മലയാളം വന്ന വഴി

ഭാഷാചരിത്രവും സാഹിത്യചരിത്രവും ഒന്നാണെന്ന തെറ്റിദ്ധാരണ പൂർവകാലങ്ങളിൽ നിലവിലുണ്ടായിരുന്നു. ആദ്യകാല സാഹിത്യചരിത്രങ്ങൾ ഭാഷാചരിത്രങ്ങൾ എന്ന പേരിലാണ്‌ പ്രകാശിതങ്ങളായതും. ഇന്ന്‌ ആ സ്ഥിതി മാറിയിരിക്കുന്നു. പരസ്‌പരബദ്ധമാണെങ്കിലും ഭാഷചരിത്രവും സാഹിത്യചരിത്രവും രണ്ട്‌ വ്യതിരിക്ത ജ്ഞാനശാഖകളായിത്തന്നെ തിരിച്ചറിയപ്പെടുന്നു. ഇക്കൂട്ടത്തിൽ സാഹിത്യചരിത്രം സാമാന്യജനങ്ങൾക്കിടയിലും ചർച്ചചെയ്യപ്പെടത്തക്കവിധം പ്രചാരം നേടിയെങ്കിലും ഭാഷാചരിത്രം ഇന്നും പണ്ഡിതൻമാർക്കിടയിൽ മാത്രമായി പരിമിതപ്പെട്ട്‌ നിൽക്കുകയാണ്‌. വ്യാകരണശാസ്‌ത്രം, നരവംശവിജ്‌ഞ്ഞാനീയം, സാമൂഹികവിജ്‌ഞ്ഞാനീയം തുടങ്ങിയ അക്കാദമിക്‌ ജ്ഞാനശാഖകളുമായി ഭാഷാചരിത്രത്തിനുളള ഗാഢ വേഴ്‌ചകളാണ്‌ ഈ അനഭിഗമ്യതയ്‌ക്ക്‌ ഒട്ടൊക്കെ കാരണം. ഇത്‌ മൂലം മലയാളഭാഷയുടെ ഉൽപ്പത്തിയെയും വികാസപരിണാമങ്ങളെക്കുറിച്ചും ധാരാളം തെറ്റിദ്ധാരണകൾ സാഹിത്യതൽപ്പരരുടെ ഇടയിൽപ്പോലും നിലനിൽക്കുന്നുണ്ട്‌.

ഈ അവസ്ഥയ്‌ക്ക്‌ മാറ്റം വരുത്താൻ പര്യാപ്തമാണ്‌ ദീർഘകാലം ഭാഷാശാസ്‌ത്ര അദ്ധ്യാപകനും ഗവേഷകനുമായിരുന്ന ഡോക്‌ടർ ഇ.വി.എൻ. നമ്പൂതിരിയുടെ കേരള ഭാഷാചരിത്രം എന്ന കൃതി. മലയാള ഭാഷയുടെ ഉത്ഭവവും വികാസപരിണാമങ്ങളും ശാസ്‌ത്രീയമായിത്തന്നെ ഈ പുസ്തകത്തിൽ വിശദമാക്കുന്നുണ്ടെങ്കിലും ഭാഷയിൽ സാമാന്യവ്യുൽപ്പത്തിയുളളവർക്കും വായിച്ച്‌ ഉൾക്കൊളളാവുന്ന രീതിയിലാണ്‌ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്‌. ലളിതമായ പ്രതിപാദനവും സാങ്കേതികജഡിലമല്ലാത്ത ഭാഷയും ഈ ശാസ്‌ത്രഗ്രന്ഥത്തിന്റെ സവിശേഷതയാണ്‌.

