തണല്‍

അന്ന് നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു. എമര്‍ജന്സി റൂമിലെ തിരക്കുകള്‍ ഒഴിഞ്ഞപ്പോള്‍ കാന്റീനില്‍ നിന്ന് ഒരു ചായ കുടിച്ചു കാബിനിലേക്ക്‌ നടന്നു. സമയം നാലു മണിയാകുന്നു..പുറത്തു മഴ ആര്‍ത്തലക്കുന്നു. വാര്‍ഡുകളില്‍ അധികം രോഗികളും അവരുടെ ആശ്രിതരും നിദ്രയിലാണ്ടു. ഇടക്ക് ചിലരുടെ മുരള്ച്ചയും ചുമയും അവടെ അവടെ നിന്ന് കേള്‍ക്കാം. നേഴ്സ്മാരില്‍ ചിലര് ഉറങ്ങുന്നു. ചിലര് രോഗികളുടെ ട്രിപ്പ് മാറ്റുകയും മരുന്ന് കൊടുക്കയും ചെയുന്നുണ്ട്. കാബിനില്‍ കയറി ചില കേസ് ഡയറികള്‍ വായിച്ചു. നേഴ്സ്നെ വിളിച്ചു ചില രോഗികളുടെ പ്രോഗ്രസ്സ് ചോദിച്ചു . ഉറക്കം കണ്ണുകളെ തലോടുന്നുണ്ട്‌. എണീറ്റ് ജനാല തുറന്നു കുറച്ചു നേരം മഴ കണ്ടു രസിച്ചു. ഹോസ്പിറ്റല്‍ പരിസരം സ്ട്രീറ്റ് ലൈറ്റ് പ്രകാശത്താല്‍ ശോഭിച്ചു കണ്ടു. ഇടക്ക് ആംബുലന്‍സ് വന്നും പൊയ് കൊണ്ടും ഇരിക്കുന്നു.

ബോറടിച്ചപ്പോള്‍ പിന്നെയും കാബിന്‍ തുറന്നു പുറത്തേക്കിറങ്ങി. വരാന്തയിലൂടെ നടക്കാമെന്ന് കരുതി.

ആ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഒരു ഒച്ച കേട്ടാണ് അവിടേക്ക് നടന്നത്

“നിങ്ങളോട് പറഞ്ഞതല്ലേ, കാര്യം പറഞ്ഞാല്‍ മനസ്സിലാകില്ലേ.. വല്ല govt ഹോസ്പിറ്റലിലേക്കും കൊണ്ട് പോ .” അറ്റന്റര്‍ ഒച്ചയിട്ടു.

ഞാന്‍ അങ്ങോട്ട്‌ ചെന്നു..

“എന്താ രാധകൃഷ്ണാ.” ഞാന്‍ തിരക്കി.

“ഒന്നുല്ല മാഡം ഇവരോട് പറഞ്ഞിട്ട് പോകുന്നില്ല. അഡ്വാന്‍സ് എമൗണ്ട് അടക്കാതെ അഡ്മിറ്റ്‌ ചെയാന്‍ പറ്റില്ലല്ലോ “

അഴുക്കു പിടിച്ച വെള്ളമുണ്ടും ബട്ടണ്‍ പൊട്ടി പിന്നിട്ടു തുന്നി കൂട്ടിയ ഷര്‍ട്ടും ധരിച്ച ,വെള്ള പഞ്ഞിപോലുള്ള താടി രോമങ്ങളുള്ള മെലിഞ്ഞുണങ്ങിയ ഒരു വൃദ്ധന്‍. അയാള്‍ നിസഹായനായി, കൈയില്‍ ഒന്ന് രണ്ടു കടലാസ്സുകളും പിടിച്ചു നില്ക്കുന്നു.

ഞാന്‍ അയാളുടെ അടുത്തേക്ക് ചെന്നു.

“എന്താ അസുഖം?.”

അയാള്‍ എന്നെ ആദരവോടെ തൊഴുതു. അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

കസേരയിലേക്ക് വിരല്‍ ചൂണ്ടികൊണ്ട്‌ പറഞ്ഞു

“ഓള്‍ക്ക്‌ തീരെ വയ്യ ഡോക്ടറെ “

കസേരയില്‍ തളര്ന്നു കിടക്കുന്ന സ്ത്രീ രൂപം എന്റെ കണ്ണില്‍പെട്ടു.

