ആസ്തിബോധം

മുഷ്‌ടിക്കകത്താണു ലോകം മുഴുവനെ-

ന്നിഷ്‌ടമായ്‌ ചിന്തിച്ചുകാലം കഴിക്കവേ,

അഷ്‌ടിക്കു മുട്ടുന്ന മർത്ത്യരോ ചുറ്റിലും

നട്ടംതിരിയുന്ന ദൃശ്യമാണെങ്ങുമേ!

സൃഷ്‌ടിയിൽ വന്ന പിഴവാണിതെങ്കിലും

സ്രഷ്‌ടാവു കുറ്റങ്ങൾ മാറ്റാൻ തുനിഞ്ഞീല;

ഉളളവർക്കെല്ലാം സമൃദ്ധമായേകിയി-

ട്ടുളളുമാത്രം കനിഞ്ഞീനിരാലംബർക്ക്‌.

പട്ടിണിമൂലം വലയുന്നവർക്കായി

വിട്ടുകൊടുക്കുന്നു മാറാത്തരോഗങ്ങൾ;

രോഗവിമുക്തിക്കു മാർഗ്ഗമില്ലാത്തവർ

വേഗമണയുന്നു കാലപുരിയിങ്കൽ.

സമ്പന്നതക്കു നടുവിൽ വിലസുന്ന

വമ്പരോ പോർവിളിച്ചീടുന്നു ശിഷ്‌ടരെ;

‘ചിന്താമണി’ക്കായി മോഹം ജനിക്കുവോ-

രന്ത്യംവരേക്കുമലഞ്ഞുനടന്നിടും.

അസ്തിത്വദുഃഖാലമർന്നു നീങ്ങാതെ നീ

ആസ്തിബോധങ്ങളെ ചിത്തത്തിലേറ്റിയും

സ്വസ്ഥതയാർജ്ജിച്ചുമേകിയും മുമ്പോട്ടു

മസ്തിഷ്‌കശുദ്ധിവരുത്തി വാണീടുക.

Generated from archived content: poem1_july21_08.html Author: peeter_neendur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here