അമ്മയ്ക്കബോധമാണിപ്പോളുപബോധ
മോര്‍മ്മയില്‍;ചെമ്പട്ടു ചുറ്റി ചിലമ്പിട്ട
കോമരം ചൊല്ലുന്ന വാക്കും പ്രവര്‍ത്തിയും,
സമ്മിശ്രമേതോ നിഗൂഡനൃത്തങ്ങളില്‍.
ഒറ്റയ്ക്കനന്തത ചൂഴുമിടവഴി
താണ്ടി പിറകിലപകട രേഖകള്‍,
പിന്നിട്ടു പിന്നെയു മെങ്ങുമൊടുങ്ങാതെ
യന്തിയ്ക്കയാകാമരൂപിയായ്ആരൊരാള്‍?
ഇഷ്ടം പറഞ്ഞിടയ്ക്കിത്തിരി പുഞ്ചിരി,
നഷ്ട കണക്കിലുടക്കി കരച്ചിലായ്
കൊട്ടിയടയ്ക്കുമകത്തള മൂകത
യ്ക്കുള്ളില്‍ മുറിഞ്ഞു പോകുന്ന പുരാണങ്ങള്‍.
കാവും തൊടിയും കടന്നു കണിശ്ശങ്ങള്‍
തെറ്റിച്ചു തീണ്ടിയ സര്‍പ്പ പ്രതിഷ്ഠയില്‍,
ചുറ്റി പിണഞ്ഞു പ്രതികാര ദാഹങ്ങള്‍
പത്തി വിടര്‍ത്തി നിന്നാടുന്നുരഗമായ്.
അമ്മയ്ക്കബോധമാണിപ്പോളരങ്ങുകള്‍,
കൊട്ടി പെരുക്കുന്ന കേളിയില്‍ വേഷങ്ങള്‍
ഞെട്ടിച്ച രൗദ്രങ്ങള്‍ കെട്ടിയാടുന്നുണ്ടു
കെട്ട തിരിയിഴ നെയ്യും പുകകളില്‍.
പുത്തനുടുത്തു പുറപ്പെടും ചിന്തകള്‍,
പൂര്‍ത്തിയാകാത്ത പുരാ ജന്യ ജാഗരം,
നിദ്രാടനമിണ ചേര്‍ന്ന നിഴുലുകള്‍,
കൂടിക്കലര്‍ന്ന കഥാവശേഷ ഭ്രമം!
ഭൂമിയ്ക്കു ചുറ്റും പ്രദക്ഷിണം വയ്ക്കുവാന്‍
പോയതാണെന്‍ മകനെന്ന പുലമ്പലില്‍
തോരാത്ത കണ്ണീരണ പൊട്ടിടുമ്പോഴും,
ആഴത്തിലീണമുണരും താരാട്ടുകള്‍.
ആരാന്റെയമ്മയ്ക്കു ഭ്രാന്തു വന്നാല്‍ രസ
മാരോ പറഞ്ഞു പഴകിയ ചൊല്ലു പോല്‍,
തീരാ വ്യഥയോയോടിടഞ്ഞുരുകുമ്പോഴും
കാണാന്‍ രസിയ്ക്കുവാന്‍ കൂടുവോരേവരും!
Generated from archived content: poem3_agu27_14.html Author: peethan_k_vayanad