ക്ഷീണിച്ചു അവശയായി കിടക്കുന്ന അവരുടെ അടുത്തേക്ക് ഞാന്‍ ചെന്ന് കൈത്തണ്ട പിടിച്ചു പള്‍സ് നോക്കി. മിടിപ്പിന്റെ ശക്തി കുറഞ്ഞു വരുന്നത് ഞാന്‍ മനസ്സിലാക്കി.

“ഓള്‍ക്ക്‌ നെഞ്ച് വേദന ഉണ്ട്” വൃദ്ധന്‍ ഓടി എന്റടുത്തു വന്നു പറഞ്ഞു.

“നെഞ്ച് വേദന ഉണ്ടോ ?എപ്പോഴാ തുടങ്ങിയത്.”

“ഇന്നലെ കാലത്ത് ….”

“എന്നിട്ട് ഈ പതിരാത്രിയാണോ കൊണ്ട് വരുന്നത്.’ അയാള്‍ മുഴുമിപ്പിക്കുന്നതിനു മുന്പേ ഞാന്‍ ചോദിച്ചു.

“ഇന്നലെ ഉച്ചക്ക് വന്നതാ..”ഞാന്‍ ആലോചിച്ചു ,ആ വൃദ്ധയായ സ്ത്രീ ആ നിലയില്‍ തുടര്ന്നിട്ടു 10-12 മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു.

എനിക്ക് ചിന്തിച്ചു നില്ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഡോക്ടര്‍ ആണ് രോഗിയുടെ കയ്യിലെ നോട്ടിന്റെ കനം കണ്ടല്ല ഞാന്‍ എന്റെ കടമ ചെയ്യേണ്ടത്.

“രാധകൃഷ്ണന്‍ വേഗം ഇവരെ എമര്‍ജന്‍സി റൂമിലേക്ക്‌ കൊണ്ട് വരൂ. ഐ വില്‍ ടേക്ക് കെയര്‍ ഓഫ് ഓര്‍ അദര്‍ ഓഫെര്‍സ്”

എമര്‍ജന്‍സി റൂമിന് വെളിയില ഒരു മൂലയില്‍ തടിക്കു കൈയും കൊടുത്തു തളര്ന്നിരിക്കുന്ന ആ വൃദ്ധന്റെ അടുത്തേക്ക് ഞാന്‍ ചെന്നു. എന്നെ കണ്ടു അയാള്‍ ചാടി എഴുനേറ്റു കൈ കൂപ്പി

“പേടിക്കണ്ട കൊഴപ്പം ഒന്നും ഇല്ല എന്റെ കാബിനിലേക്ക്‌ വരൂ “

“ഇരിക്കൂ” അയാള്‍ ആദ്യം ഇരിക്കാന്‍ കൂട്ടാക്കിയില്ല പിന്നെ ഇരുന്നു.

കേസ് ഡയറി ഫില്‍ ചെയുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു.

“എന്താ പേര് ?എവ്ടുന്നു വരുന്നു?”

“നാരായണന്‍. കോഴിക്കോട് നരിക്കുനിക്കടുത്തൂന്നാ.”

“അവര്‍ നിങ്ങളുടെ ഭാര്യയല്ലേ പേര് .”

അയാള്‍ കുറച്ചു നേരം ചിന്തിച്ചു…

“” അ…തെ.. .കുഞ്ഞു ..ലക്ഷ്മി “

“അവര്ക്ക് വയറ്റില്‍ വേദന ഉണ്ടെന്നു പറയുന്നല്ലോ തുടങ്ങീട്ടു എത്രയായി?”

“ഉണ്ട്. ഒരു മാസത്തോളം ആയി”

“എന്നിട്ട് ഇതു വരെ ആരെയും കാണിച്ചില്ലേ ?”

“മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോയതാ അവടെ കൊണ്ട് ചെന്നപ്പോ ആദ്യം ഒരു ഡാക്ടര്‍ നോക്കി. രണ്ടീസം അവടെ കെടക്കണംനു പറഞ്ഞു . പിന്നെ ആരും നോക്കാന്‍ വന്നില്ല. നിലത്തു കിടന്നു തണുപ്പടിച്ച് ഓള്‍ക്ക്‌ മേലനക്കാന്‍ വയ്യാതായി . പിന്നെ അവ്ടുന്നു പോന്നു.”

“അവര്‍ക്ക് ചെറിയ പനിയും നെഞ്ച് വേദനയും ഉണ്ട്. INFECTION ഒഴിവാക്കാന്‍ ICU യില്‍ കിടത്തും. ഇത് പ്രൈവറ്റ് ആശുപത്രി ആണ്. ഇവിടെ ചില ഫോര്‍മാലിറ്റീസ് ഉണ്ട്. കുഞ്ഞു ലക്ഷ്മി യുടെ വയറ്റില്‍ ഒരു മുഴ വളരുന്നുണ്ട്‌. ഉള്ളില്‍ രക്ത സ്രവം ഉണ്ട്. .ഉടന്‍ ഒരു ഓപ്പറേഷന്‍ ചെയ്യണം. മക്കളെയോ വേറെ.. ബന്ധുക്കളേയോ വിളിപ്പിച്ചു കാര്യം പറയു. വേഗം കാശു കെട്ടാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം നാളെ രാവിലെ തന്നെ ചെയ്യണം..”

അയാളുടെ നെറ്റിയില്‍ നിന്ന് വിയര്പ്പ് പൊടിഞ്ഞു. മുഖം കുനിച്ചു അയാള്‍ ഇരുന്നു.

“ഉം ” ഒരു മൂളല്‍.

അയാള്‍ പൊയ്ക്കഴിഞ്ഞു ഞാന്‍ പിന്നെയും ജനാലക്കരുകില്‍ വന്നു മഴ നോക്കി നിന്നു. എനിക്ക് അയാളോട് വല്ലാത്ത സഹതാപം കണ്ടാല്‍ തന്നെ അറിയാം കാശ് അടക്കാന്‍ വഴിയൊന്നും ഇല്ലെന്നു പിന്നെ അയാള് എന്ത് ചെയും ?.

ദൂരെ സ്ട്രീറ്റ് ലൈറ്റിന്റെ സ്വര്‍ണ്ണ വെളിച്ചത്തില്‍ മഴയില്‍ കുതിര്‍ന്ന് വേച്ചു വേച്ചു നടന്നകലുന്ന അയാളുടെ രൂപം ഞാന്‍ കണ്ടു.

“അയാളെവിടെ മാഡം, ബില്ലടക്കാതെ പോയോ ?” ബില്ലുമായി നേഴ്സ് വന്നു ചോദിച്ചു.

ഞാന്‍ ബാഗില്‍ നിന്ന് കാശു എടുത്തു കൊടുത്തു.

“ഇപ്പൊ ഇത് അടക്കൂ “

പിറ്റേന്ന് രാവിലെ ഡ്യൂട്ടി ഹാന്‍ഡ്‌ ഓവര്‍ ചെയ്ത് ഞാന്‍ കുഞ്ഞു ലക്ഷ്മിയുടെ അരികില്‍ വന്നു. അവര്‍ നല്ല ഉറക്കത്തിലായിരുന്നു. ഉമ്മാടെ അതെ മുഖം .ഞാന്‍ മെല്ലെ നെറ്റിയില്‍ തൊട്ടു. മണിക്കൂറുകള്‍ കഴിഞ്ഞു അയാള്‍ മടങ്ങി വന്നില്ല.

“താന്‍ എന്തിനാ ഈ ആവശ്യം ഇല്ലാത്ത തലവേദനകള്‍ എടുത്തു വെക്കുന്നത് നസിയ ? അയാളിനി തിരിച്ചു വരുമെന്ന് എനിക്ക് തോന്നുന്നില്ല.”

DR മുനീറിന്റെ ചീത്ത കേട്ടു കൂസലില്ലാതെ ഞാന്‍ നടന്നു.

