1
അവിശ്വസനീയമായിത്തോന്നാം; എന്നാലും, സത്യമാണ്. പ്രേതലോകത്തെ നേരില്‍ കാണുകയാണോ എന്നു തോന്നാം; എന്നാല്‍, അങ്ങനെയുമല്ല……
വഴിത്തിരിവിന്റെ ഒരു വേള………
മാറ്റങ്ങള്‍ വരവാവുകയാണ്………
അവസാനിക്കാന്‍ പോകുന്ന പഠനകാലം. പിന്നെ, തിരക്കുകളില്ല. തിടുക്കങ്ങളില്ല. എന്തും ആകാം.
എഴുതുന്ന അവസരവുമായിരുന്നു. അക്ഷരങ്ങള്‍ ലഹരി പിടിപ്പിക്കുകയോ അക്ഷരങ്ങളെ ലഹരി പിടിപ്പിക്കുകയോ……
വളരുന്ന ലഹരി. അദ്ഭുതപ്പെടുത്തുന്ന എന്തില്‍നിന്നെല്ലാമോ ജന്മമെടുക്കുന്നതായിരുന്നു അത്……
‘ദേശാഭിമാനി വാരിക’യുടെ താളുകളില്‍ അതിന്റെ രക്തം ചായം ചാലിച്ചു. ‘കുട്ടികളുടെ ലോക’ത്തിന്റെ നെറ്റിയില്‍ പലപ്പോഴും ഒരു പൊട്ടു പതിഞ്ഞോ എന്നുപോലും സംശയം……
വിട പറയാം ഇനി അതിനോടും. അടുത്ത പടികളെക്കുറിച്ച് ആലോചിക്കാം. വര്‍ദ്ധിച്ച ആത്മവിശ്വാസമുണ്ട്. എണ്ണമറ്റ ആശയങ്ങളുണ്ട്. പരീക്ഷ കഴിഞ്ഞാല്‍ അതിന്റെ സമയമാണ്; അതിന്റെമാത്രം സമയം. വന്നെത്താന്‍ പോവുകയാണ് അത്……
ജോലിയെക്കുറിച്ചൊന്നും ഏറെ ആലോചിച്ചിരുന്നില്ല. എന്തെങ്കിലും ജോലി മതിയായിരുന്നു. സര്‍ക്കാര്‍ ജോലിയിലൊന്നും താത്പര്യമുണ്ടായിരുന്നില്ല. കഴിയുന്നത്ര ഏകാകിയാകണം. ഒപ്പംതന്നെ എഴുത്തും കൊണ്ടുപോകണം. അതായിരുന്നു ലക്ഷ്യം.
പഠനകാലം അവസാനിച്ചു. കാര്യങ്ങളിലേക്കു കടക്കാം ഇനി.
അപ്പോഴായിരുന്നു അത്……..ഒട്ടും പ്രതീക്ഷിക്കാതിരുന്ന ആ സംഭവം…… ഒരു അദ്ഭുത നാടകത്തിലെ രംഗംപോലെയായിരന്നു അത്……..
കട്ടിലിന്മേല്‍ കിടക്കുകയായിരുന്നു ഞാന്‍. എന്തോ വായിച്ചോ മറ്റോ. അപ്പുറത്തെ മുറിയില്‍നിന്നു ടിവിയുടെ ശബ്ദം അകത്തേക്കു വരുന്നുണ്ട്. എന്തോ ചര്‍ച്ചയോ മറ്റോ ആണ്. അവ്യക്തമായിട്ടായിരുന്നു അതു കേട്ടുകൊണ്ടിരുന്നത്. പക്ഷേ…… പെട്ടെന്ന്, അതിലെ വാക്കുകള്‍ക്ക് വ്യക്തത കൂടുന്നതുപോലെ……അവ വേറെ രീതിയില്‍ സംസാരിക്കുന്നതുപോലെ……
സംസാരിക്കുന്നത് മറ്റാരോടുമല്ല. എന്നോടുതന്നെ!
ചര്‍ച്ച പഴയതുപോലെ തുടരുകയാണ്. പക്ഷേ, അതിലെ വാക്കുകള്‍ക്കൊക്കെ വേറെ ധ്വനികള്‍ ഉണ്ടാകുന്നു!! അര്‍ത്ഥങ്ങള്‍ കൈവരുന്നു!! ‘കൊള്ളിച്ചു സംസാരിക്കുക’ എന്നൊക്കെ പറയാറില്ലേ; അതുപോലെ. ഇങ്ങനെയായിരുന്നു അതിന്റെ തുടക്കം: ‘പല കാര്യങ്ങളെക്കുറിച്ചും, ആജ്ഞാപിക്കുന്നതുപോലെ സംസാരിക്കാന്‍ കഴിവുള്ള ഈ എഴുത്തുകാരന്‍ മനുഷ്യനല്ല. ഇയാളെ മനുഷ്യനാക്കി മാറ്റാനുള്ള ശ്രമം നടത്തുകയാണ് ഞങ്ങള്‍…..’
‘എഴുത്തുകാരന്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നെയാണ്. ഏകദേശ അര്‍ത്ഥത്തില്‍ ആണ് പ്രയോഗം. ‘വഴി തെറ്റിക്കുന്ന എഴുത്തുകാരന്‍’ എന്നാണ് ശരിക്കും അര്‍ത്ഥമാക്കുന്നത്.
ഇതിന്റെ യുക്തി എന്താണെന്നു മനസ്സിലായില്ല. സമൂഹത്തെ വഴി തെറ്റിക്കാത്ത എത്ര കലാകാരന്മാര്‍ കാണും നിലവില്‍? അതിനൊക്കെ ഇവിടെ എന്തു പ്രസക്തി!
നേരാംവണ്ണമുള്ള വഴികള്‍ ഇല്ലേ, അല്ലെങ്കിലും ഇതിനൊക്കെ? ആലോചിച്ചിട്ട് ഒന്നും മനസ്സിലായില്ല.
ടിവിയില്‍നിന്നുള്ള ‘സംസാരം’ നിലച്ചില്ല. അത് തുടര്‍ന്നുകൊണ്ടേയിരുന്നു.
മുഴുവന്‍, തരംതാണ നിലവാരത്തിലുള്ള വിമര്‍ശനങ്ങളാണ്. ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ച്ചയുടെ അതേ സ്വരമായിരുന്നു അവയ്ക്ക്.ഒരു തരം കവലച്ചട്ടമ്പി ഭാഷയില്‍ത്തന്നെയുള്ളവയായിരുന്നു അവ…… ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇത് എങ്ങനെ സംഭവിക്കും?!
ഉത്തരം കിട്ടിയില്ല. വെറും തോന്നലുകളാണോ ഇതൊക്കെ എന്നൊന്നും ചിന്തിക്കാനും കഴിഞ്ഞിരുന്നില്ല. യാഥാര്‍ത്ഥ്യത്തിന് അതായിരിക്കവെ മറ്റൊന്നാകുവാന്‍ എങ്ങനെ സാധിക്കും?! മറ്റൊരു പ്രത്യേകതകൂടിയുണ്ടായിരുന്നു; ഒപ്പം.
കൂടുതല്‍ വിചിത്രമായിരുന്നു അത്.
