ദലിതീകരണത്തിന്റെ റോഡ്‌മാപ്പ്‌

ഇന്ത്യയിലെ ദലിത്‌ ശാക്തീകരണശ്രമങ്ങളധികവും പാളിപ്പോയത്‌ ദൃഢമായ സൈദ്ധാന്തികാടിത്തറയുടെ അഭാവം മൂലമാണ്‌. പലപ്പോഴും ദലിത്‌സ്വത്വത്തെ രാഷ്‌ട്രീയവും സാമൂഹികവുമായി ഏതു ചേരിയിൽപ്പെടുത്തും എന്ന ആശങ്ക ഉയർന്നുവന്നിട്ടുണ്ട്‌. ഈ സമസ്യകൾക്കുളള ഉത്തരങ്ങളാണ്‌ കാഞ്ച ഐലയ്യയുടെ പുസ്‌തകങ്ങൾ. ദലിത്‌ അതിജീവനം ഹിന്ദുമതത്തിനു പുറത്താണെന്നും ഇന്ത്യൻ ദലിതർ ഹിന്ദുക്കളല്ലെന്നുമുളള പ്രഖ്യാപനമായിരുന്നു അദ്ദേഹത്തിന്റെ ഞാൻ എന്തുകൊണ്ട്‌ ഒരു ഹിന്ദുവല്ല എന്ന പുസ്‌തകം. ഇന്ത്യയിലെമ്പാടും ചർച്ചചെയ്യപ്പെട്ട ഈ പുസ്‌തകം ചരിത്രപരമായ ഉൾക്കാഴ്‌ചയോടെ രചിക്കപ്പെട്ടതാണ്‌. രാജ്യത്തെ പൂർണ്ണമായും ദലിതീകരിക്കണമെന്ന സന്ദേശമായിരുന്നു ഈ പുസ്‌തകത്തിന്റേത്‌. ഒരർത്ഥത്തിൽ ഈ ചിന്തയുടെ തുടർച്ചയാണ്‌ അദ്ദേഹത്തിന്റെ പുതിയ പുസ്‌തകമായ എരുമ ദേശീയത. പശുവിനു പകരം എരുമയെ ദേശീയതയുടെ ചിഹ്‌നമായി നിർദ്ദേശിക്കുന്ന ഈ പുസ്‌തകം കാഞ്ച ഐലയ്യയുടെ ദലിതിസ്ഥാൻ വാദത്തിന്റെ അടിസ്ഥാന അജണ്ടകൾ വ്യക്തമാക്കുന്നു.

ഡി സി ബുക്‌സ്‌ മലയാളത്തിലേക്ക്‌ മൊഴിമാറ്റം ചെയ്‌തു പ്രസിദ്ധീകരിക്കുന്ന ഈ പുസ്‌തകങ്ങളുടെ പശ്ചാത്തലത്തിൽ തന്റെ ദലിത്‌രാഷ്‌ട്രീയ ദർശനത്തെക്കുറിച്ച്‌ ഐലയ്യ സംസാരിച്ചു. ആറാമത്‌ ഡി സി സ്‌മാരക പ്രഭാഷണം നിർവഹിക്കാൻ കോട്ടയത്തെത്തിയപ്പോൾ അനുവദിച്ച പ്രത്യേക അഭിമുഖത്തിൽനിന്ന്‌.

‘ഞാൻ എന്തുകൊണ്ട്‌ ഒരു ഹിന്ദുവല്ല’ എന്ന പുസ്‌തകത്തിന്റെ രചനാപശ്ചാത്തലം എന്താണ്‌?

