ഓർമ്മയിൽ നിന്നൊരു ക്രിസ്‌തുമസ്‌

അതൊരു ക്രിസ്‌തുമസ്‌ സായാഹ്നമായിരുന്നു. നിശ്ചലമായ വസതി. ചിമ്മിനിക്കരികിൽ കാലുറകൾ ഉണക്കാനിട്ടിരുന്നു. ജനാലക്കുസമീപം വിശുദ്ധറീത്തുകൾ തൂക്കിയിട്ടിരുന്നു. ഞാനെന്റെ ക്രിസ്‌തുമസ്‌ മരത്തിൽ അവസാനത്തെ സമ്മാനവസ്‌തുവും കൊരുത്തു കഴിഞ്ഞു. എല്ലാവർഷവും വീടിന്റെ മേൽനിലയിലേക്കു കയറിപോകും മുമ്പെയുളള ആ അവസാന നിമിഷങ്ങളെ ഞാനേറ്റവും വിലപിടിച്ചതായി കണക്കാക്കുന്നു. എന്റെ ഭവനം, ഭൂതകാലസ്‌മരണകളാലും, വർത്തമാനചിന്തകളാലും ഭാവിയുടെ പ്രതീക്ഷ നിറഞ്ഞ വാഗ്‌ദാനങ്ങളെക്കുറിച്ചുളള കാര്യങ്ങളുമൊക്കെ കൊണ്ട്‌ ആകെ ഊഷ്‌മളമായിരുന്നു. വിചിത്രവും, അത്ഭുതകരവുമായ കാര്യങ്ങൾ എനിക്കെല്ലാ ക്രിസ്‌തുമസ്‌ വേളകളിലും സംഭവിച്ചിട്ടുളളതാണ്‌. അതുകൊണ്ടിപ്പോഴും ഞാൻ അപ്രതീക്ഷിതമായ എന്തോ ചിലത്‌ പ്രതീക്ഷിക്കുന്നു. പുതിയ ചില ആഹ്ലാദം, ഇതിനെക്കാളുമൊക്കെ ഉപരിയായ എന്തോ ചിലത്‌! ഈ വർഷം അതെന്നായിരിക്കുമെന്ന്‌ ഞാനാശ്ചര്യപ്പെടുന്നു.

ഇങ്ങിനെ അത്ഭുതാധീനയാകുന്നതിനിടയിൽ ഞാൻ ഓർമ്മിച്ചുപോകുന്നു…

എന്തുകൊണ്ടാണെന്നറിയില്ല, ഇവിടെ നിന്നൊക്കെ അങ്ങകലെ വളരെ പണ്ടു നടന്ന കാര്യങ്ങളെക്കുറിച്ചൊക്കെയാണ്‌ ഞാനിങ്ങനെ ചിന്തിക്കുന്നത്‌. ഇതുപോലെയുളള ക്രിസ്‌തുമസ്‌ ദിനത്തിന്റെ തലേന്നുളള ഒരു രാവിനെക്കുറിച്ച്‌ എന്നിൽ സ്‌മരണകൾ ഓടിയണയുന്നു…

