“പൂരബ് ഞാന്‍ ചെയ്യുന്നത് തെറ്റോ ശരിയോ ?”
അവളുടെ മനസ്സ് സംഘര്‍ഷഭരിതമാണ്. വിധവയായ തന്നിലേക്ക് ചൂണ്ടുന്ന ആയിരം വിരലുകളെ തട്ടി മാറ്റി മുന്നേറാന്‍ തനിക്കാകുമോ? ‘പൂരബ് ‘ ഇന്നു സത്യത്തില്‍ അവളുടെ മനസ്സല്ലേ ? ആ മനസ്സിന് തന്റെ വികാരങ്ങളെ ഉള്‍ക്കൊള്ളാന്‍ ൻ കഴിയും . ആ വിശ്വാസം ആണ് ഇന്നവളെ ആ റിക്ഷയില്‍ കേറാന്‍ പ്രേരിപ്പിച്ചത്. കര്‍ണ്ണാലിന്റെ ചൂട് പിടിച്ച ചെമ്മണ്‍ നിരത്തിലൂടെ റിക്ഷ പാഞ്ഞു. സൂര്യന്റെ കത്തുന്നപ്രകാശം ബസന്തിയുടെ കണ്ണിലേക്ക് വെളിച്ചം വീശി.
വെളുത്ത പ്രതലത്തില്‍ ചുവന്ന ചായത്തില്‍ ഒരു പിന്ഞ്ചു കുഞ്ഞിന്റെ നനുത്ത ചിരി പകര്‍ത്തി നിന്ന ‘ആകാക്ഷ’ ക്ലിനികിന്റെ കൂറ്റന്‍ മതില്‍ കെട്ടിനുള്ളില്‍ താന്‍ എത്തിപ്പെട്ടിരിക്കുന്നു . ഇനി ദിവസങ്ങള്‍ മാസങ്ങളാണ് . പുറത്തുള്ള കഴുകന്മാരുടെ രക്തക്കറ പുരണ്ട കൊക്കുകള്‍ ഇനി കുറേ കാലം തന്നെ കാണില്ല . അവരുടെ കൊക്കുകള്‍ക്ക് വലിച്ചു കീറാന്‍ തന്റെ മാംസം കൊടുക്കുന്നതിലും നല്ലതല്ലേ ഈ തീരുമാനം. പിന്നെ പൂരബ് !! അവന്‍ ഇപ്പോഴും എന്റെ കൂടെ തന്നെ ഉണ്ട്. അവനെ ഒരിക്കലും താന്‍ പിരിയുന്നില്ലല്ലോ !!!! കടിഞ്ഞാണ്‍ തൊണ്ടയില്‍ അമര്‍ന്നപ്പോഴുണ്ടായ കുതിരകളുടെ അലറല്‍ ബസന്തിയെയെ ഉണര്‍ത്തി.
“വരൂ ബസന്തി …” ഡോ. രാധ അവളെ അകത്തേക്കാനയിച്ചു . അവളുടെ ചുവടുകളില്‍ ഹൃദയത്തിന്റെ വേദനകളുടെ കനം കുറഞ്ഞു വന്നു. പരിഷ്ക്കാര വേഷത്തിന്റെ മറവില്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ മറച്ചു പിടിച്ചു നിന്നിരുന്ന വിദേശ ദമ്പതികളുടെ ഏറെ നേരത്തെ കാത്തിരിപ്പിന്റെ അവസാനമായിരുന്നു ബസന്തിയുമായുളള കൂടിക്കാഴ്ച . അവരെ കണ്ടപ്പോള്‍ തലയും മുഖവും ദുപ്പട്ട കൊണ്ട് മറച്ചു ബസന്തി കുറച്ചു കൂടി അന്തര്‍മുഖിയായി.
“ദിസ് ഈസ് യുവര്‍ കാരിയര്‍ (carrier ). ഹേര്‍ നെയിം ബസന്തി “
ഡോ രമ ബസന്തിയെ അവര്‍ക്കു പരിചയപ്പെടുത്തി.
“thank you so much മൈ ഡിയര്‍ ബസന്തി “നിഷ്കളങ്കമായ ചിരി വിടര്‍ത്തി കരോലിന്‍ തന്റെ വെളുത്ത പഞ്ഞികെട്ടുപോലുള്ള കൈകള്‍ കൊണ്ട് ബസന്തിയെ മാറോടണച്ചു. ആ കരവലയത്തില്‍ ബസന്തി ദേഹം ചുരുക്കി വിനീതയായി നിന്നു . ഡെന്നിസ് കരോളിന്റെ സന്തോഷം പങ്കിട്ടു .
