ചുവന്നവെളിച്ചം

ചെന്നൈയിലെ ഒരു വാര്‍ത്ത‍ ചാനലിന്റെ പ്രമുഖ പത്ര പ്രവര്‍ത്തകയായി പലവക മനുഷ്യ ജീവിതങ്ങളെ കണ്ടും ഒപ്പിയെടുത്തും ഞാന്‍ എന്റെതായ ലോകത്ത് തുഴഞ്ഞു നീന്തുകയായിരുന്നു…

അന്നത്തെ സ്റ്റാഫ്‌ മീറ്റിങ്ങില്‍ രംഗരാജന്‍ സര്‍ പുതിയ ഡോക്യുമെന്ററി പ്രോജക്ടുകളെ പറ്റി സംസാരിച്ചു. റെഡ് സ്ട്രീറ്റുകളെ പറ്റിയുള്ള പുതിയ ഡോക്യുമെന്ററിയുടെ ഹെഡ് ആയി അദ്ദേഹം എന്നെ ചുമതലപ്പെടുത്തിയത് ഒരു ഞെട്ടലോടെയാണ് ഞാന്‍ ഏറ്റു വാങ്ങിയത്. റെഡ് സ്ട്രീറ്റ്‌ സെക്സ് വര്‍ക്കര്‍ യൂണിയനിലെ‍ ഒരു സ്ത്രീ ഇന്റര്‍വ്യൂ തരാമെന്ന് സമ്മതിച്ച പ്രകാരം ഞങ്ങള്‍ 3 പേരടങ്ങുന്ന യുണിറ്റ് ചുവന്ന തെരുവിലേക്ക്…..ഞാന്‍ മനസ്സില്ലമനസോടെ ആണ് വാനില്‍ ഇരുന്നത്. ആന്റണിയും മണിയനും വളരെ ഉത്സാഹപൂര്‍വം കാണപ്പെട്ടു..

പൊതു നിരത്തില്‍ നിന്നും വാന്‍, കാമാത്തിപ്പുര സ്ട്രീട്സ് എന്നെഴുതിയ ബോര്‍ഡ് കണ്ട റോഡിലേക്ക് തിരിഞ്ഞു…എന്റെ നെഞ്ച് എന്തുകൊണ്ടോ പടപടാന്നിടിക്കുന്നു. ഒരിക്കലും കാണരുത് എന്ന് മനസ്സ് കൊണ്ടുറച്ച സ്ഥലം..

ഞങ്ങള്‍ അവിടെ എത്തിയപ്പോഴേക്കും സന്ധ്യയോടടുത്തു. സൂര്യ പ്രകാശത്തിനു ഒരു ചുവപ്പ് കലര്‍ന്ന മഞ്ഞ നിറം. മാംസത്തിന്റെ ഗന്ധം മാത്രമുള്ള ചുവന്ന തെരുവിലൂടെ വാന്‍ നീങ്ങി. പുറത്തെ കാഴ്ചകള്‍ മണിയന്‍ കാമറയില്‍ ഒപ്പി. പഴകി ദ്രവിച്ച ലോഡ്ജു മുറികള്‍ പോലെ ,അടുപ്പ് കല്ല്‌ കൂട്ടിയിട്ട പോലെ, കെട്ടിടങ്ങള്‍. വൃത്തിഹീനമായ തെരുവില്‍, ഒരിടത്ത് പൈപ്പ് പൊട്ടി, ശുദ്ധ ജലം തൊട്ടടുത്തുകൂടി ഒഴുകുന്ന അഴുക്കു ചാലിലേക്ക്, നല്ലതിനെയും ചീത്തയാക്കുമെന്ന തെരുവിന്റെ തത്വം ഓര്‍മ്മിപ്പിക്കുന്നുന്നപോലെ… പലതരം ഭാഷകളാല്‍ തെരുവ് മുഖരിതമാണ്.

റോഡിനിരുവശത്തും പലരീതിയില്‍ വസ്ത്രധാരണം ചെയ്ത സ്ത്രീകള്‍ അവിടവിടെയായി കൂട്ടം തെറ്റിയ മാടുകളെ പോലെ. മുഖം മിനുക്കി ചുണ്ടില്‍ ചുവന്ന ചായം പൂശി.. താനാണ് കൂടുതല്‍ സുന്ദരിയെന്ന ഭാവമാണ്. എല്ലാവരും ആരെയൊക്കെയോ പ്രതീക്ഷിച്ചു നില്‍ക്കുന്നു..