അയല്‍പക്കത്തെ വീടുകളില്‍നിന്നും ടിവിയില്‍നിന്നുയരുന്നതുപോലുള്ള ‘സംസാരങ്ങള്‍’ ഉയരുന്നു!!
പതുക്കെ, മന്ത്രിക്കുന്നതുപോലെയാണ് സംസാരിക്കുന്നത്. എങ്കിലും, അതിനു വ്യക്തതയുണ്ട്. എന്നോടുതന്നെയാണു സംസാരം. എങ്ങനെയാണ് അതെന്നു രൂപമില്ലായിരുന്നു. ജീവിതത്തിരക്കുള്ള സാധാരണ ആള്‍ക്കാര്‍ എങ്ങനെയാണ് ഇങ്ങനെയൊക്കെ ചെയ്യുക?! കേള്‍ക്കുന്ന സത്യം വശ്വസിക്കാതിരിക്കാന്‍, പക്ഷേ, നിവൃത്തിയില്ലായിരുന്നുതാനും.
തീക്ഷ്ണവും രൂക്ഷവുമായിരുന്നു അത്; ടിവിയില്‍നിന്നു കേള്‍ക്കുന്നതിനെക്കാള്‍. എത്രയോ അധികം. വീട്ടിലുള്ളവരുടെ സംസാരത്തിന്റെ കാര്യത്തിലും ഇതേ രീതിയിലുള്ള മാറ്റങ്ങള്‍ വന്നിട്ടുണ്ടായിരുന്നു!! പുറത്തിറങ്ങിയാലും സ്ഥിതി ഇതുതന്നെയായിരുന്നു. എവിടെപ്പോകുമ്പോഴും ഈ രീതിയിലുള്ള സംസാരം കേള്‍ക്കാമായിരുന്നു.
പരിചയമില്ലാത്ത ആളുകള്‍ എങ്ങനെ ഇങ്ങനെ സംസാരിക്കും?! അവരവരുടെ കാര്യത്തിലല്ലാതെ അവര്‍ക്കും മറ്റെന്തിലെങ്കിലും താത്പര്യമുണ്ടാവുമോ?!
നിരവധി ചോദ്യങ്ങള്‍ ഇങ്ങനെ, ഉത്തരമില്ലാത്തവയായി, മനസ്സിലുണ്ടായിരുന്നെങ്കിലും സംഭവിക്കുന്ന വൈചിത്ര്യങ്ങളില്‍ വ്യത്യാസമൊന്നും അനുഭവപ്പെടുന്നുണ്ടായിരുന്നില്ല.
ഏകാന്തത എന്ന അതിമാസ്മര സ്വപ്നത്തിന്റെ തകര്‍ക്കപ്പെടലായിരുന്നു അത് ഒരര്‍ത്ഥത്തില്‍. ഒരേകാകിയുടെ ജീവിതംതന്നെയാണ് നയിച്ചുവരുന്നതെങ്കില്‍ക്കൂടിയും ഏകാന്തതയുടെ കൂടുതല്‍ ആഴങ്ങളിലേക്ക് അടുക്കുന്ന അവസ്ഥയില്‍ത്തന്നെ ആയിരുന്നു അപ്പോഴും ഞാന്‍. അതു തടസ്സപ്പെട്ടു. ഏകാകികളോട് എല്ലാവര്‍ക്കും അസൂയയാണോയെന്ന സംശയം ഉള്ളിലുണ്ടായി. ഏകാകികള്‍ എന്നു മേനി നടിക്കുന്ന പലര്‍ക്കുംപോലും. കണ്ടാല്‍ അങ്ങനെയായിരുന്നില്ല തോന്നുക എങ്കിലും അവരൊക്കെ യഥാര്‍ത്ഥത്തില്‍ നിര്‍വ്വഹിച്ചുകൊണ്ടിരുന്നത് അതാണ് എന്നതായിരുന്നു വാസ്തവം.
ജീവന്‍ വച്ച കരാളത അതിന്റെ കാരുണ്യരഹിതമായ കര്‍ക്കശ വര്‍ത്തമാനം ഇടതടവില്ലാതെ തുടര്‍ന്നുകൊണ്ടേയിരുന്നു………ഒരിക്കലും ഒരിക്കലും നിര്‍ത്തുകയില്ല എന്ന മട്ടില്‍……..
2 കരിമേഘങ്ങള്‍കൊണ്ടു പുതപ്പണിയുന്ന ചിന്തകള്‍. ദിവസങ്ങളുടെ ആകാശം അത് ഇരുള്‍ മൂടിയതാക്കി.
എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഒരു രൂപവുമില്ല.
എന്തോ വല്ലായ്മ. ആശയക്കുഴപ്പം. വല്ലാത്ത ഒരു………എന്താണ് പറയുക?
അര്‍ത്ഥം വച്ച വാക്കുകള്‍ ഉപയോഗിച്ച് ‘ആക്രമണം’ അഴിച്ചുവിട്ടുകൊണ്ടിരുന്നവരുടെ ഉള്ളിലെ കളങ്കക്കറുപ്പ് വാരിപ്പുതച്ച് ചുറ്റുപാട് അപരിചിതനെപ്പോലെ നിലകൊണ്ടു. സദാ. ഉച്ചത്തില്‍ ശബ്ദിച്ച്. പതുക്കെ ശബ്ദിച്ച്. തെറി വിളിച്ച്. ആട്ടി…… എല്ലാവരും അതില്‍ പങ്കു ചേരുന്നുണ്ടായിരുന്നു. സംസാരഭാഷയേ മാറിപ്പോയിട്ടുണ്ടായിരുന്നു അവരുടെയൊക്കെ………..
എല്ലാവരും, ‘എതിരായ’ ഭാഷ കൈകാര്യം ചെയ്യുന്നവരായതിനാല്‍, പെട്ടെന്ന് എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാനാവുമായിരുന്നില്ല. എന്ത് ചെയ്യാന്‍ പറ്റും ആ സ്ഥിതിയില്‍!
പരാതിയുമായി പോലീസ് സ്റ്റേഷനില്‍ പോകാന്‍ സാധിക്കുമോ? പോലീസുകാര്‍, എതിരായ ഭാഷയില്‍ സംസാരിക്കുന്നവരായാല്‍. എതിരായിരിക്കുന്നവരായാല്‍. എന്താണ് അല്ലെങ്കില്‍ത്തന്നെ പരാതിപ്പെടുക? കോടതിയോ പോലീസോ അംഗീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നതാണോ ഇതൊക്കെ? ആരെങ്കിലും അംഗീകരിക്കുന്നതാണോ? ‘എല്ലാവരുടെയും’ പേരില്‍ കുറ്റം ചുമത്തുന്ന ഒരു പരാതിക്ക് എന്തു വിലയാണ് കല്പിക്കപ്പെടുക!
ഒട്ടനവധി ചോദ്യങ്ങള്‍ വേറെയും ഉണ്ടായിരുന്നു ഉള്ളില്‍. ഇവിടെ ഒരു ഭരണകൂടം ഇല്ലേ? അടിയന്തിരാവസ്ഥയ്ക്കു സമമായ നടപടികള്‍ ഉണ്ടാകാത്തത് എന്താണ്? അത് അത്യാവശ്യമായിട്ടും. ഭരണാധികാരികളും നീതിരാഹിത്യത്തിന്റെ ഭാഗമായിരിക്കുന്നത് എന്തുകൊണ്ടാണ്? അവിശ്വസനീയമായ ഈ നില അവസാനം ഇല്ലാതെ തുടരാന്‍ എന്താണ് കാരണം?