“we are from australia …” കരോളി ന്റെ സ്വയം പരിചയപ്പെടുത്തലുകള്‍ ബസന്തി അത്ഭുതത്തോടെ കേട്ടിരുന്നു. അവള്‍ക്കൊന്നും മനസിലായിരുന്നില്ല. ഒടുവില്‍ ഡോക്ടര്‍ അവള്‍ക്കു എല്ലാം മനസ്സിലാക്കി കൊടുത്തു .
മരുന്നുകളുടെ കുത്തുന്ന മണമുള്ള ആ മുറിയില്‍ പേരിനൊരു പുറം ചട്ട മാത്രം ധരിച്ചു ബസന്തി കിടന്നു. കരോളിനും ടെന്നിസും അവളുടെ അടുത്തു തന്നെ നില്പ്പുണ്ടായിരുന്നു. പൂരബല്ലാതെ മറ്റൊരാണും ഇതുവരെ തന്നെ ഈ കോലത്തില്‍ കണ്ടിരിക്കില്ല. തന്റെ അര്‍ദ്ധനഗ്ന ശരീരം അവളെ അസ്വസ്ഥയാക്കി . അത് മനസ്സിലാക്കിയിട്ടെന്നോണം ഡെന്നിസ് പുറത്തേക്കു പൊയി.
നീണ്ട സിറിഞ്ചുമായി ഡോ. രമ വന്നു . ബസന്തിയുടെ കാലുകളെ വകഞ്ഞു മാറ്റി . അവളുടെ ഹൃദയം പട പടയെന്നു മിടിച്ചു. സിറിഞ്ച് തുടകള്‍ക്കിടയിലൂടെ ഗര്‍ഭപാത്രം ലക്ഷ്യമാക്കി നീങ്ങി. എവിടെയോ ഒരു വേദന . വരാനിരിക്കുന്ന വലിയ വേദനയുടെ ഒരു സൂചന മാത്രമോ അത് ?!!അവള്‍ കണ്ണുകള്‍ മുറുക്കെ അടച്ചു.
“പൂരബ് നമ്മുടെതല്ലാത്ത ഒരു ഭ്രൂണം എന്റെ ഉള്ളില്‍ എത്തപ്പെട്ടു. പക്ഷെ പൂരബ് ഞാന്‍ കളങ്കിതയല്ല … ഇതു ഒരു നന്മയുടെ കളങ്കമാണ് ..ഉപയോഗ ശൂന്യമായി ദ്രവിച്ചു പോകുമായിരുന്ന എന്റെ ഗര്‍ഭപത്രത്തിലൂടെ നാം ചെയുന്ന നന്‍മ . ഒരമ്മയാകാന്‍ ഒരിക്കലും കഴിയാത്ത അവള്‍ എന്നിലൂടെ ആശ്വസിക്കട്ടെ “
ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആകാംഷ കൂടി വന്ന രണ്ടുപേര്‍ ബസന്തിയും കരോളിനുമായിരുന്നു. ബസന്തിയുടെ മനം പുരട്ടലും ആദ്യത്തെ ഛര്‍ദിയും ഡെന്നിസ് ആശുപത്രി വാസികള്‍ക്ക് മധുരം നല്കി ആഘോഷമാക്കി.
“അതെ നീ ഗര്‍ഭിണിയാണ് ബസന്തി “ഡോ രമയുടെ വാക്കുകളില്‍ അവള്‍ നാണിച്ചു തലതാഴ്ത്തി.
“പൂരബ് അതിനു ജീവന്‍ വച്ചു . അത് വളരാന്‍ തുടങ്ങി . നീ ഒരച്ഛനാകാന്‍ പോകുന്നു പൂരബ് . നീ ചിരിക്കുവാണോ?നിനക്ക് സന്തോഷമായോ ?”
