നൊമ്പരം

ഉണ്ണിയുടെ കത്ത്.

‘’ഓപ്പോളെ, അന്ന് കെട്ടിപ്പിടിച്ച് എന്റെ അത്യാഹ്ലാദം പ്രകടിപ്പിച്ചത് തെറ്റായിപ്പോയെന്നു തോന്നുന്നു . ബാലിശമായിപ്പോയി അത്. ഓപ്പോളുടെ ദു:ഖത്തിന്റെ ശക്തമായ അടിയൊഴുക്കിനെക്കുറിച്ച് ദുര്‍ബ്ബലമായ ഒരു നിമിഷത്തില്‍ ഞാന്‍ ബോധവാനല്ലാതായിതീര്‍ന്നു ക്ഷമിക്കു’’

ഒന്നും സാരമില്ല ഉണ്ണീ, ഞാനെന്നും കൊതിച്ചിരുന്ന സൃഷ്ടിയുടെ അത്യുല്‍ക്കടമായ ദു:ഖവും വാരിയെടുത്തുയര്‍ത്തുന്ന ആഹ്ലാദവും നീ മനസ്സിലാക്കിക്കഴിഞ്ഞു. നിനക്ക് വാക്കുകള്‍ കൊണ്ടുള്ള സൃഷ്ടിയിലൂടെ തന്നെ അവാച്യമായ ആ അനുഭൂതി ലഭിക്കുന്നു. എന്നാല്‍ എനിക്കതു പോര. എന്റെ തപസ്സ് നിന്നേപ്പോലെ മജ്ജയും മാംസവുമുള്ള മനുഷ്യരെ സൃഷ്ടിക്കാനാണ്. ഇനിയും എഴുതുക.

ഉണ്ണിയുടെ ആദ്യത്തെ കഥ പ്രസിദ്ധീകരിച്ച ദിവസമായിരുന്നു അത്. മാസികയുമായി ഓടിയണഞ്ഞ അയാള്‍ തന്നെ കെട്ടിപ്പുണര്‍ന്നു.

‘’ഓപ്പോളെ, എന്റെ കഥ പ്രസിദ്ധീകരിച്ചിരിക്കുന്നു’‘!

അപ്പോള്‍ അയാള്‍ ചിരിക്കുകയായിരുന്നോ , അതോ കരയുകയായിരുന്നോ? ചിരിക്കുകയായിരുന്നു പക്ഷെ , കണ്ണുനീര്‍ ധാരയായൊഴുകിയിരുന്നു.

പെട്ടെന്നുള്ള അന്ധാളിപ്പ് കാരണം പ്രതീക്ഷിച്ചതുപോലുള്ള പ്രതികരണം ഒരു പക്ഷെ തന്റെ മുഖത്ത് കണ്ടില്ലായിരിക്കാം. എന്തുകൊണ്ടോ അയാള്‍ കുറേ നേരത്തേക്ക് മിണ്ടിയില്ല.

‘’ എന്തു പറ്റി ഉണ്ണി പെട്ടെന്ന് വാടിയത്?’‘

‘’ ഏയ്, ഒന്നുമില്ല ‘’ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.

