ഒരു നിമിഷത്തിന്റെ തിളക്കം

കാലത്തിന്റെ പ്രവാഹത്തിൽനിന്ന്‌ ഒരു നിമിഷത്തെ പിടിച്ചെടുത്ത്‌ കൈവെളളയിൽവച്ച്‌ നോക്കുമ്പോൾ അത്‌ ജീവിതംപോലെ മിനുങ്ങുന്നു. രമേശ്‌ബാബുവിന്റെ കുഞ്ഞുകഥകൾ വായിക്കുമ്പോൾ അങ്ങനെ ഒരു തോന്നലായിരുന്നു എനിക്ക്‌. ‘ജനിതകവിധി’യിലെ ഓരോ കഥയ്‌ക്കും സഹൃദയനെ ആകർഷിക്കുന്ന ഒരപൂർവ്വതയുണ്ട്‌. ഒരനുഭവത്തെ ഒരു പാതി നർമ്മബോധത്തോടെയും ഒരു പാതി നിസ്സംഗതയോടെയും ചിത്രീകരിച്ച്‌ ജീവിതത്തെ സംബന്ധിച്ച ഒരുൾക്കാഴ്‌ചയുണ്ടാക്കുകയാണ്‌ ഈ കഥകളിൽ രമേശ്‌ബാബു ചെയ്യുന്നത്‌. ഉദാഹരണത്തിന്‌ ‘ഛായാഗ്രഹണം’ എന്ന കഥയെടുക്കാം. ഫോട്ടോഗ്രാഫർ എടുത്തു കൊടുത്ത ഫോട്ടോ കണ്ടപ്പോൾ ഇത്‌ തന്റെ ഫോട്ടോ തന്നെയാണോ എന്ന്‌ അയാൾ അത്ഭുതപ്പെട്ടു. അയാൾക്ക്‌ കഷണ്ടിയുണ്ടായിരുന്നു. അയാൾ ഇത്ര സുന്ദരനായിരുന്നില്ല. അയാൾ സന്ദേഹത്തോടെ തന്റെ ഫോട്ടോയിൽ നോക്കി നില്‌ക്കുമ്പോൾ ഫോട്ടോ അയാളോടു പറയുന്നു, ക്യാമറയ്‌ക്കു മുമ്പിൽ പോസ്‌ ചെയ്‌ത തന്റെ ഗൂഢാഭിലാഷം മാത്രമാണ്‌ താനെന്ന്‌. നഷ്‌ടപ്പെട്ടുപോകുന്ന യൗവനശ്രീയെ സംബന്ധിച്ച ഈ വ്യാകുലത ജീവിതത്തിൽ എപ്പോഴെങ്കിലും അനുഭവിച്ചിട്ടില്ലാത്ത ആരാണുളളത്‌?

‘ജനിതകവിധി’യിലെ ഏതു കഥയ്‌ക്കും അങ്ങനെ ഉളളിൽ തട്ടുന്ന ഒരാത്മഭാവമുണ്ട്‌. ആഴങ്ങളെ ഒളിപ്പിച്ചുവച്ച നിഗൂഢമായ ഒരു ലാളിത്യമുണ്ട്‌, ഈ കഥകൾക്കൊക്കെയും.

ധ്വനിയുടെ കലയെന്നുവേണം കഥയെ വിളിക്കാൻ. നിസ്സാരമെന്നു തോന്നാവുന്ന ഒരനുഭവത്തെ ധ്വനനശക്തിയുളള വാക്കുകൾ കൊണ്ടു പൊലിപ്പിച്ച്‌ കഥയുടെ ആത്മസ്വരൂപം സൃഷ്‌ടിക്കുമ്പോൾ അത്‌ സഹൃദയനെ ജീവിതത്തെക്കുറിച്ച്‌ എന്തോ ഓർമ്മിപ്പിക്കും. ‘ജനിതകവിധി’യിലെ ഏതു കഥയും ഈ ഒരനുഭവം പങ്കുവയ്‌ക്കുന്നുണ്ടെന്നാണ്‌ എനിക്കു തോന്നുന്നത്‌. ഇതിലെ ഏതു കഥയ്‌ക്കുമുണ്ട്‌ അങ്ങനെ ഒരുൾത്തുടിപ്പ്‌.

ജനിതകവിധി (കഥകൾ)

രമേശ്‌ബാബു

വില – 19.00, ഇന്ന്‌ ബുക്‌സ്‌

Generated from archived content: book1_mar16.html Author: perumbadavam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here