പുസ്തകത്തിന്റെ ആദ്യപകുതിയിൽ മലയാളത്തിന്റെ ഉത്ഭവും വളർച്ചയുമാണ്‌ ചർച്ചചെയ്യപ്പെടുന്നത്‌. ഭാഷോൽപത്തിയെ സംബന്ധിച്ചുളള നിലവിലുളള സിദ്ധാന്തങ്ങളെല്ലാം പരിചയപ്പെടുത്തിയശേഷം സ്വപക്ഷം രൂപപ്പെടുത്തി അവതരിപ്പിക്കുക എന്ന സമീപനമാണ്‌ ഡോക്‌ടർ നമ്പൂതിരിയുടേത്‌. കൃതിക്ക്‌ സമഗ്ര സ്വഭാവം ഇത്‌ മൂലം ലഭിച്ചിരിക്കുന്നു. രണ്ടാമത്തെ പകുതിയിൽ വ്യാകരണസംബന്ധമായ വർണ്ണപരിണാമം, സ്വരപരിണാമം, പദവ്യുൽപ്പത്തി തുടങ്ങിയ വിഷയങ്ങളുടെ വികാസപരിവർത്തനങ്ങളാണ്‌ വിശദമാക്കപ്പെടുന്നത്‌. മലയാളത്തിന്റെ ഉൽപ്പത്തിയെക്കുറിച്ച്‌ പലസിദ്ധാന്തങ്ങൾ പൂർവകാലങ്ങളിൽ നിലവിലുണ്ടായിരുന്നെങ്കിലും ആധുനീകഭാഷാപഠനങ്ങളുടെ ഫലമായി നെല്ലും പതിരും വേർതിരിഞ്ഞ്‌ അവയ്‌ക്ക്‌ ഒരു ഏകശിലാരൂപം വന്നിട്ടുണ്ട്‌. ഒരു പുതിയ സിദ്ധാന്തം അവതരിപ്പിക്കുന്നു എന്നതിനേക്കാളുപരി ഈ ഏകശിലാരൂപത്തിന്റെ അവ്യക്തതകൾ നീക്കി അതിന്‌ ദൃഢമായ സിദ്ധാന്തഭാഷ്യം നൽകുവാനാണ്‌ ഗ്രന്ഥകാരന്റെ ശ്രമം. അവ്യക്തതകൾ നിലനിക്കുന്നിടത്ത്‌ പണ്ഡിതോചിതമായ രീതിയിൽ പുതുനിർണ്ണയങ്ങളിലേക്ക്‌ കടക്കുകയും ചെയ്യുന്നുണ്ട്‌.

ദ്രാവിഡഗോത്രത്തിൽപ്പെടുന്ന മലയാളം, തമിഴ്‌, കന്നടം, തെലുങ്ക്‌, തുളു, കൊടക്‌ എന്നീ ആറ്‌ വികസിതഭാഷകളും തുദ, കോത, ഗോണ്ഡ്‌, മാലെ, ഒറാവോൺ, ബ്രാഹൂയി, കുറുഖ്‌, മാൽട്ടോ തുടങ്ങിയ രണ്ട്‌ ഡസനോളം അത്ര വികസിതമല്ലാത്ത ഭാഷകളും ചേർന്ന ദ്രാവിഡഭാഷാഗോത്രമാണ്‌ ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഭാഷാസമൂഹം. മൂലദ്രാവിഡ ഭാഷ അഥവാ പൂർവ്വ ദ്രാവിഡ ഭാഷയിൽനിന്നും കാലാകാലങ്ങളിൽ വേർപിരിഞ്ഞുണ്ടായ ഭാഷകളാണ്‌ ഇവയെല്ലാം. അമ്മയും മക്കളും തമ്മിൽ അല്ലെങ്കിൽ സഹോദരിസഹോദരന്മാർക്കിടയിലുളളതിന്‌ സമാനമായ ബന്ധമാണ്‌ ഭാഷാശാസ്‌ത്രസംബന്ധമായി ഈ ഭാഷകൾക്കിടയിലുളളത്‌. സംസ്‌കൃതം, ഇംഗ്ലീഷ്‌, പോർച്ചുഗീസ്‌, അറബി തുടങ്ങിയ ഭാഷകളുമായും മലയാളത്തിന്‌ ആദാനപ്രദാനബന്ധങ്ങൾ ഉണ്ടെങ്കിലും അവയുടെ സ്വഭാവം മിത്രങ്ങൾക്കിടയിലെ ബന്ധത്തിന്‌ സമാനമാണ്‌. ചിലത്‌ ഗാഢമൈത്രി ആവാം മറ്റുചിലത്‌ കേവലപരിചയത്തിന്റെ പരിമിതികൾക്കുളളിലും ആവാം. മനുഷ്യർക്കിടയിലെ രക്തബന്ധം പോലുളള അടുപ്പം മലയാളത്തിന്‌ ഇതര ദ്രാവിഡഭാഷകളോട്‌ മാത്രമേയുളളു. അഫ്‌ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും അതിർത്തി പ്രദേശങ്ങളിൽ പ്രചാരത്തിലുളള ബ്രഹൂയി, വടക്കുകിഴക്കൻ ഇന്ത്യയിലെ ചില ഗോത്രങ്ങൾ സംസാരിക്കുന്ന ഒറാവോൺ, ഗോണ്ഡ്‌ തുടങ്ങിയ ഭാഷകളുമായി മലയാളത്തിനുളള ബന്ധം താരതമ്യേന അടുത്ത്‌ കിടക്കുന്ന മറാഠി, ഹിന്ദി, ഗുജറാത്തി തുടങ്ങിയ ഭാഷകളുമായി ഇല്ല എന്നത്‌ ആശ്ചര്യകരമെങ്കിലും വാസ്തവമാണ്‌. സംസ്‌കൃതവും ലത്തീനും ഗ്രീക്കും ഹിന്ദിയുമെല്ലാം ദ്രാവിഡഭാഷാഗോത്രത്തിൽനിന്നും ഭിന്നമായ ഇൻഡോയൂറോപ്യൻ ഭാഷാഗോത്രത്തിൽപ്പെടുന്നവയാണ്‌. ആധുനിക മലയാളത്തിന്‌ സംസ്‌കൃതവുമായുളള അടുപ്പം ജന്മനാ ഉളളതല്ല. അത്‌ പിൽക്കാല സമ്പർക്കത്തിൽ നിന്നും രൂപപ്പെട്ടതാണ്‌.