*ഇന്ത്യ ഒരു ഹിന്ദുരാഷ്‌ട്രമാണെന്ന വാദം വീണ്ടും ശക്തമായ ഒരു സാഹചര്യത്തിലാണ്‌ ഞാൻ ഇങ്ങനെ ഒരു പുസ്‌തകം എഴുതിയത്‌. ചരിത്രത്തിന്റെ വെളിച്ചത്തിൽ ഇന്ത്യ ഒരിക്കലും ഹിന്ദുരാഷ്‌ട്രമായിരുന്നില്ലെന്ന്‌ വിളിച്ചുപറയണമായിരുന്നു. എക്കാലത്തും ഹിന്ദുമതം ബ്രാഹ്‌മണ-ക്ഷത്രിയ-ബനിയ ന്യൂനപക്ഷത്തിന്റേതായിരുന്നു. ഞങ്ങൾ (ദലിത്‌ ഭൂരിപക്ഷം) ഹിന്ദുക്കളായിരുന്നില്ല. ഞങ്ങളുടെ സാംസ്‌കാരിക പശ്ചാത്തലം ഹിന്ദുമതത്തിന്റേതല്ല. ഇന്ത്യയിലെ ദലിതർ ഹിന്ദുക്കളല്ലെന്ന കണ്ടെത്തലാണ്‌ ഞാൻ എന്തുകൊണ്ട്‌ ഒരു ഹിന്ദുവല്ല എന്ന പുസ്‌തകം.

ഈ പുസ്‌തകത്തിന്റെ പേരിൽ തന്നെ വ്യക്തിനിഷ്‌ഠതയുണ്ട്‌. പുസ്‌തകത്തിൽ എത്രത്തോളം ആത്മാംശം ഉണ്ട്‌?

*ഒരു ദലിതൻ എന്ന നിലയിൽ ഞാൻ അനുഭവിച്ച പീഡനങ്ങൾ പുസ്‌തക രചനയെ സ്വാധീനിച്ചിട്ടുണ്ടാകാം. എന്നാൽ ഇതെന്റെ മാത്രം അനുഭവപാഠമല്ല. ഇന്ത്യൻ സിവിൽ സമൂഹങ്ങളിൽ ജീവിക്കുന്ന ദളിത്‌-ആദിവാസി-പിന്നോക്ക-ശൂദ്രവിഭാഗങ്ങളുടെ ചരിത്രാന്വേഷണമാണ്‌ ഞാൻ എന്തുകൊണ്ട്‌ ഒരു ഹിന്ദുവല്ല.

ദലിതർ ഹിന്ദുക്കളല്ലെന്ന കണ്ടെത്തലിലേക്ക്‌ എപ്രകാരമാണ്‌ എത്തിയത്‌?

*ഞാൻ ജാതിവ്യവസ്ഥയുടെയും ഉത്‌പാദനത്തിന്റെയും, സ്‌ത്രീ-പുരുഷബന്ധത്തിന്റെയും മാനദണ്ഡങ്ങളാണ്‌ ഈ മതത്തെ വിലയിരുത്താൻ ഉപയോഗിച്ചത്‌. ഹിംസയെയും അഹിംസയെയും ഈ മതം എങ്ങനെ കാണുന്നുവെന്നു പരിശോധിച്ചു. ബ്രാഹ്‌മണിക്കലായ ദൈവസങ്കല്പങ്ങളുടെ സാംസ്‌കാരിക പശ്ചാത്തലവും ഞങ്ങളുടേയും വ്യത്യസ്‌തമാണെന്ന തിരിച്ചറിവാണ്‌ എനിക്കുണ്ടായത്‌. ബ്രാഹ്‌മണിക്കൽ ഗോഡ്‌ ദലിത്‌ വിരുദ്ധമാണ്‌. ഇവിടെ സൃഷ്‌ടിപ്പിൽപോലും സമത്വമില്ല. ദൈവത്തിന്റെ തലയിൽനിന്നും തുടയിൽനിന്നും കാലിൽനിന്നുമൊക്കെയാണു സൃഷ്‌ടി. ദലിതൻ ദൈവത്തിന്റെ പാദത്തിൽനിന്നും വന്നതാണെന്ന സങ്കല്പം ദളിത്‌ വിരുദ്ധമല്ലേ.

ഗ്രന്ഥരചനയിലെ സവിശേഷസ്വാധീനം എന്തായിരുന്നു?