തുടക്കത്തിലെ അവസ്ഥ ചില വ്യത്യാസങ്ങള്‍ക്ക് വഴി മാറിക്കൊടുക്കുകയുണ്ടായി അധികം താമസിയാതെ. ലോകമാകെ അപ്പോള്‍ പ്രതികരണങ്ങള്‍ ഉണ്ടാകുവാന്‍ തുടങ്ങി!! മനുഷ്യത്വരാഹിത്യത്തിനും മൃഗീയതയ്ക്കും കാടത്തത്തിനും ഒക്കെ ഒക്കെ എതിരെ!! പ്രത്യക്ഷ ശൈലിയില്‍ ഉള്ളവയല്ല; പരോക്ഷമായവ.മറഞ്ഞിരിക്കുന്ന അര്‍ത്ഥത്തില്‍ ഉള്ളവ……
അദ്ഭുതത്തിന്റെ അതിരുകള്‍ പൊളിഞ്ഞു വീണു. സ്വന്തം കാര്യത്തില്‍ ആണ് ഇങ്ങനെ സംഭവിക്കുന്നത്……. സത്യമായിരിക്കുമോ?
ഇവിടുത്തുകാര്‍ക്ക് അതില്‍ തെല്ല് ബഹുമാനവും അസൂയയും ഉണ്ടാകാതിരുന്നില്ല. എങ്കിലും, തങ്ങളുടെ മുരടത്തരത്തില്‍നിന്ന് ഒട്ടുംതന്നെ പിറകോട്ടു പോകുവാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു. അതില്‍ മാറ്റമുണ്ടാകുമെന്ന ഒരു പുത്തന്‍ പ്രതീക്ഷ അതിനെയൊക്കെ മറികടക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു, പക്ഷേ, അപ്പോള്‍ മുതല്‍ എന്നതായിരുന്നു നേര്……
മറ്റു ചില പാര്‍ശ്വ വശങ്ങളും ഉണ്ടായിരുന്നു: ഒരദ്ധ്യാപകനായിരുന്നു കഥാനായകന്‍ ഇദ്ദേഹത്തില്‍നിന്നാണത്രെ പ്രശ്‌നങ്ങളുടെയെല്ലാം തുടക്കം. ഇദ്ദേഹത്തെ വിമര്‍ശിച്ചു എന്നതാണത്രെ കാരണം. വിമര്‍ശിച്ചാല്‍ ഉണ്ടാവുന്നതൊന്നുമ്ലല്ല, പക്ഷേ, ഉണ്ടായിരിക്കുന്നത് എന്നത് യുക്തിപരമായ അടിസ്ഥാനം ഇല്ലാത്തതാക്കി ഇത്. ബാലപംക്തി രചനകള്‍ ഈ വകുപ്പില്‍പ്പെട്ട പ്രതികരണം ഉണ്ടാക്കും എന്നു കരുതുന്നതുതന്നെ തികച്ചും ബാലിശവും ആയിരിക്കുമല്ലോ?
അനുകൂലമനോഭാവം പ്രകടിപ്പിച്ചവരുടെ കാര്യമാണ് ശേഷിക്കുന്നത്, പിന്നെ. രണ്ട് എഴുത്തുകാരികളായിരുന്നു അതില്‍ മുന്‍നിരയില്‍. അരുന്ധതിറോയി, മാധവിക്കുട്ടി എന്നിവരായിരുന്നു അവര്‍. എന്നാല്‍, ഇവരുടെ ഭാഷയും ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചാ സ്വരത്തിലുള്ളതുതന്നെയായിരുന്നു. ഏറിയകൂറും. അതിനാല്‍ത്തന്നെ, അവരുടെ പരിഗണനയ്ക്കും അത്രയൊക്കെ മാത്രമേ പ്രാധാന്യവും കല്പിക്കാനാവുമായിരുന്നുള്ളൂ.
ഇക്കാര്യത്തില്‍ ഉണ്ടായിരുന്ന പ്രധാന പ്രത്യേകത എന്തെന്നാല്‍, ആരെങ്കിലും അനുകൂലമനോഭാവം പ്രകടിപ്പിച്ചു കഴിഞ്ഞാലുടന്‍ മറ്റെല്ലാവരും ചേര്‍ന്ന്, അതു നടത്തുന്നയാളെ നിലവാരം കുറഞ്ഞ കെട്ടുകഥകള്‍ പറഞ്ഞ് അപമാനിക്കാന്‍ തുടങ്ങും എന്നതായിരുന്നു! വിഭാഗങ്ങളായും ഇങ്ങനെ ചെയ്തിരുന്നു അവര്‍. പിന്തുണയ്ക്കുന്നതു തടസ്സപ്പെടുത്താന്‍ വേണ്ടിയാണ് ഇത് എന്ന ഒരു മട്ടാണ് പുറമേക്കു കണ്ടിരുന്നത്. പക്ഷേ, അങ്ങനെ സംഭവിക്കുക എങ്ങനെയാണ്! മറ്റെന്തെങ്കിലും ആയിരിക്കുകയില്ലേ തീര്‍ച്ചയായും അതിന്റെ ശരിയായ കാരണം? നാട്ടുകാരുടെ കണ്ണുകളാല്‍ ജീവിതത്തിലെ ഓരോ നിമിഷവും ഒപ്പിയെടുത്തുകൊണ്ടുള്ള തങ്ങളുടെ ‘പിന്‍തുടരല്‍ കര്‍മങ്ങളു’ടെ ഉറച്ച അടിസ്ഥാനം ഉള്ളവയാണ് തങ്ങള്‍ കെട്ടിച്ചമയ്ക്കുന്ന കഥകളെല്ലാംതന്നെ
എന്നായിരുന്നു അപമാനിക്കാന്‍ ശ്രമിക്കുന്നവരുടെ വാദം! വീഡിയോ ദൃശ്യങ്ങളുടെ തെളിവൊന്നും, അതുകൊണ്ട്, തങ്ങളുദ്ദേശിക്കുന്ന കാര്യത്തിന് അവര്‍ക്കാവശ്യമാവുകയില്ല എന്നര്‍ത്ഥം. സ്വകാര്യത എന്നൊന്ന് ഭൂമിയിലേ ഇല്ല എന്നുതന്നെയായിരുന്നു അവരുടെ അവകാശപ്പെടല്‍!! ഒരു കാര്യത്തില്‍ സംശയമില്ലായിരുന്നു: അസംഭവ്യങ്ങളായവ സംഭവ്യങ്ങളാക്കി മാറ്റിയേക്കാവുന്ന നാളത്തെ ‘ഭഗീരഥര്‍’തന്നെയായിരുന്നു അവര്‍……
മാധവിക്കുട്ടിക്ക് ഒരു എഴുത്തയച്ചിരുന്നു. മുന്‍പെന്നോ. ‘പ്രശസ്തയില്‍നിന്നുള്ള ഒരു മറുപടി ‘ ആയിരുന്നു ലക്ഷ്യം; അദ്ഭുതകരമായ മറുപടി. അന്യരില്‍നിന്നുള്ള കത്തുകള്‍ ശ്രദ്ധിക്കാത്ത, പ്രശസ്തരില്‍നിന്നു മറുപടി ലഭിക്കണമെങ്കില്‍ കത്ത് അവരുടെ മസ്തിഷ്‌കത്തെ കശക്കി ഞെരുക്കുന്ന തരത്തിലുള്ളതാകണമല്ലോ. അതിനാല്‍, കത്ത് ഭാവനാപരമായി; അതിലെ അനുഭവങ്ങളിലും അതിശയോക്തി നിറഞ്ഞു. എഴുത്തുകാരിയുടെ മനസ്സില്‍ അത് പതിഞ്ഞിരുന്നു കാണുമോ? മാധവിക്കുട്ടി മതം മാറിയതും ‘കമലാ സുരയ്യ’ എന്നു പേരു മാറ്റിയതും അനുകൂല മനോഭാവപ്രകടനത്തിനു ശേഷമായിരുന്നു. രണ്ടാമതൊരു കത്ത് അവര്‍ക്ക് അയയ്ക്കുകയുണ്ടായില്ല പക്ഷേ. അതിന്റെ ആവശ്യം തോന്നുക ഉണ്ടായില്ല.