അന്നത്തെ മാംസ കച്ചവടത്തിന് തെരുവുണരുന്നു. അവിടെ രാത്രികള്‍ പകലുകലാണല്ലോ..പക്ഷെ ഒരു വ്യത്യാസം മാത്രം..ആ പകലിന്റെ നിറം കടും ചുവപ്പാണെന്ന് മാത്രം..

മുന്നോട്ടു നീങ്ങുമ്പോള്‍ വഴികള്‍ പലതായി പിരിഞ്ഞു. പത്തു പന്ത്രണ്ടോളം തെരുവുകള്‍ അവിടെയുണ്ട്. പാഞ്ചാലം, വൈശാലി അങ്ങനെ പല പേരുകളില്‍. തെരുവിന്റെ വീതി കുറഞ്ഞു വരുന്നുണ്ടായിരുന്നു. വഴികളില്‍ കൂടുതല്‍ ഇരുള്‍ പരന്നു. ഇനിയുള്ള വഴികള്‍ ഒരാള്‍ക്ക് മാത്രം പോകാന്‍ പറ്റുന്ന തരത്തിലായതുകൊണ്ട് വാന്‍ നിര്‍ത്തി ഞങ്ങള്‍ പുറത്തിറങ്ങി.

അസ്തമയ സൂര്യന്റെ ചുവന്ന പ്രകാശം എന്റെ കണ്ണിലേക്കിരച്ചു കയറി. പല മുഖങ്ങളും ഞങ്ങളെ കടന്നു പോകുന്നുണ്ടായിരുന്നു. മണിയന്‍ ക്യാമറ ഒളിച്ചു പിടിച്ചു.

ചുവന്ന ചുണ്ടില്‍ പല്ലുകള്‍ കടിച്ചു അമര്‍ത്തി ചിലര്‍ ഞങ്ങളെ മാടി വിളിച്ചു. ആണുങ്ങളുടെത് പോലുള്ള എന്റെ വേഷവിധാനവും മുടിയും കണ്ടിട്ടാണോ എന്നറിയില്ല എന്നെയും ചിലര്‍ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അക്കുട്ടത്തില്‍ ഒരു കൂസലുമില്ലാതെ അര്‍ദ്ധ നഗ്നകളായി നടക്കുന്ന ബാല്യം വിട്ടു മാറിയിട്ടില്ലാത്ത കുഞ്ഞനുജത്തിമാരും ഉണ്ട് . പിന്നെ പിഞ്ചു കുഞ്ഞിനു മുലപ്പാല്‍ കൊടുക്കുന്ന അമ്മമാരും ഉണ്ടായിരുന്നു.

മുലപ്പാലിന് വേണ്ടി കെഞ്ചി കരയുന്ന കുഞ്ഞു മക്കള്‍,ചിലര്‍ പിച്ചവച്ചു നടക്കുന്നു. വൃത്തിയില്ലാത്ത പാത്രങ്ങളില്‍ എന്തോ പെറുക്കി തിന്നുന്നു. അവരെ സൂക്ഷിച്ചു നോക്കുമ്പോള്‍ ഞാന്‍ കാണുന്ന മുഖം അത് എന്റേത് തന്നെ അല്ലെ??

