സ്‌നേഹാദരങ്ങളോടെ….

കഴിഞ്ഞ ആറേഴ്‌വർഷക്കാലം ഞാൻ ‘അവനി വാഴ്‌വ്‌ കിനാവ്‌’ എന്നൊരു നോവലിന്റെ രചനയിലായിരുന്നു. പല്ലനയാറ്റിൽ ബോട്ട്‌ മുങ്ങി സംഭവിച്ച കുമാരനാശാന്റെ മരണം ഒരു നോവലിനു വഴങ്ങുമോ? അപ്രതിരോധ്യമായ ഒരുൾപ്രേരണയ്‌ക്കു കീഴടങ്ങി എഴുതാൻ തുടങ്ങുമ്പോൾ അതിന്റെ പ്രയാസം ഞാൻ ഓർത്തില്ല.

കുമാരനാശാനും ശ്രീനാരായണഗുരുവുമാണ്‌ ആ നോവലിലെ മുഖ്യകഥാപാത്രങ്ങൾ. അവനി വാഴ്‌വ്‌ കിനാവിന്റെ രചന ആരംഭിക്കുന്നതിനുമുമ്പേതന്നെ കുമാരനാശാന്റെയും ശ്രീനാരായണഗുരുവിന്റെയും കൂടെയായിരുന്നു എന്റെ ആത്മീയജീവിതം. എനിക്ക്‌ അവർ ആരാണ്‌? ഞാനാരാധിക്കുന്ന കവിയും യോഗിയും. അവരെ രണ്ടുപേരെയും വായിച്ചും ധ്യാനിച്ചും ഞാനെന്റെ ഉളളിൽത്തന്നെ ഒതുങ്ങിക്കൂടി.

‘അവനി വാഴ്‌വ്‌ കിനാവ്‌’ മിനുക്കിയെഴുതിക്കൊണ്ടിരിക്കുമ്പോൾ ഒരു സന്ധ്യയ്‌ക്ക്‌ കേരള കൗമുദിയിലെ എന്റെ സുഹൃത്ത്‌ എം.ബി.സന്തോഷ്‌ എന്നെ ടെലിഫോണിൽ വിളിച്ചു പറഞ്ഞു- എക്‌സിക്യൂട്ടീവ്‌ എഡിറ്റർ ജോജോയും താനുംകൂടി ഇപ്പോൾ വീട്ടിലേയ്‌ക്കുവരും, ഒന്നു കാണണമെന്ന്‌.

ഞാൻ അവരെ കാത്തിരുന്നു. പറഞ്ഞതിലും വൈകി രാത്രി എട്ടെട്ടരയായപ്പോഴാണ്‌ അവർ വന്നത്‌. കൊളുത്തുളള ഒരു ചിരിയുണ്ടായിരുന്നു സന്തോഷിന്റെ മുഖത്ത്‌. അതിന്റെ രഹസ്യം പിടികിട്ടിയത്‌ പിന്നെയാണ്‌.

സന്തോഷ്‌ പറഞ്ഞുഃ “ഞങ്ങൾ വന്നത്‌ ഒരത്യാവശ്യം കാര്യത്തിനാണ്‌. വയ്യെന്നു പറഞ്ഞ്‌ ഒഴിയാൻ നോക്കണ്ട.”

എന്നിട്ടും അതെന്താണെന്ന്‌ ഊഹിക്കാൻ എനിക്കു കഴിഞ്ഞില്ല.

അപ്പോൾ ജോജോ പറഞ്ഞുഃ “ശ്രീനാരായണഗുരുദേവന്റെ 150-​‍ാം ജന്മദിനത്തോടനുബന്ധിച്ച്‌ കേരള കൗമുദി ഒരു സ്‌മരണിക പ്രസിദ്ധീകരിക്കുന്നുണ്ട്‌. ഗുരുപഥം. അതിൽ ഉൾക്കൊളളിക്കാൻ ഒരു നോവൽ എഴുതിത്തരണം, ശ്രീനാരായണ ഗുരുവിനെക്കുറിച്ച്‌.”

എന്റെ ഉളെളാന്നു നടുങ്ങി.