അരുന്ധതിറോയിയുടെ കാര്യത്തില്‍, പക്ഷേ അങ്ങനെയായിരുന്നില്ല. അവര്‍ക്ക് നിരന്തരം കത്തുകള്‍ അയച്ചുകൊണ്ടിരുന്നു. അനുകൂലമനോഭാവം പ്രകടിപ്പിച്ചതു മുതല്‍. എഴത്തുകാരിയും പരിസ്ഥതിപ്രവര്‍ത്തകയും ആയതിനാല്‍ അവരില്‍നിന്ന് സഹായങ്ങള്‍ ലഭിക്കുമെന്നു പ്രതീക്ഷിച്ചു. എങ്ങും എതിരാളികളായതിനാല്‍ അത്തരമൊരാശ്രയം ഉണ്ടാക്കുന്നതു നന്നായിരിക്കുമെന്നും തോന്നി. അവരുടെ സമ്പത്തിന്റെ ശക്തിയും അതിനുള്ള പ്രേരണ വര്‍ദ്ധിപ്പിക്കുന്നതായിരുന്നു. അവരുടെ കാര്യത്തിലും ഉണ്ടായിരുന്ന ബ്രിട്ടീഷ് കൊളോണിയല്‍ ഭാഷ ഉപയോഗിച്ചുള്ള സമീപനരീതികളുടെ അസ്വാരസ്യത്തില്‍ പോറലുകള്‍ വരുത്തുവാന്‍ പോന്നതായിരുന്നു അതൊക്കെ. വര്‍ദ്ധിച്ചു വരുന്ന മറ്റു സമ്മര്‍ദ്ദങ്ങള്‍ക്കും അതില്‍ പങ്കുണ്ടായിരുന്നു.
ചില സംഗതികള്‍കൂടിയുണ്ടായിരുന്നു: സാധാരണ നിലയ്ക്ക് ജോലി ചെയ്ത് ജീവിക്കുന്നതിനുള്ള മനോഭാവം അസ്തമിച്ചതായിരുന്നു അതിലൊന്ന്.ജോലി ചെയ്തു ജീവിക്കുന്നതിനുള്ള ചിന്താഗതിക്ക്, അല്ലെങ്കിലേ വലിയ ബലം പോരായിരുന്നു. ഇതായിരുന്നു അതിന്റെ കാരണം: രോഗചികിത്സകളില്‍ പലതിന്റെയും വമ്പന്‍ ചെലവ് വഹിക്കേണ്ടി വരുന്ന സന്ദര്‍ഭത്തില്‍ അതിനു കഴിയാതെ ഉഴലുന്ന വെറും നിസ്സഹായന്മാരാണ് സാധാരണക്കാര്‍ എല്ലാവരുംതന്നെ എന്ന ശക്തമായ പൊതു അവബോധം. ജീവിതത്തിന്റെ സ്ഥാനം കൈവരിക്കുവാനായില്ല മനസ്സില്‍, അതിനാല്‍, സാധാരണക്കാരന്റെ ജീവിതത്തിന്. ജീവിതമല്ലാത്ത മറ്റെന്തോ ആയിരുന്നു അത്……ഭദ്രതയില്ലാത്ത മറ്റെന്തോ……കോടീശ്വരന്മാരുടെ ജീവതംമാത്രമായിരുന്നു യഥാര്‍ത്ഥ ജീവിതം. കോടീശ്വരിയായ എഴുത്തുകാരിയാണല്ലോ അരുന്ധതിറോയി. അവരുടെ കീഴില്‍ വല്ല വാച്ച്മാന്‍ ജോലിയോ മറ്റോ തരപ്പെടുത്തുക; സ്വന്തം ജീവിതവീക്ഷണത്തിലുള്ള ‘സാമ്പത്തിക വികല തലങ്ങളി’ല്‍ അവര്‍ക്ക് താത്പര്യം ജനിപ്പിക്കാന്‍ ശ്രമിക്കുക ഭാവിയില്‍……മനസ്സില്‍ മിന്നി മാഞ്ഞു കളിച്ചിരുന്ന ചിന്തകള്‍ അതൊക്കെയായിരുന്നു. പക്ഷേ, ഒന്നിലും ഒരുറപ്പുമില്ലായിരുന്നു. വെറും സ്വപ്നസമാന ചിന്തകള്‍ മാത്രമായിരുന്നു എല്ലാം……..
എന്തെങ്കിലും ഒരു ജോലിയ്ക്കു പോകാതെ, വിദ്യാഭ്യാസകാര്യങ്ങളില്‍ മുഴുകി അലസജീവിതം നയിച്ചു സമയം കളഞ്ഞതാണ് ഈ വികല ചിന്താഗതിക്കു കാരണം എന്ന സത്യം മനസ്സിലായതു പില്ക്കാലത്താണ്. തൊഴിലില്ലായ്മ, തൊഴിലില്ലായ്മ എന്ന സ്ഥിരപല്ലവി കാരണം, വിദ്യാഭ്യാസം ചെയ്താല്‍ തൊഴില്‍ ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലായിരുന്നു. അറിവിലുള്ള താത്പര്യം ഒന്നു മാത്രമായിരുന്നു, അതിനാല്‍, വിദ്യാഭ്യാസത്തിനു പിന്നില്‍ ഉണ്ടായിരുന്നത്. അതിനു തുനിയുന്നതിനു പകരം നേരത്തേതന്നെ വല്ല തൊഴിലും കണ്ടുപിടിച്ച് അതില്‍ ഏര്‍പ്പെട്ടിരുന്നെങ്കില്‍ ഇതാകുമായിരുന്നോ ഇന്നത്തെ സ്ഥിതി?! ആകുവാനിടയില്ല. കാരണം, ജോലി ചെയ്ത വേതനവും ദിവസക്കൂലിയും ഒക്കെ കൈയില്‍ കിട്ടുമ്പോഴുള്ള പ്രത്യേക സുഖമാണ് സാധാരണക്കാരന്റെ ‘ഭദ്രതയില്ലാത്ത’ ജീവിതത്തിനു താളം നല്കി അതിനെ ഉറപ്പാര്‍ന്ന നിലയില്‍ മുന്നോട്ടു നയിക്കുന്നത് എന്ന ലഘു സത്യം വെളിവാകുമായിരുന്നു അപ്പോള്‍; മറ്റാര്‍ക്കുമെന്നപോലെ എനിക്കും. സാധരണക്കാരില്‍നിന്ന് ഉള്ളതായിത്തോന്നുന്ന വ്യത്യാസവും മാഞ്ഞുപോവുമായിരുന്നു അതോടെ……….