ആ ഇടുങ്ങിയ വഴിയുടെ ഒരു വശത്ത് നിരനിരയായി കരിപിടിച്ച ചുമരുകളുള്ള കെട്ടിടങ്ങള്‍ ,മറുവശത്ത് കൂറ്റന്‍ മതില്‍ക്കെട്ട് . അവിടെ ആ സ്ത്രീ ഞങ്ങളെ പ്രതീക്ഷിച്ചു നില്പ്പുണ്ടായിരുന്നു. ചുവന്ന കുങ്കുമ പൊട്ടു തൊട്ടു, മുടി മെടഞ്ഞു കെട്ടി ചുവന്ന റോസാ പൂവ് ചൂടി,കടും നീല നിറത്തിലുള്ള സാരി ധരിച്ചു വെളുത്തു തടിച്ച ഒരു സ്ത്രീ. ഒറ്റ നോട്ടത്തില്‍ ഒരു കുലീനയായ സ്ത്രീ. അവള്‍ ഞങ്ങളെ ആ ഇരുളടഞ്ഞ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി. പേരിനു ഒരു ജനല്‍പാളി ആ മുറിയില്‍ ഉണ്ടായിരുന്നു. പ്രകാശത്തിന്റെ കണിക പോലും അതിലൂടെ എത്തുന്നുണ്ടായിരുന്നില്ല. അവിടുത്തെ ജിവിതം ഞങ്ങളോട് പറയാന്‍ മനസ്സ് കാണിച്ചതിന് നന്ദി പറഞ്ഞു കൊണ്ട് ആന്റണി അവരുമായുള്ള അഭിമുഖം ആരംഭിച്ചു. മണിയന്‍ ക്യാമറ ചലിപ്പിച്ചു.. ഞാന്‍ അവരുടെ സംസാരം റെക്കോര്‍ഡ്‌ ചെയ്തു. തന്റെ പേരും മുഖവും പുറത്തു വിടരുതെന്ന നിര്‍ദ്ദേശം അവര്‍ ഞങ്ങള്‍ക്കു നല്കി.

കുറച്ചു വിദ്യാഭ്യാസം ഉള്ളവരെ പോലെ ആ സ്ത്രീ സംസാരിച്ചു.

ആന്റണി : ഇവിടെ എങ്ങനെ എത്തിപ്പെട്ടു?

ഭാവഭേദങ്ങളൊന്നും ഇല്ലാതെ അവള്‍ പറഞ്ഞു തുടങ്ങി..”12 വയസ്സുള്ളപ്പോ , സ്കൂള്‍‍ വിട്ടു വീട്ടിലേക്കു പോകുന്ന വഴിയില്‍ കാറില്‍ അവര്‍ തട്ടി കൊണ്ട് പോയി. ഞാന്‍ കുറെ നിലവിളിച്ചു. ആരും രക്ഷപെടുത്തിയില്ല . കൈയും കാലുമൊക്കെ കെട്ടിയിട്ടു ക്രുരമായി പീഡിപ്പിച്ചു. ഒടുവില്‍ ഇവടെ കൊണ്ടെത്തിച്ചു. അന്ന് അവര്‍ കൊന്നു കളഞ്ഞാല്‍ മതിയായിരുന്നു. എങ്കില്‍ ഒരു തവണയല്ലേ മരിക്കുമായിരുന്നുള്ളു.” അത് കേട്ട് എന്റെ കണ്ണ് നിറഞ്ഞു.

“വീട് പാലക്കാടെവിടെയോ ആണ്. പാവപ്പെട്ട കുടുംബമായിരുന്നു. അച്ഛനും അമ്മയും ഒരുപാടു അന്വേഷിച്ചിട്ടുണ്ടാകും. പക്ഷെ അവരുടെ കൈകളിലകപ്പെട്ടാല്‍ പിന്നെ ഒരു കര കയറല്‍ ഇല്ല സാറെ. ഇതിനു പിന്നില്‍ ഒന്നോ രണ്ടോ പേരല്ലല്ലോ..”

ആന്റണി: രക്ഷപെടാന്‍ ശ്രമിച്ചില്ലേ?

“ഓ പിന്നെ ,ഒന്ന് രണ്ടു വട്ടം നോക്കി പിടിച്ചു കൊണ്ട് വന്നു പൊള്ളിച്ചു . അതോടെ നിര്‍ത്തി. ഈ ചെളി കുണ്ടില്‍ നിന്നും ഇനി രക്ഷപെടില്ലെന്നു മനസ്സിലായപ്പോ തൊഴിലാക്കി. വിശപ്പ്‌ മാറണ്ടേ സാറെ !ആദ്യമൊക്കെ നല്ല കഷ്ടപ്പാടായിരുന്നു. പ്രായം കുറഞ്ഞവര്‍ക്ക് റേറ്റും കൂടുതലാണ് .അപ്പൊ സ്ഥിരം ഇരകള്‍ ആയി”

ആന്റണി: ഇവടെ കുടുംബം ..?