“പണ്ടൊരു ദിവസം എനിക്കുമുണ്ടായിരുന്നു ഉപ്പാന്റെ മരവിച്ച ദേഹം കെട്ടിപിടിച്ചു ഉമ്മയുടേയും ഇത്താത്തമാരുടെയും കൂടെ ഒരു ആശുപത്രി വരാന്ത യില്‍ ഒരു രാത്രി മുഴുവന്‍.” ഞാന്‍ പറഞ്ഞു.

മുനീര് പിന്നൊന്നും പറഞ്ഞില്ല.

‘ന്നിട്ട് എന്ത് ചെയ്യാന്‍ പോകുന്നത് അത് പറ”

കാബിനിന്‍ അരിച്ചു പെറുക്കി അവസാനം അത് കിട്ടി.

പ്രൊ.റീനയുടെ വിസിറ്റിംഗ് കാര്‍ഡ്‌ അതില്‍ അവളുടെ നമ്പര്‍ കാണുമല്ലോ. ഞന് റീനയെ വിളിച്ചു. പണ്ടൊരു മെഡിക്കല്‍ ക്യാമ്പ് ഉത്ഘാടനം ചെയ്യുമ്പോഴാണ് അവരെ പരിചയപെട്ടത്. ‘തണല്‍’ എന്നാ സാമൂഹ്യ സേവന സംഘടന അവരുടെ നേതൃത്തത്തില്‍ ആണ്. ഞാന്‍ സഹായം ചോദിച്ചപ്പോള്‍ അവള്‍ നിഷേധിച്ചില്ല.

“ഞങ്ങള്‍ കുഞ്ഞു ലക്ഷ്മിയെ ഏറ്റെടുക്കാന്‍ തയ്യാറാണ്.”

കുഞ്ഞുലക്ഷ്മിയുടെ ഓപറേഷന്‍ കഴിഞ്ഞു .

“ഡാക്ക്ടാരേ ,മൂപ്പരെ ഒന്ന് വിളിക്കമോ ”ബോധം വന്നപ്പോള്‍ അവര്‍ അയാളെ തിരക്കി .

മറുപടിയില്ലാതെ ഞാന്‍ നിന്നു.

കാബിനില്‍ ഞാന്‍ വെറുതെ ഓരോന്ന് ഓര്‍ത്തിരിക്കുമ്പോള്‍

“ഡാക്ക്ടാരേ ..”

“നിങ്ങളോ? വരൂ ഇരിക്കൂ. നിങ്ങള്‍ എവിടെ ആയിരുന്നു..?ഞാന്‍ കാര്യങ്ങള്‍ നിങ്ങളോട് പറഞ്ഞതല്ലേ. നിങ്ങളാരോടും പറയാതെ എന്താ പോയത്. ഭാര്യയെ ഇങ്ങനൊരു അവസ്ഥയിലിട്ടിട്ടാണോ പോകുന്നത്.” എനിക്കു അല്പം പരുഷമായി സംസാരിക്കാനാണ് തോന്നിയത്.

“പൈസ ശരിയാക്കാന്‍ …”കൈയിലെ ഒരുപിടി നോട്ടു കെട്ടുകള്‍ അയാള്‍ പൊക്കി കാണിച്ചു.

“മക്കള്‍ ആരെങ്കിലും വന്നിട്ടുണ്ടോ ?” ഞാന്‍ തിരക്കി.

“ഇല്ല.”

അയാള്‍ നിസംഗഭാവത്തില്‍ പറഞ്ഞു.

“ഓപ്പറേഷന്‍ കഴിഞ്ഞു അവരെ റൂമിലേക്ക്‌ മാറ്റിയിട്ടുണ്ട് . അവരുടെ മുഴുവന്‍ ചിലവും വഹിച്ചത് “തണല്‍ ” എന്ന ഒരു TRUST ആണ്.”

അയാള്‍ വീണ്ടും നിറഞ്ഞ കണ്ണുകളോടെ എന്നെ തൊഴുതു.

“നിങ്ങള്‍ക്ക് വേറാരും ഇല്ലേ “

അയാള്‍ ഇല്ലെന്ന മട്ടില്‍ തലയാട്ടി.

