കൽക്കുളത്തിന് നടുവിൽ ജലോപരിതലത്തിൽ നിശ്‌ചലനായി ഗിരീശൻ മലർന്ന് കിടന്നു. നീണ്ട ഒരിടവേളയ്‌ക്ക് ശേഷമാണ് അങ്ങിനെ ചെയ്യുന്നത്. തുടർന്നുളള പതിവ് രംഗങ്ങൾ ഇന്നും ആവർത്തിക്കുമായിരിക്കും.
ആളെ കാണാതാവുമ്പോൾ പാർവ്വതി കുളത്തിനരുകിലേക്ക് ആകുലയായി നടന്ന് വരും. പിന്നെ ശകാരം, പരിഭവം, കരച്ചിൽ, അമ്മയുടെ ചിണുങ്ങുന്ന കരച്ചിൽ കേട്ട് വീണയും രുദ്രനും പുറത്തേക്ക് വരും. ഒടുവിൽ കുടുംബസമേതം മംഗളകരമായ മടങ്ങിപ്പോകൽ.
ഗിരീശന് കാൽവെളളകളിൽ സ്‌പർശം അനുഭവപ്പെട്ടു. മീനുകൾ വരാൻ തുടങ്ങിയിരിക്കുന്നു. ഒന്നിനും മാറ്റമുണ്ടാകുന്നില്ല.
മരിക്കുന്നതിന് മുമ്പുവരെ ഇടയ്‌ക്ക് ഇങ്ങിനെ ജലോപരിതലത്തിൽ നിശ്‌ചലനായി മലർന്ന് കിടക്കുക വലിയച്‌ഛന്റെ ശീലമായിരുന്നു. അതുകൊണ്ട് ശവം കുളിപ്പിക്കേണ്ടിവന്നില്ല. കാൽവെളളകളിലെ കുതിർന്ന വെളളത്തൊലി മീനുകൾ ആർത്തിയോടെ തിന്ന പാടുകൾ സോക്‌സും ഷൂസും ഇട്ടപ്പോൾ മൂടിപ്പോയി. ആ പാടുകൾക്കൊപ്പം വലിയച്‌ഛൻ ജീവിച്ചിരുന്നപ്പോൾ നിശ്‌ചയിച്ചിരുന്ന ഒരുപാട് കാര്യങ്ങളും ഓർമ്മകളിലേക്ക് മോചിപ്പിക്കപ്പെട്ടു. ശവത്തിന്റെ മുഖത്ത് പൗഡറിടാൻ മാത്രം വലിയമ്മ അനുവദിച്ചില്ല. മറ്റൊന്നും അവർ കണ്ടില്ല. ഒന്നിനും ആരും അവരോട് അനുവാദം ചോദിച്ചതുമില്ല.
കുളി കഴിഞ്ഞ് ഏറെ നേരം വെളളത്തിൽ കിടന്നതുകൊണ്ട് വലിയച്‌ഛന്റെ തൊലിക്ക് മിനുസവും മാർദ്ദവവും ഉണ്ടായിരുന്നു. മറ്റെല്ലാ ശവങ്ങളിൽനിന്നും വലിയച്‌ഛന്റേത് വ്യത്യസ്തത പുലർത്തി. ബാക്കിയെല്ലാം പതിവുളളതുപോലെ തന്നെയായിരുന്നു. മരം, പിത്തള, സ്‌റ്റെയിൻലെസ് സ്‌റ്റീൽ, വെളളി, പൊന്ന് എന്നിങ്ങനെ കുരിശുകളുടെ നിര. അടിയന്തിരമായി അലക്കി ഇസ്തിരിയിട്ട അനുഷ്‌ഠാനവസ്‌ത്രങ്ങളിൽ ദർശനക്കാരുടെ നീണ്ടനിര. അവരുടെ കൈകളിൽ മുഴുത്ത പുത്തൻ മെഴുകുതിരികൾ. ധൂപക്കുറ്റിയിൽനിന്നും കുന്തിരിക്കത്തിന്റെ സുഗന്ധപ്പുക. വിലാപഗീതങ്ങൾ. പുരോഹിതന്മാരും കന്യാസ്‌ത്രീകളും. ജനക്കൂട്ടം. വലിയച്‌ഛന്റെ ശവത്തിനുമുകളിൽ കറുകറുത്ത അലങ്കാരക്കുട. ഒന്നിനും മാറ്റമുണ്ടായില്ല. എല്ലാം കഴിഞ്ഞപ്പോൾ ഗിരീശന് മാത്രം വലിയച്‌ഛന്റെ വാക്കുകൾ ഓർമ്മ വന്നു. പണം കൊടുത്ത് എനിക്കായി ഒന്നും പളളിയിൽ നിന്നും എടുക്കുകയോ വാങ്ങുകയോ ചെയ്യരുത്. അത് അശ്ലീലമാണ്.