കുമാരനാശാനെയും ശ്രീനാരായണഗുരുവിനെയും കഥാപാത്രങ്ങളാക്കി ഞാനൊരു നോവൽ എഴുതി പൂർത്തിയാക്കിയതേയുളളൂ. ഇനി ശ്രീനാരായണഗുരുവിന്റെ ജീവിതം വച്ച്‌ മറ്റൊരു നോവൽ എഴുതുകയെന്നു പറഞ്ഞാൽ, എനിക്കത്‌ ചിന്തിക്കാനേ വയ്യ.

പക്ഷേ, എന്റെ നിസ്സഹായത അവർ ഗൗനിക്കുന്നില്ല.

“അങ്ങനെ പറഞ്ഞാൽ പറ്റി‘ല്ലെന്നു പറഞ്ഞ്‌ സന്തോഷ്‌ ഇടപെട്ടുഃ ”പെരുമ്പടവത്തിനെക്കൊണ്ട്‌ സമ്മതിപ്പിക്കണമെന്നു പറഞ്ഞാണ്‌ മണിസാറ്‌ ഞങ്ങളെ അയച്ചിരിക്കുന്നത്‌.“

എന്തെന്നില്ലാത്ത ഒരു ധർമ്മസങ്കടത്തിൽ അകപ്പെട്ടതുപോലെ തോന്നി എനിക്ക്‌.

മലയാളത്തിൽ ഏറ്റവും കൂടുതൽ ജീവചരിത്രങ്ങളുളളത്‌ ശ്രീനാരായണഗുരുവിനാണെന്നാണ്‌ എനിക്കു തോന്നുന്നത്‌. ശ്രീനാരായണഗുരുവിനെ കഥാപാത്രമാക്കി നാലഞ്ചു നോവലുകളുമുണ്ട്‌. അക്കൂട്ടത്തിൽ ഏറെ പ്രസിദ്ധമായ ഒന്നാണല്ലോ കെ.സുരേന്ദ്രന്റെ ഗുരു. അതെഴുതുന്ന കാലത്ത്‌ ഇടക്കിടയ്‌ക്ക്‌ ഒന്നിച്ചുളള സായാഹ്ന യാത്രകളിൽ ആ നോവലിന്റെ രചനയിൽ അനുഭവപ്പെടുന്ന ക്ലേശത്തെയും ഹർഷോന്മാദത്തെയുംകുറിച്ച്‌ സുരേന്ദ്രൻസാറ്‌ പറഞ്ഞതൊക്കെ എന്റെ ഓർമ്മയിൽ വന്നു.

ഇനി ശ്രീനാരായണഗുരുവിലേയ്‌ക്ക്‌ വേറെ ഒരു വഴിയുണ്ടോ?

അങ്ങനെ ആലോചിച്ചു നില്‌ക്കാനൊന്നും ജോജോയും സന്തോഷും സമ്മതിച്ചില്ല. സന്തോഷ്‌ എന്റെ ഫോണിൽനിന്നുതന്നെ ശ്രീ.എം.എസ്‌.മണിയെ വിളിച്ചു പറഞ്ഞു. പെരുമ്പടവം സമ്മതിച്ചെന്ന്‌.

യഥാർത്ഥത്തിൽ ജോജോയും സന്തോഷും കൂടി എന്നെക്കൊണ്ടു സമ്മതിപ്പിക്കുകയാണ്‌ ചെയ്തത്‌.

കേരള കൗമുദിയുടെ സ്‌നേഹവാത്സല്യങ്ങൾക്ക്‌ ഞാൻ കീഴടങ്ങി.

ജോജോയും സന്തോഷും പോയിക്കഴിഞ്ഞപ്പോൾതൊട്ട്‌ എന്റെ മനസ്സിന്‌ തീപിടിക്കാൻ തുടങ്ങി.

ഇനി എന്തു ചെയ്യും?

ശ്രീനാരായണഗുരുവിന്റെ ജീവചരിത്ര ഗ്രന്ഥങ്ങളും സുരേന്ദ്രൻ സാറിന്റെ നോവലും കാരണം അതിന്നപ്പുറത്തേയ്‌ക്ക്‌ എന്റെ കാഴ്‌ച പോകുന്നില്ല.