അന്നെനിക്ക്‌ നന്നെ ചെറുപ്പമായിരുന്നു. എനിക്കധികം പരിചയം സിദ്ധിച്ചിട്ടില്ലാത്ത ഒരു ചെറുപ്പക്കാരനുമായി ഞാൻ വിവാഹിതയായിട്ട്‌ ഏറെ നാളായിരുന്നില്ല. അന്നത്തെ ചീനയിൽ, പ്രത്യേകിച്ച്‌ കുടുംബം പാർത്തിരുന്ന ചൈനീസ്‌ വൃത്തത്തിൽ, ഒരു പെൺകുട്ടിക്ക്‌ കൂടെക്കൂടെയൊരു ചെറുപ്പക്കാരനെ കണ്ടുമുട്ടുക എന്നത്‌ അസാധ്യമായിരുന്നു. കത്തുകൾ അയയ്‌ക്കാം എന്നാൽ കൂടിക്കാഴ്‌ചകൾക്കായിരുന്നു പ്രയാസം മുഴുവനും. അപ്പോൾ ഞാൻ അദ്ദേഹവുമൊന്നിച്ച്‌ ആ ക്രിസ്‌തുമസ്‌ കാലത്ത്‌ വടക്കൻ ചീനയിലെ ആ പുരാതനനഗരിയിൽ തനിച്ചു താമസിക്കുകയായിരുന്നു. അമേരിക്കക്കാരായി വേറെയാരും അവിടെ ഉണ്ടായിരുന്നില്ല. ഏകാന്തതാബോധം അകറ്റാൻ ഞാൻ നന്നെ പരിശ്രമിച്ചിരുന്ന ഒരവസരമായിരുന്നു അത്‌. എന്റെ അച്ഛനമ്മമാർ ക്രിസ്‌തുമസ്‌ കാലം ഞങ്ങളുടെയൊപ്പം ചിലവഴിക്കാനെത്തുന്നുണ്ട്‌. അത്‌ ഞാനെത്ര ആകാംക്ഷയോടെയാണെന്നോ പ്രതീക്ഷിച്ചുകൊണ്ടിരുന്നത്‌? ദിവസങ്ങളോളം ഞാൻ വിശദമായ ഒരുക്കങ്ങളിൽ തന്നെ മുഴുകിയിരുന്നു.

തുർക്കിക്കോഴികൾ ഞങ്ങളുടെ ഭാഗത്തില്ലാതിരുന്നതിനാൽ, ഞാൻ ഒരു കാട്ടുതാറാവിനെ സംഘടിപ്പിച്ചു. ചെറുമണി അരിക്കൊണ്ടുണ്ടാക്കിയ വിലപിടിപ്പുളള തരം എട്ട്‌ ചൈനീസ്‌ പുഡ്‌ഡിങ്ങുകൾ, ഏഴുതരം ഉണങ്ങിയ ഫലവർഗ്ഗങ്ങളെ കൊണ്ടുണ്ടാക്കിയ മധുരപലഹാരങ്ങൾ (ഇത്‌ പുഡ്‌ഡിങ്ങിനുപകരമായിരുന്നു). പിന്നെ വിശുദധ പാത്രങ്ങൾക്കു പകരമായി പച്ച ഇലകളുളള ചൂരൽച്ചെടി കമ്പുകളും, നീലിമയാർന്ന ചെറിപ്പഴങ്ങളുമൊക്കെ ഒരുക്കിയിരുന്നു.

അങ്ങിനെയിരിക്കെ, ക്രിസ്‌തുമസ്‌ രാവിന്റെ അന്ന്‌ കാലത്ത്‌ ഒരു ടെലഗ്രാം വന്നണഞ്ഞു. എന്റെ അമ്മയ്‌ക്ക്‌ യാത്ര ചെയ്യാനുളള സുഖമില്ലെന്നും, അച്‌ഛനവരുടെ ഒപ്പം നില്‌ക്കാതെ വയ്യെന്നുമായിരുന്നു അതിലെ വിവരം.

പെട്ടെന്നിക്ക്‌ ആഘോഷങ്ങൾക്ക്‌ അന്ത്യമൊഴി നൽകണമെന്നും, ക്രിസ്‌തുമസ്‌ ശൂന്യമായതായും തോന്നി. തീർച്ചയായും, ഞാനെന്റെ നിരാശയെ മറച്ചുവയ്‌ക്കാൻ ആവുന്നത്ര പരിശ്രമിച്ചു. എങ്കിലും മണിക്കൂറുകളങ്ങിനെ ഇഴഞ്ഞുനീങ്ങിയതേയുളളൂ. ഏതായാലും, സായാഹ്നം സമാഗതമായതോടെയും, മണ്ണെണ്ണവിളക്കുകൾ കൊളുത്തിയതോടെയും, എനിക്ക്‌ സന്തോഷമായി. ഞങ്ങളുടെ ഭാഗത്തൊന്നും വൈദ്യുതി വന്നെത്തിയിരുന്നില്ല. ഞാൻ ക്രിസ്‌തുമസ്‌ കരോളുകൾ നടത്തിയതായി ഓർക്കുന്നു. ഞങ്ങളിരുവരും കുട്ടിക്കാലത്തെ ക്രിസ്‌തുമസ്‌ ആഘോഷങ്ങളെക്കുറിച്ച്‌ സംസാരിച്ചു. അമേരിക്കയിലെ മഞ്ഞുമൂടിയ ഒരു കളപ്പുരയിലെ അദ്ദേഹത്തിന്റെ ബാല്യകാലത്തെക്കുറിച്ചും! ഉഷ്‌ണമേഖല പ്രദേശമായ ഒരു ചൈനീസ്‌ വസതിയിലെ എന്റെ ശൈശവകാലത്തെക്കുറിച്ചും, ഉറക്കം വരുന്നതുവരെ ഞങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു.