ആ രീതിയില്‍ ഒക്കെയായിരുന്നെങ്കില്‍, എന്തായിരുന്നു ഇപ്പോള്‍ സംഭവിക്കുക, യഥാര്‍ത്ഥത്തില്‍?
വെട്ടിയരിയുമായിരുന്നുവോ…………
കൊത്തി നുറുക്കുമായിരുന്നുവോ……….
അങ്ങനെയൊന്നുമല്ലാത്ത, അലസചിന്താഗതിക്കാരനായ ഒരു ‘സ്വപ്നാടകനെ’ അജ്ഞാതനായ ഏതോ ഒരു ശില്പിക്ക് ആവശ്യമായിരുന്നു………തത്സ്ഥാനത്ത്. അതായിരുന്നു സത്യം.
3 വിറളി പിടിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഭാവവ്യത്യാസങ്ങള്‍ ഒന്നും പ്രകടിപ്പിച്ചില്ല. മാറ്റങ്ങളുടെ ഒരു സൂചനയും ഇല്ലായിരുന്നു അതിന്റെ മുഖത്ത്.
വളര്‍ന്നു വരുന്ന മടുപ്പ് എന്തിനൊക്കെയോ വളം വയ്ക്കന്നതായിരുന്നു. നാടുവിട്ടു പോകുവാനുള്ള ഒരു ത്വരയ്ക്ക് അതു ജന്മം നല്കി. പെട്ടെന്ന്. അമര്‍ന്നു കിടന്നിരുന്ന സ്ഥിരം പ്രവണതയായിരുന്നു നാടുവിട്ടു പോവുക എന്നത്. ഏകാന്തത എന്ന ജന്മസഹച സ്വപ്നത്തിന്റെ ചോരക്കറയായിരുന്നു അത്. സാധാരണക്കാരുടെതില്‍നിന്നു വ്യത്യസ്തമായ, ‘സ്വപ്നാടനാത്മകമായ’ സവിശേഷ ജീവിത വീക്ഷണരീതികള്‍കൂടി അതില്‍ കലര്‍ന്നുചേര്‍ന്ന അവസരത്തില്‍, മാറിമറിഞ്ഞ തരത്തിലുള്ള ഒരു ലക്ഷ്യം ഉണ്ടായി; അരുന്ധതിറോയിയെ സന്ദര്‍ശിക്കുക എന്ന ലക്ഷ്യം. അരുന്ധതിറോയി എന്ന കോടീശ്വരിയെ; മനുഷ്യസ്‌നേഹിയെ; എഴുത്തുകാരിയെ. നേരത്തേ മനസ്സില്‍ മിന്നി മാഞ്ഞു കളിച്ചിരുന്ന, സാമ്പത്തിക കാര്യങ്ങളില്‍ ഊന്നിയ സ്വപ്നസമാന ചിന്തകളുടെ യാഥാര്‍ത്ഥ്യമാവല്‍ ആയിരുന്നു അത് എന്നും വേണമെങ്കില്‍ പറയാമായിരുന്നു; സമ്പന്നരചനാകാരിയുടെ കാര്യത്തില്‍ ഉണ്ടായിരുന്ന ‘സ്വപ്നസമാന ചിന്തകളു’ടെ. ഒരു പുസ്തകത്തില്‍നിന്നു കിട്ടിയ വിലാസം കൈയിലുണ്ടായിരുന്നു. അവരുടെ.
താമസിയാതെ യാത്ര തിരിച്ചു.
അവരുടെ വീട്ടില്‍ എത്തി. ന്യൂഡല്‍ഹിയില്‍ ആയിരുന്നു വീട്. വന്ന കാര്യം അവിടെയുള്ളവരെ ധരിപ്പിക്കാന്‍ ശ്രമിച്ചു. എഴുത്തുകാരി അവിടെയില്ലായിരുന്നു.
അര്‍ത്ഥമില്ലാത്ത ജല്പനങ്ങള്‍ മാത്രമായിരുന്നു അവിടെയുള്ളവര്‍ക്ക്, പക്ഷേ, എല്ലാം. മാനസികനില തെറ്റിയ ഒരുവനെ നോക്കുന്ന കണ്ണുകൊണ്ടായിരുന്നു, പിന്നെ, അവരെല്ലാവരുംതന്നെ ദര്‍ശിച്ചിരുന്നത്.അത്രയും ദൂരം യാത്ര ചെയ്തതു വെറുതെയായിത്തീര്‍ന്നു. അതിനാലൊക്കെ. യാഥാര്‍ത്ഥ്യം എന്നു ഗണിക്കപ്പെടാത്ത, വിരോധാഭാസപരമായ വെറും ‘പാഴ് അനുഭവങ്ങളി’ല്‍പ്പെടുന്നവയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിചിത്ര അനുഭവങ്ങളൊക്കെ എന്നത് അപ്പോള്‍മുതല്‍ക്കാണ് വ്യക്തമായി മനസ്സിലാകാന്‍ തുടങ്ങിയത്. ചറ്റുപാടുംനിന്നുയരുന്ന കുത്തിക്കയറുന്ന അവഹേളനം, അവഗണന അങ്ങനെ എല്ലാം എല്ലാം……….
അതൊന്നും, പക്ഷേ, അങ്ങനെയാണെന്നു കരുതാന്‍ ഉള്ളിന്റെയുള്ളുകൊണ്ടു കഴിയുന്നുണ്ടായിരുന്നില്ല എന്നതായിരുന്നു അപ്പോഴും സത്യം. സാഹചര്യങ്ങളില്‍നിന്നുണ്ടായിക്കൊണ്ടിരുന്ന സമ്മര്‍ദ്ദങ്ങളുടെ സ്വഭാവം അത്തരത്തില്‍ ഉള്ളതായതുകൊണ്ടയിരുന്നു അത്………
അവിടെനിന്നു മടങ്ങി. വിഫലസ്വപ്നങ്ങളുമായി. മനുഷ്യസ്‌നേഹപരമായ സഹായങ്ങള്‍ ശരിയ്ക്കും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഒന്നും ശരിയായില്ല. ദയ യാചിയ്ക്കുന്നവന്റെ മുമ്പില്‍ കരുണയുടെ വാതില്‍ അടഞ്ഞു……….ഒരിയ്ക്കല്‍ക്കൂടി………
വീട്ടില്‍ തിരിച്ചെത്തി.
സാഹചര്യങ്ങള്‍ വ്യത്യാസമൊന്നുമില്ലാതെ മുന്നോട്ടു പോയി. പഴയതുപോലെ.
