അംഗനമാർക്ക്-
നഖമൊരാഢംബര-
മെന്നുംമുറിച്ചുമുരച്ചും,
കഴുകിയും,
വർണ്ണങ്ങൾ വാരി-
പ്പുതപ്പിച്ചു ലജ്ജാവ-
നമ്രമുഖിയായിരിക്കെ;
മൃദുലമായൊന്നു കടിച്ചു-
കടമിഴിക്കോണിലെ-
പൊന്നിൻ കിനാക്കളെ-
യോമനിച്ചോർമ്മതൻ-
മഞ്ഞുപുതഞ്ഞ-
നിലത്തു പെരുവിര-
ലൂന്നിവരയ്‌ക്കും-
നഖചിത്രവും പിന്നെ,
സാരസപത്രങ്ങളിൽ-
നഖത്താൽ പ്രേമ-
കാവ്യം രചിക്കും യുവത്വവും!
എന്തെന്ത് ഭാവനാ-
ലോകങ്ങളും ഭാവസാന്ദ്രമാം-
ജീവിതത്തിന്റെ-
തരളമുഹൂർത്തവും,
കാലദേശങ്ങളും,
ജാതി മതം ഭാഷയാദിയാം-
വേലികൾ തീർക്കുമതിർത്തിയും-
തട്ടിത്തകർത്ത്-
ഹൃദയബന്ധങ്ങൾക്ക്-
ശക്തിപകരും പ്രണയ സായാഹ്‌നവും,
എന്റെ കുഴിഞ്ഞ-
കപോലങ്ങളിൽ പോലു-
മെന്തിനോ ചാർത്തുന്നു-
കുങ്കുമ ശോണിമ!
Generated from archived content: poem2_july2.html Author: patyam_viswanath