എത്രയോ കാലമായി ഈ ദേശത്തിന്റെ മുഴങ്ങുന്ന ശബ്‌ദമാണ് അഴീക്കോട്. മലയാളിയുടെ പ്രതിഷേധങ്ങളുടെ പ്രാതിനിധ്യം ഏറ്റെടുക്കുന്നവയാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ. തീക്ഷ്‌ണമായ ചിന്തയുടെ നേരെഴുത്താണ് അദ്ദേഹത്തിന് രചന. ‘നേതി, നേതി’ എന്ന ഔപനിഷദശാഠ്യവും സഞ്ചാരവും തീക്ഷ്‌ണപ്രതികരണങ്ങളും ആ ജീവിതത്തിന്റെ അടയാളങ്ങളാണ്. ഇടയ്‌ക്കിടെ തേടിയെത്തുന്ന അവാർഡുകൾ ആകസ്‌മിക സന്തോഷങ്ങൾ മാത്രം. എഴുത്തച്ഛൻ പുരസ്‌കാരത്തെയും ഇത്തരത്തിൽ ഒരു യാദൃച്ഛികതയായി മാത്രമേ അദ്ദേഹം പരിഗണിക്കുന്നുളളു.
ചോദ്യംഃ എഴുത്തച്ഛൻ പുരസ്‌കാരവാർത്തയോടുളള അങ്ങയുടെ ആദ്യ പ്രതികരണം, അവിവാഹിതന് ചെറുകല്യാണം പോലെയാണിത് എന്നായിരുന്നുവല്ലോ. എന്താണ് ഇങ്ങനെ ഒരു നിരീക്ഷണം നടത്തിയത്?
* എഴുത്തുകാർക്ക് ശിരാസമ്മർദ്ദം ഉണ്ടാവുന്ന കാര്യമാണ് അവാർഡ്. അതു കിട്ടുമോ ഇല്ലയോ എന്നൊക്കെ. എന്നാൽ എനിക്കിത് literary accident ആണ്. അവാർഡിന് സാഹിത്യവുമായി വലിയ ബന്ധമൊന്നുമില്ല. ഇടയ്‌ക്കൊരു ചെറിയ സന്തോഷം-അത്രമാത്രം.
ചോദ്യംഃ അവാർഡുകൾ അദൃശ്യമായ നിയന്ത്രണരേഖകൾ സൃഷ്‌ടിക്കാറുണ്ട്. ചില കോംപ്രമൈസുകൾക്കുളള പ്രേരണയാകാം അത്. എന്നാൽ, അവാർഡ് വാർത്ത വന്നതിനു തൊട്ടുപിന്നാലെ അതു നല്‌കിയ ഭരണകൂടത്തിന്റെ ചില ചെയ്‌തികളെ വിമർശിച്ചുകൊണ്ട് താങ്കൾ ആ ധാരണ തിരുത്തി. ഇവിടെ നമ്മുടെ എഴുത്തുകാർ അവാർഡുകളോട് സ്വീകരിക്കേണ്ട പക്വമായ നിലപാട് എന്താകണം?
* ത്യാഗപൂർണ്ണമായ ജീവിതത്തെ തങ്ങളുടെ സൃഷ്‌ടികളിലൂടെ മഹത്ത്വവത്‌കരിക്കുന്ന എഴുത്തുകാരിൽ അധികവും യഥാർത്ഥ ജീവിതത്തിൽ ആ സത്തയെ പകർത്തുന്നവരല്ല. സാഹിത്യജീവിതത്തിലും വ്യക്തി ജീവിതത്തിലും ഒരുപോലെ നന്മയുണ്ടാകണം. അപ്പോൾ അവാർഡുകൾ കിട്ടിയെങ്കിൽ ആകാം. അല്ലാതെ അതിനുവേണ്ടി കാത്തിരിക്കരുത്. നിരസിച്ച് ആളാകേണ്ട കാര്യവുമില്ല. നടന്നുപോകും വഴിയിൽ തലയിൽ മധുരമുളള ഒരു മാമ്പഴം വീണാൽ മുറിച്ചു തിന്നാം. അതിനായി മാഞ്ചുവട്ടിൽ തപസ്സിരിക്കരുത്. യാത്ര തുടരുക.
ചോദ്യംഃ എഴുത്തച്ഛൻ പുരസ്‌കാരം ഏല്‌പിക്കുന്ന പുതിയ ഉത്തരവാദിത്വങ്ങൾ എന്തെല്ലാമാണ്?
* ഒരു ഉത്തരവാദിത്വവുമില്ല. അത്തരം ഉത്തരവാദിത്വങ്ങളുണ്ടെങ്കിൽ ഞാൻ അവാർഡ് വാങ്ങില്ല. പത്ത് എഴുപത്തിഒൻപതു കൊല്ലം ജീവിച്ച എന്നെ ഉത്തരവാദിത്വം പഠിപ്പിക്കുന്നത് സാംസ്‌കാരികമന്ത്രിയാണോ? ഉത്തരവാദിത്വങ്ങൾ നേരത്തെയുണ്ട്. സമൂഹത്തിനുവേണ്ടി നിങ്ങളുടെ മനസ്സിന്റെ ഏറ്റവും നല്ലത് കൃതിയിൽ അവതരിപ്പിക്കുക-അതാണ് ഉത്തരവാദിത്വം. കവി ഋഷിയാകണം എന്ന് പറയുന്നതിതാണ്.