“ഡോക്ടര്‍ ഇപ്പൊ ഞങ്ങള്ക്ക് ദൈവം ആണ്..ഒരുപാടു നന്ദി ഉണ്ട്…”

അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

“നിങ്ങള്‍ കരയാതെ..എന്താ ? എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ?”

“ഓള് എന്റെ ഭാര്യ അല്ല ..’

“പിന്നെ ?” ഞാന്‍ അമ്പരപ്പോടെ ചോദിച്ചു.

“മക്കള്‍ ഉപേക്ഷിച്ച രണ്ടു ഗതി കെട്ട ജന്മങ്ങള്‍ ആണ് ഞങ്ങള്‍. വൃദ്ധ സദനത്തില്‍ വച്ചാണ് ,ഒരേ കഥകളുമായി വന്ന ഞങ്ങള്‍ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചത്. ഓളുടെ കൈയും പിടിച്ചു അവിടന്നിറങ്ങി,ചുമടെടുത്തു,എച്ചില് തുടച്ചു ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കുമ്പോഴാണ്,ഓള്‍ക്കു സുഖം ഇല്ലാതെ ആയത്..മക്കളുടെ അടുത്ത് ഒരിക്കലും പോകില്ലന്നു മനസ്സ് കൊണ്ട് തീരുമാനിച്ചതായിരുന്നു.,ഓള്‍ക്ക്‌ വേണ്ടി,എനിക്ക് അവരോടു വീണ്ടും എരക്കേണ്ടി വന്നു.”

ആ കഥ കേട്ട് എനിക്ക് അയാളോട് വല്ലാത്ത ആദരവു തോന്നി.

“എനക്ക് ഓളെ ഒന്ന് കാണാമോ “

“വരൂ”

ഞാന്‍ അയാളുമായി കുഞ്ഞു ലക്ഷ്മി കിടക്കുന്ന മുറിയില്‍ എത്തി. പാതി മയങ്ങുന്ന അവുടെ അടുത്ത് അയാളിരുന്നു. വെളുത്ത് മെലിഞ്ഞ നീല ഞരമ്പുകള്‍ തെളിഞ്ഞു കാണുന്ന ആ കൈവിരലുകളില്‍ അയാള്‍ തലോടി .

“ഇങ്ങള് വന്നോ?”

“ഉം”

അവര്‍ പരസ്പരം നോക്കി കുറച്ചു നേരം ഇരുന്നു. കണ്ണുകളിലൂടെ അവര്‍ എന്തൊക്കെയോ പരസ്പരം പറയുന്നത് പോലെ തോന്നി.

“കുട്ടനു വല്ലതും കൊടുത്തോ? ഓന്‍ രണ്ടീസം പട്ടിണി ആയി അല്ലെ ?”

“ഉം”

“ആരാ കുട്ടന്‍?”ഞാന്‍ ചോദിച്ചു.

“നായക്കുട്ടി ആണ്…ഞങ്ങളുടെ ഏക മകന്‍” അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാനും ചിരിച്ചു പോയി.

ദിവസങ്ങള്‍ക്കു ശേഷം …

“കുഞ്ഞു ലക്ഷ്മി അമ്മക്ക് ഇനി വീട്ടില്‍ പോകാം” അവര്‍ മനോഹരമായി ചിരിച്ചു.

എന്നോട് ഒരുപാടു നന്ദി പറഞ്ഞു, പരസ്പരം താങ്ങായി ആ ദമ്പതികള്‍ നടന്നകലുന്നത് ഞാന്‍ നോക്കി നിന്നു….

എന്റെ ഉമ്മയെയും ഉപ്പയെയും ഞാന്‍ അവരില്‍ കണ്ടു.

ഉമ്മയും ഉപ്പയും ജീവിച്ചിരുന്ന്നെങ്കില്‍ എന്ന് തോന്നി. അവരെ ഞാന്‍ ഒരുപാടു സ്നേഹിക്കുന്നു..i missing them very badly ..അവര്‍ ഇല്ലാതായപ്പോഴാണ് അവരുടെ വില ശരിക്കും മനസ്സിലാകുന്നത്‌….

Generated from archived content: story3_feb10_14.html Author: parvathy_sankar_ranjith

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English