എനിക്കെന്തൊക്കെയാണീ സംഭവിക്കുന്നത്! ഒരപ്പൂപ്പൻതാടിയോളം ഭാരമേയുളളു ഇപ്പോ എനിക്ക്. ഞെട്ടറ്റടർന്ന പുഷ്‌പം കാറ്റിൽ പറന്നു നടക്കുന്ന ഒരു ദൃശ്യം എന്റെ മനസ്സിലൂടെ പാഞ്ഞു. ഞാനിങ്ങനെ ഉയർന്നു പറക്കുകയാണ്…. ലക്ഷ്യമില്ലാതെ, ആത്മാവിനെ ആരോ ആവാഹിക്കുകയാണ്. ഞാൻ കണ്ടു, ചോരക്കണ്ണും കൊമ്പൻ മീശയുമുളള ഒരു ഭീകരരൂപി….
എന്റെ മിഴികൾ പതുക്കെ വിടർന്നു വന്നു. അതൊരു സ്വപ്‌നമായിരുന്നു. ഞാൻ ആശ്വാസം കൊണ്ടു. പക്ഷേ… അനിർവചനീയമാണ് ആ യാത്ര, ഒരപ്പൂപ്പൻ താടിപോലെ മേഘമാലകൾക്കിടയിലൂടെ പറന്ന് പറന്ന്… ആ യാത്ര സ്വപ്നമാവുന്നത് എനിക്കിഷ്‌ടമില്ല. സുഗന്ധം പൂശി ഒഴുകുന്ന കാറ്റിനൊപ്പം മറ്റൊരു സുഗന്ധമായി ഞാൻ….
ഞാൻ എണീച്ച് കട്ടിലിൽ ഇരുന്നു. മുറ്റത്ത് എന്തൊക്കെയോ ശബ്‌ദങ്ങൾ കേൾക്കുന്നു. ഞാൻ ജനാലയ്‌ക്കരുകിൽ ചെന്നുനിന്നു. താഴെ, അമ്മയുടെ ബഹളമാണ്. കരയുളള സെറ്റും മുണ്ടും നെറ്റിയിൽ ചന്ദനക്കുറി, കുങ്കുമപ്പൊട്ട്….
“ഓ, അമ്പലത്തിൽ പോയിട്ടുളള വരവാണ്.‘ അച്ഛമ്മ പറയിണത് എനിക്ക് വേണ്ടിയാണ് അമ്മ അമ്പലത്തീ പോണത് എന്നാണ്, എന്റെ ഏനക്കേട് മാറാൻ.
”അല്ലാ, എനിക്കെന്താ ഏനക്കേട്.“ അപ്പു പറയിണത് എനിക്ക് ഭ്രാന്താണെന്നാണ്. ”അല്ലേ, ഭ്രാന്താത്രേ, അതും എനിക്ക്, അവനാ ഭ്രാന്ത്, ഭ്രാന്തൻ.“ ഞാൻ ആശ്വാസം കൊണ്ടു.
എന്നെക്കാൾ മൂന്നുവയസ്സിന്റെ ഇളപ്പമുണ്ടവന്ന്. എന്നാലും, എപ്പോഴും ഭരണമാണ്. ’മീനാക്ഷി അതുചെയ്യ്, മീനാക്ഷി ഇതിങ്ങ്‌ട് എടുത്തു വരൂ‘ എന്നൊക്കെ. ശല്യംതന്നെ. അമ്മ എന്നെക്കൊണ്ട് ഒരു ജോലീം ചെയ്യിപ്പിക്കില്ല. ഏനക്കേടുളള കുട്ടിയല്ലേ.
”അല്ലാ, സത്യം പറഞ്ഞാ എനിക്കെന്താ ഏനക്കേട്, ആവോ“ ഞാനൊന്നു ആഞ്ഞ് നിശ്വസിച്ചു.
പക്ഷേ ഒരു കാര്യം സത്യമാണ്. ഞാൻ ചിലപ്പോഴൊക്കെ ഭാരമില്ലാതെ ആകാശത്ത് കാറ്റിനൊപ്പം ഒഴുകി നടക്കാറുണ്ട്. ചിലപ്പോ അമ്പിളി അമ്മാവനോടൊത്ത്. ചിലപ്പോ മിന്നാമിനുങ്ങുകളോടൊത്ത് അങ്ങനെ അങ്ങനെ… എന്തു രസമാണപ്പോൾ.