വര്‍ഷങ്ങളുടെ വളര്‍ച്ച അത് ‘ഒളിച്ചു കവര്‍ന്നു’. അതിനുതക്ക ശേഷി അതിനുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്ക് നീളക്കുറവ് തോന്നിക്കാണുമോ!
ഒന്നോ രണ്ടോ അല്ല………
നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്ക്………..
മാറ്റത്തിന്റെ ഇളംകാറ്റിന്‍ വിരലുകള്‍ ഇടയ്ക്കു വല്ലപ്പോഴും മാത്രം തൊട്ടു ശല്യപ്പെടുത്തിക്കൊണ്ടിരുന്ന, വരണ്ടു വറ്റിയ വര്‍ഷങ്ങള്‍ക്ക്…….കാളിക്കത്തിയ വര്‍ഷങ്ങള്‍ക്ക്………
4 ഒന്നര വര്‍ഷം പിന്നിട്ടു. പിന്നെയും.
ഇടവേള അവസാനിച്ചു. സ്വസ്ഥനിമിഷങ്ങളുടെ.
അപ്പോഴായിരുന്നു അത്………. ആ യഥാര്‍ത്ഥ വഴിത്തിരിവ്……….. -08- ഒന്നര വര്‍ഷത്തെ വിശ്രമംവിട്ട് വീണ്ടും ഉണര്‍ന്നെഴുന്നേറ്റ, നാക്കില്‍നിന്ന് ‘രക്തം കിനിയുന്ന’ വാക്കുകള്‍ ഇറ്റുന്ന ‘രക്തരക്ഷസ്സുകളു’ടെ അകമ്പടിയോടെ.
എങ്ങനെ അതിനെ വിശേഷിപ്പിക്കും?!
അത് വര്‍ണ്ണിക്കുവാനുള്ള വാക്കുകള്‍ക്ക് എവിടെയാണു തിരയുക?!
മുന്‍പ് കേട്ടിട്ടില്ല. അറിഞ്ഞിട്ടില്ല. അങ്ങനെയൊന്നിനെക്കുറിച്ച്……….
ഭാവനയ്ക്കുകൂടി വരയ്ക്കുവാന്‍ സാധിക്കാത്തതായിരുന്നു അത്……….
എന്തായിരുന്നു അതിന്റെ ആവശ്യം എന്നോ? അതായിരുന്നു അവിശ്വസനീയം. ഏറ്റവും.
തല!!
ജീവിച്ചിരിക്കുന്ന മനുഷ്യന്റെ തല!
അതേ, ജീവിച്ചിരിക്കുന്ന പച്ചയായ മനുഷ്യന്റെ തല……… തച്ചുടയ്ക്കാനല്ല. ചതച്ചരയ്ക്കാനല്ല. കൊത്തി നുറക്കാനല്ല………
പിന്നെ? കേട്ടാല്‍ ഭയന്നേക്കാം……… ചിന്തിപ്പിയ്ക്കുവാന്‍!!!!
ചിന്തിക്കുകയില്ല ചിന്തിക്കുകയില്ല എന്ന് ഒരു കുട്ടിയെപ്പോലെ വാശി പിടിക്കുന്ന ഒരടിമയെ ഒരു ഭയങ്കരവികൃതവിരൂപ രാക്ഷസന്‍ ആജ്ഞാപിച്ചാജ്ഞാപിച്ച് ചിന്തിപ്പിക്കുന്നതുപോലെ……… അതേ, അങ്ങനെത്തന്നെയാണത്……..ശരിയ്ക്കും……..
ഒരു യന്ത്രം ഘടിപ്പിക്കുന്നതുപോലെ തോന്നും തലച്ചോറില്‍ ‘രാക്ഷസന്‍’ അതിനായി ആദ്യം. നിര്‍ത്താതെ, നിലയ്ക്കാതെ സദാ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു മാരകവന്യ യന്ത്രം. അത് പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ മസ്തിഷ്‌കം ചിന്തിക്കുവാന്‍ ആരംഭിക്കും. അവസാനം എന്നൊന്നില്ല ആരംഭിച്ചു കഴിഞ്ഞാല്‍പ്പിന്നെ. തുടര്‍ന്നുകൊണ്ടേയിരിക്കണം അത്. തളര്‍ച്ചയറിയാതെ. ക്ഷീണമറിയാതെ. രാവെന്നോ പകലെന്നോ ഭേദമില്ലാതെ. തീരെ സാധിക്കുകയില്ല എന്നു തോന്നുന്ന അവസ്ഥയില്‍പ്പോലും!!! വ്യക്തമായിപ്പറഞ്ഞാല്‍ ഇങ്ങനെയായിരുന്നു അത്:
വാക്കുകള്‍ അര്‍ത്ഥം വച്ച് ഉപയോഗിച്ച,് ഇടര്‍ച്ചയും പതര്‍ച്ചയുമില്ലാതെ തുടര്‍ച്ചയായ നിര്‍ദ്ദയ ‘ആക്രമണം’ നടത്തിക്കൊണ്ടിരിക്കുകയയിരുന്നവരുടെ ശൈലിയില്‍ പെട്ടെന്നു മാറ്റങ്ങള്‍ വന്നു. അവരുടെ സമീപനരീതി പെട്ടെന്നു മാറി.അതിന്റെ ഭീകരമുഖം കൂടുതല്‍ ഭീകരത ആര്‍ന്നു. ആയിരമായിരം ഇരട്ടി. അതിന്റെ ഭാഷയ്ക്കു മൂര്‍ച്ച കൂടിയ ദംഷ്ട്രകളും കൂടുതല്‍ വിഷപ്പല്ലുകളും മുളച്ചു………
മനുഷ്യനെ പച്ചയ്ക്കു തിന്നുന്നവര്‍പോലും ചെയ്യുവാനറയ്ക്കുന്ന ആ പ്രവൃത്തിയിലേക്ക് അത് തിരിഞ്ഞത് അങ്ങനെയായിരുന്നു……
ആര്‍ക്കും ആവശ്യമാവാത്ത ആ ഒന്ന് അപ്പോഴായിരുന്നു അതിന് ആവശ്യമായി വന്നത്…….തല.
ഏറ്റവും നീചര്‍പോലും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുന്നതിനായിട്ട്……… എന്തിനാണ് അവരത് ചെയ്യുന്നത് എന്നത് അജ്ഞാതമായിരുന്നു.
