അറിയുന്നു ഞാൻ ആദ്യാക്ഷരങ്ങൾ
പിന്നെയെല്ലാമെൻ ഓർമ്മത്തെറ്റുകൾ.
അമർന്നുപോയ വഴിയഗ്രങ്ങളിൽ
പുകയുന്നതോ എന്റെ കദനങ്ങൾ.
ചിതലരിക്കുന്ന കുഴിമാടങ്ങളിൽ
കുരുക്കുന്നതോ ശവക്കൂണുകൾ.
കൂനയിൽ കുറിച്ച നാമങ്ങളോ
വെറുമൊരോർമ്മച്ചിത്രങ്ങളായി.
നീറിപ്പുകഞ്ഞു ചുടുകാട്ടിൽ
കാറ്റിലൂറുന്നു മാംസഗന്ധം.
കരളിലുയരുന്ന കദനങ്ങൾ ചീറുന്ന പരി-
ഹാസത്തിലലിഞ്ഞിട്ടുമൊരു ഭ്രാന്തനായില്ലതെന്തെ?
ഉരുവിടുന്ന മന്ത്രങ്ങളാലാവാം.
ചിരകാല സ്വപ്‌നങ്ങളൊരു നിണച്ചാലായമ്മയെ
പുണരുന്നു; തന്നിൽ കാമം തീർക്കുമീ
മക്കളെ ശപിക്കാനൊക്കുമോ?
നിറമാറിലുരുകുന്നു പച്ചമാംസങ്ങൾ
കാറ്റിലറിയുന്നു ദുരിത ഗന്ധം.
നിലാവുറയുന്ന രാവിലുയരുന്നു പുകവഴികൾ
നാളെ ഉണരുന്ന പുലരികൾ
ഇന്നിന്റെ നീറുന്ന ഓർമ്മകളായി പുകയുന്നു ചുടുകാട്ടിൽ.
നിണമാരിയിൽ കുളിരുമമ്മയിലൊരു നെടുവീർ-
പ്പുമാത്രമവശേഷിച്ചു, നാളെയൊരുമാത്രയെങ്കിലൊരു-
മാത്ര കരയാനമ്മയുണ്ടാകുമോ പ്രപഞ്ചത്തിൽ?
Generated from archived content: poem_mar15.html Author: pj_antony