തമിഴിൽനിന്നും രൂപപ്പെട്ട പുത്രീഭാഷയാണ്‌ മലയാളം എന്നായിരുന്നു കേരളപാണിനിയുടെ നിഗമനം. ആ നിഗമനം തെറ്റാണെന്നും മലയാളവും തമിഴും സഹോദരിഭാഷകളാണെന്നും കരുതിയവരിൽ പ്രമുഖരാണ്‌ ഹെർമൻ ഗുണ്ടർട്ട്‌, ഗോദവർമ്മ, ഇളംകുളം കുഞ്ഞൻപിളള, കെ.എം.ജോർജ്‌ എന്നിവർ. ഭാഷാപണ്ഡിതനും മഹാകവിയുമായിരുന്ന ഉളളൂർ പരമേശ്വരയ്യർ അഭിപ്രായപ്പെട്ടത്‌ മലയാളം തമിഴിന്റെ മാതാവോ ജ്യേഷ്‌ഠസഹോദരിയോ ആണെന്നായിരുന്നു. ആറ്റൂർ കൃഷ്‌ണപ്പിഷാരടി ഒരു പടികൂടി കടന്ന്‌ മലയാളം മൂലദ്രാവിഡഭാഷയിൽനിന്നും നേരിട്ട്‌ പിരിഞ്ഞുണ്ടായതാണെന്ന്‌ നിർണ്ണയിച്ചു. ഈ നിഗമനങ്ങളെല്ലാം തന്നെ അതത്‌ കാലങ്ങളിലെ ഭാഷാഗവേഷണം പദരൂപങ്ങൾ, പരിണാമചരിത്രം, പ്രാചീനലിഖിതങ്ങൾ, ചരിത്രം, നരവംശശാസ്‌ത്രം തുടങ്ങിയ ഒട്ടേറെ വസ്തുതകളെ ആസ്‌പദമാക്കി ഈ പ്രമുഖർ രൂപപ്പെടുത്തിയതാണ്‌. ഇന്ന്‌ ഭാഷാ ഗവേഷണവിജ്‌ഞ്ഞാനീയം വളരെയധികം മുന്നോട്ട്‌ നീങ്ങിയിരിക്കുന്നു. പ്രാതസ്‌മരണീയനായ റോബർട്ട്‌ കാൾഡ്വെൽ 1856-ൽ ദ്രാവിഡ ഭാഷാവ്യാകരണം (എ കമ്പാരറ്റീവ്‌ ഗ്രാമർ ഒഫ്‌ ദ്‌ ദ്രാവിഡിയൻ ഫാമിലി ഒഫ്‌ ലാഗ്വേജസ്‌) എന്ന പദപ്രകാശനഗ്രന്ഥം എഴുതിയ കാലയളവിൽനിന്നും തികച്ചും ഭിന്നമാണ്‌ പിൽക്കാല ഗവേഷണങ്ങളാൽ സമ്പുഷ്‌ടമായ ഇന്നത്തെ ദ്രാവിഡഭാഷാവിജ്‌ഞ്ഞാനീയം. മലയാളത്തെ സംബന്ധിച്ചിടത്തോളം ആ രംഗത്തുണ്ടായ ജ്‌ഞ്ഞാനവിസ്‌ഫോടനത്തെ സാധാരണ ഭാഷാപ്രേമികൾക്കുംകൂടി ഉപകാരപ്രദമാകത്തക്ക രീതിയിൽ ക്രോഡീകരിച്ച്‌ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ്‌ ഡോക്‌ടർ നമ്പൂതിരിയുടെ സംഭാവന.