ഗിരീശന്റെ കാൽവെളളയിൽ സുഖകരമായ സ്‌പർശങ്ങൾ. ചെറുമീനുകളാണ്. അവ മുട്ടിയുരുമ്മുന്നു. മൃദുവായി ഇക്കിളിപ്പെടുത്തിക്കൊണ്ട് കൊത്തുന്നു. എന്തുകൊണ്ടാണ് കാൽവെളളയിലെ വെളുത്ത തൊലി മാത്രം മത്സ്യങ്ങളെ ആകർഷിക്കുന്നത്? ഒരു ശരീരം നീണ്ട് നിവർന്ന് കിടക്കുന്നു; ജലോപരിതലത്തിൽ ഒരു ചെറിയ ഭൂഖണ്ഡം പോലെ. പീഠഭൂമികൾ, പർവതങ്ങൾ, വനങ്ങൾ. അങ്ങിനെയങ്ങിനെ ഒരു ശരീരം വെളളത്തിൽ കുതിർന്ന് ശയിക്കുന്നു. ബാക്കിയെല്ലാത്തിനെയും തളളി മീനുകൾ കാൽവെളളകളിലേക്ക് തുഴയുന്നു.
അച്‌ഛൻ ഇങ്ങിനെ ജലോപരിതലത്തിൽ കിടന്നിട്ടുണ്ടാവുമോ? ആജാനുബാഹുവായ അച്‌ഛൻ. ഓർമ്മകളിലും പഴയ ഫോട്ടോകളിലും വീഡിയോ ഒപ്പിയെടുത്ത രംഗങ്ങളിലും മാത്രമായി അവശേഷിക്കുന്ന ഒരച്‌ഛൻ. ഓർമ്മകളുടെ കോപ്പിയാണ് കമ്പ്യൂട്ടറുകളിലെ ഡാറ്റാ. അതുകൊണ്ടാണ് കിടപ്പുമുറിയിലെ മോണിട്ടറിൽ അച്‌ഛനെ കൊണ്ടുവരാൻ മൗസിന് കഴിയുന്നത്. ഇപ്പോൾ മോണിട്ടറിൽ തെളിയുന്ന അച്‌ഛന് കൂട്ട് വലിയച്‌ഛൻ. അവർ ചിരിച്ച് ഉല്ലാസത്തോടെ നടക്കുന്നു. കമ്പ്യൂട്ടറിന്റെ കീബോർഡുകൾക്ക് കൂട്ടിക്കൊണ്ടുവരാനാകാത്ത ഒരച്‌ഛനും വലിയച്‌ഛനും ഓർമ്മകളുടെ ആഴമുളള കിടങ്ങുകളിൽ നിന്നും ഉപരിതലങ്ങളിലേക്ക് ആയാസരഹിതമായി സഞ്ചരിക്കുന്നു. മീനുകളെപ്പോലെ തുഴഞ്ഞുവന്ന് കാൽ വെളളയിൽ കൊത്തുന്നു.
മഴ തോരാത്ത ഒരു സന്ധ്യയിലൂടെ റോയൽ എൻഫീൽഡ് ബൈക്ക് വീട്ടിലേക്ക് കുതിക്കുന്നു. മഴവില്ല് പോലുളള ഒരു പാലം കയറിയിറങ്ങുമ്പോൾ മങ്ങിയ കാഴ്‌ചയിൽ അത് പതറി ഉടയുന്നു. ശേഷം രക്തക്കറകളിൽ ചുവന്ന് ഓർമ്മയുടെ അടരുകളിലേക്ക് അത് കയറിപ്പോകുന്നു.
ഗിരീശൻ വലിയച്‌ഛന് പൊന്നുക്കുട്ടനായിരുന്നു. അമ്മയും വലിയമ്മയും ഇളയച്‌ഛന്മാരും ഇളയമ്മമാരും അവനുചുറ്റും സദാ ജാഗരത്തിൽ നിന്നു. അവരുടെ ഇളംചൂടിൽ അവൻ വിരിഞ്ഞ് മുഴുത്തു. മലമുകൾ രാജന് തുണയായി ശ്രീപാർവ്വതി. പിന്നെ വീണയും രുദ്രനും. കാറ്റ് പിടിക്കാത്ത കിളിക്കൂട്ടിൽ പാർവ്വതിയുടെ മടിയിൽ കിടന്ന് ഗിരീശൻ വീണയെയും രുദ്രനെയും ലാളിച്ചു.
