ഒക്‌ടോബർ 2 ഗാന്ധിജിയുടെ ജന്മദിനമാണെന്ന് ഓർമ്മിക്കുന്നവർ അധികമില്ല. രാഷ്‌ട്രത്തിന് വേണ്ടാത്ത ഒരു രാഷ്‌ട്രപിതാവ്. ഗാന്ധിജിയുടെ ജന്മദിനത്തിന്റെയും നിണസാക്ഷിത്തത്തിന്റെയും ഓർമ്മപുതുക്കലുകൾ അനുഷ്‌ഠാന നാടകങ്ങൾ പോലെ അരങ്ങേറുന്നുണ്ട്. സംഹാരായുധങ്ങളുടെയും മതത്തിന്റെയും ജാതിയുടെയുമൊക്കെ പേരിൽ ഊറ്റം കൊളളുന്നവർ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ അന്ന് ഗാന്ധി പ്രതിമകളിലും ചിത്രങ്ങളിലും പൂമാലകളും ഖദർ മാല്യങ്ങളും ചാർത്തുന്നു; ശവക്കല്ലറയിൽ പുഷ്‌പാർച്ചന നടത്തുന്നു. തീർത്തും ഗാന്ധി വിശുദ്ധമായ തങ്ങളുടെ നിലപാടുകൾ ഒളിപ്പിക്കാൻ അവർ മിനക്കെടുന്നുമില്ല. ശ്രീനാരായണന് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത് ഗാന്ധിജിയുടെ കാര്യത്തിൽ എന്നേ സംഭവിച്ച് കഴിഞ്ഞിരിക്കുന്നു. നിന്ദാപമാനങ്ങളുടെ മുൾമുടിയും കുരിശിനോടുമൊപ്പം അവഗണനയുടെ അംഗവസ്‌ത്രവും ഗാന്ധിജിക്ക് മേൽ ചാർത്തപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യപ്പുലരിയിൽ ഡൽഹിയുടെ പ്രൗഢപ്രതാപങ്ങളിൽ തന്റെ അനുയായികൾ മുങ്ങിനിവരുമ്പോൾ ഹിന്ദു-മുസ്ലീം ലഹളയുടെ ചോരപ്പാടുകൾ ഒപ്പാൻ ബംഗാളിലെ ഗ്രാമങ്ങളിൽ തന്റെ സമയം ചിലവഴിച്ച വൃദ്ധനായ ഗാന്ധിജിക്ക് ഈ അവഗണനയിൽ അസാധാരണത്വമൊന്നും തോന്നാൻ ഇടയില്ല.
ഗാന്ധിജിയെ ഒരു പൂജ്യവിഗ്രഹമാക്കേണ്ടതില്ല. പ്രവർത്തിയുടെ ഊറ്റത്തിൽ വിശ്വസിച്ചിരുന്ന ഒരാളുടെ കാര്യത്തിൽ അത് അനാദരവ് ആവുകയേയുളളൂ. ഗാന്ധിയും ഗാന്ധി പഠനങ്ങളും വിമർശനത്തിന് അതീതമാകേണ്ടതുമില്ല. ചരിത്രത്തിൽ പ്രത്യക്ഷപ്പെടുകയും കാലത്തിലൂടെ പ്രവർത്തിച്ച് ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്‌തവർ പിൽക്കാലങ്ങളിൽ ക്രിയാകാല തെളിച്ചത്തിൽ നിർദ്ദയം പരിശോധിക്കപ്പെടേണ്ടതുണ്ട്. അപ്പോഴാണ് ചരിത്രം അതിന്റെ അക്ഷയമായ മൂല്യവിചാരണയുടെ തീട്ടൂരങ്ങൾ വർത്തമാനകാലത്തിൽ പുളയുന്നവർക്കായി വെളിപ്പെടുത്തുക. സംഭവിച്ചുകൊണ്ടിരിക്കുന്നതിനെ അറിയുകയും സംഭവിക്കാനിരിക്കുന്നതിനെ ബോധത്തിൽ സ്വരൂപിക്കുകയും ചെയ്തവർക്ക് ഇത്തരം വിധിതീർപ്പുകൾ ഒരിക്കലും വേദനയോ നഷ്‌ടബോധമോ സമ്മാനിക്കുന്നില്ല. മനുഷ്യമഹാവംശത്തിന്റെ നിലനിൽപ്പും സുസ്‌ഥിതിയും പ്രമാണവും ലക്ഷ്യവുമാകുമ്പോള മറ്റൊന്നിനെച്ചൊല്ലി ആകുലപ്പെടുന്നത് വ്യർത്ഥമാകുന്നു.