മൂലദ്രാവിഡഭാഷ ഉത്തര ദ്രാവിഡം, മധ്യമ ദ്രാവിഡം, ദക്ഷിണ ദ്രാവിഡം എന്നിങ്ങിനെ കാലക്രമേണ മൂന്നായി വേർപിരിഞ്ഞതിൽ ദക്ഷിണ ദ്രാവിഡത്തിൽ നിന്നും പരിണമിച്ചുണ്ടായതാണ്‌ മലയാളത്തിന്റെ പൂർവ്വരൂപം എന്നത്‌ ഇന്ന്‌ ഏറെക്കുറെ സുസമ്മതമാണ്‌. ദക്ഷിണ ദ്രാവിഡത്തിൽ നിന്നും പരിണമിച്ച്‌ തമിഴും മലയാളവും സ്വതന്ത്രഭാഷകളായി വേർപിരിഞ്ഞ കാലയളവിലെ വികാസപരിണാമങ്ങളുടെ സ്വഭാവത്തെയും ഗതിവിഗതികളെയും കുറിച്ച്‌ ഭാഷാ ശാസ്ര്തജ്ഞന്മാർക്കിടയിൽ ഏകാഭിപ്രായമില്ല. എങ്കിലും തുടക്കം മുതൽ മലയാളവും തമിഴും വ്യതിരിക്തങ്ങളായിരുന്നു എന്നതിൽ പക്ഷാന്തരമില്ല. ഉത്തമപുരുഷ സർവ്വനാമത്തിന്റെ ഏകവചനരൂപമായി പൂർവ്വദ്രാവിഡത്തിൽ ‘യാൻ’ എന്നാണ്‌ ഉപയോഗിച്ചിരുന്നത്‌. അത്‌ മലയാളത്തിൽ ‘ഞാൻ’ എന്നും തമിഴിൽ ‘നാൻ’ എന്നും പരിണമിക്കുകയാണുണ്ടായത്‌. പദങ്ങൾ ഇപ്രകാരം പരിണമിക്കുന്നതിന്റെ ചരിത്രം ഭാഷാപരമായ വികാസപരിണാമങ്ങളുടെ കാലഗണനാസൂചികയുമാകുന്നു. മലയാളത്തിന്‌ ഏറ്റവും കൂടുതൽ രക്തബന്ധമുളള ആധുനിക ഭാഷ തമിഴാണെങ്കിലും മലയാളവും തമിഴും തുടക്കം മുതൽ വ്യത്യസ്തമായ പാതയിലൂടെയാണ്‌ പരിണമിച്ചത്‌ എന്ന സിദ്ധാന്തപക്ഷമാണ്‌ ഡോക്‌ടർ നമ്പൂതിരി ഈ ഗ്രന്ഥത്തിൽ സ്വീകരിച്ചിട്ടുളളത്‌. മലയാളഭാഷാചരിത്രം തുടങ്ങുന്നത്‌ ഒമ്പതാം നൂറ്റാണ്ടിൽ നിന്നാണെന്നും പതിനാറാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ എഴുതപ്പെട്ട തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തോടെ ആധുനിക മലയാളത്തിന്‌ അടിത്തറ രൂപപ്പെട്ടുവെന്നുമാണ്‌ ഡോക്‌ടർ നമ്പൂതിരി നിർണ്ണയിക്കുന്നത്‌. തുടർന്ന്‌ ഗദ്യത്തിന്‌ പ്രാമുഖ്യമുണ്ടായ വികാസപരിണാമങ്ങളുടെ ചരിത്രവും ഈ കൃതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. താരതമ്യേന വിവാദങ്ങളിൽ നിന്നും അകന്നുനിന്നുകൊണ്ട്‌ വ്യക്തമായി തെളിയിക്കപ്പെട്ട വസ്തുതകളെ ആധാരമാക്കി ഭാഷാചരിത്രത്തിന്‌ ക്രമവൃദ്ധവും സമഗ്രവുമായ ഒരു ചരിത്രം രൂപപ്പെടുത്തുക എന്ന ദൗത്യത്തിൽ ഡോക്‌ടർ നമ്പൂതിരി വിജയിച്ചിട്ടുണ്ട്‌.

