പ്രകൃതിയുടെ സുകൃതികൾ

അമ്പലമുറ്റത്തെ ആൽത്തറയിൽ

പഥികൻ കിടന്നു തളർച്ച തീർക്കാൻ

ആകാശമാകെ തണൽ വിരിക്കും

ആൽമരം നോക്കവേ അമ്പരന്നു

താഴേക്കു വീഴും ആൽപ്പഴം തൻ

ആകൃതി കണ്ടിട്ടും അമ്പരന്നു.

ഇത്രയും വലിയൊരാൽമരത്തിൽ

ഇത്രയും ചെറിയ കായ്‌ കനിയോ….?

അയലത്തെ തോട്ടത്തിൽ പടരും

അബലയാം മത്തതൻ വള്ളിയിൽ

ആനത്തലയോളം വലുപ്പത്തിൽ

മത്തങ്ങകണ്ടിട്ടും അമ്പരന്നു.

പ്രകൃതിതൻ വികൃതിയാണൊക്കെയും

കരുതി പഥികൾ, തളർന്നുറങ്ങി.

സൂര്യപ്രകാശത്തിൽ ആറാടിയും,

താരാട്ടു പാടിയും ആലിലകൾ

ജീവവായു വാരിവിതറിയെങ്ങും

ജീവജാലങ്ങളെ പോറ്റിടുന്നു.

നെറ്റിത്തടത്തിൽ എന്തോ പതിച്ചതും

ഞെട്ടിയുണർന്നുപോയി പഥികൻ.

കണ്ണിൻ തടത്തിൽ വീണുകിടക്കും

ആൽപ്പഴം കയ്യിലെടുത്ത നേരം

അറിവിന്റെ മിന്നൽ പാറിമനസ്സിൽ

നമിച്ചു പ്രകൃതിയെ സാഷ്‌ടാംഗം

മത്തങ്ങപോലെ വലുതായിരുന്നു

ഈ കനിയെങ്കിൽ എൻഗതി എന്താവും?

വികൃതികളാണ്‌, സുകൃതികളാണ്‌

പ്രകൃതിതൻ കൃതികൾ സർവ്വരും.

Generated from archived content: poem3_dec24_10.html Author: pavithran_chempookkavu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here