എനിക്ക്‌ ഉറക്കം വന്നില്ലയെന്നത്‌ ഞാനോർക്കുന്നു. ഒരു മണിക്കൂറോ മറ്റോ കഴിഞ്ഞ്‌, അർദ്ധരാത്രിക്കു തൊട്ടുമുൻപായി ഞാനെണീറ്റ്‌ സ്വീകരണമുറിയിലെ ജനാലയുടെ അടുത്തേക്ക്‌ നീങ്ങിനിന്നുനോക്കി. വളരെ അകലെ നഗരഭിത്തിക്കു മുകളിലായി ഒരു നക്ഷത്രം തിളങ്ങുന്നത്‌ ഞാൻ കണ്ടു. ആ നിമിഷത്തിലായിരുന്നു മുൻവശത്തെ വാതിലിൽ മൃദുവായ, അറച്ചറച്ച വിധത്തിലുളള ഒരു മുട്ടുകേട്ടത്‌. ഈ അസമയത്ത്‌ ആരായിരിക്കാമത്‌ എന്ന്‌ ഞാനൽഭുതപ്പെട്ടു. ഞങ്ങളുടെ ഭാഗത്ത്‌ കളളൻമാർ ധാരാളമുണ്ടായിരുന്നതിനാൽ, ഒരുപക്ഷെ വാതിൽ തുറക്കാതിരിക്കുകയാവും നല്ലത്‌.

പക്ഷേ ഞാനത്‌ തുറന്നു. പത്ത്‌ വയസ്സുളള ഒരു ചൈനീസ്‌ ബാലൻ അവിടെ നിൽപുണ്ടായിരുന്നു. തീരെ മുഷിഞ്ഞ വസ്‌ത്രങ്ങളായിരുന്നു അവൻ ധരിച്ചിരുന്നത്‌. എന്നാൽ ഇന്നേ തീയതിവരെ ഞാനോർക്കുന്നത്‌ അവന്റെ കണ്ണുകളായിരുന്നു. മെലിഞ്ഞ മാലാഖ തുല്യമായ മുഖവും, ഉയർന്ന നെറ്റിയും, മനോഹരവും പ്രശാന്തവുമായ വക്ത്രത്തിലേക്കു ചുങ്ങിയ താടിയുമുളള അവന്റെ വലിയ ഒത്ത കണ്ണുകൾ ഏറെ ശ്രദ്ധാർഹങ്ങളായിരുന്നു. തീർച്ചയായും അസാധാരണമായിരുന്നു അവന്റെ മുഖഭാവം! വിളർത്ത്‌ ദുർബ്ബലമായ ആ കുട്ടിയുടെ മുഖം നിശ്ചലവും, ആത്മവിശ്വാസം തുടിക്കുന്നതും, അചഞ്ചലവുമായിരുന്നു. അവനൊന്നും മിണ്ടിയില്ല. എന്നെ നോക്കി അവൻ അവിടെത്തന്നെ നിന്നു.

“നീ ആരാണ്‌?” ഞാൻ ചൈനീസ്‌ ഭാഷയിൽ ആരാഞ്ഞു.

“ഞാൻ ആരുമല്ല.” അവൻ പ്രതിവചിച്ചു. പീക്കിംഗ്‌ സംസാരച്ചുവ അവന്റെ വാക്കുകളിൽ നിഴലിച്ചിരുന്നു.

