വീട്ടിലെ വിശേഷങ്ങള്‍

വീട്ടില്‍ വിശേഷങ്ങളെന്തൊക്കെയെന്നങ്ങു
കൂട്ടുകാരൊക്കെ തിരക്കിടുമ്പോള്‍
എന്തോക്കെയോതുവാനെന്തു മറക്കുവാ-
നന്തിക്കയാണേറെയന്തരംഗം .
അമ്മയില്ലാവണിതുമ്പയില്ല വീട്ടു ,
മുറ്റത്തു പണ്ടത്തെ മുല്ലയില്ല .
തെറ്റെന്നു ചൊല്ലുവാനച്ഛനില്ല ,തീര്‍പ്പു
തെറ്റാത്തോരാജ്ഞയില്ലര്‍ത്ഥ മില്ല .
കീഴ്വഴക്കങ്ങളില്ലാഥിത്യമില്ലാഴ്ച –
വട്ടത്തെയാര്‍പ്പും വിളിയുമില്ല .
വര്‍ത്തമാനം ചൊന്ന തത്തയില്ല വാക്കു
കോര്‍ത്തിരുന്നോരാദി മന്ത്രമില്ല .
മുറ്റത്തു വെള്ളമൊഴിച്ചു വളര്‍ത്തിയ ,
തെറ്റികളില്ല തുളസിയില്ല .
മുക്കൂറ്റിയില്ല മൂവന്തിക്കു മുറ്റത്തു ,
വയ്ക്കും വിളക്കിന്‍ വെളിച്ചമില്ല .
അമ്പിളി മാമനെ കാട്ടി മാമുണ്ണിക്കു –
മമ്മൂമ്മയില്ല ;കഥകളില്ല !
കേളിയില്ല കളിതോറ്റമില്ല ,താള –
മേളങ്ങളൊത്ത തകൃതിയില്ല .
ഉള്ളു തുറന്ന ചിരികളില്ലന്യോന്യ –
മുള്ളു തുറന്നുരിയാട്ടമില്ല .
പയ്യാരമെന്നും പറഞ്ഞിരുന്നോരയ –
ല്ക്കാരി തന്നായിരം കാര്യമില്ല .
മൂക്കൂത്തിയിട്ടു മുറുക്കി ചുവപ്പിച്ചു
മുറ്റത്തു തുപ്പുന്ന താച്ചിയില്ല .
കട്ടാറിലെ തെളിനീരില്ല ;തേനില്ല
കാട്ടു വഴിയും കടത്തുമില്ല .
പാട്ടുകളില്ല കളികളില്ല ;കളി –
യാട്ട മഹോത്സവമിപ്പൊഴല്ല .
വീട്ടിലേയ്ക്കെന്തിനു പോകണമെന്നുള്ളില്‍
വീണ്ടു വിചാരം വിലക്കിടുമ്പോള്‍ ,
എങ്ങു നിന്നാണൊരു കാലൊച്ച കാതിലേ –
യ്ക്കെങ്ങോ, മണിത്തളതാളമല്ലി ?
കൊച്ചു കൊലുസ്സിന്‍ കിലുക്കം മനസ്സിന്റെ
മച്ചകം തട്ടിയുയര്‍ന്നിടുന്നു .
മൌന ദിനാന്ത്യമേന്നാകിലുമന്തിയില്‍
മാനം തെളിഞ്ഞൊരു പൊന്‍വെളിച്ചം !

Generated from archived content: poem1_june_13.html Author: peethan_k_vayanad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English