മലയാളിയെ തട്ടിയുണർത്തുന്ന ഓണത്തിന്റെ ഓർമ്മകൾ
സ്വദേശത്തും വിദേശത്തും
പല പല രീതികളിൽ –
അത്തം തൊട്ടു പത്തു നാൾ പൂവിടൽ,
തിരുവോണ നാൾ മാവേലിക്കു വരവേല്പ്,
മൃഷ്ടാന്ന ഭോജനം.
കാണം വിറ്റും ഓണമുണ്ണണം
എന്ന വായ്‌മൊഴിപ്പകർച്ചകൾ തലമുറകളായി….
ദാരിദ്ര്യമനുഭവിച്ചിരുന്ന ജനങ്ങൾക്ക്
വർഷത്തിലൊരിക്കലെങ്കിലും
വയറു നിറച്ചാഹാരം തരപ്പെടുത്താൻ
വളരെ വളരെ വർഷങ്ങൾക്കുമുമ്പ്
ഏതോ ബുദ്ധിരാക്ഷസൻ എഴുതിവച്ച
മിത്താണ്, മാവേലിക്കഥയും ഓണക്കഥയും എന്ന്
ഇന്നത്തെ ബുദ്ധിജീവികളിൽ ചിലർ…
എന്റെ കളിക്കൂട്ടുകാരി കുഞ്ഞമ്മണിക്ക് –
തിരുവാതിരകളിയുടെ ആലസ്യത്തിലുറങ്ങുമ്പോൾ –
ഒരകന്ന ബന്ധു സമ്മാനിച്ചു ജീവന്റെ തുടിപ്പ്
തുടർവർഷങ്ങളിൽ
ആ ഉണ്ണിയുടെ കൈ പിടിച്ച്
അവൾ വിദൂരതയിലേക്കു നോക്കിനിൽക്കും,
മറ്റൊരോണ സമ്മാനവും തരാതെ
നാടുവിട്ട ഉണ്ണീടച്ഛൻ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ…
എല്ലാ വർഷവും ഓണത്തപ്പൻ വരുന്നു,
ബന്ധുക്കളെക്കൂട്ടിവരുത്തുന്നു
ഉണ്ണീടച്ഛൻ മാത്രം വരുന്നില്ല.
എന്നെങ്കിലും വരും
മഹാബലിയായി,
അതോ, വാമനനായോ…
പാഹിമാം,
ഓം വിഷ്ണു ഹരേ…
Generated from archived content: poem4_aug23_07.html Author: peeter_neendur