“നിന്റെ പേരെന്താണെന്ന്‌ പറയൂ കുട്ടീ…?” ഞാനാവശ്യപ്പെട്ടു.

“എനിക്ക്‌ പേരൊന്നുമില്ല.” അവൻ പറഞ്ഞു.

“നിന്റെ അച്ഛനമ്മമാരൊക്കെ എവിടെ?”

“എനിക്ക്‌ മാതാപിതാക്കളില്ല.”

ആകാശത്തുനിന്നും പൊട്ടിവീണവനെയെന്നപോലെ ഞാൻ അവനെ തുറിച്ചുനോക്കി. ഒരുപക്ഷെ അവൻ അങ്ങിനെ ആയിരിക്കാം.

“എവിടെനിന്നു വരുന്നു നീ?” അടുത്തതായി ഞാൻ ചോദിച്ചു.

“ഞാനൊരിടത്തുനിന്നും വന്നതല്ല.” അവൻ പറഞ്ഞു.

“നീ ഒരു ദിക്കിലേക്കും പോവുകയല്ലെ?”

“അല്ല.”

“നീ പിന്നെ എന്താണ്‌ എന്റെ അടുത്തേക്ക്‌ വന്നത്‌?”

ഇതിനുത്തരം പറയാനാവാതെ അവൻ തലയാട്ടിക്കൊണ്ട്‌ തന്റെ അചഞ്ചലവും തിളങ്ങുന്നതുമായ മിഴികൾ കൊണ്ടെന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു.

ഞാനാണെങ്കിൽ ഒരുതരം കെണിയിലകപ്പെട്ട പോലെയായിരുന്നു. ഏകാന്ത മനോഹരനായ ഈ ബാലൻ ആരായിരിക്കും?

ഒരു യാചകനോ? എന്തിനിവൻ ഈ രാത്രി, ഈ അർദ്ധരാത്രിയിൽ എന്റെ വാതിൽക്കൽ വന്നെത്തിയിരിക്കുന്നു? അകത്തേക്ക്‌ വരൂ..“ ഞാൻ പറഞ്ഞു. ”നിനക്ക്‌ നല്ല വിശപ്പുണ്ടായിരിക്കും.“

നിശ്ശബ്‌ദനായി അവൻ അകത്തേക്ക്‌ കടന്നു.

അവൻ എത്രമാത്രം വിളർത്തും, യാത്ര ക്ഷീണത്താൽ തകർന്നുമിരിക്കുന്നുവെന്നത്‌ ഞാൻ ശ്രദ്ധിച്ചു. വിറയ്‌ക്കാതിരിക്കാൻ അവൻ ആവത്‌ പരിശ്രമിക്കുന്നുണ്ടായിരുന്നു. അപ്പോഴും കൽക്കരി ചെങ്കനൽപ്രഭ കണക്കെ എരിഞ്ഞുക്കൊണ്ടിരുന്ന നെരിപ്പോടിനരികെ ചെന്ന്‌ അവൻ ചെറിയ മൃദുലമായതും, അഴുക്കുപുരണ്ടു കറുത്തതുമായ കൈകൾ ചൂട്‌ പിടിപ്പിച്ചു. പൊടിപുരണ്ട അവന്റെ തലമുടി തവിട്ടുനിറമാർന്നിരുന്നു. തീർച്ചയായും അവൻ, ദീർഘദൂരം നടന്നുവരികയായിരുന്നെന്നും ഒന്നും ഓർമ്മിക്കാനാവാത്ത അവസ്ഥയിലായിരുന്നതിനാൽ അവന്‌ ഏതോ സ്തോഭമുണ്ടായിട്ടുണ്ടെന്നുളളതും വ്യക്തമായിരുന്നു.