ചോദ്യത്തിന്റെ ശരിയായ ഉത്തരമാണ് ഇപ്പോള്‍ വന്നത്. ഇതിന്റെ പേരില്‍ കുറെയധികം ചിന്തിച്ച് മനസ്സ് പുണ്ണാക്കിയിരിക്കണം അയാള്‍ . ഉണ്ണി എപ്പോളും ഇങ്ങനെയാണ്. എന്തെങ്കിലും നിസ്സാര കാരണം മതി. മട്ടങ്ങു മാറും. പിന്നെ മൗനം. സ്വയം പഴിക്കുകയാണെന്നറിയാം. ആണ്‍കുട്ടികള്‍ ഇത്ര തൊട്ടാവാടികളാകാമോ? ഒന്നുമില്ലെങ്കില്‍ ചുറ്റും നടക്കുന്നതെല്ലാം ജീവിതകാലം മുഴുവനും കാണുകയും കേള്‍ക്കുകയും ചെയ്യേണ്ടതല്ലേ? ഒരു പക്ഷെ, ഭാവനയുടെ വിഹായസ്സില്‍ വിഹരിക്കുന്നതു കൊണ്ടാവാം ഇത്. എങ്കില്‍ പിന്നെ തന്റെ ദു:ഖത്തിന്റെ വെളിച്ചം കടക്കാത്ത കുണ്ടന്‍ കിണറ്റിലെ ഈര്‍പ്പവും പാ‍യലും മൂടിയ കല്‍പ്പൊത്തുകളിലേക്കിറങ്ങി വരുന്നെതെന്തിനാണ്? ഉണ്ണി പോകു, നിന്നെ ഞാന്‍ അനുഗ്രഹിച്ചയക്കുന്നു. അനന്തമായ നീലവിഹായസ്സില്‍ എല്ലാം മറന്ന് പറന്ന് നടക്കുക.

പക്ഷെ, ഉണ്ണി വീണ്ടും വന്നു.

അദ്ദേഹമൊഴിച്ച് മറ്റാരും തന്റെ ദു:ഖങ്ങളിലേക്ക് ഇത്രയും അടുത്ത് വന്നിട്ടില്ലെന്നു തോന്നുന്നു.

അദ്ദേഹവും തളരുകയാ‍ണോ. ജീവിതത്തിനൊരര്‍ത്ഥവും തേടിയലഞ്ഞ്? എങ്കില്‍ താ‍നല്ലേ അതിന്റെ കാരണക്കാരി?

പണ്ട് എന്തൊരുത്സാഹമായിരുന്നു ? മെല്ലെ മെല്ലെ വാടി. ഇന്ന് വെറുതെ ജീവിച്ചു പോകുന്നു എന്നൊരു ഭാവമാണ് എപ്പോഴും. എന്നിട്ടും സരസത വിടാത്തതാണ് ഒരേയൊരാശ്വാസം.

ഒരിക്കല്‍ ഓഫീസില്‍ നിന്നു വന്നപ്പോള്‍ പറഞ്ഞു.

‘’ ഇന്ന് റയില്‍വേ സ്റ്റേഷനില്‍ വെച്ചൊരു കാഴ്ച കണ്ടു. ഒരമ്മ്യാരും മക്കളും പേരക്കിടാങ്ങളുമായി ഒരു സംഘം . അമ്മ്യാര്‍ ഭാണ്ഡമഴിച്ച് ഒരു പൊതിയെടുത്തു . എല്ലാവരും ചുറ്റുമിരുന്നു. അമ്മ്യാര്‍ പൊതി തുറന്നു – നെയ് സാദം . ഒരു വലിയ സ്പൂണ്‍ കൊണ്ട് എല്ലാവര്‍ക്കും കൊടുത്തു. കൂട്ടത്തില്‍ ചിരിയും കളിയും തമാശയും . തീര്‍ന്നപ്പോള്‍ അതാ വരുന്നു വീണ്ടും ഒരു പൊതി സാമ്പാര്‍ സാദം. പിന്നെ തൈര്‍ സാദം ഞാന്‍ കുറേ നേരം നോക്കിയിരുന്നു പോയി. ഒടുവില്‍ തീര്‍ച്ചയാക്കി ഇനിയും ഒരു പൊതിയും കൂടെ എടുക്കുകയാണെങ്കില്‍ ഞാനും ചെന്നിരിക്കും. ‘’

പൊട്ടിച്ചിരിക്കേണ്ടതിനു പകരം പൊട്ടിക്കരഞ്ഞു.

