിശിൽ കിടക്കുന്ന ഒരാളുടെ ഒടിഞ്ഞു തൂങ്ങുന്ന മുഖമാണ് യേശുവിന്റേതെന്ന് നക്ഷത്രങ്ങളുടെ നാട്ടുവെളിച്ചത്തിൽ ഉമയ്‌ക്ക് തോന്നി. അവൾ പായിൽ നിന്നും എഴുന്നേൽക്കുന്നത് യേശു കണ്ടു. അടുക്കളയിൽ ചെന്ന് ഒരു കാപ്പിയിടാമെന്ന് ഉമ കരുതി.
”വേണ്ടമ്മേ, എനിക്കൊന്നും വേണ്ട. പുലരും മുൻപേ എനിക്ക് പോകണം“.
ഉമയുടെ മനസ് വിങ്ങി നിറഞ്ഞു. അവൾ യേശുവിനെ വാത്സല്യത്തോടെ നോക്കി. അമ്മമാർക്ക് മാത്രം കഴിയുന്ന ഒരു ഭാവം അവളുടെ മുഖത്തുണ്ടായിരുന്നു.
യേശു നടന്നു ഉമയുടെ പക്കലേയ്‌ക്ക് ചെന്നു. കണ്ണീരും മൗനവിലാപവുമായി അവൾ യേശുവിനെ പുണർന്നു. പിഞ്ചുകുഞ്ഞിനെയെന്നവണ്ണം ഉമ യേശുവിനെ തെരുതെരെ ഉമ്മവച്ചു. മകനേ, എന്റെ മകനേ എന്നൊരു വിളി അവളുടെയുള്ളിൽ മുട്ടിത്തിരിഞ്ഞു.
ഉമയുടെ കൈകൾ മെല്ലെ വിടർത്തി യേശു വാതിൽക്കലേക്ക് നടന്നു. പുലരിയുടെ കുരുന്ന് വെളിച്ചത്തിലേക്ക് ഇറങ്ങുമ്പോൾ യേശു തിരിഞ്ഞുനോക്കി. ഉമയും ദിവാകരനും അവനെത്തന്നെ നോക്കിനിൽക്കുകയായിരുന്നു.
പച്ചമുറ്റിയ ഇലത്തുമ്പുകളിൽ തൂമഞ്ഞുതുള്ളികൾ. തങ്ങൾ നട്ടുനനച്ചുവളർത്തിയ ഇലച്ചാർത്തുകൾ യേശുവിനെ തൊട്ടുരുമുന്നത് ഉമയും ദിവാകരനും കണ്ടു. അമരയും പാവലും പടവലവും വെണ്ടയും ചേനയും മത്തനും ഇളവനും, കുരുത്തോലപ്പയറും പീച്ചിങ്ങയുമെല്ലാം മുന്നോട്ടാഞ്ഞ് ആഹ്ലാദത്തോടെ അവനെ തൊടുന്നു. അവനും ഒരു വള്ളിയായി അവരിലൊരാളായി പച്ചയണിഞ്ഞ് ഈറനായി മായുന്നേരം…..
Generated from archived content: story1_mar2_07.html Author: pjj_antony
Click this button or press Ctrl+G to toggle between Malayalam and English