തന്റെ വയര്‍ കാണുമ്പോള്‍ ബസന്തിക്ക് ഒന്നും തോന്നിയില്ല. നിര്‍വികാരയായി അവള്‍ കിടന്നു. പക്ഷെ സ്ക്രീനില്‍ തെളിഞ്ഞ കുഞ്ഞ് നെഞ്ചിടിപ്പുകള്‍ അവളിലെ വികാരങ്ങളെ ഉണര്‍ത്തി. ആ ചലനങ്ങള്‍ കൈയും കാലുമിലക്കി കളിക്കുന്ന തന്റെ ഉള്ളില്‍ വളരുന്ന കുഞ്ഞിന്റെതാണ് എന്ന സത്യം അവളെ അത്ഭുതപ്പെടുത്തി . അത് കണ്ട് ആനന്ദിക്കുന്ന കാരോളിനെയും ഡെന്നിസിനെയും കണ്ട് അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു .
“ഡോ, വിച്ച് ബേബി ?” കരോളിന്റെ ചോദ്യത്തില്‍ ആകാംഷ നിഴലിച്ചു.
‘ദാറ്റ്‌സ് സസ്പെന്‍സ് ” ഡോ രമ കുസൃതി ചിരി വിടര്‍ത്തി .
കരോളിന്‍ ബസന്തിയു ടെ വയറ്റില്‍ തല ചേര്‍ത്ത് വച്ചു . കുഞ്ഞിന്റെ അനക്കം ആ അമ്മമാര്‍ പരസ്പരം അറിയുന്നുണ്ടായിരുന്നു . കാരോളിന്‍ ബസന്തിയുടെ വയറ്റില്‍ നല്കിയ ചുംബനം ,ഡെന്നിസിനും പകര്‍ന്നു . തങ്ങളുടെ കാണാ കണ്മണിക്ക് ആദ്യ ചുംബനവും നല്കി.
“കം സൂണ്‍ മൈ ബേബി ‘..ഡെന്നിസ് കരോളിന്റെ കണ്ണുകളില്‍ നിന്നും ഒഴുകിയ നീര് തുടച്ചു ആശ്വസിപ്പിച്ചു .
തന്റെ ശരീരത്തില്‍ പടര്ന്ന നീരും വേദനയും. ഉറക്കമില്ലാത്ത രാത്രികളും,കുഞ്ഞു ചലങ്ങള്‍ തുടിക്കുന്ന വയറ്റില്‍ കൈ ചേര്‍ത്ത് വച്ച് ആശ്വസിച്ച് ബസന്തി തള്ളി നീക്കി.
“പൂരബ് എന്റെ വയറിനു കനം വച്ച് തുടങ്ങി . നിനക്കേറ്റവും ഇഷ്ടമുള്ള എന്റെ നാഭിചുഴി അപ്രത്യക്ഷമായി . അവള്‍ വളരുകയാണ് . അതെ പെണ്‍കുട്ടിയാണ് .എനിക്കുറപ്പാണ്. നിനക്ക് പെണ്‍കുട്ടികളെ വലിയ ഇഷ്ടമല്ലേ . നിന്റെ സന്തോഷം ഞാന്‍ കാണുന്നു പൂരബ് . ഞാനിവളെ വല്ലാതെ സ്നേഹിക്കുന്നു പൂരബ് ………….. നിന്റെ മുഖം വാടിയതെന്തെ ? എന്താ ഞാന്‍ ഇവളെ സ്നേഹിക്കുന്നത് നിനക്കിഷ്ടമല്ലേ???പറയ് പറയു പൂരബ് “
“ബസന്തി നീ അവളെ സ്നേഹിക്കാന്‍ പാടില്ല . അതിനു നിനക്കാവകാശം ഇല്ല മോളെ . നീ വെറും ഒരുപകരണം മാത്രമാണ് .പത്തു മാസം ആ കുഞ്ഞിനെ സൂക്ഷിക്കാന്‍ ദൈവം സൃഷ്‌ടിച്ച ഒരുപകരണം മാത്രമാണ് നിന്റെ ഗര്‍ഭ പാത്രം. നീ അതിനെ സ്നേഹിച്ചാല്‍ പിന്നീടു കടുത്ത വേദന സഹിക്കേണ്ടി വരും. ഒരുപക്ഷെ നീ ഇപ്പോള്‍ അനുഭവിക്കാന്‍ പോകുന്ന പ്രസവ വേദനയെക്കാള്‍ വലിയൊരു വേദനയാകും അത്.”
