ഉവര്‍പ്പ്

ഏകാന്ത ദു:ഖങ്ങളെന്നെ പൊതിയുമ്പോള്‍
ഏകയായ് വന്നെന്റെ ചിരാതു തകര്‍ക്കില്ലേ?
എന്നന്തരാളമഹന്തയാല്‍ മൂടിയോ?
നിന്നകതാരിത്രക്രൂരമായ് മാറിയോ?

എന്‍ യവ്വനത്തിന്റെ സ്വപ്നത്തളികയില്‍
പൊന്താമരപ്പൂകണക്കു നീ …കാമിനീ..
എന്‍ ദു:ഖ സന്തോഷമൊക്കെയും പങ്കിടാന്‍
താഴുടച്ചുള്ളില്‍ക്കടക്കുവോരോമലാള്‍

രക്താധിമര്‍ദ്ദം, പ്രമേഹം, കൊഴുപ്പുകള്‍
പിത്തം, കഫം, വാതമൊക്കെയുമന്ത്യത്തില്‍
മര്‍ത്ത്യന്റെ ശേഷിക്കു ഭംഗം വരുത്തുകി-
ലൊത്തുകഴിയുന്നിണയും പഴിച്ചിടും.

കാലപ്പഴക്കത്തിലായിരം പൂര്‍ണ്ണേന്ദു
താലോടമാടിക്കടന്നതും കണ്ടു നാം
ചുറ്റും ചിരിച്ചു കുശലം മൊഴിഞ്ഞവര്‍
പറ്റിപ്പതുക്കെക്കടക്കുന്നതും കണ്ടു.

ആയിരം പൂര്‍ണ്ണേന്ദു കണ്ടവരാരുമൊ-
രായിരം കാണാനിരിക്കില്ലതോര്‍ക്കുക
ആയിരം നോമ്പുകള്‍ നോക്കിലും മര്‍ത്ത്യന-
താവില്ലൊരു മാത്ര നീട്ടുവാനന്ത്യത്തില്‍

കറിവേപ്പിലക്കുണ്ടു സ്ഥാനം കറിയില്‍
കറിവെച്ച് ചട്ടി വടിക്കും വരേക്കും
കറികഴിക്കുന്നവര്‍ക്കാനന്ദലബ്ധി
കറികഴിഞ്ഞാല്‍ ചട്ടിപോലും അനാഥം

കല്ലുപ്പ്, കടലുപ്പ്, പൊടിയുപ്പുമീ-
നല്ല ഇന്തുപ്പ്, വേര്‍പ്പുപ്പ്, മൂത്രത്തിലും
ഉപ്പിന്നുവര്‍പ്പ് നശിച്ചുവെങ്കില്‍ പിന്നെ
ഉപ്പുകൊണ്ടെന്തുനേട്ടമുലകിന്നു.

Generated from archived content: poem1_sep3_12.html Author: peeter_neendur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here