നൂൽനൂക്കുന്നതിലും പരുത്തി വസ്‌ത്രങ്ങൾ ധരിക്കുന്നതിലും ഒടിഞ്ഞ സ്‌പൂൺ കൂട്ടിക്കെട്ടി വീണ്ടും ഉപയോഗിക്കുന്നതിലും പഴംകടലാസുകൾ കുറിപ്പുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നതിലും ഗാന്ധിസത്തയെ കണ്ടെത്തുന്നവർ എല്ലും തോലും പല്ലും നഷ്‌ടപ്പെട്ട ദിനോസാറുകൾക്ക് സമം. കാഴ്‌ചബംഗ്ലാവുകളിൽപ്പോലും അവ ഉപയോഗശൂന്യം. ചരിത്രം ഒളിപാർക്കാനുളള അഭയ സങ്കേതമല്ല. ഗാന്ധിചര്യയിലും ഗാന്ധിവചനങ്ങളിലും കുടുങ്ങുന്നവർ ഗാന്ധിസന്ദേശത്തിന്റെ ആന്തരികതയെ അറിയാതെ പോകുന്നവരാണ്. ഗാന്ധിസത്തെ സർക്കസ് കോമാളികളുടെ കൂടാരത്തൊപ്പി പോലെ ഇവർ അണിഞ്ഞുകൊണ്ടു നടക്കുന്നു. ഈ വിദൂഷകത്വമാണ് തിര്യക്കുകളെപ്പോലെ മേയുന്ന സ്വപുത്രന് ഗാന്ധിപദവി കൽപ്പിച്ച് നൽകാൻ ഈയിടെ ഒരു രാഷ്‌ട്രീയ വൃദ്ധന് പ്രേരണയായത്.
വ്യവസായ വിപ്ലവം പാശ്‌ചാത്യസമൂഹത്തെ പരിവർത്തിപ്പിച്ചുകൊണ്ടിരുന്ന ഒരു കാലയളവിലാണ് ഗാന്ധിജി രാഷ്‌ട്രീയപ്രവർത്തനം നടത്തിയിരുന്നത്. ഇംഗ്ലണ്ടിൽ പഠിക്കുകയും സൗത്ത് ആഫ്രിക്കയിൽ തൊഴിലെടുക്കുകയും ചെയ്‌ത ഗാന്ധിജിക്ക് വ്യവസായവിപ്ലവം സമൂഹത്തിൽ വരുത്തുന്ന പരിവർത്തനങ്ങളെക്കുറിച്ച് അനുഭവസമ്പന്നമായ ബോദ്ധ്യങ്ങളുണ്ടായിരുന്നു.
ഗാന്ധിജിയുടെ അനുയായിയെന്ന് പലപ്പോഴും സ്വയം വിശേഷിപ്പിക്കുന്ന നെൽസൺ മണ്ടേല ഇതിനെക്കുറിച്ച് ഇങ്ങിനെ എഴുതുന്നുഃ “വ്യവസായവൽകൃത സമൂഹത്തിന്റെ ഏറ്റവും പൂർണ്ണനായ വിമർശനകനായി ഇപ്പോഴും ഗാന്ധി തന്നെയാണുളളത്. മറ്റുളളവർ അതിന്റെ അധീശപ്രകൃതത്തെ വിമർശനത്തിന് വിധേയമാക്കിയപ്പോഴും ഗാന്ധിയെപ്പോലെ അതിന്റെ ഉൽപാദ്‌നോപകരണങ്ങളെയും നിരീക്ഷിക്കുവാനും വിമർശിക്കാനും അവർക്കായില്ല.”