നിശ്ശബ്‌ദനായി ഞാൻ അവനെ കുളിമുറിയിലേക്കാനയിച്ച്‌ ഭംഗിയായി കുളിപ്പിച്ചു. ഒരു ഫ്ലാനൽ പൈജാമയുടെ കൈക്കും, കാലിനും നീളം കുറച്ച്‌ അതിനൊരു അരവളളിയും തുന്നിച്ചേർത്ത്‌ അവനെ ഞാൻ അത്‌ അണിയിച്ചു. പിന്നെ ഞാൻ മുട്ടപൊരിച്ച്‌ ഭക്ഷണവും, ഒരു ടിൻ ക്യാനിൽ നിന്നെടുത്ത പാലും അവന്‌ കൊടുത്തു. അതെന്ത്‌ പാലാണെന്നോണം അവന്‌ അറിവില്ലായിരുന്നെങ്കിലും, അത്‌ മണത്ത്‌ നോക്കിയിട്ട്‌ അവൻ ദൂരേക്ക്‌ വച്ചു.

”നിനക്ക്‌ ചായ മതിയോ?“ ഞാൻ ചോദിച്ചു.

”വെറുതെ അതുണ്ടാക്കാൻ ബുദ്ധിമുട്ടുകയൊന്നും വേണ്ട“ അവൻ പ്രതിവചിച്ചു.

ഞാനുണ്ടാക്കിയ ചായ അവൻ ആർത്തിയോടെ കുടിച്ചു. സ്വീകരണമുറിയിലെ ചാരുകസേരയിൽ, ഞാൻ അവനായി ഒരു കിടക്കയൊരുക്കി. അവൻ ഉറങ്ങുന്നതുവരെ ഞാൻ അവിടെതന്നെ നിന്നു. എന്ത്‌ കാരണത്താലോ എനിക്ക്‌ ഉറക്കം വന്നില്ല.

രാവിലെ ഞാൻ സ്വീകരണമുറിയിലേക്കു വന്നപ്പോൾത്തന്നെ അവൻ ഉറക്കമെണീറ്റു കഴിഞ്ഞിരുന്നു. കാലുകൾ പിണച്ചുവച്ച്‌ തറയിലിരുന്ന്‌ അവൻ ശാന്തമായ ആഹ്ലാദവായ്‌പോടെ വൃക്ഷങ്ങളിലേക്ക്‌ നോക്കിക്കൊണ്ടിരിക്കയായിരുന്നു.

”ഇന്നുരാവിലെ നീ ആരാണെന്ന്‌ ഓർമ്മിക്കുന്നോ.“ ഞാൻ അന്വേഷിച്ചു.

സ്‌നേഹനിർഭരമായൊരു മന്ദഹാസത്തോടെ അവൻ തലകുലുക്കി. എന്നിട്ടിപ്രകാരം പറഞ്ഞു. ”ഞാൻ നിങ്ങളോടൊപ്പം താമസിക്കാൻ വന്നതാണ്‌.“

