ബ്രിട്ടീഷ്‌ സ്‌മരണകളുമായി അഞ്ചരക്കണ്ടി

സ്വാതന്ത്ര്യദിനത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങുമ്പോൾ കൊടും യുദ്ധത്തിന്റെയും കുതിരക്കുളമ്പടി നാദത്തിന്റെയും സ്‌മരണകൾ ഉൾക്കൊണ്ടു നിൽക്കുകയാണ്‌ കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി എന്ന ഗ്രാമം. ബ്രിട്ടീഷ്‌ ആധിപത്യത്തിൽ നടന്ന വ്യാപാര വാണിജ്യ ഇടപാടുകൾ തോണിവഴിയായിരുന്നു. ഇതിന്റെ ഓർമ്മകളുമായി നിശബ്‌ദമായി അഞ്ചരക്കണ്ടി പുഴ ഒഴുകി അറബിക്കടലിലെത്തുന്നു.

ബ്രിട്ടീഷുകാരാൽ പരിപാലിക്കപ്പെട്ട ഏഷ്യയിലെ ഒന്നാമത്തെ കറപ്പെത്തോട്ടം ഇവിടെയായിരുന്നു. തോട്ടം ഭാഗികമായി നശിപ്പിക്കപ്പെട്ടിരിക്കുന്നു. തലമുറകൾ കൈമാറി സ്വകാര്യമേഖലയിലെ ‘കണ്ണൂർ മെഡിക്കൽ കോളേജ്‌’ ഇവിടെ സ്‌ഥിതി പെയ്യുന്നു.

ഹൈദരലിയുടെ മലബാർ ആക്രമണത്തിൽ വടക്കളംകൂർ രാജാവിനെ ബ്രിട്ടീഷ്‌ പട്ടാളം സഹായിച്ചു. കോലത്തിരി രാജാവിന്റെ സഹായികളായ തലയിലച്ഛൻമാർക്ക്‌ പരിരക്ഷ നൽകി. ഇതിനുള്ള പ്രതിഫലമായി പുഴയുടെ ഇരുവശത്തുമുള്ള ഭൂമിയുടെ നികുതി പിരിക്കാനുള്ള അവകാശം ഈസ്‌റ്റിന്ത്യാ കമ്പനിക്ക്‌ ലഭിച്ചു.

1799-ൽ പ്രദേശത്തെ ‘അഞ്ചുകണ്ടികൾ’ കമ്പനി വിലകൊടുത്തുവാങ്ങി. പിന്നീട്‌ പുഴയുടെ തീരത്തെ ‘അരക്കണ്ടി’ കൂടി കമ്പനി കൈയിലാക്കി. ഇങ്ങനെയാണ്‌ അഞ്ചരക്കണ്ടി എന്ന പേര്‌ ഉപയോഗിച്ചു തുടങ്ങിയത്‌.

എ.ഡി. 1800-ൽ പഴശ്ശിരാജാവിന്റെ സൈന്യവും ഇംഗ്ലീഷുകാരും തമ്മിലുണ്ടായ യുദ്ധത്തിന്‌ കറപ്പെത്തോട്ടം പഴശ്ശിരാജാവിന്റെ കൈയിലായി. 1803-ൽ കതിരൂരിൽ വീണ്ടും യുദ്ധം നടന്നു. കറപ്പെത്തോട്ടം വീണ്ടും കമ്പനിയുടെ കൈയ്യിലായി.

എ.ഡി. 1887-ൽ ചരിത്രകാരനായിരുന്ന ലോഗൻ സായിപ്പ്‌ പ്രസിദ്ധീകരിച്ച മലബാർ മാന്വൽ‘ എന്ന പുസ്‌തകത്തിൽ അഞ്ചരക്കണ്ടിയെപ്പറ്റി കാര്യമായി പരാമർശിച്ചിട്ടുണ്ട്‌.

കറപ്പെത്തോട്ടം പ്രദേശത്തെ കാര്യമായി സ്വാധീനിച്ചു. 1789-ൽ മഡോക്ക്‌ ബ്രൗൺ എന്നയാൾ – തോട്ടം പാട്ടത്തിനെടുത്തു. ബ്രൗൺ കുടുംബം, സാമൂഹിക സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ചു.

കറപ്പെത്തോട്ടത്തിന്റെ ഭൂമിയുടെ സർവ്വെ ചുമതലക്ക്‌ വേണ്ടിയും, രേഖകൾ സൂക്ഷിക്കാനും, രജിസ്‌ട്രാഫീസ്‌ തുടങ്ങി. കേരളചരിത്രത്തിലെ ആദ്യത്തെ രജിസ്‌ട്രാഫീസായിരുന്നു ഇത്‌.

1914-ൽ ഫിബ്രവരി രണ്ടിന്‌ ബ്രൗണും, സഹപ്രവർത്തകരും ചേർന്ന്‌ വായ്‌പ സംഘം രൂപീകരിച്ചു. വളർച്ചയുടെ പടവുകൾ ചവിട്ടിക്കയറി ഇന്ന്‌ ഇത്‌ അഞ്ചരക്കണ്ടി ഫാർമേഴ്‌സ്‌ സർവീസ്‌ സഹകരണ ബാങ്കായി പ്രവർത്തിക്കുന്നു.

നിരവധി റോഡുകൾ ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ ഉണ്ടാക്കി.

ഇംഗ്ലണ്ടിലെ തെയിംസ്‌ നദിക്കരയിൽ സ്‌ഥിതിചെയ്യുന്ന ബംഗ്ലാവ്‌ മാതൃകയാക്കി, ഇവിടെയും ബംഗ്ലാവ്‌ നിർമ്മിച്ചിരുന്നു. ഇത്‌ ഇപ്പോൾ നിലവിലില്ല.

വിദ്യാഭ്യാസ മേഖലയിലും ഒരുപാട്‌ പരിഷ്‌കാരങ്ങൾ ബ്രൗണിന്റെ നേതൃത്വത്തിൽ നടത്തി.

അഞ്ചരക്കണ്ടി എലിമെന്റി സ്‌കൂൾ സ്‌ഥാപിച്ചത്‌ തൊട്ടടുത്ത്‌ പാളയം എന്ന സ്‌ഥലത്താണ്‌.

കേരളത്തിൽ കാപ്പികൃഷിയുടെ തുടക്കം ഇവിടെ നിന്നായിരുന്നു. കറപ്പെതൈലവും, കറുവപ്പട്ടയും വൻതോതിൽ ഇവിടെ നിന്ന്‌ കയറ്റുമതിചെയ്യപ്പെട്ടു.

ബ്രിട്ടീഷ്‌ ആധിപത്യത്തിൽ നിന്ന്‌ മോചനം നേടി വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞെങ്കിലും സ്‌മരണകളുമായി നില്‌ക്കുകയാണ്‌ അഞ്ചരക്കണ്ടിയെന്ന പ്രദേശം.

Generated from archived content: essay1_aug13_10.html Author: pavithran_iriveri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English