നോവലിന്‌ ഒരു രൂപശില്‌പം ധ്യാനിച്ച്‌ ഒന്നൊന്നരമാസക്കാലം ഞാൻ എന്റെ ആകുലതകളുമായി അലഞ്ഞു.

ഇടക്കിടയ്‌ക്ക്‌ എം.ബി.സന്തോഷ്‌ വിളിച്ചുചോദിക്കും. നോവൽ എവിടെവരെയായെന്ന്‌. ഞാനത്‌ ഇതുവരെ തുടങ്ങിയിട്ടില്ല. പിന്നെയെങ്ങനെയാണ്‌ അതെവിടെയെങ്കിലും എത്തുന്നത്‌?

ഒടുവിൽ ശ്രീനാരായണഗുരുവിന്റെ സമാധിക്കുമുമ്പുളള നിമിഷങ്ങളിൽ നിന്ന്‌ നോവൽ തുടങ്ങി. ഗുരുദേവന്റെ ഓർമ്മകളിലൂടെയുളള ഒരു യാത്ര.

യാത്രയെക്കുറിച്ചു പറയുമ്പോൾ മറ്റൊരു കാര്യം കൂടി പറയണം. ഏതു പ്രവാചകനും ഒരു മരുഭൂമി മുറിച്ചു കടക്കേണ്ടതുണ്ട്‌.

അവധൂതന്റെ യാത്രയെ ഞാൻ തപസ്സായും പീഡാനുഭവമായും സങ്കല്പിച്ചു. പീഡാനുഭവങ്ങളില്ലാതെ വിശുദ്ധനുണ്ടാകുന്നതെങ്ങനെ?

എഴുത്തിന്റെ ദിവസങ്ങളിൽ ശരിക്കും ഹൃദയം വിയർക്കുന്നത്‌ ഞാനറിഞ്ഞു. പേനയുടെ മുനയിലാണ്‌ എഴുതാനുളളതിരിക്കുന്നതെന്ന്‌ ദസ്‌തയേവ്‌സ്‌കി പറഞ്ഞത്‌ മാത്രമായിരുന്നു ഹൃദയത്തിനു തീപിടിച്ച ആ ദിവസങ്ങളിലെ ഏക സാന്ത്വനം.

ആ നിമിഷങ്ങളിൽ എന്റെ ഇരുണ്ട ഹൃദയാകാശത്തിൽ ഗുരുദേവൻ ഒരു ദിവ്യനക്ഷത്രമായി ഉദിച്ചുനിന്നു.

കുമാരനാശാൻ, മൂർക്കോത്ത്‌ കുമാരൻ, കോട്ടുകോയിക്കൽ വേലായുധൻ, എം.കെ.സാനു തുടങ്ങിയവർ എഴുതിയ ശ്രീനാരായണഗുരുവിന്റെ ജീവചരിത്രങ്ങളും പി.കെ.ബാലകൃഷ്‌ണന്റെ നാരായണഗുരു (സമാഹാരഗ്രന്ഥം), ഡോ.സുകുമാർ അഴീക്കോടിന്റെ ഗുരുവിന്റെ ദുഃഖം, കെ.സുരേന്ദ്രന്റെ കുമാരനാശാൻ തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങളും ലേഖനങ്ങളും കുറിപ്പുകളും ഈ നോവലിന്റെ രചനയ്‌ക്ക്‌ എനിക്ക്‌ സഹായകമായിട്ടുണ്ട്‌. ആ കടപ്പാടുണ്ട്‌ എനിക്കവരോടൊക്കെ.

(ശ്രീനാരായണഗുരുവിന്റെ ജീവിതം ആസ്‌പദമാക്കി പെരുമ്പടവം രചിച്ച ”നാരായണം“ എന്ന നോവലിന്റെ ആമുഖക്കുറിപ്പിൽനിന്ന്‌)

Generated from archived content: essay1_sep21.html Author: perumbadavam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here