വയോവ്യഥ

പലകുറിയായെൻ കളത്രം ശഠിപ്പൂ

തലയെങ്കിലും കറുപ്പിക്കുവാനായി

കാലുഷ്യമെല്ലാം വെടിഞ്ഞു മൊഴിഞ്ഞിന്നു

“കാലത്തെ നമ്മഘ മറികടന്നീടണം”

“മൽപ്രാണനാഥനെ കൂട്ടുകാർ കാൺകി-

ലെൻപ്രാണേശ്വരൻ വൃദ്ധനെന്നുചൊല്ലീടും

കാലത്തിനൊപ്പിച്ചു നാമും ചരിയ്‌ക്കണം

കോലമെന്താകിലും നാലാൾക്കു ചേരണം

നാട്ടാരു നമ്മുടെ പശി പോക്കീടുമോ,

നാട്ടുകാർക്കെന്തിതിൽ ലാഭവും നഷ്ടവും!

പൊയ്‌മുടിവച്ചു കഷണ്ടി മറയ്‌ക്കുന്നു,

പൊയ്‌ക്കാലുകൊണ്ടും ചിലർ നടന്നീടുന്നു.

എന്തേ കറുപ്പിച്ചിടാൻ മടിച്ചീടുന്നു?

എന്തും സഹിക്കാമീ ഞാനും കിടാങ്ങളും.

പന്തിയിൽ പത്തുപേർ കാണുന്ന വേളയിൽ

ചന്തം കുറഞ്ഞിടാനാവുമോ നാഥന” ?

കാലം പതിപ്പിച്ച മുദ്രകളൊക്കയും

കാലത്തിനൊത്തു നാം വരവേറ്റിടണം

പലരുമേ കാലത്തെ വെല്ലാൻ ശ്രമിച്ചു

കലിതുളളി മുണ്ഡനം ചെയ്‌തും കണ്ടു

ആഴ്‌ചകൾ തോറു നിറം മാറ്റിയോർ ചില-

രാഴ്‌ത്തിച്ചൊറിഞ്ഞതും നിദ്ര വെടിഞ്ഞതും,

അത്യാഹിതത്തിലെ വൈദ്യനെ ക്കണ്ടതും-

‘വിതസ്ത’സ്നാനാർഥം പോയെന്നും, കഥ…..

ഓരോ അണുവിനും സൃഷ്ടിയിൽ സ്രഷ്ടാവു

ഓരോ പരിണാമം സൃഷ്ടിച്ചു വച്ചതും

ഘോരമായീടുമെന്നാകിലുമൊവിധി-

യാരാലുമാവില്ല മാറ്റിമറിക്കുവാൻ.

ദേഹവിരോധം നാമൊന്നുമേ കാട്ടിടാ,

മോഹമുദിക്കിലും നിഷ്‌ഠകാട്ടീടണം;

ദേഹീ വെടിഞ്ഞിടും നേരത്തു മറ്റൊന്നും

ദേഹത്തിനാസ്തിയായ്‌ നില്‌ക്കില്ല നിർണ്ണയം.

മേന്മക്കുവേണ്ടിക്കളയുന്ന മാത്രകൾ

മാന്യതയ്‌ക്കാഘാത ഹേതുവായ്‌ത്തീർന്നിടാ.

മർത്യമസ്തിഷ്‌ക്കമീപ്പാരിൽ വിതയ്‌ക്കുന്ന

ശാസ്‌ത്രപുരോഗതി ഭീതി പരത്തുന്നു.ൽ

Generated from archived content: poem2_nov9_06.html Author: peeter_neendur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here