മലയാളഭാഷയും പേചാനലുകളും

മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി നാലോളം ചാനലുകൾ പേ ചാനലുകളായി മാറിയിരിക്കുന്നു. നൂറ്‌ ശതമാനം സാക്ഷരതയും രാഷ്‌ട്രീയബോധവും ഒത്തുചേർന്ന കേരളത്തിലാണ്‌ പുതിയ പ്രതിഭാസം വന്നു ചേർന്നിരിക്കുന്നത്‌.

മുൻനിര കമ്പനികളുടെ പങ്കാളിത്തത്തോടെ ഏഷ്യനെറ്റ്‌ വിവിധ ഭാഷകളിൽ മുന്നേറ്റം നടത്തികൊണ്ടിരിക്കുന്നു. സിതാര, സുവർണ്ണ, എന്നിങ്ങനെ പോകുന്ന ചാനൽ പട്ടിക.

മാധ്യമമേഖലയിൽ ശക്തമായ നെറ്റ്‌ വർക്കാണ്‌ സണ്ണിനുള്ളത്‌. ഏഷ്യാനെറ്റ്‌, പ്ലസ്‌, സൂര്യ, കിരൺ എന്നീ ചാനലുകളാണ്‌ ഇപ്പോൾ പേ ഫോർമാറ്റിലായിരിക്കുന്നത്‌.

മലയാളികളെ ഒന്നടങ്കം സ്വാധീനിച്ച രണ്ട്‌ ചാനലുകളാണ്‌ ഏഷ്യനെറ്റും, സൂര്യയും, തുടക്കത്തിൽ സമ്പന്നരുടെ സന്താനങ്ങളായിരുന്നു രണ്ട്‌ ചാനലുകളും. ആകാശനീലിമയിൽ നിന്നും വർണ്ണ സ്വപ്‌നങ്ങൾ സ്വീകരിക്കാൻ പതിനായിരങ്ങൾ ചിലവിട്ട്‌ വൻ ആന്റിനകളും റസീവറുകളും ഒരുക്കി.

കാലപ്രവാഹത്തിൽ മറ്റെല്ലാം പോലെതന്നെ ചാനലുകൾ ജനകീയമായി. സാങ്കേതികവിദ്യ വളർന്നു. രണ്ടായിരത്തി അഞ്ഞൂറിനും അതിന്‌ താഴെയുമായി ആറടി ആന്റിനകളും, റസീവറുകളും ലഭ്യമായി. സാധാരണക്കാരുടെയും, തൊഴിലാളികളുടേയും വീടിനുമുകളിൽ ആന്റിന സ്‌ഥാനം പിടിച്ചു. എന്നാൽ സ്വപ്‌നങ്ങൾ തകർത്തെറിഞ്ഞുകൊണ്ട്‌. ‘സിഗ്‌നൽ സ്‌ക്രാബിൾഡ്‌’ എന്ന സന്ദേശം ടി.വി. സ്‌ക്രീനിൽ തെളിഞ്ഞു. സാധാരണ ഹോം ഡിഷ്‌ – ഉപഭോക്താക്കൾ വലയുകയാണ്‌.

ചാനൽ രംഗത്ത്‌ വൻ മൽസരമാണ്‌ നടക്കുന്നത്‌. പതിനാറോളം ഉപഗ്രഹ മലയാള ചാനലുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്‌. രാജ്‌ ടിവിയുടെ രണ്ട്‌ ചാനലുകളുടെ ടെസ്‌റ്റിംഗ്‌ നടന്നു വരുന്നു. മൂന്നെണ്ണം വാർത്താചാനലുകളാണ്‌. കോഴിക്കോട്‌ നിന്നും ദർശന; തിരുവനന്തപുരത്തു നിന്നും ജനപ്രിയ, മനോരമ, കേരളകൗമുദി, മാതൃഭൂമി, മംഗളം, എന്നിങ്ങനെ പത്തോളം ചാനലുകൾ വരാനിരിക്കുന്നു. അടുത്തിടെ ഇൻഡ്യാവിഷനിൽ നിന്നും മാറിയ നികേഷ്‌കുമാർ മറ്റൊരു ചാനലിൽ രംഗപ്രവേശം ചെയ്യുമെന്നും സംസാരമുണ്ട്‌.

