അർത്ഥസംപുഷ്‌ടത നിറഞ്ഞ വാക്‌ധോരണികൾ ഉയർത്തപ്പെടുന്നു. മറ്റൊരു സമരമുഖം. പേനത്തുമ്പിലൂടെ അവൾ തന്റെ ഹൃദയത്തെ കടലാസിലേയ്‌ക്ക് പകർന്നു. ആകാശത്തുനിന്നും മിന്നൽപിണർപോലെ വാക്കുകൾ.
അനന്തമായ വാക്‌പ്രവാഹം…….
ആദ്യന്തമില്ലാതെ തുടരുകയാണ്. ജന്മാന്തരത്തിന്റെ കണ്ണികൾ ലോലമാകുന്നത് അവളറിഞ്ഞു. ഏതോ ഒരു ജന്മത്തിന്റെ തുടർക്കഥയാണിപ്പോൾ താൻ, ബലിക്കാക്കയുടെ രൂപത്തിൽ മോക്ഷത്തിനായ് ഇച്ഛിക്കുന്നു. അരിയും പൂവും അർച്ചിച്ച്, പാപപരിഹാരം ചെയ്ത് ആരാണ് ആ ആത്മാവിനെ നിത്യതയിലേയ്‌ക്ക് നയിക്കുക.
ആത്മാവിന്റെ ആഴങ്ങളിൽ, യമുനാനദി ഒഴുകുന്നു. കുളിർ തെന്നലുപോലെ… യമുനയുടെ തീരങ്ങളിൽ നിന്ന് രഥം മുന്നോട്ടുനീങ്ങുന്നു. മറുവശത്ത്, ഉണങ്ങാൻ തുടങ്ങിയ കൽപ്പടവിൽ വിരഹിണിയായ രാധ….
തന്റെ മുഖവുമായി സാമ്യമുണ്ടോ, രാധയ്‌ക്ക്…..?
എപ്പോഴാണ് തന്റെ ആത്മാവിന് മോക്ഷം ലഭിക്കുക… ചെയ്ത പാപങ്ങളുടെ കണക്ക് തീരുമ്പോൾ ഒരു പക്ഷേ….
യാത്രയിൽ എന്നും ഒറ്റയ്‌ക്കായിരുന്നു. ഭൂമിയിൽ ഒരു ജന്മം അനുവദിച്ചപ്പോൾ ഈശ്വരൻ അറിയിച്ചിരുന്നു. മറ്റൊരു രാധയാകാനാണ് നിന്റെ യോഗം. ഭർത്താവ് ജീവിച്ചിരിക്കെയും മറ്റൊരുവനുവേണ്ടി ദുഃഖമനുഭവിക്കേണ്ടി വന്ന യോഗം.
ഏകാന്തത ഒരിക്കലും മടുപ്പ് തന്നിട്ടില്ല. മരങ്ങളും, മലകളും പുഴയുമൊക്കെ സുഹൃത്തുക്കളായിരുന്നു. ഓരോ പുലരിയ്‌ക്കുമായുളള കാത്തിരിപ്പ്…. രാത്രിയുടെ നീളം പ്രശ്നമായിരുന്നു. പണ്ടും ഇരുട്ട് ഇഷ്‌ടമായിരുന്നില്ലല്ലോ. ഒടുവിൽ…… മറ്റൊരു പുലരിപോലെ ജീവിതത്തിൽ ഒരു സ്‌നേഹസാമിപ്യം, ഘനശ്യാം.
ആദ്യം അഡ്‌ജസ്‌റ്റ് ചെയ്യാൻ വിഷമിച്ചു. ഏകാന്തതയിലെ സുഖം മറ്റൊന്നിനുമില്ലെന്ന് വിശ്വസിച്ചു. പക്ഷേ, പിന്നീട് മനസ്സിലായി, സ്‌നേഹിക്കാൻ ആരെങ്കിലും ഉണ്ടാകുമ്പോഴേ ഭൂമിയിൽ ജീവിതത്തിന് അർത്ഥം കിട്ടുന്നുളളൂവെന്ന്. പക്ഷേ, ആ അർത്ഥത്തിന്റെ അർത്ഥശൂന്യതയറിയാൻ ഒരുപാട് വൈകി.
ഒരുപാട് വേദനിച്ചു, ഒടുവിൽ ശ്യാമിനെ ഹൃദയത്തിൽനിന്ന് പറിച്ചുമാറ്റേണ്ടി വന്നപ്പോൾ. ആൾക്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ടു പോയതുപോലെ. ദിക്കറിയാതെ, ലക്ഷ്യമില്ലാതെ പിന്നെയുമലഞ്ഞു. എപ്പോഴൊ വീണ്ടുമൊരു ആശ്വാസവുമായി ഗുപ്തനെത്തി. ഗുപ്തനോടൊപ്പം ഒരേ തോണിക്കാരെപ്പൊലെ യാത്രയായി…..
