വിപ്ലവകാരിയുടെ ഭാര്യ

സൂര്യദാഹം നിന്റെ

കണ്ണുകളിൽ ഞാൻ കാണുന്നു.

സ്വപ്‌നത്തിൽ നിന്റെ

കൈപിടിച്ച്‌ ഞാൻ നടന്നു.

മഞ്ഞിന്റെ വെണ്ണക്കൽ

പാറകളിൽ ഞാനെന്റെ

ആത്മാവിനെ തളച്ചിട്ടതും

പ്രണയത്തിന്റെ നരച്ച

ചുവപ്പിൽ എന്റെ മൗനങ്ങൾ

നിന്നിലേയ്‌ക്ക്‌ പെയ്തിറങ്ങിയതും

ഞാനറിയുന്നുണ്ടായിരുന്നു.

വഴിയരുകിലെ ഓട്ടുകിണ്ണത്തിൽ

നിറച്ചുവച്ച നറും മുന്തിരി-

നീരിൻ ലഹരിയിൽ പതഞ്ഞെങ്കിലും

നരകത്തിന്റെ ഇരുണ്ട ഗർത്തം

നമ്മിൽ നിറച്ച ശൂന്യത

ഞെട്ടടർന്ന ദലങ്ങളെപ്പോലെ

വായുവിൽ ഒഴുകിനടക്കുമ്പോൾ

നിന്റെ നെഞ്ചിലെ,

തിളയ്‌ക്കുന്ന ചൂട്‌

ഞാനറിയുകയായിരുന്നു.

പിന്നീട്‌,

സ്വപ്‌നത്തിൽ നിന്റെ കൈപിടിച്ച്‌

തീരങ്ങളിലേയ്‌ക്ക്‌ യാത്ര…

കട്ടിലിലെ നരച്ച മുഖമുളള

നിന്റെ പിതാവിന്റെ ഏകാന്തത.

വഴിയിലെ പലഹാരക്കടയിൽ

വിൽക്കുവാൻ വച്ച സ്വപ്‌നങ്ങൾ

നിന്റെ അമ്മയുടേതാണെന്ന്‌

മന്ത്രിച്ച നിന്റെ മൗനം.

കാട്ടുനായ്‌ക്കളുടെ പിടിവലിയിൽ

എല്ലാം നഷ്‌ടമായ നിന്റെ

അനുജത്തിയ്‌ക്ക്‌ എന്റെ സ്പർശം

ആശ്വാസമെന്ന്‌ നീ.

നിന്റെ കണ്ണിലെ മടുക്കാത്ത വിപ്ലവച്ചൂട്‌

എന്റെ നെഞ്ചിലേയ്‌ക്കു പകർന്നപ്പോൾ,

ഞാൻ കരുതിയിരുന്നില്ല

ജീവിതം എല്ലാവരാലും ഒറ്റപ്പെടുമെന്ന്‌.

എനിക്ക്‌ നീ മതി

നിന്റെ വിപ്ലവം മതി.

ഈ ജ്വാലയിൽ എന്റെ

സ്വപ്‌നങ്ങളുടെ കടുംവർണ്ണം നരച്ചാലും,

മനസ്സിലെ കനലുകൾക്ക്‌ തിളയ്‌ക്കുന്ന

അഗ്നിയുടെ നിറമായിരിക്കും.

ക്രൂരനായ ഏപ്രിലിന്റെ മടിയിൽ

സൂര്യദാഹം തിളയ്‌ക്കുമ്പോൾ

നിന്റെ കണ്ണുകളിൽ

ഉറങ്ങിയുണർന്ന ഞാൻ

നിന്നെ സമാശ്വസിപ്പിക്കാം.

വരാൻ പോകുന്ന വസന്തത്തിന്റെ

തുടിപ്പിൽ അലിയുന്നതിനെക്കുറിച്ച്‌

നമുക്ക്‌ സ്വപ്‌നങ്ങൾ നെയ്യാം.

കവി പാടിയപോലെ,

നാളത്തെ വസന്തം ദൂരത്തല്ലാതെ

നമ്മെ കയ്യാട്ടിവിളിക്കുന്നു.

ഇന്നീ വേനലിന്റെ മടിത്തട്ടിൽ

തലചായ്‌ച്‌ നമുക്കുറങ്ങാം.

തണുത്തുറഞ്ഞ ഹൃദയങ്ങളുണ്ടല്ലോ

ഒരു സമാശ്വാസമെന്നോണം.

Generated from archived content: poem2_sep22.html Author: parvathi_s_pillai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English