അവര്‍ ചിരിച്ചു കൊണ്ട് തുടര്‍ന്നു.

“അറിയാന്‍ വയ്യാത്ത പ്രായത്തില്‍ ആദ്യം അമ്മയായി. ഒരു മോളും ഒരു മോനും ഉണ്ട്. മോള്‍ക്ക് 5 വയസ്സുള്ളപ്പോ അവളെ ചാരിടബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള സ്കൂളില്‍ ചേര്‍ത്തു. അവടെ നിന്ന് പഠിച്ചു..മിടുക്കിയാണ്. ഇപ്പോള്‍ എഞ്ചിനീയറിംഗ് പഠിക്കുന്നു. മകന്‍ എന്റൊപ്പം ഉണ്ട്.”

ആന്റണി: ഇവടെ വരുന്നവരെ പറ്റി .. ?

“എനിക്ക് ഒരുദിവസം 5-6 പേരെ കിട്ടും. 300-400 രൂപവരെ തരും. ഇതിലും കൂടുതല്‍ വാങ്ങുന്നവരുണ്ട്. എന്റെ ഈ മുഖത്തിന്‌ അത്രയൊക്കെ തന്നെ കിട്ടു.” സ്വന്തം മാംസ വില അവള്‍ നര്‍മത്തോടെ പറയുന്നത് കേട്ട് സഹതാപം തോന്നി.

“ചിലര്‍ക്ക് നമ്മള്‍ പാടുകയും ഡാന്‍സ് ചെയ്യുകയും വേണം ,ചിലരുടെ കാട്ടലുകള്‍ അറപ്പ് തോന്നിക്കും. ചിലര് വിളിക്കുന്നിടത് ചെല്ലും. ഒരാളെന്ന് പറഞ്ഞു വിളിക്കും ചെല്ലുമ്പോ അഞ്ചും ആറും പേരൊക്കെ ഉണ്ടാകും. പിന്നെ ചിലര്‍ക്ക് ഫോണില്‍ പടവും എടുക്കണം. അവരെ ഞാന്‍ ആട്ടും. കൂടുതലും വിവാഹിതരാണ്.”

ആന്റണി: ഇപ്പൊ എത്ര വസ്സുണ്ട്?

അവര്‍ പൊട്ടി ചിരിച്ചു.

‘എത്ര ഉണ്ടാകും സാറെ.?” ഒന്ന് ചിന്തിച്ചു “അറിയില്ല സാറെ..മുപ്പതിനും മേലെ ഉണ്ടാകും ..”

ആന്റണി: എന്താണ് നിങ്ങളുടെ യുണിയന്‍ പ്രവര്‍ത്തനങ്ങള്‍ ..?

“ഞങ്ങള്‍ ലൈംഗിക സുരക്ഷിതത്വത്തെ പറ്റി ബോധ വല്കരണം നടത്തുന്നുണ്ട്. ഒരു സമയത്ത് ഈ തെരുവില്‍ HIV ബാധിതരുടെ നിരക്ക് കൂടുതലായിരുന്നു. ഇപ്പൊ അത് കുറഞ്ഞിട്ടുണ്ട്. എല്ലാ മാസവും സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും നടക്കുന്നുണ്ട്. കൂടാതെ ലൈംഗിക തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം,അവരുടെ സുരക്ഷിതത്വം ഈ വക കാര്യങ്ങളും ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. “

”മകളെ കാണാന്‍ പോകാറില്ലേ” ?

“ഉണ്ട്. ഇടക്ക് പോകും. അമ്മ വീട്ടു വേലക്കാരി ആണെന്നാണ് അവളുടെ ധാരണ. ഞാന്‍ തിരുത്തിയിട്ടില്ല .ഇനി ഒക്കെ അറിയുമ്പോ…”അവരുടെ തൊണ്ട ഇടറി.”വെറുക്കും എന്നെ ” അപ്പോള്‍ മാത്രം ആ കണ്ണുകള്‍ ഈറനണിഞ്ഞു.

ആന്റണി: ഇതു അവസാനിപ്പിച്ച്‌ ,നിങ്ങളെ പോലുള സ്ത്രീകളെ എങ്ങനെ രക്ഷിക്കാം?

