നഗരം കാണുമ്പോള്‍

നഗരം കാണുമ്പോള്‍ നടന്നു കാണണം
നഗര ഭാവങ്ങളടുത്തറിയണം.
നടന്നു നീങ്ങുമ്പോളിരു പുറങ്ങളു
മതി മനോഹര സ്പടിക ചത്വര
മതിന്നു മുന്നിലൂടഴുക്കു ചാലുക
ളടച്ചു മൂടിയ ചതിക്കെണികളു
ണ്ടതു കടക്കുകിലകത്തു നമ്മളെ
ചിരിച്ചു വീഴ്ത്തുവാന്‍ സുമുഖ സ്വാഗതം.
വിലയ്ക്കു വാങ്ങുവാനഖിലസര്‍വ്വവു
മണിനിരത്തിയ നഗര മോടികള്‍.
വഴി മുറിച്ചിടാനിറങ്ങിടും മുമ്പേ
വരും ദുരന്തത്തിന്‍ ദിശയറിയണം.
ഇടം വലം രണ്ടായ് പിരിച്ച പാതയി
ലിട മുറിച്ചിടും ധവള രേഖകള്‍,
നമുക്കു മുന്നിലീ നഗര വീഥികള്‍
ക്ഷണിപ്പു നമ്മളെ തിരക്കിലാകിലും.
മരണ വേഗങ്ങളിരച്ചു പായുമ്പോള്‍
നിലച്ചുവോ നെഞ്ചിലിടിപ്പു തെല്ലിട?
വലിച്ചു കെട്ടിയ വൈദ്യുത വാഹിയില്‍
കരിഞ്ഞു തൂങ്ങിയ ചിരഞ്ജീവീ ജഡം.
ചിറകടിച്ചെങ്ങോ പറന്നുയരുമ്പോ
ളിരു ധ്രുവം തൊട്ടു പിടഞ്ഞ വേഗത.
നഗരം കാണുമ്പോള്‍ നടന്നു കാണണം
നരക ജീവിത ചുഴികള്‍കാണണം.
വിഴുപ്പു ചുറ്റിയ വിധിപ്പിഴവുകള്‍
വിളിച്ചു തേങ്ങുന്നുണ്ടഴല്‍ പെരുമകള്‍!

Generated from archived content: poem5_mar6_15.html Author: peethan_k_vayanad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here