വലിയച്‌ഛനും അച്‌ഛനും എന്നെങ്കിലും പിണങ്ങിയിട്ടുണ്ടോ?
ജലോപരിതലത്തിലെ ശയ്യയിൽ വരാൽമീനുകളുടെ കൊത്തലിൽ സുഖം നുകർന്ന് മൃതിയുടെ വാഴനാരിൽ തൂങ്ങിക്കയറി ഗിരീശന് ഓർമ്മ മാത്രം അവശേഷിപ്പിച്ച് മറഞ്ഞുപോകുന്നതിന് എത്രകാലം മുമ്പാണ് വലിയച്ഛനോട് അങ്ങിനെ ചോദിച്ചതെന്ന് ഓർക്കുന്നില്ല.
വലിയച്‌ഛൻ ഒരുപാട് നേരം മിണ്ടാതിരുന്നു.
അനുഷ്‌ഠാനങ്ങൾ പോലെ യുദ്ധങ്ങളും കലാപങ്ങളും കടന്ന് പോകുന്നു. ഒരേ ഉദരം പങ്കുവച്ചവർക്കിടയിൽ അത് സ്ഥായിയായ ഒന്നും പുതുതായി നിർമ്മിക്കുന്നില്ല. ഗർഭപാത്രത്തിന്റെ സ്വരഗന്ധങ്ങൾ അദൃശ്യമായ ഒരു ലോകത്തിനുളളിൽ എന്നും അവരെ പൊക്കിൾ നാരുകളാൽ അടുപ്പിക്കുന്നു. പെർഫ്യൂമുകൾക്കില്ലാത്ത ഒരു സുഗന്ധം അവരെ പരസ്‌പരം വശീകരിക്കുന്നു.
അങ്ങിനെയാണ് പറമ്പിന് നടുവിലെ തറവാട്ട് വീടിന് ചുറ്റുമായി നാല് പുതിയ വീടുകൾ ഉയർന്നത്. പുതിയ വീടുകൾക്ക് ഇടം ഒരുക്കാനായി കുളിക്കുളവും ഓലക്കുളവും കുടിക്കുളവും മൂടിപ്പോയി. മീൻകുളത്തിൽ മണ്ണ് നിറക്കാൻ വലിയച്ഛൻ അനുവദിച്ചില്ല. ചുറ്റും കടവും കെട്ടിയപ്പോൾ അത് കൽക്കുളമായി. മത്സ്യങ്ങൾ അതിന്റെ വിസ്താരത്തിലും ഗഹനതയിലും പുളച്ചു. തെളിമയാലും വിശുദ്ധിയാലും അത് സ്‌നാനഘട്ടവുമായി. സ്‌നാനങ്ങളുടെ ഒടുവിൽ വലിയച്‌ഛൻ ജലാശയനടുവിൽ അഭൗമീകമായതിനെ ഓർമ്മിച്ച് നിശ്‌ചലനായി മലർന്ന് കിടന്നു. അപ്പോൾ മത്സ്യങ്ങൾ കാൽപ്പാദങ്ങളുടെ കുതിർന്ന വെളളത്തൊലിയിൽ കൊത്തി. വലിയ മീനുകളുടെ മുതുകുകൾ ജലോപരിതലത്തിൽ നിവർന്ന് വന്നു. അവയിലെ മുളളുകൾ മാനംനോക്കി വിജ്രംഭിതമായി. അങ്ങിനെ ഒരു ദിവസമാണ് സ്വയം കഴുകി വൃത്തിയാക്കിയ ശരീരം ഉപേക്ഷിച്ച് വലിയച്‌ഛൻ ഓർമ്മകളുടെ ആകാശങ്ങളിലേക്ക് കയറിപ്പോയത്.
ഇപ്പോൾ കൽപ്പടവുകളുടെ മുകളറ്റത്ത് അച്‌ഛനും വലിയച്‌ഛനും മന്ദഹാസത്തോടെ നിൽക്കുന്നു. ജീവിച്ചിരിക്കുന്നവരുടെ ദേശത്ത് അവർ സൂര്യപുരുഷന്മാരായി.