“അത് നടക്കുമെന്നു തോനുന്നില്ല. നിങ്ങളല്ല ആര്‍ക്കും ഈ ചുവന്ന തെരുവ് അവസാനിപ്പിക്കാന്‍ കഴിയുമെന്ന് തോനുന്നില്ല. ഇങ്ങനെ ഒരു സ്ഥലം സത്യത്തില്‍ സമൂഹത്തിന്റെ ആവശ്യമാണ്. എന്നാലും ഒരു പെണ്‍ മക്കളും ഈ നരകത്തിലെത്തല്ലേ എന്നതാണ് എന്റെ പ്രാര്‍ത്ഥന”

അവര്‍ പറയുന്നത് ശരിയാണെന്ന് തോന്നി. ഈ കാടില്ലായിരുന്നെങ്കില്‍ പേ പിടിച്ച കാട്ടു മൃഗങ്ങള്‍ നാട്ടിലേക്കു വരില്ലേ ഇരകളെ തേടി.. .

ആന്റണി:ഇവിടെ നിയമവും പോലീസും ഇല്ലേ അവര്‍ വിചാരിച്ചാല്‍…?

അവർര്‍എഴുന്നേറ്റു എന്നിട്ട് പൊട്ടിച്ചിരിച്ചു.

ആന്റണി: ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?

“അത് നിങ്ങള്‍ സ്വയം ചോദിച്ചു നോക്ക്..!” അത്രയും പറഞ്ഞു അവര്‍ നിര്‍ത്തി. ഇവടെ എത്തിപെട്ടില്ലായിരുന്നെങ്കില്‍, സമൂഹത്തില ഉന്നത സ്ഥാനം വഹിക്കുന്ന ആരെങ്കിലുമൊക്കെ ആകുമായിരുന്നു അവര്‍ എന്ന് എനിക്ക് തോന്നി.

അവരുടെ ഐഡന്റിറ്റി ഒരിക്കലും പുറത്തു വിടില്ല എന്ന ഉറപ്പു നല്കി, ഞങ്ങള്‍ വിട പറഞ്ഞു.

തിരിച്ചു വാനിനടുത്തെത്തുമ്പോഴേക്കും നേരം വളരെ ഇരുട്ടി . വാനില്‍ കയറുമ്പോള്‍ എന്റെ മനസ് വിങ്ങിപ്പൊട്ടുകയായിരുന്നു. ഒന്ന് പൊട്ടി കരയണം. വാന്‍ നീങ്ങി തുടങ്ങി. കാഴ്ചകള്‍ പഴയത് തന്നെ. പക്ഷെ തെരുവിന്റെ തിരക്ക് കൂടി. കുറച്ചു കൂടി ബഹളമയമാണ്. മണിയന്റെ ക്യാമറ വേണ്ടും മിന്നി. അതിന്റെ ചുവന്ന പ്രകാശം തട്ടിയ ചിലര്‍ അസഭ്യം പറഞ്ഞു. ചിലര്‍ മുഖം മറച്ചു. മറ്റു ചിലര് ഇരുളിലേക്ക് ഓടി മറഞ്ഞു …

ദൂരെ ഒരു ചുവന്ന പ്രകാശം അതില്‍ ഞാന്‍ ഓര്‍മ്മകള്‍ ചികഞ്ഞു തുടങ്ങി.. അനാഥാലയത്തിന്റെ മതില്‍കെട്ടില്‍ നിന്ന് ആ ദമ്പതികളുടെ കൈയും പിടിച്ചു പുറത്തിറങ്ങുമ്പോള്‍ തന്നെ ,ചുവന്ന തെരുവിന്റെ സന്തതി ആണ് ഞാന്‍ എന്നുള്ള സത്യം ഞാന്‍ മനപൂര്‍വ്വം വിസ്മരിച്ചു. ആ കറുത്ത ഓര്‍മ്മകള്‍ ഓര്‍ക്കാന്‍ പിന്നീടു ഒരിക്കലും ശ്രമിച്ചുമില്ല.