ചോദ്യംഃ ജി.ശങ്കരക്കുറുപ്പിനെ വിമർശിച്ചുകൊണ്ട് അഴീക്കോട് സജീവമാക്കിയ ഖണ്ഡനവിമർശനം എന്ന സാഹിത്യരൂപം ഇന്നത്ര ശക്തമല്ല. ഈ അവസരത്തിൽ പുതിയ നിരൂപണത്തെ എങ്ങനെ വിലയിരുത്തുന്നു?
* ഇപ്പോഴുളളവർ വെറുതെ സിദ്ധാന്തം പറയുകയാണ്. പഠിച്ചുവച്ചത് പറയാനുളള ഗ്രന്ഥവിധേയത്വമാണിവരുടെ കുഴപ്പം. അതുപോലും മലയാളത്തിൽ അവതരിപ്പിക്കാനുളള ഭാഷാശുദ്ധി പലർക്കുമില്ല.
പുതിയ നിരൂപകർ പാശ്ചാത്യസിദ്ധാന്തങ്ങളെ പരിഭാഷപ്പെടുത്തുകയാണ്. ഈ ചുമട് ലേഖനത്തിലേക്കിറക്കിവയ്‌ക്കുന്നു. വായനക്കാർ ഇവരോടു തോറ്റു. യഥാർത്ഥ അറിവ് പ്രകാശമാകണം. ഞങ്ങളൊക്കെ പാശ്ചാത്യ-പൗരസ്‌ത്യ സിദ്ധാന്തങ്ങൾ താരതമ്യം ചെയ്‌ത് പഠിച്ചിട്ടാണ് എഴുതിയത്. എന്നാൽ സൃഷ്‌ടികളിൽ അവ under current ആയിരുന്നു, over tone ആയില്ല.
ചോദ്യംഃ മാഷ് നിരൂപകനും വാഗ്‌മിയും അദ്ധ്യാപകനും പത്രാധിപരും ഒക്കെയാണ്. ഭാവിയിൽ സുകുമാർ അഴീക്കോടിന്റെ ജീവിതം രേഖപ്പെടുത്തുമ്പോൾ ഒന്നാം സ്ഥാനം ഇതിൽ ഏത് വ്യവഹാരമണ്ഡലത്തിനു ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നത്?
* വിമർശനം തന്നെയാണ് പ്രധാനം. അത്രത്തോളം സമയം ഞാൻ മറ്റൊന്നിനും ചെലവഴിച്ചിട്ടില്ല. സാഹിത്യവിമർശനംപോലെ പ്രിയപ്പെട്ടതാണ് സാമൂഹികവിമർശനവും. പാവപ്പെട്ടവർക്കുവേണ്ടി പറയുക. കാരുണ്യപൂർവ്വം അവർക്ക് അറിവ് നല്‌കുക. അതിനാണ് പ്രസംഗകനായത്. പ്രസംഗം ശ്രോതാവിന്റെ മനസ്സിൽ തിരയിളക്കങ്ങളുണ്ടാക്കും. എഴുത്തിന് ഇത്രത്തോളം സാധിക്കുമോ എന്ന് സംശയമാണ്.
ചോദ്യംഃ എഴുത്തുകാർ ആക്‌ടിവിസ്‌റ്റുകൾ ആകുന്നതിനെക്കുറിച്ച്?
* ലോകത്തിൽ ഒരെഴുത്തുകാരനും ചുറ്റുപാടുകളെ വിസ്‌മരിച്ച് ജീവിച്ചിട്ടില്ല. കുമാരനാശാൻ മഹത്തായ കവിതകൾ എഴുതുന്ന സമയത്ത് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ആയിരുന്നു. വളളത്തോൾ കൽക്കട്ടയിൽ എ.ഐ.സി.സി. മീറ്റിങ്ങിനു പോയി മടങ്ങിവരുമ്പോൾ കണ്ട ഗോദാവരി നദിയെക്കുറിച്ച് കവിത എഴുതിയിട്ടുണ്ട്. ‘വാല്‌മീകിരാമായണം’ തർജ്ജമ ചെയ്യുന്ന കാലത്താണ് അദ്ദേഹം കലാമണ്ഡലം തുടങ്ങാനായി തിരക്കിട്ടു നടന്നത്. പുതിയ എഴുത്തുകാർ പ്രതികരണശേഷി കൂടുതൽ ഉളളവരാകണം.
ചോദ്യം ഃ മനസ്സിലുളള പുതിയ സാഹിത്യ ഉദ്യമങ്ങൾ?
* വാല്‌മീകി, വളളത്തോൾ, ആശാൻ തുടങ്ങിയവരെ പുനർവായനയ്‌ക്ക് വിധേയരാക്കുന്ന ഗ്രന്ഥങ്ങൾ എഴുതണമെന്നുണ്ട്. സമയക്കുറവാണ് പ്രശ്‌നം. ഇരുപത്തിനാലു മണിക്കൂറും ഞാൻ ജോലിയിലാണ്. പ്രസംഗവേദികളിൽനിന്ന് പ്രസംഗവേദികളിലേക്ക്. ഇതൊരു നഷ്‌ടമാണെന്ന വിചാരമില്ല. എഴുതിയതെല്ലാം നിലനിൽക്കണമെന്നില്ല. ക്രിസ്‌തുദേവനും ബുദ്ധനും ഒന്നും എഴുതിയില്ലല്ലോ. എന്നാൽ അവർ പറഞ്ഞതൊക്കെ നിലനില്‌ക്കുന്നില്ലേ. അപ്പോൾ വേണ്ടത് സമൂഹത്തോടുളള കാരുണ്യമാണ്.
Generated from archived content: inter_dec1.html Author: pg_prageesh