ബസന്തി മയക്കത്തല് നിന്ന് ഞെട്ടി ഉണര്‍ന്നു. അടിവയറ്റില്‍ ഉരുണ്ടു കേറുന്ന വേദന അവര്‍ മനസ്സിലാക്കി. അവള്‍ പല്ലുകള്‍ കടിച്ചമര്‍ത്തി .. ശബ്ദം പൊന്തുന്നില്ല. അടുത്ത കസേരയില്‍ ഉറങ്ങുന്ന കരോളിനും ഡെന്നിസും അവളുടെ ഞരക്കം കേട്ട് ഉണര്ന്നു.
എല്ലുകള്‍ ഒടിയുന്ന വേദന ..ശരീരം ആസകലം ഞെരിഞ്ഞമരുകയാണ് . താനിപ്പോ മരിക്കും അവള്‍ക്കു തോന്നി…അതാ അവിടെ പൂരബ് .അവന്‍ തന്നെ മാടി വിളിക്കുന്നുണ്ട്.. പക്ഷെ എനിക്ക് പോകാന്‍ കഴിയില്ല . എന്റെ കുഞ്ഞിനെ ഒരു നോക്ക് കാണണം. അവന്‍ തന്നെ വീണ്ടും വിളിക്കുന്നു . ഇല്ല ഞാന്‍ വരില്ല പൂരാബ്. നീ എന്റെ കുഞ്ഞിനെ കാണാന്‍ അനുവദിക്കു .അവള്‍ സകല ദൈവങ്ങളെയും വിളിച്ചു പ്രാര്‍ത്ഥിച്ചു. ഒരു കൊന്തയുടെ മറവില്‍ ബസന്തിയുടെ വേദനകള്‍ കണ്ടു കരോളിന്‍ കൂപ്പുകൈയോടെ നിന്നു .
തന്റെ വലത്തേ തുടയില്‍ ഉരസി നീങ്ങുന്ന തൂവല സ്പര്ശം അവളാ ണ് . അതാ അവള്‍ പിറന്നു കഴിഞ്ഞു. കാത്തിരിപ്പിന്‍റെ അന്ത്യം .
“its a beautiful girl !!
ചോര പുരണ്ട അവളുടെ കുഞ്ഞികൈകള്‍ കരോളിന്‍ ചുംബിച്ചു . പൊക്കിള്‍ കൊടിയിലൂടെ അവള്‍ക്കു ബസന്തിയുമായുള്ള അവസാന ബന്ധവും അറുത്ത് മാറ്റപ്പെട്ടു. ആ കുഞ്ഞു ഹൃദയം വേദനിച്ചു. അവള്‍ ഉറക്കെ കരഞ്ഞു. അത് ബസന്തിയുടെ ജീവനെ പിന്നെയും അവളിലേക്കെത്തിച്ചു . ബസന്തി മെല്ലെ കണ്ണ് തുറന്നു. അവളുടെ തളര്‍ന്ന മിഴികള്‍ ആ കുഞ്ഞു നീല കണ്ണുകളില്‍ ഉടക്കി . കരോലിന്റെ കൈകളില്‍ അവള്‍ കൈകളിട്ടടിക്കുന്നത് ബസന്തി നോക്കി കിടന്നു.
‘പൂരാബ്,അവള്‍ എത്ര സുന്ദരിയാണ്. അവളുടെ നീല കണ്ണുകള്‍ എന്നെ ആകര്‍ഷിക്കുന്നു. ഇത്രയും ഭംഗിയുള്ള കുഞ്ഞ് എന്റെ വയറ്റില്‍ പിറന്നെന്നോ? അത്ഭുതമായിരിക്കുന്നു പൂരബ്. എനിക്കവളെ ഒന്നെടുക്കണം. മാറോടണക്കണം. എന്ന്റെ മാറ് അവള്‍ക്കായി പാല്‍ ചുരത്താന്‍ തുടങ്ങി !!!”
ബസന്തി തളര്ന്ന കൈകള്‍ പൊക്കി. കുഞ്ഞിനെ തരാനുള്ള അവളുടെ ആംഗ്യം ആരും ശ്രദ്ധിച്ചില്ല . ഡോ അവളുടെ കൈകളില്‍ പിന്നെയും സൂചി മുന താഴ്ത്തി. നീണ്ട മയക്കത്തിലേക്കു വഴുതി വീഴുമ്പോഴും അവളുടെ മനസ്സില്‍ ആ നീല കണ്ണുകള്‍ മാത്രം പ്രകാശിച്ചു .