വലിയ കുങ്കുമപൊട്ടു തൊട്ടു, മുല്ലപ്പൂവ് ചൂടി, പട്ടു ചേല ചുറ്റി ചുണ്ടില്‍ ചായം തേക്കുന്ന അമ്മയെ , റാന്തലിന്റെ മങ്ങിയ വെളിച്ചത്തില്‍ ഒരു പാട് രാത്രികളില്‍ ഞാന്‍ കണ്ടിരുന്നു. മുല്ലപൂ ചൂടാന്‍ വാശി പിടിച്ചു കരയുന്ന എന്നെ താരാട്ടു പാടി ഉറക്കി അമ്മ എങ്ങോട്ടോ പോകും. ഇടക്ക് ഉണര്ന്നു ഇരുട്ടില്‍ പേടിച്ചു അമ്മയെ കാണാതെ ഞാന്‍ കരയാറുണ്ട്. രാവിലെ ഉണരുമ്പോള്‍ അമ്മ എന്റെ അടുത്ത് തന്നെ കിടക്കുന്നുണ്ടാകും. ക്ഷീണിച്ചു വാടി തളര്‍ന്ന മുഖത്തോടെ. അമ്മയുടെ തലയിലെ മുല്ലപൂക്കള്‍ക്ക് അപ്പോള്‍ മനം മടുപ്പിക്കുന്ന ഗന്ധമാണ് .നെറ്റിയിലെ ചുവന്ന പൊട്ടും മാഞ്ഞു പൊയ്ട്ടുണ്ടാകും. അന്ന് അമ്മ എന്നെ തനിച്ചാക്കി എവിടെ പോകുന്നുവെന്ന് എനിക്കറിയില്ലായിരുന്നു.

പേടിച്ചുറങ്ങാന്‍ കഴിയാത്ത രാത്രികളും വിശന്ന വയറോടെ ,വൃത്തിഹീനമായ വഴികളിലെ പൊടി പിടിച്ച പകലുകളും, ഇരുളടഞ്ഞ ഒറ്റ മുറിയിലെ രണ്ടു പാളി ജനലിലൂടെ അകലങ്ങളില്‍ കാണുന്ന വലിയ ലോകത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമായി എട്ടു വയസ്സുവരെ എന്റെ ബാല്യകാലം ഒരു ചുവന്ന തെരുവില്‍ ഇഴഞ്ഞു നീങ്ങി.

ആ ദിവസം എന്നെ ഇന്നും പേടിപ്പിക്കുന്നു. ചിത്രബുക്ക് നോക്കി അമ്മ വരുന്നതും കാത്തു ഞാന്‍ ഇരിക്കുമ്പോള്‍ ,പിന്നില്‍ നിന്ന് ആരോ എന്റെ വാ പൊത്തിപ്പിടിച്ചു. എന്റെ കുഞ്ഞു ശരീരം ഒരു കറുത്ത കൈകൊണ്ടു വലയം ചെയ്യപെട്ടു . പെരുമ്പാമ്പ് ചുറ്റി പിണരും പോലെ. ഞാന്‍ കുതറി, ശ്വാസം കിട്ടാതെ പിടഞ്ഞു. എന്നെ അയാള്‍ തറയിലേക്കു വലിച്ചിട്ടു. എന്റെ വസ്ത്രങ്ങള കീറി പറിച്ചു. ആ ചുവന്ന കണ്ണുകള്‍ എന്നെ പേടിപ്പിച്ചു. ഞാന്‍ ഉറക്കെ നിലവിളിച്ചു. എവിടുന്നോ അമ്മ ഓടിയെത്തി, അയാള്‍ പിടഞ്ഞെഴുനേറ്റു. അമ്മ അയാളെ മുറിയുടെ മൂലയ്ക്ക് വച്ചിരുന്ന ഇരുമ്പ് കമ്പി കൊണ്ട് തല്ലുന്നുണ്ടായിരുന്നു. അയാള്‍ അമ്മയുടെ മുടി കെട്ടില്‍ ചുറ്റി പിടിച്ചു ചുമരിലേക്കു വലിച്ചു തള്ളി,തുറന്ന വാതിലിലൂടെ എവിടേക്കോ ഓടി മറഞ്ഞു.