അപ്പു പറഞ്ഞത് ഞാനോർത്തു. ഞാൻ ചിലപ്പോൾ ഒരു കാരണവുമില്ലാതെ പൊട്ടിച്ചിരിക്കൂത്രേ, ചിലപ്പോ തനിയെ സംസാരിക്കും, ”അതേയോ“ ഞാനെന്നോട് തന്നെ ചോദിച്ചു.
അതു ശരിയായിരിക്കണം. ഞാൻ കാറ്റിനോട് കിന്നാരം പറയാറുണ്ട്. പൂക്കളോട് സംസാരിക്കാറുണ്ട്. പിന്നെ മഴ, പൂനിലാവ്, മിന്നാമിനുങ്ങ്….
”അവർ എന്റെ കൂട്ടുകാരല്ലേ. പിന്നെന്താ“. ഞാൻ ന്യായം കണ്ടെത്തി.
അവരെന്റെ അരികിൽ ഉണ്ടെങ്കിൽ പിന്നെ…. രാത്രിയിൽ ഇലഞ്ഞിപ്പൂവിന്റെ മദഗന്ധത്തിനോടൊപ്പം ഞാനുമൊഴുകും. നിലാവത്തുമയങ്ങുന്ന വയലുകളേയും സ്വപ്നം കാണുന്ന പൂക്കളെയുമൊക്കെ തഴുകിക്കൊണ്ട്, ഞാൻ പറന്നുയരും. പിന്നെ എനിക്കൊന്നും ഓർമ്മയുണ്ടാവില്ല.
നിമിഷങ്ങൾ നാഴികകളാകുന്നു, നാഴികകൾ ഒരു ദിനം നിറയ്‌ക്കുന്നു. എത്ര പെട്ടെന്നാണ് സന്ധ്യവന്നത്. പൂനിലാവൊഴുകുന്ന സന്ധ്യ. പക്ഷേ….. ആകാശത്ത് കാർമേഘമാണ്. മഴ പെയ്യുമെന്ന് തോന്നുന്നു. സാരമില്ല, അവനും എന്റെ പ്രിയപ്പെട്ട കൂട്ടുകാരനല്ലേ. മണി പത്തടിക്കാൻ കാത്തുനിന്നു മഴ പെയ്യാൻ. ഇടിയും മിന്നലും ആകെ ഒരു ബഹളമാണ് പുറത്ത്. എന്റെ ചിന്തകൾ കാടുപിടിച്ചു. അറിയാതെ എന്റെ കാലുകൾ പുറത്തേയ്‌ക്ക് ചലിച്ചു. ’വല്യ പെങ്കുട്ട്യോള് രാത്രീല് മുറ്റത്തിറങ്ങരുത്‘ എന്ന അച്ഛമ്മയുടെ വാക്കുകളെ ഞാൻ കടന്നുപോയി. ശബ്‌ദമുണ്ടാക്കാതെ ഞാൻ മുറ്റത്തേയ്‌ക്കിറങ്ങി. ഒരു വലിയ മിന്നലിൽ, ഞാൻ കണ്ടു കുറെ ഈയ്യലുകൾ ചിറകറ്റ് നിലത്തുകിടക്കുന്നു. എനിക്ക് കഷ്‌ടം തോന്നി. എന്റെ കാലുകൾക്ക് ശക്‌തി കുറയുന്നതായി തോന്നി. ശരീരത്തിന്റെ ഭാരം കുറയുന്നോ? ഞാൻ മഴയത്തിറങ്ങി. അവന്റെ വിരലുകൾ എന്റെ ശരീരത്തെ സ്പർശിച്ചപ്പോൾ എനിക്ക് അതിയായ രോമാഞ്ചമുണ്ടായി. പൊടുന്നനെ എനിയ്‌ക്ക് രണ്ട് ചിറകുകൾ മുളയ്‌ക്കുന്നതായി തോന്നി. രണ്ട് കുഞ്ഞിച്ചിറകുകൾ. മുളയ്‌ക്കുന്ന ചിറകുകൾ ഞാനാഞ്ഞടിച്ചു. എന്റെ ഭാരം പൂർണ്ണമായും കുറഞ്ഞ് ഒരപ്പൂപ്പൻ താടിപോലെ മുകളിലേയ്‌ക്കുയർന്നു. ഉയർന്നുയർന്ന് എങ്ങോ എത്തിയപ്പോൾ എനിക്കുറങ്ങാൻ ഒരിടം വേണ്ടിയിരിക്കുന്നു. ഇതൊന്നും സ്വപ്‌നമാകാതിരിക്കട്ടെ….
Generated from archived content: story_avsthandaram.html Author: parvathi_s_pillai