ഒരു ശാസ്ത്രജ്ഞനെ വെല്ലുന്ന രീതിയില്‍ ആണ് അവരതു നിര്‍വ്വഹിച്ചത്. അതിനായി, ഒരു വിഷയത്തെക്കുറിച്ച് ആദ്യം സൂചിപ്പിച്ചിട്ട് ‘അതിനെക്കുറിച്ചു ചിന്തിക്കുമോ’ എന്ന ഉത്ക്കണ്ഠ കേള്‍ക്കുന്നയാളില്‍ വളര്‍ത്തുന്ന രീതിയില്‍ സംസാരിച്ചു അവര്‍; കൂട്ടായി; ഒരുമിച്ച്; പ്രത്യേക താളത്തില്‍; ചിട്ടയില്‍; കേള്‍വിക്കാരന്റെ ശ്രദ്ധയെ കടുകിട അങ്ങോട്ടോ ഇങ്ങോട്ടോ തെറ്റുവാന്‍ അനുവദിക്കാത്ത വിധം; സമ്മര്‍ദ്ദം ഉണ്ടാക്കുന്നതിലും വളര്‍ത്തുന്നതിലും നിലനിര്‍ത്തുന്നതിലും അത്യപാരമായ പാടവം പ്രദര്‍ശിപ്പിച്ചുകൊണ്ട്!!! അതു കേള്‍ക്കുന്ന മാത്രയില്‍ത്തന്നെ കേള്‍വിക്കാരനില്‍ ഉത്ക്കണ്ഠ വളരുകയും, അതുകാരണം അയാള്‍ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ചിന്തിക്കുവാന്‍ തുടങ്ങുകയും ചെയ്യുമായിരുന്നു; അവര്‍ ലക്ഷ്യമാക്കിയതുപോലെതന്നെ!!! ‘ചിന്തിക്കുമോ’ എന്ന ഉത്ക്കണ്ഠ ഇത്തരത്തില്‍ ശക്തമായി ഉള്ളില്‍ വളര്‍ന്നാല്‍ ആരായാലുംതന്നെ ചിന്തിച്ചുപോകും……..അങ്ങനെ ഇവിടെയും സംഭവിച്ചു.
ചിന്തിക്കുവാന്‍ വിസമ്മതിക്കുന്ന ഒരുവനെ നിര്‍ബന്ധപൂര്‍വ്വം ചിന്തിപ്പിക്കുക എന്ന നിഷ്‌കരുണ കൃത്യമാണ് അവര്‍ നിര്‍വ്വഹിക്കുന്നത്; കൂടുതല്‍ വളച്ചുകെട്ടാതെ പറഞ്ഞാല്‍. ഒരു സാധാരണക്കാരനാണ് ഇതിനു വിധേയനാകുന്നതെങ്കില്‍ അയാള്‍ അലമുറയിടുകയും നിലത്തു കിടന്നുരുളുകയും ഒക്കെയായിരുന്നു ചെയ്യുക! ഈ സന്ദര്‍ഭത്തില്‍. ബോധരഹിതനാകുന്നതിനുള്ള വല്ല മരുന്നും അയാള്‍ക്കു നല്കാതെ ഈ ദുരവസ്ഥയില്‍നിന്നു കരകയറാന്‍ അയാള്‍ക്കു സാധിക്കുകയില്ല. ഒരു പ്രത്യേക ഗണത്തില്‍പ്പെട്ടവര്‍ക്കുമാത്രമേ ഈ സാഹചര്യത്തില്‍ സമനില കൈവിടാതെ മുന്നോട്ടു പോവുക സാധ്യമായിരിക്കുകയുള്ളൂ. ഒന്നാമതായി, എഴുത്തുകാരുടെ ശൈലിയില്‍ ചിന്തിക്കുന്നവര്‍ക്ക്. ഏകാകികള്‍ക്ക്. പിന്നെ, സാമൂഹ്യവിരുദ്ധ മനോഭാവമുള്ളവര്‍ക്ക്. മറ്റാര്‍ക്കുംതന്നെ കഴിയുകയില്ല അത്. തീര്‍ച്ചയാണ്……
വൈരുദ്ധ്യാത്മകമായ ദിശയിലുളള, മനസ്സിന്റെ സദാ ഉള്ള പ്രവര്‍ത്തനത്വര അപ്പോഴത്തെ ഒരു സവിശേഷതയായിരുന്നു. ആ സമയങ്ങളിലെല്ലാം അത്, മനസ്സ്, ‘പരാജയം തുറന്നു സമ്മതിക്കുന്ന മട്ടില്‍’, വാസ്തവത്തില്‍ അവയൊക്കെ വെറും പരാജയസദൃശ സന്ദര്‍ഭങ്ങള്‍ ആയിരുന്നുവെങ്കില്‍ക്കൂടിയും, നിലവാരമില്ലാത്ത തരത്തിലുള്ള വിക്രിയകള്‍ കാണിച്ചു. മലവിസര്‍ജ്ജനം അഭിനയിച്ചു കാണിക്കല്‍ ആയിരുന്നു പ്രധാനം; കോമാളിയെപ്പോലെ. മിക്കവാറും എല്ലായ്‌പ്പോഴുംതന്നെ ഇങ്ങനെ സംഭവിക്കാറുണ്ടായിരുന്നു. മറ്റുള്ളവയുടെ കൂട്ടത്തില്‍ സംഭവിക്കുന്നതായിരുന്നു ഇത്. വേറെയും വിക്രിയകള്‍ ഇതുപോലെ കാണിക്കാറുണ്ടായിരുന്നുവെങ്കിലും ഇതിന്റെ സ്ഥാനം മറ്റൊന്നിനും ഇല്ലായിരുന്നു; ഇതിന്റെ അടുത്തുപോലും അവ വരികയില്ലായിരുന്നു.
‘ചിന്തിപ്പിക്കുന്ന രാക്ഷസന്‍’ എന്റെ തലച്ചോറിനെ തനിയ്ക്കിഷ്ടമുള്ളതൊക്കെ ചെയ്തുകൊണ്ടേയിരുന്നു……….
ചിന്തകള്‍ മാത്രമായിരുന്നു അപ്പോള്‍ തലച്ചോറിന്റെ സ്ഥാനത്ത്………
മറ്റൊന്നും അവിടെ ഇല്ലായിരുന്നു……….
ഒന്നും………
ഇടവേളകള്‍ ഉണ്ടായിരുന്നില്ല ചിന്തകള്‍ക്ക്. ഒന്നിനു പിറകെ ഒന്നായി ചിന്തകള്‍ ഉണ്ടായിക്കൊണ്ടിരിക്കുമായിരുന്നു; ചിന്തിക്കുവാനുള്ള പ്രേരണ. വ്യത്യസ്തമായിരുന്നു വിഷയങ്ങള്‍. ആവര്‍ത്തനങ്ങളും ആയിരുന്നു പലതും. സ്വന്തം ജീവിതാനുബന്ധിയായിട്ടുള്ളവയായിരുന്നു, മിക്കവാറും, വിഷയങ്ങളെല്ലാംതന്നെ. വിഷയങ്ങള്‍ക്ക് ഒരിക്കലും പഞ്ഞം നേരിടുന്നുണ്ടായിരുന്നില്ല.ഒരു വിഷയത്തെക്കുറിച്ചു ചിന്തിച്ചു കഴിഞ്ഞാലുടന്‍തന്നെ അടുത്ത വിഷയം ലഭിച്ചു. പക്ഷേ, ആദ്യമൊക്കെ മാത്രമായിരുന്നു അത്. അതും തീരെ കുറഞ്ഞ ഒരു സമയത്തേക്കു മാത്രം.എന്നാല്‍, വേഗംതന്നെ സ്ഥിതി മാറി. ഒരു വിഷയത്തെക്കുറിച്ചു ചിന്തിച്ചു കഴിയുന്നതിനു മുന്‍പേതന്നെ അടുത്ത വിഷയം ലഭിച്ചു തുടങ്ങി പിന്നെ!