എങ്കിലും വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞ്‌ നിൽക്കാനും പൊതുസമ്മതി തന്റെ കൃതിക്ക്‌ നേടാനുമുളള ശ്രമത്തിൽ ശുദ്ധമലയാളത്തെ സംബന്ധിച്ചിടത്തോളം സൂചിതമാകേണ്ട ഒരു വശത്തെ ഗ്രന്ഥകാരൻ പൂർണ്ണമായിത്തന്നെ ഒഴിവാക്കിയിരിക്കുന്നത്‌ കണ്ടില്ലെന്ന്‌ നടിക്കാനാവില്ല. ഒമ്പതാം നൂറ്റാണ്ടിൽ മലയാള ഭാഷാചരിത്രം ആരംഭിക്കുന്നു എന്ന്‌ ഡോക്‌ടർ നമ്പൂതിരി നിർണ്ണയിക്കുന്നത്‌ ലിഖിത ഭാഷയെ മാത്രം ആധാരമാക്കിയാണ്‌. തോലന്റെ ആട്ടപ്രകാരം, ക്രമദീപിക എന്നീ കൃതികളും ഭാഷാകൗടിലീയവും മലയാളത്തിന്റെ ആദ്യ രചനകളായി കരുതുന്ന ഒരു സമീപനമാണ്‌ ഇതിന്‌ ആധാരം. ഗ്രന്ഥരചനയ്‌ക്ക്‌ പര്യാപ്തമായ ഒരു ഭാഷ ഒമ്പതാം നൂറ്റാണ്ടിൽ നിലവിലുണ്ടെങ്കിൽ അതിനുമുമ്പും ആ ഭാഷ നിലവിലുണ്ടായിരിക്കണമല്ലോ. ഭാഷയുടെ വികാസപരിണാമചരിത്രത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ സാഹിത്യഭാഷയെക്കാൾ പ്രാധാന്യവും പ്രാമാണ്യവും സംഭാഷണഭാഷയ്‌ക്ക്‌ നൽകണമെന്നത്‌ അവിതർക്കിതമാണ്‌. ഈ തത്വം ഭാഷാശാസ്‌ത്രം ആഗോളവ്യാപകമായി സ്വീകരിച്ചിട്ടുളളതുമാണ്‌. നിർഭാഗ്യവശാൽ ഗ്രന്ഥകാരൻ ഈ കാര്യത്തെ അവഗണിച്ചിരിക്കുന്നു. സംസ്‌കൃതത്തിന്റെ സ്വാധീനത്തിൽ പരിണമിച്ചുണ്ടായ പിൽക്കാല മലയാളം മാത്രമാണ്‌ മാനവ ഭാഷയെന്ന നിലവിലുളള സമീപനത്തെ ഡോക്‌ടർ നമ്പൂതിരിയും കണ്ണടച്ച്‌ പിഞ്ചെല്ലുന്നു. ഭാഷാശാസ്‌ത്രത്തിന്റെ ഏറ്റവും ജീവത്തായ ഒരു വശത്തെയാണ്‌ ഈ ക്രമാനുഗതികത്വം അവഗണനയുടെ കുപ്പത്തൊട്ടിയിലേക്ക്‌ തളളുന്നത്‌. അന്തരിച്ച കവിയൂർ മുരളിയെപ്പോലുളള (ദളിത്‌ ഭാഷ, പുറനാനൂറ്‌ ഒരു പഠനം തുടങ്ങിയ കൃതികൾ) പണ്ഡിതന്മാർ ഈ വശത്തെക്കുറിച്ച്‌ നടത്തിയിട്ടുളള പഠനങ്ങളും ഇങ്ങിനെയൊരു കൃതി നിശ്ചയമായും ഉൾക്കൊളേളണ്ടതായിരുന്നു.

(കേരള ഭാഷാചരിത്രം&ഡോ.ഇ.വി.എൻ.നമ്പൂതിരി&കറന്റ്‌ ബുക്‌സ്‌&വില 195 രൂപ)

Generated from archived content: essay_jan15.html Author: pjj_antony

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here