പഞ്ചായത്ത് ഓഫീസില്‍ ഞാന്‍ മാര്യേജ് രജിസ്ട്രേഷന്‍ സെക്ഷനിലാണ്.അന്ന് ഒരു ദമ്പതിമാരും രജിസ്ട്രറേഷനു വന്നില്ല. ഗിരിജാ മാഡത്തിന്റെ ആക്രോശം കേട്ടാണ് ഞാന്‍ അയാളെ ശ്രദ്ധിക്കുന്നത്. ജനന മരണ രജിസ്ട്രഷനിലാണ് ഗിരിജ മാഡം. സൃഷ്ടിയും സംഹാരവും ഒരുമിച്ചു നടത്തുന്ന ആളാണ്. നല്ല തിരക്കുള്ള സെക്ഷനായതിനാല്‍ ജോലി സമയത്ത് മാഡത്തിന്റെ ചൂടും അല്പം കൂടുതലാണ്. പക്ഷെ അല്ലാത്തപ്പോള്‍ നല്ല സ്വഭാവമാണ്..
“നിങ്ങളോട് പറഞ്ഞാല്‍ മനസ്സിലാകില്ലേ…ദാ അവിടെ പൊയ് ചോദിക്ക്. അതാ സെക്ഷന്‍.” പ്രായം എഴുപതോളം ചെന്ന ഒരു മനുഷ്യന്‍. ആഢ്യത്വം തുളുമ്പുന്ന മുഖം. മുഷിഞ്ഞ മുണ്ടും ഷര്‍ട്ടും..അയാളുടെ കൂടെ ഒരു കൊച്ചു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. നല്ല സുന്ദരികുട്ടി.
അയാള്‍ കൈയില്‍ പിടിച്ചിരുന്ന രസീതുമായി എന്‍റെ അടുത്തേക്ക് വന്നു.
“മോളെ ഈ വാര്‍ധക്യപെര്‍ഷന്‍ കൊടുക്കാന്‍ തൊടങ്ങിയോ?അപേക്ഷ കൊടുത്തപ്പോ കിട്ടിയതാ ഈ ചീട്ട്. ഇതും ആയിട്ടാ വരാന്‍ പറഞ്ഞത്.”
വര്‍ഗീസ് സാറിന്റെതാണ് പെന്‍ഷന്‍ സെക്ഷന്‍. 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പഞ്ചായത്തില്‍ നിന്നും 500 രൂപ പെന്‍ഷന്‍ കൊടുക്കുന്നുണ്ട്. എന്റെ തൊട്ടപ്പുറത്തു തന്നെയാണ് വര്‍ഗീസ് സാറിന്‍റെ സ്ഥാനം. പക്ഷെ സീറ്റില്‍ ആളുണ്ടാകുന്നത് അപൂര്‍വമാണ്. പുള്ളി കോട്ടയംകാരനാണ്. ഒരു അവധി കിട്ടിയാല്‍ നാട്ടിലേക്ക് പായും. ആരോടും വലിയ അടുപ്പം ഒന്നും കാണിക്കാത്ത പ്രകൃതം ആണ്. അത് കൊണ്ട് തന്നെ അയാള്‍ കൈകാര്യം ചെയ്യുന്ന പെന്‍ഷന്‍ സെക്ഷനില്‍ ആരും കൈകടത്താറില്ല.
“ആ സെക്ഷനിലാണ്. സെക്ഷന്‍ ക്ലാര്‍ക്ക് ലീവിലാണല്ലോ. സാര്‍ നാട്ടില്‍ പോയതാണ്?”
എന്റെ മറുപടികേട്ട് അയാളുടെ മുഖം വാടി.
“ഒരാഴ്ച കഴിഞ്ഞു ഒന്നുടെ വരൂ..”
അയാളുടെ മുണ്ടിന്റെ ഒരറ്റത്ത് മറഞ്ഞു നിന്നിരുന്ന ആ കൊച്ചു പെണ്‍കുട്ടി എന്നെ നോക്കി മനോഹരമായി ചിരിച്ചു..
“മോള്‍ടെ പെരേന്താ?” അവള്‍ നാണിച്ചു മുണ്ടിന്റെ മറവിലേക്ക് പൊയി.
ഞാന്‍ എന്റെ മേശ വലിപ്പ് പരതി ഒരു മിഠായി എടുത്തു അവള്‍ക്കു നീട്ടി.. അന്ന് പ്യൂണ്‍ വാസു എട്ടന്റെ കുട്ടിയുടെ പിറന്നാളായിരുന്നു. എല്ലാവര്‍ക്കും മിഠായി വിതരണം ചെയ്തിരുന്നു. അതിലൊന്ന് ഞാന്‍ മേശ വലിപ്പില്‍ ഇട്ടിരുന്നു.
