ജീവിതമാർഗ്ഗം എന്നതിനുമപ്പുറം ആനക്കമ്പം കൊണ്ടുതന്നെയാണ് ഒരാൾചട്ടക്കാരനാകുന്നത്. എന്റെ വീടിന്റെയടുത്ത് രണ്ട് ആനകൾ ഉണ്ടായിരുന്നു.അതിനെക്കണ്ട് ഹരം കയറിയാണ് ഞാൻ പാപ്പാനായത്. ചെറുപ്പത്തിൽ സ്‌കൂളീ പോകുന്നെന്നും പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങും. പിന്നെ ആനയുടെ പുറകെ നടക്കുക തന്നെയായിരുന്നു പണി. അതോടെ പഠിത്തം ഡിമ്മായി. ആനയ്‌ക്ക് തീറ്റവെട്ടുക, ഉത്സവപ്പറയ്‌ക്കു പോകുമ്പോൾ തേങ്ങ ചുമക്കുക, ആനയെ കുളിപ്പിക്കാൻ സഹായിക്കുക ഇതൊക്കെയാണ് ആദ്യം ചെയ്‌തിരുന്നത്. അന്ന് വീടിനടുത്തുളള ഒരു വയസ്സൻ പാപ്പാന്റെ കൂടെയായിരുന്നു നടപ്പ്. അങ്ങേര് ചിലപ്പോ രണ്ടോ മൂന്നോ
രൂപയൊക്കെ തരും. അത്രമാത്രം. പക്ഷെ ഞാൻ പാപ്പാൻ പണി പഠിച്ചു. കോതമംഗലം ചെറുവട്ടൂരെ ഒരു സ്വർണ്ണക്കച്ചവടക്കാരന്റെ ഗോപകുമാർ എന്ന ആനയുടെ പാപ്പാനായാണ് എന്റെ തുടക്കം. അവൻ വയറിന് അസുഖം പിടിച്ചു ചത്തു.
പാപ്പാന്മാരുടെ ക്രൂരതകളെപ്പറ്റി എല്ലാവരും പറയാറുണ്ട്. സംഗതി കുറച്ച് ശരിയുമാണ്. പാപ്പാൻമാർ ആനയെ തല്ലാറുണ്ട്. ക്രൂരമായി ഭേദ്യം ചെയ്യാറുമുണ്ട്. ചിലർ അനാവശ്യത്തിന് ചെയ്യുമ്പോൾ ചിലരിത് ആവശ്യത്തിനാണ് ചെയ്യുന്നത്. ഒരാനയെ തല്ലി മാത്രമെ നമുക്ക് മെരുക്കാൻ പറ്റൂ. ഏതാണ്ട് ഒരു വർഷം വേണം പുതിയൊരു
ചട്ടക്കാരന് ആനയുമായി സെറ്റാകാൻ. ഇതൊരു കാട്ടുമൃഗമാണ്, ഇതിന്റെ സ്വഭാവം എപ്പോഴാണ് മാറുക എന്ന്
പറയാൻ പറ്റില്ല. ഇവനെ എത്ര സ്‌നേഹിച്ചാലും, ഒരുനിമിഷം കൊണ്ട് നമ്മൾ നല്‌കിയ സ്‌നേഹമെല്ലാം മറന്നു കളയും. ആന ഒരിക്കലും സ്‌നേഹം കൊണ്ടല്ല നമ്മെ അനുസരിക്കുന്നത്. അടിയുടെ ചൂടിനെ ഓർത്തിട്ടാണ്. സ്‌നേഹം രണ്ടാമതെ വരൂ. പുതുതായി എത്തുന്ന ഏതു ചട്ടക്കാരനെയും ആന ഓടിക്കും. പിന്നെ ചട്ടക്കാരനു രക്ഷ വടിയും കോലുമാണ്. വടികൊണ്ട് അഴിക്കാവുന്ന ആനയാണെ ങ്കിൽ, അതിന്റെ വലിവിന് രണ്ട് അടി കൊടുത്ത് അങ്ങോട്ടുമിങ്ങോട്ടും ഇരുത്തി, ചരിച്ചു കിടത്തിയൊക്കെ നോക്കും. അനുസരിക്കാത്ത ആനകളെ കടന്നു ഭേദ്യം
ചെയ്യേണ്ടിവരും. അപ്പോൾ മാറിനിന്ന് കോലിന് ഇടിക്കും. അതുകൊണ്ടും ഒതുങ്ങാത്തവനാണെങ്കിൽ പഴയ ചട്ടക്കാരനൊപ്പം നിന്ന് ആനയുമായി സെറ്റാകേണ്ടിവരും.