അമ്മയെന്നെ വാരി എടുത്തു,പൊട്ടി കരഞ്ഞു.ഞാന്‍ പേടിച്ചു വിറച്ചു കരഞ്ഞു കൊണ്ട് അമ്മയുടെ നെഞ്ചില്‍ പറ്റി ചേര്‍ന്നു. അമ്മ വന്നില്ലായിരുന്നെങ്കില്‍ അത് എനിക്കോര്‍ക്കാന്‍ വയ്യ..അയാളുടെ നഖം കൊണ്ട് കോറിയ മുറിവുകളില്‍ അമ്മ മരുന്ന് വച്ച് കെട്ടി.

അന്ന് രാത്രി അമ്മ എന്നെ തനിച്ചാക്കി പോയില്ല. അമ്മയെ കെട്ടിപിടിച്ചു ഉറങ്ങിയ ആ രാത്രിയില്‍ ഇടക്ക് ഉണര്‍ന്നു ഞാന്‍ നോക്കുമ്പോള്‍,ഉത്തരത്തിലേക്കു കണ്ണും നട്ട് ഉറങ്ങാതെ കിടക്കുന്ന അമ്മയെ ഞാന്‍ കണ്ടിരുന്നു.. ആ കണ്ണുകളില്‍ നിന്ന് പൊടിഞ്ഞ ചുടു രക്തം എന്റെ നെറ്റിയില്‍ പരന്നാണ് ഞാന്‍ ഉണര്‍ന്നത്. ഞാന്‍ കൈകള്‍ കൊണ്ട് അമ്മേടെ കണ്ണുനീരൊപ്പി. കരയണ്ടാണ് പറഞ്ഞു ആശ്വസിപ്പിച്ചു. അമ്മ എന്റെ കുഞ്ഞിക്കയ്യില്‍ ഉമ്മകള്‍ തന്നു. ഇനിയും അയാളെന്നെ കൊല്ലാന്‍ വരുമോന്ന് ഞാന്‍ പേടിച്ചു ചോദിച്ചു.

” ആരും വരില്ല ,എന്റെ കുട്ടി സുഖമായി ഉറങ്ങു” അമ്മയുടെ കരവലയത്തിനുള്ളില്‍ ,അമ്മ ഉണര്‍ന്നിരിക്കുന്നല്ലോ എന്ന സമാധാനത്തില്‍ ഞാന്‍ അന്ന് നന്നായി ഉറങ്ങി.

അനാഥാലയത്തിലെ കന്യാസ്ത്രീകളോട് അമ്മ സംസാരിക്കുന്നതു ഞാന്‍ നോക്കി ഇരുന്നു. അവര്‍ എനിക്ക് കഴിക്കാന്‍ മധുര പലഹാരങ്ങള്‍ തന്നു. ഞാന്‍ അത് ആര്‍ത്തിയോടെ കഴിക്കുന്നത് കുറച്ചു നേരം അമ്മ നോക്കി ഇരുന്നു. ഞാന്‍ ഓരോന്ന് തിന്നാന്‍ എടുക്കുമ്പോഴും അമ്മക്ക് നേരെ നീട്ടും. അമ്മ അതൊക്കെ എന്റെ വായിലേക്ക് വച്ച് തന്നു. അമ്മയുടെ കണ്ണ് കരഞ്ഞു കലങ്ങി ഇരുന്നു. എന്തോ ഒന്ന് പറഞ്ഞു അമ്മ എന്റെ കൈ അതൊരു കന്യസ്ത്രീയുടെ കൈയിലേക്ക് ചേര്‍ത്തു വചു. എന്നിട്ട് പോകാനൊരുങ്ങി. ഞാന്‍ അമ്മയുടെ സാരിത്തലപ്പില്‍ കടന്നു പിടിച്ചു.

അമ്മ എന്റെ മുന്നില്‍ മുട്ടുകുത്തി ഇരുന്നു. എന്നെ ചേര്‍ത്തു നിര്‍ത്തി,എന്റെ ചെമ്പിച്ച തലമുടി മാടി ഒതുക്കി ,മുഖത്ത് ഒരുപാടു ഉമ്മകള്‍ തന്നു. അമ്മ പൊട്ടി കരയുന്നുണ്ടായിരുന്നു. പിന്നെ എന്റെ മുഖത്ത് നോക്കാതെ സാരിത്തലപ്പു കൊണ്ട് മുഖം പൊത്തി എഴുനേറ്റു. തിരിഞ്ഞു നോക്കാതെ പടി കടന്നു പൊയ് മറഞ്ഞു. ഞാന്‍ അമ്മയെ വിളിച്ചു അലറി കരഞ്ഞു. പിന്നെ ഒരിക്കലും ഞാന്‍ ആ അമ്മയെ കണ്ടില്ല.