“നിങ്ങളുടെ ഫോണ്‍ നമ്പര്‍ തരൂ.സാര്‍ വരുമ്പോ ഞാന്‍ വിളിക്കാം.”
അയാള്‍ പേരും ഫോണ്‍ നമ്പരും എഴുതി തന്നു. ‘നാരായണ്‍ നമ്പൂതിരി’ അതായിരുന്നു അയാളുടെ പേര്.
“വരൂ മാളുട്ടി” അയാള്‍ നന്ദി പറഞ്ഞു പൊകുന്നത് ഞാന്‍ നോക്കിയിരുന്നു..പഞ്ചായത്തിന്റെ പടി കടക്ക്വോളം ആ കൊച്ചു പെണ്‍കുട്ടി എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
ഒരാഴ്ച കഴിഞ്ഞു പണി തിരക്കില്‍ ഞാന്‍ നെട്ടോട്ടം ഓടുകയായിരുന്നു.
“മോളെ സാര്‍ വന്നോ?” അത് നാരായണ്‍ നമ്പൂതിരി ആയിരുന്നു.
അപ്പോഴാണ് ഞാന്‍ അയാളെ ഓര്‍ത്തത്.
“അയ്യോ സോറി. സാര്‍ വന്നിട്ടുണ്ട്.ഞാന്‍ വിളിക്കാന്‍ മറന്നു പോയതാ..”
അയാള്‍ ചിരിച്ചു
“ സാരമില്ല.. “
ഞാന്‍ വര്‍ഗീസ് സാറിന്റെ സീറ്റില്‍ നോക്കി. അയാളവിടെ ഉണ്ടായിരുന്നില്ല. ചായ കുടിക്കാനോ മറ്റോ പുറത്തു പോയതാകണം.
“ സാര്‍ ഇപ്പൊ വരും കേട്ടോ “
ഞാന്‍ അയാളെ സമാധാനിപ്പിച്ചു നിര്‍ത്തി.
“മാളുട്ടി എവിടെ?”
“സ്കൂളില്‍ പൊയി.. എന്റെ മോളുടെ കുട്ടിയാ..”
“ഏതു ക്ലാസിലാ “
“ഇപ്പൊ രണ്ടിലായി..,”ഒരു നെടുവീര്‍പ്പോടെ അയാള്‍ വീണ്ടും തുടര്‍ന്നു.
“മോള്‍ക്ക് 6 മാസം ഉള്ളപ്പോഴാണ് മരുമകന്‍ ഒരു അപകടത്തില്‍ പെട്ട്………പോയത്…” അയാളുടെ ശബ്ദം ഇടറി. മുഖം വിഷാദ പൂര്‍ണമായി.
“അപ്പൊ നിങ്ങടെ മകള്‍??”ഞാന്‍ ചോദിച്ചു
“ഇപ്പൊ മോളും കുട്ടിയും വീട്ടിലുണ്ട്…മോള്‍ക്ക് തയ്യല്‍ പണി ആണ്.എനിക്ക് അടുത്തുള്ള അമ്പലത്തില്‍ ശാന്തി പണിയുണ്ട്. അമ്പലത്തിന്നു കിട്ടുന്നത് ഒന്നിനും തികയില്ലതാനും..”
ഞാന്‍ ഒന്നും മിണ്ടാതെ കുറച്ചു നേരം ഇരുന്നു.
അപ്പോഴേക്കും വര്‍ഗീസ് സാര്‍ എത്തി.
എനിക്ക് അയാളോട് സംസാരിക്കാന്‍ പേടിയാണ്.
“സാറേ എന്റെ പെന്‍ഷന്‍ എന്തായി ..”നാരായണ്‍ നമ്പൂതിരിയുടെ ചോദ്യം വര്‍ഗീസ് സര്‍ കേട്ട ഭാവം നടിച്ചില്ല.
“ സാര്‍ ..ഞാന്‍ കുറച്ചു ദിവസായി വരുന്നു”
“നിങ്ങള്‍ക്കു വേറെ പണിയൊന്നും ഇല്ലാലോ. വെറുതെ ഇങ്ങനെ വന്നു മനുഷ്യരെ ബുദ്ധി മുട്ടിച്ചാല്‍ മതിയല്ലോ.”.
അത്രയും പറഞ്ഞു അയാള്‍ എന്തോ കുത്തിക്കുറിക്കാന്‍ തുടങ്ങി.
നാരായണ്‍ എന്നെ ദയനീയമായി നോക്കി.
