ഒഴുകുന്നു, സബർമതി, വറ്റിയഹൃദയവുമായ്, ഒരു
പഴയപ്രവാഹത്തിൻ നിഴൽപോൽ.
ഈണമുണങ്ങും ചുടുകാറ്റോരത്തോരോ
കാണാവൃക്ഷച്ചോട്ടിലുറങ്ങുന്നു.
വീണുമരിച്ചു, ദലമർമ്മരമുപേക്ഷിച്ച
മുളംകാടുകൾ ആത്മശ്രുതിനിർത്തി, കരി-
മേഘവനത്തിൽ മുഖംനീട്ടി.
ഗോവുകളലസം മേയും പുൽമേടി-
ല്ലി, ടയക്കുടിലി, ല്ലീറക്കുഴൽവിളിപടരും
ശ്യാമസുമാവൃതവനതടമില്ലിവിടെ.
കാലിപ്പിളളരൊളിച്ചുകളിക്കും
പുല്ലാഞ്ഞിത്തണലിടമില്ല
പാൽക്കാരിപ്പെണ്ണുങ്ങടെ
ചടുലപദസ്വനമില്ല.
ദധിമഥനമനോഹരതാളവുമില്ല
തോണിക്കാരുടെ നീൾപ്പാട്ടില്ല
നാദമെഴാത്തമ്പുരുപോലെ, ജപ-
നാമമൊഴിഞ്ഞൊരുക്ഷേത്രംപോലെ
ഒഴുകുന്നൂ സബർമതി, മർത്യതയുടെ
നീണ്ടവരൾച്ചാൽപോലെ.
ഉഷസ്സുകൾ, സന്ധ്യകൾ
മാറിൽ മിന്നിയ നക്ഷത്രദ്യുതികൾ
ഉടഞ്ഞുവീണുകിടക്കുന്നിവിടെ
കരിനീലത്തുണ്ടുകളായ്!
ഉദയക്കൊടിയേറ്റു പിടിച്ചതിരക്കൈകൾ
ഇറുന്നുവീണുകിടപ്പൂ, സ്വാതന്ത്ര്യത്തിൻ
കൊഴിഞ്ഞപത്രങ്ങൾ!
നാനാമതസ്വരഗീതികളിൽ നിന്നുമൊ-
രേകസ്വനതന്ത്രീനാദമുണർത്തി
ഉപ്പിന്നർണ്ണവമെത്താനൊരു
കുത്തിയൊഴുക്കായ്‌പാഞ്ഞു, വിശപ്പിൻകണ്ണീ-
രൊപ്പി, ഒട്ടിയവയറാലൊരു വ്രതനിഷ്‌ഠയൊരുക്കി
സബർമതിയൊഴുകീ മണ്ണിന്നന്തർവീണയി-
ലൊരത്ഭുതജീവസരിത്തായ്
എവിടെ, ഇന്നെവിടെ, ചെറുമക്ഷരഫലകങ്ങളിലെ
മങ്ങിയ ലിപിരേഖകളായോ…?
മഴപെയ്യുന്നു,
കാലത്തിൻ കാർമേഘത്തുണ്ടുകൾ പെയ്യുംമഴ
ഇവിടെപ്പെയ്‌വതുമുകിൽനീരല്ല
മധുവല്ല, മർത്യത തമ്മിൽ വെട്ടിച്ചീന്തും ചോര‘
മതങ്ങൾ മതങ്ങടെ കഴുത്തുവെട്ടും ചോര’
അജപാലകരുടെ പുൽക്കൂട്ടിൽ, യദുകുല
ഗോപാലകരുടെ മൺകുടിലിൽ
കത്തുന്നതൊരേയൊരു ദീപക്കതിരെ-
ന്നാരോ ചൊന്നതു പാഴ്‌പ്പാട്ടായോ
സ്നേഹോദാരതതൻ നെഞ്ചിൽ
ആരോ കൂരാണികൾ താഴ്‌ത്തുമ്പോൾ
വരളുന്നു, സബർമതി
കേഴുന്നു ഭാരതഹൃദയം.
ഈ തിരവെട്ടത്തിൻ തീരത്തിരുൾമൂടുമ്പോൾ
ഒരു പൊൻകതിർനേടുന്നു
പദയാത്രക്കാർ വീണ്ടും.
Generated from archived content: sabarmathivaralunnu.html Author: perumpuzhagk
Click this button or press Ctrl+G to toggle between Malayalam and English