വൈരുദ്ധ്യങ്ങൾ

വശ്യപുളകിതയാം ‘ഹഡ്‌സന്റെ’* മാറിലൂടെ

ദൃശ്യയാനം ചെയ്‌തീടിൽ ദൃശ്യങ്ങളതികേമം.

ഇരുപാർശ്വത്തിൽക്കാണും നിബിഡവനങ്ങൾക്കു

പിരിഞ്ഞിരിപ്പാനതി-

ദുഃഖമുള്ളതായ്‌ത്തോന്നും.

ശരത്‌കാലാരംഭത്തിൽ കാൺമൂനാം മരങ്ങളും

ഒരുങ്ങീടുന്നു ഹിമപാതമേറ്റുവാങ്ങീടാൻ.

വിവിധ വർണങ്ങൾതൻ കൂടുകൾ പൊട്ടിത്തെറി-

ച്ചീവിധം ചമച്ചതാം ചാരുലതാഭംഗിയും.

ഓക്കുകൾ പലതരമെങ്ങുമേ കാണാമെന്നാൽ

തേക്കൊന്നുപോലുമില്ല ഈട്ടിയും തമ്പകവും.

മേപ്പിൾ മരങ്ങളുണ്ടിങ്ങാഞ്ഞിലിയില്ലെങ്കിലു-

മാപ്പിളുണ്ടൊരു തേൻമാവെങ്ങുമേ കാൺമാനില്ല.

മരങ്ങൾ പച്ചപ്പട്ടിങ്ങണിഞ്ഞു തുടങ്ങുമ്പോൾ

മനുഷ്യനുടയാടയുരിഞ്ഞു തുടങ്ങുന്നു.

മരങ്ങളുടുപ്പൂരി ഹിമപാതമേൽക്കുന്നു,

മനുഷ്യനുടുപ്പൂരി സംസ്‌കൃതി മറക്കുന്നു.

താപമണിതിനെല്ലാം ഹേതുവെന്നവർചൊല്ലും-

താപമീ സ്‌ത്രീവർഗ്ഗത്തെ മാത്രമായ്‌ ഹനിക്കുമോ?

പാതയോരത്തും പഞ്ചനക്ഷത്രസൗധത്തിലും

പതഞ്ഞമർന്നീടുന്ന സാഗരതീരത്തിലും

പലവ്യഞ്ജനക്കടയ്‌ക്കുള്ളിലും കാണാമതു

പലവിധമാം രതിക്രീഡ കാട്ടും യുവാക്കൾ

ഏതു പൗരുഷത്തിലും നാരികേറിപ്പടരു-

മേതുമരത്തിന്മേലും ചുറ്റും കാട്ടുവള്ളിപോൽ.

അഴിമതിയുമഴിഞ്ഞാട്ടവും കലയാക്കു-

മഴകിയരാവണർ ഭരിക്കുന്നൊരു ഭാഗേ!

അധോലോകനാഥരും പെൺവാണിഭസംഘവും

വേധവിദ്യകൾ കാട്ടിപ്പാരിനെ ഭരിക്കുന്നു.

മതഭ്രാന്തിന്റെ ഭൂമിയായി മാറുന്നു ലോകം

മതന്യൂനപക്ഷങ്ങൾ ഞെരിക്കപ്പെട്ടീടുന്നു;

എങ്കിലും കാത്തീടുന്നു സംസ്‌കൃതിയെന്നുമിന്ത്യൻ

മങ്കമാർ പരിപാലിച്ചീടുന്നവർതൻ സ്‌ത്രീത്വം!

കെട്ടുറപ്പുള്ള നല്ല കുടുംബബന്ധങ്ങളും,

പട്ടിണിയേലുമവരടക്കും വികാരങ്ങൾ!

വിവിധ സംസ്‌കാരത്തിൻ കൂത്തരങ്ങാമീനാട്ടിൽ

വിവാഹബബന്ധങ്ങൾക്കു വിലയൊട്ടുമേയില്ല

ഉടുചേലയുരിഞ്ഞു മറ്റൊന്നണിയും പോലെ.

മടുപ്പില്ലിവർക്കിണക്കിളിയെ മാറ്റീടുവാൻ

അതിമൂല്യങ്ങളുള്ള ദേശത്തിൻ മക്കൾ പോലു-

മതിഥിയായൊരുനാൾ ഇങ്ങുവന്നുപെട്ടീടിൽ,

മൂല്യച്യുതിവരുന്നു മൂലവും മറക്കുന്നു,

കല്ലുപോലാകും മനം വെടിയും മനുഷ്യത്വം

സ്ഥിരമായ്‌ ചേക്കേറിയോർ കാട്ടും വൈരുദ്ധ്യങ്ങളോ?

പരസംസ്‌കൃതികളെ അഭികാമ്യമാക്കുന്നു

മാനവരാശിക്കയ്യോ ശാപമായ്‌ത്തീർന്നീടുന്നു,

മനുഷ്യമൃഗങ്ങൾ തൻ ഗോഷ്‌ടികൾ പെരുകുന്നു.

മുഖമൂല്യങ്ങളുള്ള സംസ്‌കൃതി സൃഷ്ടിച്ചീടാൻ

നഖശിഖാന്തം നീതിലക്ഷ്യമായ്‌പ്പൊരുതേണം

മാനവികതക്കൊരു പൂരണമുണ്ടാക്കീടാ-

നിനിയും ജനിക്കേണം ക്രിസ്‌തുവും ശ്രീകൃഷ്ണനും!

Generated from archived content: poem2_apr18_07.html Author: peeter_neendur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here