പിന്നീട് വന്ന മാറ്റങ്ങളെകുറിച്ച് പലരും സൂചിപ്പിച്ചു. പക്ഷേ, പുലരിമഞ്ഞുപോലെയുളള ആ സ്‌നേഹം മാത്രം മറക്കാൻ കഴിഞ്ഞില്ല. ഇണങ്ങിയും പിണങ്ങിയും പൊയ്‌പ്പോയ നാളുകൾ. ഹൃദയം പറിച്ചുനട്ടതിന്റെ വേദന ശരിക്കും അനുഭവിച്ചത്, ‘മർച്ചന്റ് കോളനി’യിലെ തങ്ങളുടെ തൊട്ടടുത്ത വീട്ടിൽ ഘനശ്യാമും ഭാര്യയും കുഞ്ഞും താമസത്തിന് വന്നപ്പോഴായിരുന്നു.
ആദ്യമായ് ഏകാന്തത വല്ലാതെ ശല്യപ്പെടുത്താൻ തുടങ്ങിയതും അക്കാലത്തായിരുന്നു. ജോലിത്തിരക്കുളള ദിവസങ്ങളിൽ, കണികാണാൻ കൂടി കിട്ടില്ല ഗുപ്തനെ.
ഏകാന്തതയുടെ വിരസതയകറ്റാൻ വീണ്ടും ശ്യാം…. മാതാപിതാക്കളുടെ എതിർപ്പിനുമുന്നിൽ തലകുനിച്ച് പരസ്പരം വഴിപിരിഞ്ഞ്, ഒടുവിൽ വീണ്ടും…
പിന്നീട് ഗുപ്തന്റെ മരണശേഷമുണ്ടായ വലിയൊരു ഒറ്റപ്പെടലിൽ നിന്നും കരകയറാൻ സഹായിച്ചതും ശ്യാമിന്റെ സ്‌നേഹമായിരുന്നു. ഗുപ്തന് മോക്ഷം കിട്ടിയിരിക്കണം.
പക്ഷേ താൻ…. മരിച്ചിട്ടും അലയുന്നു, പൂർത്തീകരിക്കാത്ത സ്‌നേഹവും തേടി.
എഴുതിയ വാക്കുകളോരോന്നും അഗ്‌നിത്തുണ്ടുകളാണെന്നു തോന്നി. സ്വയമൊരുക്കിയ ഒരഗ്നികുണ്ഡം. ആളിക്കത്തുന്ന അക്ഷരത്തുണ്ടുകളിലേയ്‌ക്ക് അവൾ എടുത്തുചാടി. ഹൃദയം നീറുന്നു. നീറട്ടെ, അങ്ങനെയെങ്കിലും ഗുപ്തനോട് ചെയ്ത പാപം എരിഞ്ഞു തീരട്ടെ.
ശരീരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റപ്പോൾ കൈവന്ന ആത്മചൈതന്യം പല സത്യങ്ങളും കണ്ടെത്താൻ സഹായിച്ചു. തന്റെ മുഖം തെളിഞ്ഞിരുന്ന മെഴുകുതിരി അണഞ്ഞിരിക്കുന്നു. മറ്റൊന്നുകൂടി കണ്ടു, ശ്യാമിന്റെ മുഖമുളള തീജ്വാലകൾ അതിന്റെ അന്ത്യത്തെ പുല്‌കാൻ വെമ്പുന്നു. കാറ്റിലാടിയുലയുകയാണത്.
നിമിഷങ്ങൾക്കകം പെട്ടെന്ന് വന്നൊരു കാറ്റ്, ആ ജ്വാലയെ അണച്ചു. മറ്റൊരു ആത്മാവ് കൂടി ഉയിർകൊണ്ടിരിക്കുന്നു. അതിഥിയായ ആത്മാവ് ഒഴുകി, ഘോരവനങ്ങളും, മഞ്ഞുമലകളും, മരുഭൂമിയുമൊക്കെ കടന്ന്, ജന്മബന്ധങ്ങളുടെ തോലൂരിയെറിഞ്ഞ്, ലക്ഷ്യത്തിലേയ്‌ക്കുളള പ്രയാണം. അതിഥിയുടെ കൈകൾ, അവൾ ഏറ്റുവാങ്ങി.
പാപം കളഞ്ഞ തന്റെ ഹൃദയവുമായി അവൾ, അവനൊപ്പം ഒഴുകി.
തിരിഞ്ഞു നോക്കിയപ്പോൾ ഒരു കവാടം തുറന്നു കിടന്നു.
വൈകിവരുന്ന അതിഥികളെയും കാത്ത്…..
Generated from archived content: story_may21.html Author: parvathi_s_pillai