പാപ്പാന്മാർ കളളുകുടിയന്മാരാണെന്ന കുറ്റവും ഏറെയുണ്ട്. ഏതാണ്ട് ഭൂരിഭാഗം പാപ്പാന്മാരും കുടിക്കും. ഞാനും കുടിക്കും. ലഹരിയേറുമ്പോൾ ചില പാപ്പാന്മാർ പ്രശ്‌നങ്ങളും ഉണ്ടാക്കാറുണ്ട്. എങ്കിലും ഇത്തിരി കുടിക്കാതെ ഇതിനെ മേയ്‌ക്കുവാൻ പാടാണ്. അൽപ്പം ധൈര്യം കിട്ടാൻ വേണ്ടി കുടിക്കുന്നത് നല്ലതാണ്. നിങ്ങളൊരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ. ഒരു ബസ്സപകടം നടന്നാൽ, അല്ലെങ്കിൽ മറ്റെന്തെങ്കിലും അപകടം ഉണ്ടായാലും, ഏതൊരുവനും അവൻ ഡ്രൈവറായാലും ആരായാലും സ്വയംരക്ഷയെ ആദ്യം നോക്കൂ. എന്നാൽ ആനയിടഞ്ഞാൽ ആദ്യം
പാപ്പാനോടി എന്ന് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. ഏത് ഇടഞ്ഞ കൊമ്പന്റെ മുന്നിലും പാപ്പാൻ ചെല്ലും. തന്നെ തട്ടിയിട്ടു മതി മറ്റൊരാൾ എന്ന തൊഴിലിനോടുളള സത്യസന്ധത ഓരോ പാപ്പാനും ഉണ്ടായിരിക്കും. ഇത് ആപ്പീസിലിരുന്ന് കടലാസിൽ എഴുതണ ജോലി പോലല്ല. ജീവൻ വച്ചൊരു കളിയാണേ. അപ്പോൾ കുറച്ചൊക്കെ കുടിക്കാം. എനിക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ആന ഇടയുമ്പോൾ ഞാൻ അവരെ ഓർക്കാറില്ല. ചുറ്റും നില്‌ക്കുന്ന മനുഷ്യരെക്കുറിച്ചായിരിക്കും ചിന്ത. ഞാൻ മാത്രമല്ല ഏതു പാപ്പാനും ഇങ്ങനെതന്നെയാണ്. ഇങ്ങനെയൊക്കെയാണേലും, ഞങ്ങൾ ക്കൊരു സംഘടന പോലുമില്ലെന്നതാണ് സത്യം. ഗുരുവായൂരിലെ പാപ്പാന്മാർക്ക് സംഘടനയുണ്ട്. ഞങ്ങൾ സംഘടനയുണ്ടാക്കിയാൽ അപ്പോൾതന്നെ മുതലാളിമാർ പൊളിച്ചുകളയും. ഇത്രയും അപകടം പിടിച്ച ജോലി ചെയ്യുന്ന ഞങ്ങൾക്കല്ലാതെ മറ്റാർക്കാണ് സംഘടന വേണ്ടത്. ഒരു പാർട്ടിക്കാരും
ഇതിനുവേണ്ടി മുന്നോട്ടു വരുന്നില്ല.
വെറുതെ നില്‌ക്കുന്ന ആനയെ തല്ലുന്നതായി നിങ്ങൾ കണ്ടിട്ടുണ്ടാകും. കാരണമില്ലാതെ എന്തിനാണ് തല്ലുന്നതെന്നോ
ർത്ത് പാപ്പാനോട് നിങ്ങൾക്ക് ദേഷ്യവും തോന്നും. പക്ഷെ അവന്റെ നില്പിലെ പന്തിക്കേട് പാപ്പാനു മാത്രമെ മനസ്സിലാകൂ. ആന സ്‌നേഹം കാണിക്കുന്നതും ഞങ്ങൾക്കെ തിരിച്ചറിയാനാവൂ. സ്‌നേഹം കൂടുമ്പോൾ അവൻ തലയാട്ടും, കണനീട്ടി മൂത്രമൊഴിക്കും; കുറുകുറുവെന്ന് ശബ്‌ദമുണ്ടാക്കും. ഇതൊന്നുമില്ലാതെ മറ്റൊരു തഞ്ചത്തിൽ അവൻ നിന്നാൽ നാം സൂക്ഷിക്കണം. അപ്പോൾ രണ്ടടി കൊടുത്ത് ഒതുക്കണം. ഇത് മറ്റുളളവർക്ക് മനസ്സിലാകില്ല.