ഗാന്ധിജി ഒരിക്കലും ശാസ്ര്തത്തിനും അതുവഴിയുളള സാങ്കേതികജ്‌ഞ്ഞാനത്തിന്റെ വികസനത്തിനും എതിര് നിന്നില്ല; തൊഴിലെടുക്കാനുളള വ്യക്തിയുടെ അവകാശത്തിനാണ് അദ്ദേഹം കൂടുതൽ പ്രാധാന്യം നൽകിയത്. ഈ അവകാശത്തെ ഹനിക്കാനിടയുളള ഒരവസ്ഥയിലേക്ക് യന്ത്രവൽക്കരണം മുന്നേറുന്നതിനെയാണ് ഗാന്ധിജി എതിർത്തത്. വ്യവസായവൽക്കരണത്തിൽ ആവിധമൊരു അപകടം ഒളിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം ശങ്കിച്ചു. ഗ്രാമ സ്വരാജിനെക്കുറിച്ചുളള ഗാന്ധിജിയുടെ ബോദ്ധ്യങ്ങളിൽ നിന്നാവണം അമിത യന്ത്രവൽക്കരണത്തെക്കുറിച്ചുളള ഈ നിലപാടുകൾ രൂപപ്പെട്ടത്. പാശ്‌ചാത്യലോകത്തെ ഭീമാകാരങ്ങളായ വ്യവസായ നഗരങ്ങളുടെ വളർച്ച കൈത്തറി തുടങ്ങിയ പരമ്പരാഗത തൊഴിൽരംഗത്തെ തകർത്ത് ഗ്രാമീണസമൂഹങ്ങളിൽ അവയെ ആശ്രയിച്ച് ജീവിച്ചിരുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളെ തകർത്ത് ചിതറിച്ച് കളഞ്ഞത് ഗാന്ധിജി നേരിട്ട് കണ്ടതാണ്. വ്യവസായവൽക്കരണത്തെ പിന്തുണച്ചപ്പോഴും ഗ്രാമങ്ങളും ഗ്രാമീണരും മഹാഭൂരിപക്ഷമായ ഇന്ത്യയിൽ ആ വിധമൊരൊവസ്ഥ വരരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. മറിച്ച് സംഭവിച്ചതിന്റെ ദുരന്തങ്ങൾ നമ്മുടെ കൺമുൻപിലുളളപ്പോൾ ഗാന്ധിജിയെ ഈ കാര്യത്തിൽ വിചാരണ ചെയ്യുന്നതെന്തിന്?