എനിക്ക് വിഷമം തോന്നി. ഞാന്‍ നിസഹായ ആയിരുന്നു. എന്റെ സെക്ഷന്‍ ആയിരുന്നെങ്കില്‍ എനിക്ക് അയാളെ വേഗം സഹായിക്കാമായിരുന്നു.
അയാള്‍ കുറച്ചു നേരം വര്‍ഗീസ് സാര്‍ന്റെ മേശ ചാരി നിന്നു.
“നിങ്ങള്‍ ഇവടെ നിന്നിട്ട് ഒരു കാര്യവും ഇല്ല. നിങ്ങളുടെ അപേക്ഷ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ വച്ചിട്ടുണ്ട്. അത് അംഗീകരിക്കണം. പിന്നെ എന്‍ക്വയറി ഉണ്ടാകും. അതും കഴിഞ്ഞു നാലഞ്ച് മാസം കഴിയുമ്പോ കിട്ടും. ഞങ്ങള്‍ കാര്‍ഡ് ഇടും. അപ്പൊ വന്നാ മതി.” വര്‍ഗീസ് സാര്‍ വളരെ സൌമ്യമായി സംസാരിക്കുന്നതു കേട്ട് ഞാന്‍ അത്ഭുതപെട്ടു.
നാരായണന്‍ നമ്പൂതിരി എല്ലാം തലകുലുക്കി കേട്ടു.
“എന്നാ ഞാന്‍ പോട്ടെ മോളെ.. അതിപ്പോഴോന്നും കിട്ടില്ല..ആ … സര്‍ക്കാര്‍ കാര്യല്ലേ. മുറപോലെ നടക്കൂ…നമുക്ക് ആവശ്യം ഉണ്ടെന്നു വച്ചിട്ട്…നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ പറ്റുമോ?”
അയാള്‍ സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
“ഞാന്‍ എന്തെങ്കിലും സഹായം ചെയ്യണോ???” എന്റെ ചോദ്യം കേട്ടിട്ടും അയാള്‍ കേള്‍ക്കാത്ത മട്ടില്‍ നടന്നകന്നു.
പിന്നെ കുറച്ചു നാള്‍ അയാളെ കണ്ടില്ല.
ആയിടക്കു വര്‍ഗീസ് സാര്‍ സ്ഥലം മാറി പോയി .പുതുതായി വന്ന പ്രകാശ് സാര്‍ ആള് ഉഷാറായിരുന്നു. പെന്‍ഷന്‍ സെക്ഷന്റെ ഒച്ചിഴയല്‍ അവസാനിച്ചു. സെക്ഷന്‍ ആകപ്പാടെ ഒന്ന് ഉണര്‍ന്നു. എല്ലാവരുമായിട്ടും നന്നായി ഇടപഴകുമായിരുന്നു. അടുത്തടുത്ത സെക്ഷനയതിനാല്‍ ഞങ്ങള്‍ നല്ല കൂട്ടുകാരുമായി.
ഒരു ദിവസം ഒരു പ്രായമുള്ള മനുഷ്യനും അയാളുടെ കൊച്ചു മകളും പെന്‍ഷന്‍ വാങ്ങാന്‍ എത്തി. അത് കണ്ട് എനിക്ക് നാരായണന്‍ നമ്പൂതിരിയെ ഓര്‍മ്മ വന്നു. ഞാന്‍ പ്രകാശ് സാറിനോട് അയാളുടെ പെന്‍ഷനെ പറ്റി ചോദിച്ചു.
“ അത് സാംഷനായല്ലോ…കരട് ഇട്ടിരുന്നല്ലോ. ഇതുവരെ വാങ്ങിയിട്ടില്ല.”
അത് കേട്ട് എനിക്ക് സന്തോഷമായി. ഞാന്‍ മേശ വലിപ്പില്‍ നിന്ന് ഡയറി തപ്പിയെടുത്തു. എന്നിട്ട് നാരായണ്‍ നമ്പൂതിരി തന്ന നമ്പര്‍ ഡയല്‍ ചെയ്തു.
“ഹലോ..”
ഒരു കുഞ്ഞു മധുരമായ ശബ്ദം ….
“മാളുട്ടി ആണോ..ഞാന്‍ പഞ്ചായത്തില്‍ നിന്നാണ്..അപ്പുപ്പന് ഫോണ്‍ ഒന്ന് കൊടുക്ക് മോളെ….”
കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം…
“ അപ്പുപ്പന്‍ മരിച്ചു പോയി …”
എന്റെ ഞരമ്പുകളില്‍ ഒരു മിന്നല്‍ പിണര്‍ പാഞ്ഞു.
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു,നിരാശയായി സീറ്റിലേക്ക് മടങ്ങി.
Generated from archived content: story2_may19_14.html Author: parvathy_sankar_ranjith