കേബിൾ ടി.വി. അസോസിയേഷനും മലയാളം പേചാനൽ ഉടമകളും തമ്മിലുള്ള ശീതസമരം തുടരുകയാണ്‌. പ്രൈം ബാൻഡുകളാൽ നിന്നും ചാനൽ ഒഴിവാക്കി. പേചാനൽ അല്ലെങ്കിൽ കൂടി ഏഷ്യനെറ്റ്‌ ന്യൂസ്‌ ചാനൽ – സംപ്രേഷണം ചെയ്യുന്നത്‌ കേബിളുകാർ നിർത്തിവച്ചു. ചിലയിടങ്ങളിൽ പുതുതായി തുടങ്ങിയ മിഡിൽ ഈസ്‌റ്റ്‌ ചാനലും നിർത്തി. ഇപ്പോൾ ഫ്രീയാണെങ്കിലും ഭാവിയിൽ പേ ചാനൽ ആവുമെന്ന ആശങ്കനിലനിൽക്കുന്നു.

വാടക ഉയർത്തേണ്ടിവരുമെന്ന്‌ അസോസിയേഷൻ പറയുന്നു. സ്‌റ്റാർ മൂവീസ്‌ ആണ്‌ ആദ്യമായി പേചാനലായത്‌. പ്രതിമാസം അഞ്ച്‌ രൂപയായിരുന്നു നിരക്ക്‌. ഏഷ്യനെറ്റിന്റെ ചാനലുകൾക്ക്‌ – പതിനാറ്‌ രൂപയും, സൂര്യയുടെ ചാനലുകൾക്ക്‌ ഇരുപത്‌ രൂപയുമാണ്‌ ഇപ്പോഴത്തെ നിരക്കുകൾ.

നാൽപ്പത്തഞ്ചോളം ചാനലുകൾ കേബിൾ വഴി വിതരണം ചെയ്യുന്നുണ്ട്‌. ഡിസ്‌കവറി, അനിമൽ പ്ലാനറ്റ്‌ തുടങ്ങിയ നിരവധി പേചാനലുകളും വിതരണം ചെയ്യുന്നുണ്ട്‌. നൂറ്റമ്പത്‌ ഇരുന്നൂറ്‌ രൂപവരെ ശരാശരി വാടക ഈടാക്കുന്നുണ്ട്‌. മറ്റുള്ളവയുടെ വർദ്ധന പരിശോധിച്ചു നോക്കുമ്പോൾ കേബിൾ വാടക പൊതുവെ കുറവാണ്‌. കേബിൾ മേഖല സംഘടിച്ച്‌ ഇന്ന്‌ വൻ ശക്തിയായി മാറിക്കഴിഞ്ഞു. പ്രാദേശിക കേബിൾ ചാനലുകളും രംഗത്ത്‌ ശക്തമായി നിലകൊള്ളുന്നു. ഡി.ടി.എച്ച്‌ മേഖലയോടും ഇവർ മൽസരിക്കേണ്ടിവരുന്നു.

ദൂരദർശന്റെ സൗജന്യ ഡി.ടി.എച്ച്‌ ഉൾപ്പെടെ നിരവധി കമ്പനികൾ മൽസരത്തിലാണ്‌. അത്യാധുനിക സാങ്കേതിക വിദ്യകളുമായി വൻ പരസ്യത്തിലൂടെ ഇവർ പ്രേക്ഷകരെ ആകർഷിക്കുന്നു. പേ ചാനലുകൾ ലഭിക്കാൻ ഇവരും ചാനൽ ഉടമകൾക്ക്‌ പണം നൽകുന്നുണ്ട്‌.

കേന്ദ്രഗവൺമെന്റിന്റെ കാസ്‌ സിസ്‌റ്റം മെട്രോനഗരങ്ങളിൽ മാത്രമാണ്‌ ഇപ്പോഴുള്ളത്‌. കാണുന്ന ചാനലുകൾക്ക്‌ മാത്രം പണം നൽകുന്നതാണ്‌ കാസ്‌ സിസ്‌റ്റം. ഇത്‌ കേരളത്തിലും വരാവുന്ന കാര്യം വിദൂരമല്ല. കേബിൾ മേഖലക്ക്‌ വൻതിരിച്ചടിയാണ്‌ ഇതുവഴിയുണ്ടാവുക.

പുതിയ പുതിയ സാങ്കേതിക വിദ്യകൾക്കൊപ്പം മുന്നേറുകയാണ്‌ ചാനൽമേഖല. നാളെ എന്ത്‌ എന്നത്‌ പ്രവചനാതീതമാണ്‌.

Generated from archived content: essay1_oct22_10.html Author: pavithran_iriveri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here