“ഗിരീശാ, ഇനി മതി. മീനുകളെ അവയുടെ പാട്ടിന് വിട്ട് എഴുന്നേൽക്കുക. ശ്രീപാർവ്വതിയുടെ ഉളളം കലങ്ങാൻ ഇനി അധികനേരമില്ല.”
വരാൽമത്സ്യങ്ങളും നീണ്ട് കറുത്ത ഉടലുളള മുഷിമീനും അയാളുടെ കാൽപ്പാദങ്ങൾക്കരികിൽ കലമ്പൽ കൂടി. ചെറുമീനുകൾ വിരലുകൾക്കിടയിലേക്ക് മുഖം ചേർത്ത് അതീവ മൃദുവായി തുടരെത്തുടരെ കൊത്തി. ചുവന്ന വരാൽക്കുഞ്ഞുങ്ങൾ ഗിരീശന്റെ ഉടലിനുചുറ്റും നിരന്നു. വിദ്യുതാഘാതവുമായി വന്ന ഒരിക്കിളി അയാളുടെ ഉടലിനെ പുണർന്ന് പാഞ്ഞു.
വീടിനകത്ത് ചമ്രം പടിഞ്ഞിരുന്ന് ഗിരീശന്റെ മകൾ സാധകം ചെയ്യുകയായിരുന്നു. തോടി രാഗത്തിൽ ഒരു കീർത്തനം അതിന്റെ നിർവഹണത്തിലേക്ക് കടക്കുന്നത് വാത്സല്യത്തോടെ കേട്ടുകൊണ്ട് ചൂരൽകസേരയിൽ പാർവ്വതി.
“….യശോദാ…
ബാലനെന്റ് താവിയണയ്‌ത്തേൻ
അണയ്‌ത്ത എന്നൈ
മാലയിട്ടവൻപോൽ വായിൽ മുത്തമിട്ടാണ്ടി!
ബാലനല്ലെടീ ഉൻ മകൻ
ജാലമികചെയ്‌വതെല്ലാം
നാലുപേർകൾ കേട്ട് ചൊല്ല
നാണമികവാകുതെടി.
തായേ, യശോദാ ഉന്തൻ….”
യശോദയോട് അങ്ങിനെ പരാതി പറയുന്ന ഗോപസ്ര്തീകളുടെ കാര്യം ഓർത്തപ്പോൾ പാർവ്വതിക്ക് ലജ്ജയുണ്ടായി. മകൾക്ക് തമിഴ് അറിയാത്തത് എത്ര നന്നായെന്ന് ഓർക്കുകയും ചെയ്‌തു. പൊടുന്നനെ നാണത്തെയും നിനവുകളെയും മുറിച്ചുകൊണ്ട് ഗിരീശൻ അവളുടെ ഇന്ദ്രിയങ്ങളെ തുടിപ്പിച്ചു.
അമ്മ കുളക്കരയിലേക്ക് ഓടുന്നത് കണ്ട് വീണയും രുദ്രനും പുറകെ ഓടി.
ഗിരീശൻ പടവുകൾ കയറി വന്നപ്പോൾ സൂര്യപുരുഷന്മാർ വഴിയൊഴിഞ്ഞു. പാർവ്വതി ഗിരീശന്റെ ഈറനായ തോളിലേക്ക് ചാഞ്ഞു. അവളുടെ ഹൃദയം വളരെ വേഗം മിടിക്കുന്നുണ്ടായിരുന്നു.
വീണ്ടും എല്ലാം പഴയപോലെയായി. മോണിട്ടറിൽ അച്‌ഛനും വലിയച്‌ഛനും ചിരിച്ചുകൊണ്ട് ഉലാത്തുന്നത് മക്കൾക്ക് കാണിച്ച് കൊടുക്കുകയാണ് ഗിരീശൻ. മധുരനാരങ്ങയുടെ മഞ്ഞനിറമുളള ബംഗാൾകോട്ടൺ സാരിയുടുത്ത് സന്തോഷവതിയായി പാർവ്വതി തൊട്ടരുകിൽ.
മീനുകൾ മാത്രം അവയുടെ കൂർത്ത് മൂർച്ചയും മിനുസവുമുളള പല്ലുകൾ സദാ തയ്യാറാക്കി സൂക്ഷിച്ചു. ഗിരീശൻ മടങ്ങി വരുമെന്നുളള സുനിശ്ചിതത്വവുമായി അവ ജലലോകത്ത് ഒരുങ്ങി നിന്നു.
Generated from archived content: sep24_story.html Author: pjj_antony
Click this button or press Ctrl+G to toggle between Malayalam and English