ആനയെ തല്ലുന്നതു മാത്രമെ അവർ കാണൂ. മദപ്പാടുളള ആനയെ നിയന്ത്രിക്കാൻ കഞ്ചാവും അമോണിയം സൾഫേറ്റുമൊക്കെ പണ്ട് കൊടുക്കുമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ അങ്ങിനെ ചെയ്യാറില്ല. ഒലിവുകാലത്തെ ആനയെ ശാന്തനാക്കാൻ ഇംഗ്ലീഷ് മരുന്നാണ് ഇപ്പോൾ ഉപയോഗിക്കുക.
പാപ്പാന്മാർ സ്‌ത്രീലമ്പടന്മാരാണ് എന്ന അപവാദവും ഉണ്ട്. അത് പൂർണ്ണമായും തെറ്റാണെന്ന് പറയാൻ പറ്റില്ല. ആനക്കാരെല്ലാം സ്‌ത്രീലമ്പടരല്ല. മറിച്ച് ആനക്കാരനെ സ്‌ത്രീകൾക്ക് ഭയങ്കര ഇഷ്‌ടമാണ്. പണ്ട് പാപ്പാന്മാർക്ക് ചെല്ലുന്ന ദിക്കിലെല്ലാം കുടുംബമുണ്ടാകും എന്നാണ് ചൊല്ല്. ആനയെ മെരുക്കുന്നവന്റെ ധൈര്യം സ്‌ത്രീകൾ ഇഷ്‌ടപ്പെടുന്നു എന്നതാണ് സത്യം. സിനിമയിലൊക്കെ ഡ്യൂപ്പിട്ട് അഭിനയിച്ച് കൈയ്യടിനേടുന്ന നായകന്മാരെ എത്ര പെണ്ണുങ്ങളാണ് ആരാധിക്കുന്നത്. ഇവിടെ നേരിട്ട് കൊമ്പനെ മെരുക്കുന്ന ഞങ്ങളെ കുറച്ചു സ്‌ത്രീകൾ ആരാധിച്ചാൽ അത് തെറ്റാകുമോ? ഇപ്പോഴത്തെ ചെറുപ്പക്കാർ ഇത്തരം കാര്യങ്ങളിൽ അങ്ങനെ ഇടപെടാറില്ല. ആനയോടൊപ്പം
നില്‌ക്കുന്ന ഓരോ നിമിഷവും ഞങ്ങൾ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഒലിവുകാലത്ത്. കാരണം ഇതൊരു കാട്ടുമൃഗമാണ്. ഇതിനെ പൂർണ്ണമായും ഇണക്കാൻ കഴിയില്ല. നേരത്തെ പറഞ്ഞതുപോലെ തല്ലിനെ പേടിച്ചാണ് ഇവർ നമ്മെ അനുസരിക്കുന്നും സ്‌നേഹിക്കുന്നതും. എപ്പോഴായാലും ഒരു കാട്ടുമൃഗം അതിന്റെ സ്വഭാവം കാട്ടും.
ഞാൻ ഒരുപാട് ആനകളുടെ പാപ്പാനായിട്ടുണ്ടെങ്കിലും അത്തരമൊരു ദുരാനുഭവം ഉണ്ടായിട്ടില്ല. അത് ദൈവത്തിന്റെ
അനുഗ്രഹം കൊണ്ടാണ്. ആന പ്രേമികൾക്കും മൃഗസ്‌നേഹികൾക്കും എന്തുവേണമെങ്കിലും പറയാം. പക്ഷെ ആനയെ
തൊട്ടറിഞ്ഞ് ജീവിക്കുന്ന ഞങ്ങൾക്കെ ഇവനെ കൃത്യമായി മനസ്സിലാക്കാൻ പറ്റൂ.
Generated from archived content: essay3_may10_06.html Author: pc_narayanannair