ചിന്തിക്കുവാന്‍ ആരംഭിക്കുന്ന നിമിഷത്തില്‍ത്തന്നെ ഒരു തരം സ്തംഭനാവസ്ഥയില്‍ ആകുമായിരുന്നു മനസ്സ്. തുടക്കം മുതലേ. പ്രവര്‍ത്തിക്കാനും പ്രവര്‍ത്തിക്കാതിരിക്കാനും കഴിയാത്ത അവസ്ഥയില്‍ ആകുമായിരുന്നു അപ്പോഴത്. ‘സംസാരിക്കുക’ എന്ന ഒറ്റ വഴി മത്രമേ, പ്രശ്‌നം പരിഹരിക്കുന്നതിനായി മനസ്സിനു മുമ്പില്‍ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍. ‘മനസ്സുകൊണ്ടു സംസാരിക്കുക’ എന്ന വഴി. അല്ലായിരുന്നെങ്കില്‍, സ്തംഭനാവസ്ഥ കൈവെടിഞ്ഞ് ചിന്ത തുടരുവാന്‍ അതിനു കഴിയാതെ വരുമായിരുന്നു. ‘തുടരാത്ത’ നിലയില്‍ മുന്നോട്ടു പോകുക എന്നതാകട്ടെ അസംഭവ്യവുമായിരുന്നു. വല്ലപ്പോഴും ഒക്കെയുള്ള മനസ്സിലെ സാധാരണ സംസാരത്തിന്റെ കാര്യംപോലെയായിരുന്നില്ല ഇത്. സാധാരണചിന്തകളില്‍നിന്ന് അതിന് ഒരു വ്യത്യാസവും അത്ര കാണാനുണ്ടാവുകയില്ല. അതില്‍നിന്നൊക്കെ വ്യത്യസ്തമായ ‘വേദനാകരമായ’ ഒരു തരം സംസാരമായിരുന്നു ഇത്. യഥാര്‍ത്ഥത്തില്‍. താങ്ങനാവാത്ത അസ്വസ്ഥതാഭാരവും ചുമന്ന്, വേച്ചു വേച്ച്, മുതുകു കൂനിയ തീര്‍ത്തും അരോചകമായ ‘സംസാര’മായിരുന്നു അത്. തെളിച്ചു പറഞ്ഞാല്‍, ദുര്‍ഭലമായ നാക്കുകൊണ്ടുള്ള, ശക്തി ചോര്‍ന്ന, ആടിക്കുഴയുന്ന സംസാരം……..
മരണംപോലും തല കുനിയ്ക്കുന്ന അവസ്ഥ. മരണത്തിന് ഒന്നുമേ ആവാന്‍ കഴിയുന്നുണ്ടായിരുന്നില്ല അതിന്റെ മുമ്പില്‍. ഒരു ‘സുഖ’മായിരുന്നു മരണം! സംശയമൊന്നം ഇല്ലായിരുന്നു അക്കാര്യത്തില്‍.
പരിഹാരമാര്‍ഗ്ഗങ്ങള്‍ യാതൊന്നും ഇല്ലായിരുന്നു. ഇയര്‍ഫോണ്‍ വയ്ക്കുന്ന അവസരത്തില്‍പ്പോലും പുറത്തുനിന്നുള്ള ‘ശബ്ദ ആക്രമണം’ യാതൊരു വ്യത്യാസവുമില്ലാതെ, പഴയതുപോലെ, സുവ്യക്തമായി കേള്‍ക്കാന്‍ കഴിയുമായിരുന്നു; സംഗീതശബ്ദത്തിനിടയിലൂടെതന്നെ! എങ്ങനെ എന്ന കാര്യം മനസ്സിലാക്കാന്‍ കഴിയുന്നില്ലായിരുന്നുവെങ്കിലും.
വളരെ കുറഞ്ഞ സമയം മാത്രമാണ് ഉറങ്ങാന്‍ കഴിയുമായിരുന്നത്. അതുതന്നെ എങ്ങനെ എന്നറിയാതെ സംഭവിക്കുന്നതായിരു
ന്നു. സംഭവിച്ചു പോകുന്നതായിരുന്നു. ഉറക്കുഗുളികയുടെ ശക്തി ഒന്നിനും മതിയാവുകയില്ല എന്നല്ലാതെ ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബോധം കെടുത്തുന്ന വല്ല മരുന്നും സംഘടിപ്പിക്കുക എന്നതും അസാധ്യമായിരുന്നു. വായന, എഴുത്ത് മുതലായവയും കഴിയാത്തവതന്നെയായിരുന്നു. സംസാരിക്കുകപോലും വളരെ ബുദ്ധിമുട്ടായിരുന്നു. എന്തെങ്കിലും ആസ്വദിക്കുക എന്നതും സാധിക്കാത്ത കാര്യമായിരുന്നു; ഏതാണ്ടെല്ലാ കാര്യത്തിലുംതന്നെ ഇതു ശരിയായിരുന്നു. നല്ല ഒരു ചിത്രം നോക്കി ആസ്വദിക്കാന്‍പോലും കഴിയുകയില്ലായിരുന്നു ഇതുമൂലം! കാഴ്ചയുടെയും കേള്‍വിയുടെയുമൊക്കെ സ്വാഭാവികത നഷ്ടപ്പെട്ടതുകൊണ്ടായിരുന്നു അത്! എന്തദ്ഭുതങ്ങള്‍ എന്നാണ് പറയാന്‍ കഴിയുക ഇതെല്ലാം?! സത്യം പറയുന്ന ഈ സ്വപ്നരംഗങ്ങള്‍………
കോടിക്കണക്കിനാള്‍ക്കാരെ കൊന്നൊടുക്കിയ ഒരുവനോടുപോലും, ശിക്ഷിയ്ക്കാനായെന്നവണ്ണം ആയാലും, ആരെങ്കിലും ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ അതു നീതിയായിരിക്കുകയില്ല………ഭൂമിയെ മുഴുവന്‍ ചുട്ടു ചാമ്പലാക്കുന്ന ഒരുവനോട് ഇങ്ങനെ ചെയ്താലും അത് അനീതിയായിരിക്കും……….
ഒന്നും രണ്ടുമല്ല, ഏഴു വര്‍ഷമാണ് കടന്നു പോയത് ഇങ്ങനെ. തുടര്‍ച്ചയായ ഏഴു വര്‍ഷങ്ങള്‍. ഇടവേളയുടെ ഒരു നിമിഷംപോലും ഇല്ലാതിരുന്ന ഏഴു വര്‍ഷങ്ങള്‍………
എല്ലാ കണക്കുകളും പകച്ചു മരവിച്ചു നിന്നു അതിനു മുന്‍പില്‍………എങ്ങനെ അതുള്‍ക്കൊള്ളും എന്നറിയാതെ………
എങ്കിലും, വാസ്തവം വാസ്തവമായിരുന്നു. എല്ലാം അവസാനിച്ചു………
ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം.
വീണ്ടും ഒരാരംഭത്തെക്കുറിച്ചുള്ള വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വരുന്ന ഉത്ക്കണ്ഠ ഉള്ളില്‍ അവശേഷിപ്പിച്ചുകൊണ്ടാണെങ്കിലും…….
Generated from archived content: story2_sep28_15.html Author: pc_premjith