അതങ്ങിനെതന്നെ ആയിത്തീർന്നു. അവൻ ഞങ്ങളോടൊപ്പം ക്രിസ്‌തുമസ്‌ കാലം ചിലവഴിച്ചു. എനിക്കൊരു ഏകാന്തതാബോധവും അനുഭവപ്പെട്ടില്ല. മറ്റെല്ലാ ദിവസത്തെയും പോലെ അന്നും കടകളൊക്കെ തുറന്നിരുന്നതിനാൽ, ഞാനവനെ പുറത്തേക്കു കൊണ്ടുപോയി. വസ്‌ത്രങ്ങളൊക്കെ വാങ്ങിക്കൊടുത്തു. ഞങ്ങളോടൊപ്പം താമസിച്ചിരുന്നതുപോലെയായിരുന്നു അവന്റെ എല്ലാ പെരുമാറ്റവും. അവന്റെ ഒരു ചലനത്തിലും അന്യതാബോധത്തിന്റെ ഒരംശംപോലും പ്രകടമായിരുന്നില്ല. ഞങ്ങൾ അവനെ ‘നോയൽ’ (നോയൽ എന്നാൽ ക്രിസ്‌തുവിന്റെ ജന്മദിനം എന്ന്‌ അർത്ഥം-വിവഃ) എന്ന്‌ പേരിട്ടു. ഞങ്ങളുടെ ചൈനീസ്‌ സുഹൃത്തുക്കളോ, അയൽവാസികളോ ആരുംതന്നെ അവൻ ആരായിരുന്നെന്നറിയാമായിരുന്നില്ലെങ്കിൽ പോലും ഞങ്ങളോടൊന്നും തന്നെ അതെക്കുറിച്ച്‌ പറഞ്ഞില്ല. ഞങ്ങളവനെ കണ്ടിട്ടേ ഇല്ലെന്നും, ആ ക്രിസ്‌തുമസ്‌ സായാഹ്‌നത്തിനുമുമ്പുളള അവന്റെ ജീവിതത്തെക്കുറിച്ച്‌ തങ്ങളൊന്നും ഓർമ്മിക്കുന്നില്ലെന്നും, ആരോ ക്ഷീണിതനും ബുഭുക്ഷുവുമായ അവനോട്‌ ഞങ്ങളുടെ വാതിൽക്കൽ വന്ന്‌ മുട്ടിനോക്കാൻ പറഞ്ഞത്‌ ശരിയായിരുന്നെന്നുമാണ്‌ അവരൊക്കെ ഒരേസ്വരത്തിൽ പ്രഖ്യാപിച്ചത്‌. തീർച്ചയായും, അവൻ ഉണ്ണിയേശുവോ, അതുപോലെയാരെങ്കിലുമോ ഒന്നുമല്ലെന്ന്‌ എനിക്കുതന്നെ വ്യക്തമായിരുന്നു. പക്ഷേ അവൻ മരണംവരെ ഞങ്ങളുടെ കുട്ടിയായി തന്നെ കഴിഞ്ഞു. വളരെ ചെറുപ്രായത്തിൽ തന്നെ അവൻ മരണമടയുകയും ചെയ്‌തു. ഒരുവിധത്തിൽ അവൻ മരിച്ചത്‌ മറ്റുളളവർക്ക്‌ വേണ്ടിയാണെന്ന്‌ പറയാമായിരുന്നു.

അത്‌ കുറെ വർഷങ്ങൾ കഴിഞ്ഞായിരുന്നു. ഇതിനിടയിൽ, ഞങ്ങളുടെ ഒപ്പം പാർത്തിരുന്ന അവൻ വളർന്ന്‌ വലുതായി സ്‌കൂളിൽ പോയിത്തുടങ്ങി. എപ്പോഴെങ്കിലും അവനൊരു കുഴപ്പത്തിൽ ചാടിയിരുന്നതായി ഞാനോർമ്മിക്കുന്നില്ല. പഠിക്കാൻ അവന്‌ നന്നെ ഇഷ്‌ടമായിരുന്നു. കൂട്ടുകാർ അവനെ തേടി എത്തിയിരുന്നെങ്കിലും, ആരുമായും അത്ര ഉറ്റ ചങ്ങാത്തമൊന്നും അവൻ പിടിച്ചില്ല. സദാ ആഹ്ലാദവാനും, സഹായമനഃസ്ഥിതിക്കാരനുമായി, അവൻ, അവരിൽനിന്നൊക്കെ അകന്നു കഴിഞ്ഞു. അതെ-അവൻ എപ്പോഴും അകന്നുതന്നെ ആയിരുന്നു.

