എന്നെയീ മണ്ണിലേക്കമ്മ പെറ്റിട്ടപ്പൊ-
ളന്നു ഞാനൊന്നുമേ ആയിരുന്നില്ലല്ലോ
മജ്ജയും, മാംസവും, രക്തവുമോടി-
ക്കളിക്കുന്നൊരുണ്ണിക്കുടമായിരുന്നു.
അച്‌ഛനും, ബാപ്പയുമപ്പനുമെൻ കാതി-
ലുച്ഛത്തിലോതിപ്പതിപ്പിച്ച നാമവും
അന്നുതൊട്ടിന്നും തുടർന്നു പോന്നീടുന്ന
ജന്മാവകാശമാം വിശ്വാസമൂർത്തികൾ.
അക്ഷരജ്ഞാനത്തിനാലയം വിദ്യക്കു
പക്ഷെ കുറിക്കണം ജാതിഭേദങ്ങളേ
അവിടെത്തുടങ്ങും മതത്തിൻ കുറിമാന-
മവിരാമമന്ത്യം വരേക്കുമെത്തീടുന്നു.
വിദ്യവശത്താക്കി വിദ്വാനുമായി ഞാൻ
വാദ്ധ്യാരു നീട്ടിയ പത്രിക കയ്യേറ്റു
ഉദ്യോഗലബ്ധിക്കപേക്ഷയയക്കുവാൻ
ചോദ്യമുണ്ടാമതിൽ ജാതി, പൗരത്വങ്ങൾ
സത്യ ധർമ്മങ്ങൾക്കു വിലയൊട്ടുമില്ല
മർത്യരോ തൃണതുല്യരായിടുന്നു.
യുദ്ധവും മാത്സര്യബുദ്ധിയുമേറും കു-
ബുദ്ധികൾക്കെക്കാലവും മതഘോഷണം.
ഇന്നു ഞാനെന്തൊക്കെയായി മാറീടുന്നു
ഹിന്ദുവാണിന്നു ഞാൻ ക്രിസ്ത്യാനിയും
ബുദ്ധാനുയായിയും മെക്ക വിശ്വാസിയു-
മൊക്കെയിന്നാണെന്നുമായീടണം.
വൻ മതിൽക്കെട്ടാം മതങ്ങളെ ദൂരെനി-
ന്നെന്തിനു കല്ലെറിഞ്ഞീടുന്നു ഞാനിനി
ഞാനെറിഞ്ഞീടുന്ന കല്ലുകളോരോന്നു-
മായിരമസ്‌ത്രങ്ങളായ്‌ത്തിരിഞ്ഞീടുന്നു.
ആരുണ്ടുകേൾക്കുവാൻ കദനകാവ്യങ്ങൾ
ആരാന്റെയമ്മക്കു ഭ്രാന്തുപെട്ടെന്നുപോൽ
അഷ്‌ടദിക്കും പടർന്നീടും മതങ്ങളേ,
സൃഷ്‌ടാവുപോലും നിനച്ചീലയീവിധം.
എണ്ണിയൊതുക്കാൻ ശ്രമിക്കിൽ പുതുമതം
മണ്ണിൽപ്പിറക്കും പെരുത്ത ദൈവങ്ങളായ്
ഈ മതദൈവങ്ങളൊന്നിച്ചു വേദിയി-
ലൊത്തിടിലദ്ധ്യക്ഷ ദൈവമേതാവുമോ?
വിശ്വമാനവഹൃത്തിന്നർത്ഥന കേൾക്കൂ
വിശ്വേ നീ ‘സമസ്സോ മാ ജ്യോതിർഗയമഃ’
Generated from archived content: poem2_nov23_05.html Author: peeter_neendur