മനുഷ്യന്റെ ധാർമ്മിക വ്യക്തിത്വത്തെ ആസ്‌പദമാക്കിയാണ് ഗാന്ധിജി തന്റെ ചിന്തയെ രൂപപ്പെടുത്തിയത്. സനാതനങ്ങളായ ചില മാനുഷികമൂല്യങ്ങളിൽ ഉറച്ചു നിന്നുകൊണ്ട് വിവേചനബുദ്ധി ഉപയോഗിച്ച് തീരുമാനങ്ങളെടുക്കുകയും അതുവഴി സ്വന്തം വ്യക്തിത്വത്തെയും സമൂഹത്തെയും മനുഷ്യർ നിർമ്മിക്കുകയും ചെയ്യുന്നതിനെയാണ് ഗാന്ധിചിന്ത വിഭാവനം ചെയ്യുന്നത്. കർത്തൃത്വം വ്യക്തിക്ക് നഷ്‌ടമാകുന്ന ഒരവസ്‌ഥ വന്നുകൂടുന്നതിനെ സംശയമൊന്നും കൂടാതെ ഗാന്ധിജി എതിർത്തത് അതുകൊണ്ടാണ്. അതിർകടന്ന യന്ത്രവൽക്കരണം കർത്തൃത്വത്തെ യന്ത്രങ്ങൾക്കും അവയെ നിയന്ത്രിക്കുന്ന ഒരു ന്യൂനപക്ഷത്തിനും കൈമാറുമെന്നും ഗാന്ധിജി ഭയപ്പെട്ടു. അങ്ങിനെയൊരു സംവിധാനത്തിൽ അതിസമ്പന്നരായി മാറുന്ന ന്യൂനപക്ഷം കുത്തഴിഞ്ഞതും ംലേഛവും മനുഷ്യവിരുദ്ധവുമായ സ്വേച്‌ഛാധികാരപ്രയോഗത്തിലൂടെ മനുഷ്യസമൂഹത്തെ അടിമകളായി പരിവർത്തിപ്പിക്കുമെന്നും ഗാന്ധിജി കണ്ടു. ഈ തകർച്ചയ്‌ക്കെതിരെയാണ് അദ്ദേഹം നിശിതമായ താക്കീതുകൾ മുഴക്കിയത്.
വ്യവസായാനന്തര യുഗമെന്നും ഉത്തരാധുനീക കാലമെന്നും വ്യവഹരിക്കപ്പെടുന്ന വർത്തമാനകാലത്ത് ആഗോളവത്‌ക്കരണവും മൂലധനത്തിന്റെ കേന്ദ്രീകരണവും ഒന്നാം ലോകത്തെ ഉപഭോഗത്തിന്റെയും കമ്പോളത്തിന്റെയും അടിമകളാക്കുന്നു. മൂന്നാം ലോകത്ത് തൊഴിലില്ലായ്‌മയും സാമ്പത്തിക തകർച്ചയും കണക്കറ്റ് വളർന്ന് കൂട്ട ആത്മഹത്യകൾ പെരുകിക്കൊണ്ടേയിരിക്കുന്നു. ഒരു ചെറിയ ന്യൂനപക്ഷം മൂലധനത്തിെൻയും വൻകിട ഉൽപാദനോപകരണങ്ങളുടെയും ഉടമകളായി മഹാഭൂരിപക്ഷത്തിന്റെ ശിരസ്സിനെയും ഉദരത്തെയും കോളനികളാക്കി നവമുതലാളിത്തത്തിന്റെ ധർമ്മസ്ഥാപനം നിർവഹിച്ച് നിർവാണലഹരി അനുഭവിക്കുന്നു. മതങ്ങളെയും പ്രത്യയശാസ്‌ത്രങ്ങളെയും അത് സ്വേച്‌ഛാധികാരം നിലനിർത്താനും പോഷിപ്പിക്കാനുമുളള ഉപകരണങ്ങളായി പരിവർത്തിപ്പിച്ചിരിക്കുന്നു. അവ രണ്ടും ഒരു ലൈംഗികവൈകൃതം പോലെ അത് ആസ്വദിക്കുന്നു.
വ്യക്തിയുടെ സ്വാതന്ത്ര്യത്തിലും അന്തസ്സിലും അവയുടെ ധനാത്മകമായ പ്രയോഗത്തിലൂടെ ഉരുവാകുന്ന സാമൂഹികപരതയിലും വിശ്വസിക്കുന്നവർക്ക് ഗാന്ധിജി ഇപ്പോഴും പ്രസക്തം തന്നൊ മനുഷ്യരുടെയും ഇതര ജീവജാലങ്ങളുടെയും സുവാസസ്ഥാനമായി ഈ ലോകം തുടരണമെന്ന് നിശ്‌ചയിച്ചിട്ടുളളവർക്ക് ഗാന്ധിചിന്തകളെ പാടേ നിരാകരിക്കാനും ആവില്ല.
Generated from archived content: oct1_essay2.html Author: pjj_antony
Click this button or press Ctrl+G to toggle between Malayalam and English