പൊക്കത്തിൽ, മെലിഞ്ഞ്‌ സമർത്ഥനായൊരു ബാലനായി അവൻ വളർന്നുപോന്നു. ഒരു നല്ല ഡോക്‌ടറാകണമെന്നായിരുന്നു അവന്റെ മോഹം-പാവപ്പെട്ടവരെയും, നിസ്സഹായരേയും, മറ്റുളളവരെപ്പോലെ തന്നെ സ്‌നേഹിക്കുകയും, സഹായിക്കുകയും ചെയ്‌ത അപൂർവ്വം ഡോക്‌ടർമാരിലൊരാളായി തീരണമെന്നായിരുന്നു അവന്റെ മോഹം! ആരും വ്യക്തമായി അവനെ മനസ്സിലാക്കിയില്ല. ഞാനും അങ്ങിനെതന്നെ ആയിരുന്നെന്നാണെന്റെ ഓർമ്മ. രോഗികൾക്കായി ജീവിതമുഴിഞ്ഞു വെച്ച സ്വാർത്ഥരഹിതനായൊരു വ്യക്തിയായിരുന്നു അവൻ. അപ്പോഴും വലുപ്പമേറിയതും, ശാന്തവുമായ നയനങ്ങളുളള അവൻ നിശ്ശബ്‌ദനും, ചിന്താമഗ്നനുമായി തന്നെ കാണപ്പെട്ടു. അവന്റെ മൃദുലങ്ങളായ കരങ്ങൾ വിദഗ്‌ദ്ധനായൊരു ഭിക്ഷഗ്വരന്റെ കൈകളായിരുന്നു. അവൻ അങ്ങിനെതന്നെ ജീവിച്ചു പോകുമെന്ന്‌ ഞങ്ങൾക്കെല്ലാം തോന്നിച്ചു. ഞങ്ങളെല്ലാവരും അവന്റെ നന്മയിൽതന്നെ വിശ്വസിച്ച്‌, അതങ്ങിനെതന്നെ പോവുകയായിരിക്കും നല്ലതെന്ന്‌ അംഗീകരിച്ചു.

അപ്പോഴാണ്‌, യുദ്ധം പൊട്ടിപ്പുറപ്പെട്ടതും, ചീന രണ്ടായി പിളർന്നതും. എല്ലായിടത്തും കമ്മ്യൂണിസ്‌റ്റുകാർ രാഷ്‌ട്രവാദികൾക്കെതിരെ പടപൊരുതുകയായിരുന്നു. ഞങ്ങളുടെ നഗരിയിലാണെങ്കിൽ, ഇരുപക്ഷക്കാരും ഡോക്‌ടറോട്‌ ശത്രുതാഭാവത്തിലായിരുന്നു. മുറിവേറ്റവരെയും രോഗികളെയും ബന്ധുമിത്രാദിഭേദം കൂടാതെ ചികിത്സിക്കുന്നതായിരുന്നു അതിനുളള കാരണം. ഒടുവിൽ കമ്യൂണിസ്‌റ്റുകാർ വിജയിച്ചു. ഞങ്ങൾ, അമേരിക്കക്കാർക്കൊക്കെ ചൈന വിട്ടുപോരേണ്ടതായി വന്നുചേർന്നു. അവനെക്കൂടി കൂടെക്കൊണ്ടുപോകണമെന്ന്‌ ഞങ്ങൾക്കുണ്ടായിരുന്നു. ഞാൻ അവനോട്‌ കൂടുതൽ വൈദ്യപഠനമൊക്കെ വാഗ്‌ദാനം ചെയ്‌ത്‌ വരാൻ വേണ്ടി യാചിച്ചു. പക്ഷെ, മൃദുലമനസ്‌കനായ അവൻ ഒരു മന്ദഹാസത്തോടെ ഞങ്ങളുടെ അപേക്ഷ നിരസിച്ചതേയുളളൂ.

”എനിക്കിവിടെ എന്റെ ആളുകളോടൊപ്പം താമസിക്കണം…“ അവൻ പറഞ്ഞു. ”ഇപ്പോൾ എന്നത്തെക്കാളുമേറെ അവർക്ക്‌ എന്നെ ആവശ്യമുണ്ട്‌.“

അങ്ങിനെ അവനെ തനിച്ച്‌ മനസ്സിൽ ഒരു ഇളയ സഹോദരനോടെന്ന മനോഭാവം വച്ചു പുലർത്തിക്കൊണ്ടുതന്നെ ഞങ്ങൾ തമ്മിൽ എന്നന്നേക്കുമായി വേർപിരിഞ്ഞു. ആദ്യമാദ്യമൊക്കെ ഞങ്ങൾ പരസ്പരം കത്തുകൾ അയയ്‌ക്കുമായിരുന്നു. പിന്നെ, ഒടുവിലായപ്പോൾ, അങ്ങിനെ ചെയ്യാതിരിക്കലാവും ഇരുകൂട്ടർക്കും ഭേദമെന്ന്‌ ഞങ്ങൾക്ക്‌ തോന്നിത്തുടങ്ങി. ചീനയിൽനിന്നും കത്തുകൾ വരുന്നതിൽ എന്നെയും, അമേരിക്കയിൽ നിന്നും വരുന്ന കത്തുകൾ മൂലം അവനെയും രാഷ്‌ട്രീയകാരണങ്ങളാൽ സംശയിക്കപ്പെടാനുളള സാധ്യതകളുണ്ടായിരുന്നു.