അവര്‍ എന്നെ സമാധാനിപ്പിച്ചു. അവിടെ എനിക്ക് നല്ല ഉടുപ്പും,വയറു നിറയെ ഭക്ഷണവും ഒരുപാടു കൂട്ടുകാരെയും കിട്ടി. ഒരമ്മയുടെ സ്നേഹം ഒഴിച്ച്.

ആദ്യമൊക്കെ അമ്മയെ ഓര്‍ത്ത് ഞാന്‍ കരഞ്ഞിരുന്നു. നീറുന്ന രാത്രികളിലും അമ്മയുടെ ആശ്വാസം ഞാന്‍ ആയിരുന്നല്ലോ. എന്നെ കൊണ്ടുപോകാന്‍ വരുന്ന അമ്മയെ ഞാന്‍ കാത്തിരുന്നു. വരാതയപ്പോള്‍ ഉള്ളില്‍ ദേഷ്യം തോന്നി തുടങ്ങി. പിന്നെ കുറച്ചു കൂടി വളര്‍ന്നപ്പോള്‍ ആ അമ്മയുടെ മകളാണെന്നോര്‍ത്തു ലജ്ജ തോന്നി. പിന്നീടു dr വേണുവിന്റെയും ഗീതയുടെയും വളര്‍ത്തു മകള്‍ ആയപ്പോള്‍, അമ്മയുടെ സ്നേഹം പിന്നെയും നുകര്‍ന്നപ്പോള്‍, ചുവന്ന തെരുവില്‍ എന്നെ നൊന്തു പ്രസവിച്ച അഭിസാരികയെ ഓര്‍ക്കാനേ ഞാന്‍ അറച്ചു.

എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി അന്ന് അമ്മ എന്നോട് ആ ദയവു കാട്ടിയില്ലായിരുന്നെങ്കില്‍,ഇന്നു ഞാനും ആ ചുവന്ന തെരുവിലെ ഒരു ബലി മൃഗമായി മാറിയേനെ. അമ്മ ഇപ്പോഴും എന്നെ ഓര്‍ത്തു കരയുന്നുണ്ടാകുമോ? അമ്മക്ക് മനസ്സുകൊണ്ട് ഞാന്‍ കോടി പ്രണാമം നല്കി. ഏതോ ഒരു ചുവന്ന തെരുവില്‍ അമ്മ ഇപ്പോഴും ജീവിക്കുന്നുണ്ടാകുമോ? ഉണ്ടാകരുതേ. ഞാന്‍ കണ്ണടച്ച് പ്രാര്‍ത്ഥിച്ചു. സ്വന്തം അമ്മ ജീവിച്ചിരിപ്പുണ്ടാകല്ലേ എന്ന്‌ പ്രാര്‍ത്ഥിക്കുന്ന മകള്‍ ഞാന്‍ മാത്രം ആകുമോ? ഇന്നു കണ്ട സ്ത്രീയുടെ മകളും നാളെ എന്റെ ഇ പ്രാര്‍ത്ഥന ഏറ്റു ചൊല്ലുമോ?

നല്ലൊരു ഡോക്യുമെന്ററി കിട്ടിയ സന്തോഷത്തിലായിരുന്നു മണിയനും ആന്റണിയും. വാന്‍ ഗേറ്റിനു മുന്നില്‍ എത്തി. ആ വൃദ്ധ ദമ്പതികള്‍ ഉറങ്ങാതെ എന്നെയും കാത്തു അവിടെ നില്പ്പുണ്ടായിരുന്നു. കണ്ണിനെ മറച്ച ചുവന്ന വെളിച്ചത്തിലെ അവ്യക്തമായ ആ രൂപം മറന്നു ഞാന്‍ വാനില്‍ നിന്നിറങ്ങി വീണ്ടും പുതിയ ജീവിതത്തിലേക്ക്…..

Generated from archived content: story1_dec15_13.html Author: parvathy_sankar_ranjith

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here