*എന്റെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്‌ അമ്മയാണ്‌. അവർ ഞങ്ങളുടെ ഗ്രാമത്തിലെ ചെറിയ ദലിത്‌ മുന്നേറ്റങ്ങൾക്ക്‌ നേതൃത്വം കൊടുത്തിട്ടുണ്ട്‌. വനംവകുപ്പിനെതിരെയുളള അത്തരമൊരു സമരത്തിൽ അവർ കൊല്ലപ്പെടുകയായിരുന്നു. ഈ ബാല്യകാലാനുഭവം ഗ്രന്ഥരചനയെ സ്വാധീനിച്ചിട്ടുണ്ട്‌. വാറങ്കലിലെ എന്റെ ഗ്രാമം ഇന്ത്യൻ ദളിത്‌ ജീവിതത്തിന്റെ നല്ല ഒരു മാതൃകയാണ്‌. പുസ്‌തകങ്ങളെഴുതുമ്പോൾ എന്റെ ലബോറട്ടറി ഈ ഗ്രാമമാണ്‌.

“ഞാൻ എന്തുകൊണ്ട്‌ ഒരു ഹിന്ദുവല്ല” എന്ന പുസ്‌തകത്തിനു ലഭിച്ച പ്രതികരണം എന്തായിരുന്നു?

*പ്രതീക്ഷിച്ചതുപോലെ ഹിന്ദുത്വശക്തികൾ പുസ്‌തകത്തെ എതിർത്തു. കമ്യൂണിസ്‌റ്റുകളും മുഖം ചുളിച്ചു. രാജ്‌ദീപ്‌ സർ ദേശായിയെപ്പോലുളള മാധ്യമപ്രവർത്തകർ ജാതിയുടെ അടിസ്ഥാനത്തിൽ വർഗ്ഗീകരണം സാധ്യമല്ലെന്നെഴുതി. ഇതേസമയം അനേകം ബ്രാഹ്‌മണസ്‌ത്രീകൾ പുസ്‌തകത്തോട്‌ അനുഭാവപൂർണ്ണം പ്രതികരിച്ചു. ആന്ധ്രയിലെ ഹിന്ദുത്വശക്തികൾക്ക്‌ പുസ്‌തകം ഞെട്ടലായിരുന്നു. ഹൈദരാബാദിൽ എസ്‌.സി., എസ്‌.ടി., ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട ധാരാളം പേർ ആർ.എസ്‌.എസ്‌ വിട്ടു പുറത്തുവന്നു. അടിസ്ഥാനപരമായി ദലിത്‌ ചിന്തകൾക്ക്‌ സൈദ്ധാന്തികാടിത്തറയിടുകയായിരുന്നു ഞാൻ എന്തുകൊണ്ട്‌ ഒരു ഹിന്ദുവല്ല എന്ന പുസ്‌തകം.

താങ്കളുടെ പുതിയ പുസ്‌തകമായ “എരുമ ദേശീയത” രണ്ടുതരം ദേശീയതകൾ വിഭാവനം ചെയ്യുന്നു. എന്താണിതിന്റെ അടിസ്ഥാനം?

*ദേശാന്തരങ്ങളിൽനിന്ന്‌ കുടിയേറിയ ആര്യൻ ദേശീയതയെയാണ്‌ പശു പ്രതിനിധാനം ചെയ്യുന്നത്‌. ഈ അധിനിവേശത്തിനുമുമ്പ്‌ ഇവിടത്തെ ദലിത്‌ വിഭാഗത്തിന്റെ മൃഗമായിരുന്നു എരുമ. എരുമ വളർത്തുമൃഗമായുളള ഏകരാജ്യമാണ്‌ ഇന്ത്യ. കീഴാളന്റെ കറുപ്പുനിറമാണ്‌ എരുമയ്‌ക്കും. രാജ്യത്തിന്റെ മൊത്തം പാൽ ഉപഭോഗത്തിന്റെ മുക്കാൽ പങ്കും ഈ മൃഗമാണ്‌ സംഭാവന ചെയ്യുന്നത്‌. ഇക്കാരണങ്ങളാൽ രാജ്യത്തിന്റെ സ്വത്വത്തിന്റെ പ്രതീകം എരുമയാണ്‌. അത്‌ ഇവിടെ നിലനിന്നിരുന്ന ഉത്‌പാദനവ്യവസ്ഥയുമായി ബന്ധമുളള ചിഹ്നമാണ്‌. പുറത്തുനിന്നും കൊണ്ടുവന്നതല്ല. ഇവിടെയാണ്‌ പശുദേശീയതയും എരുമദേശീയതയും തമ്മിലുളള സംഘർഷം ആരംഭിക്കുന്നത്‌.