പിന്നെ ഏറ്റവുമൊടുവിലായി അവന്റെ നിര്യാണത്തെക്കുറിച്ച്‌ ഞങ്ങൾ കേട്ടു. ചീനയിൽ നിന്നും അഭയംതേടി പോന്ന ഒരു സുഹൃത്താണത്‌ എന്നോട്‌ പറഞ്ഞത്‌. ഒറ്റയ്‌ക്കു താമസിച്ചിരുന്ന അവൻ കഠിനാധ്വാനത്തിൽ മുഴുകിയാണ്‌ കഴിഞ്ഞിരുന്നതെന്ന്‌ ആ സുഹൃത്ത്‌ എന്നോട്‌ പറഞ്ഞു. ഒരു നൂറ്‌ മൈൽ ചുറ്റളവിലുളള ആകെയൊരു ഡോക്‌ടർ അവൻ മാത്രമായിരുന്നു. ആളുകൾ എല്ലായിടത്തുനിന്നും അവനെ കാണാൻ എത്തിയിരുന്നു. പ്രത്യേകിച്ചും, ഇരുഭാഗത്തെയും മുറിവേറ്റ പടയാളികൾ. ജേതാക്കൾ, തങ്ങളുടെ കൂട്ടരെ മാത്രമെ ചികിത്സിക്കാവൂ എന്നും, ശത്രുപക്ഷക്കാരെ തിരിഞ്ഞുനോക്കരുതെന്നും അവന്‌ താക്കീത്‌ നൽകിയിരുന്നു.

ഒരുദിവസം ഉറക്കത്തിൽനിന്നും വിളിച്ചുണർത്തപ്പെട്ട അവൻ വാതിൽക്കൽ ചെന്നു നോക്കിയപ്പോൾ, സാധാരണക്കാരായി തോന്നിച്ച മൂന്നുപേർ അവിടെ നിൽക്കുന്നതായി കണ്ടു. ഏതാനും വീടുകൾക്കകലെ അവശനായ ഒരു രോഗിയെ സന്ദർശിക്കാനുളള അപേക്ഷയുമായാണ്‌ അവർ അവിടെ എത്തിയിരുന്നത്‌. അയാൾ ഷർട്ടിന്റെ ബട്ടൺസുമിട്ട്‌ ഉടനടി അവരോടൊപ്പം നടന്നു. അടുത്ത മൂല തിരിഞ്ഞ ഉടനെ അവർ അയാളെ വെടിവച്ചു കൊന്നു.

ഇത്രയുമേ എനിക്കറിയാവൂ… പക്ഷെ, ഇന്നുരാത്രി ഞാൻ ചിന്തിക്കുന്നത്‌, അവന്റെ മരണത്തെക്കുറിച്ചല്ല… വളരെക്കാലം മുമ്പ്‌, അന്ന്‌, ആ ക്രിസ്‌തുമസ്‌ സായാഹ്‌നത്തിൽ എങ്ങുനിന്നല്ലാതെ, പേരും, വിലാസവുമൊന്നുമില്ലാതെ എങ്ങിനെയോ എത്തിച്ചേർന്ന ഒരു അനാഥബാലനായി എന്റെ വീട്ടുവാതിൽക്കൽ നിൽക്കുന്ന ആ നിഷ്‌കളങ്കനായ ബാലനെക്കുറിച്ചുളള വിലപിടിപ്പാർന്ന, ഊഷ്‌മളചിന്തകളായിരുന്നു…. അപ്പോൾ… എന്റെ…. ഉളളം നിറയെ…

Generated from archived content: story2_dec21_05.html Author: pearl_s_buck

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here