പുതിയ പ്രകാശത്തിലേക്ക് ബസന്തി കണ്ണ് തുറന്നു. നീണ്ട കൊല്ലത്തെ മയക്കത്തില്‍ നിന്നും ഉണര്ന്നതുപോലെ അവള്‍ക്കു തോന്നി. ചുറ്റുപാടും പരിചിതമാകാന്‍ മിനിട്ടുകള്‍ വേണ്ടി വന്നു. മങ്ങിയ കാഴ്ച മെല്ലെ തെളിയുമ്പോള്‍ ഡോ രമ പുഞ്ചിരി തൂകി നില്പുണ്ടായിരുന്നു.
അവളുടെ മനസിലേക്ക് ആ നീല കണ്ണുകള ക്ഷണത്തില്‍ ഓടി എത്തി.
“എവിടെ കുഞ്ഞ് ” അവള്‍ പരിഭ്രാന്തിയോടെ ചാടി എഴുനേറ്റു ചുറ്റും നോക്കി .
“കുഞ്ഞിനെ അവര്‍ കൊണ്ട് പോയി. ബസന്തി കിടക്കൂ ..നല്ല ക്ഷീണമുണ്ടാകും. !”
ബസന്തിയുടെ ഹൃദയം തട്ടി ഉടഞ്ഞു. ചിതറി തെറിച്ച ആ ഹൃദയ ചില്ലുകളില്‍ അവള്‍ തന്നോട് സഹതപികുന്ന പൂരബിനെ കണ്ടു.
“ഇതാ..ഇതവര്‍ നിനക്ക് തരാനേല്‍ല്പിച്ചതാണ് പിന്നെ ഈ കത്തും. കത്ത് ഞാന്‍ വായിച്ചു തരാം “
“പ്രിയപ്പെട്ട ബസന്തി,
നിന്നോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല . നീ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഈ പൊന്നോമനയെ കിട്ടില്ലായിരുന്നു. ഇവള്‍ക്ക് വേണ്ടി നീ സഹിച്ച യാതനകള്‍ ഒരിക്കലും ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല . നീ എന്നും ഞങ്ങളുടെ ഹൃദയത്തില്‍ ഉണ്ടാകും. ഇവള്‍ വലുതാകുമ്പോള്‍ ഞങ്ങള്‍ നിന്നെ പറ്റി പറഞ്ഞു കൊടുക്കും. നിനക്ക് എല്ലാ നന്മകളും നേരുന്നു.
നീ ചെയ്ത ഉപകാരത്തിനു എന്തു തന്നാലും പകരമാകില്ല . എങ്കിലും ഞങ്ങളുടെ ഏളിയ പാരിതോഷികം സ്വീകരിക്കണം
സ്നേഹത്തോടെ ,
കരോളിൻ ഡെന്നിസ്
കറുത്ത ഒരു സ്യുട്ട് കേസ് ഡോക്ടര്‍ ബസന്തിക്ക് നല്കി പോയി .
ബസന്തി നിര്‍ വികാ ര യായി കുറച്ചു നേരം ഇരുന്നു. കണ്ണുകളില്‍ നിന്ന് കണ്ണീര്‍ പുഴയൊഴുകി.
അവള്‍ പെട്ടി മെല്ലെ തുറന്നു . കുറെ നോട്ടു കെട്ടുകള്‍ അന്തരീക്ഷത്തില്‍ പണത്തിന്റെ മണം വാരി വിതറി.
മുലപ്പാല്‍ പൊട്ടി ഒലിക്കുന്ന നെഞ്ചു കൈകള്‍ കൊണ്ട് വലിച്ചമര്‍ത്തി അവള്‍ പൊട്ടിക്കരഞ്ഞു .
ദിവസങ്ങള്‍ക്കു ശേഷം…
ബസന്തി ക്ലിനിക്കിന്റെ പടി കടന്നു ഇറങ്ങുമ്പോള്‍ , ഒരാഢംബരക്കാറില്‍ വന്നിറങ്ങുന്ന ആ വിദേശ ദമ്പതികളെ ഡോ. രമ ക്ലിനിക്കിന്റെ അകത്തേക്ക് ആനയിച്ചു ..
Generated from archived content: story1_dec28_13.html Author: parvathy_sankar_ranjith