എരുമദേശീയതയുടെ അടിസ്ഥാന അജണ്ട എന്താണ്‌?

*എരുമയ്‌ക്ക്‌ ദേശീയ അംഗീകാരം ലഭിക്കുന്നതോടെ മനുഷ്യാദ്ധ്വാനം വ്യവസ്ഥിതിയുടെ കേന്ദ്രമായി മാറും. രണ്ടാമതായി ഇംഗ്ലീഷ്‌ ദേശീയ ഭാഷയാക്കണം. ആത്മീയ ജനാധിപത്യമാണ്‌ മറ്റൊന്ന്‌. അതായത്‌ ‘എരുമദേശീയത’ എന്ന പുസ്‌തകം പ്രതീകപഠനം മാത്രമല്ല; ഹിന്ദുയിസവും ലോകത്തുളള മറ്റു മതങ്ങളും തമ്മിലുളള താരതമ്യം കൂടിയാണത്‌. ബുദ്ധിസത്തിലും ക്രിസ്‌ത്യാനിറ്റിയിലും ഇസ്ലാമിലും നിലനില്‌ക്കുന്ന സ്‌പിരിച്വൽ ഡെമോക്രസിയും ഹിന്ദുമതത്തിലെ ആത്മീയ ഫാസിസവും തമ്മിലാണ്‌ താരതമ്യം.

എരുമദേശീയതയിലൂടെ താങ്കൾ അവതരിപ്പിക്കുന്നത്‌ ഒരു പുതിയ വ്യവസ്ഥിതിയാണ്‌. ഇതൊരു ദലിതിസ്ഥാൻ വാദമല്ലേ? ദലിത്‌ രാഷ്‌ട്രവാദം…?

*അതെ, ദലിതിസ്ഥാൻ തന്നെ. അത്‌ ഹിന്ദുസ്ഥാനെ സബ്‌സ്‌റ്റിറ്റ്യൂട്ട്‌ ചെയ്യും. അതായത്‌ ബ്രാഹ്‌മണരും മറ്റും കൊല്ലപ്പെടുമെന്നല്ല. അവരെ ദലിത്‌വത്‌കരിക്കും.

നമ്മുടെ ജനാധിപത്യത്തിൽ ഈ ദലിതീകരണം എങ്ങനെ സാധിക്കും?

*നിലവിലുളള ജനാധിപത്യം വളരെ ദുർബ്ബലമാണ്‌. അതിനെ ദലിതീകരിക്കാനാവും.

കാഞ്ച ഐലയ്യ

ഹൈദരാബാദിലെ ഉസ്‌മാനിയ സർവ്വകലാശാലയിൽ പൊളിറ്റിക്കൽ സയൻസ്‌ വിഭാഗം തലവനാണ്‌. ആദ്യത്തെ ദലിത്‌ ബഹുജൻ ആനുകാലികമായ നാലുപുവിന്റെ അമരക്കാരിലൊരാൾ. ഗോഡ്‌ ആസ്‌ പൊളിറ്റിക്കൽ ഫിലോസഫർഃ ബുദ്ധാസ്‌ ചാലഞ്ച്‌ റ്റു ബ്രാഹ്‌മണിസം (2001), ബഫല്ലൊ നാഷണലിസംഃ എ ക്രിറ്റീക്‌ ഓഫ്‌ സ്‌പിരിച്വൽ ഫാഷിസം (2004) എന്നിവയാണ്‌ മറ്റു പ്രധാന കൃതികൾ.

Generated from archived content: inter_sep29.html Author: pg_prageesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English