പുറത്ത് മൂവാണ്ടന്‍ മാവിന്റെ ചില്ലകളില്‍ ഇരുട്ടമര്‍ന്നിരിക്കുന്നു. കനത്തിരുണ്ട മുടിക്കെട്ടുപോലെ. ഇക്കൊല്ലം അതിന്മേല്‍ മാങ്ങയുണ്ടായില്ല. നിറയെ മാങ്ങയുള്ളപ്പോള്‍ എന്തു ഭംഗിയാണ് കാണാന്‍. ഇല്ലത്തെ കളേന്‍ മാവിന്റെ മാങ്ങക്ക് എന്തു ചന്തമായിരുന്നു! ഇരുട്ടു പരന്നാല്‍ അവ നക്ഷത്രങ്ങള്‍ പോലെ തിളങ്ങും .എത്ര ദിവസങ്ങളാണ് സന്ധ്യക്ക് അവയെ നോക്കിയിരിക്കാറുണ്ടായിരുന്നത്. വിസ്മൃതിയുടെ അഗാധമായ ജലപ്പരപ്പില്‍ പൊങ്ങിവന്ന് പൊട്ടുന്ന കുമിളകള്‍ പോലെ എത്ര എത്ര അനുഭൂതികളാണ് അവ തന്റെ ഹൃദയത്തില്‍ ഉണര്‍ത്തിവിട്ടത്!

മുത്തശ്ശിയാണ് ആ മാവ് നട്ടുവളര്‍ത്തിയത്. എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും കുളത്തില്‍ നിന്നും വരുമ്പോള്‍- മുത്തശ്ശി ഓരോ തമല വെള്ളം മാവിന്റെ കടക്കല്‍ ഒഴിക്കുമായിരുന്നു. മാവ് വളര്‍ന്ന് വലുതായി , അതിന്റെ വേരുകള്‍ ആ പുരയിടം മുഴുവന്‍ പരന്നപ്പോഴും മുത്തശ്ശി തന്റെ പതിവ് തുടര്‍ന്നു. ഒടുവില്‍ ആസന്നമരണയായി കിടക്കുമ്പോള്‍ മുത്തശ്ശിക്ക് ഒരു മോഹമുണ്ടായിരുന്നു. തന്നെ ആ മാവ് കൊണ്ടു തന്നെ ദഹിപ്പിക്കണം.

ഒരു മാങ്ങാക്കാലത്താണ് മുത്തശ്ശി മരിച്ചത്, കളേന്‍ മാവ് നിറയെ മാങ്ങ. മാവ് മുഴുവന്‍ വെട്ടിത്തീര്‍ത്തപ്പോഴേക്കും മുറ്റവും മുറികളുമെല്ലാം മാങ്ങകള്‍ കൊണ്ടു നിറഞ്ഞു. അതിഥികള്‍ക്കും നാട്ടുകാ‍ര്‍ക്കുമെല്ലാം ധാരാളം കൊടുത്തയച്ചു. അന്ന് ആ മാമ്പഴത്തിന്റെ രുചിയറിയാത്തവര്‍ അന്നാട്ടില്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്നു സംശയമാണ്. എല്ലാ കൊല്ലവും അയല്പക്കത്തെ കുട്ടികളെ വിളിച്ച് വൈശാഖദാനം നല്‍കിയിരുന്ന മുത്തശ്ശിക്ക് സന്തോഷമായിരിക്കണം.

ജ്യോതിഷത്തില്‍ നല്ല അവഗാഹമുണ്ടായിരുന്നു മുത്തശ്ശിക്ക് . പക്ഷെ, വളരെ കുറച്ചു പേര്‍ക്കേ അതറിയു. ഒരിക്കലും പ്രകടിപ്പിച്ചതേയില്ല. പലപ്പോഴും മുത്തശ്ശി തന്നോടു പറയാറുണ്ടായിരുന്നു .

‘’ നെണക്കെല്ലാം നന്നായി വരും ‘’

ഒരു വിഷാദച്ഛായ അപ്പോള്‍ ആ മുഖത്ത് നിഴലിക്കും. തന്റെ ഈ ദുര്‍‍ഗതി മുത്തശ്ശി അന്നേ മനസിലാക്കിയിരുന്നോ? വെറും ആശ്വാസവചനം മാത്രമായിരുന്നില്ലേ അത്? അതോ ഇനിയും തനിക്ക് നല്ലത് വരാനുണ്ടെന്നോ? ആ മനോഹര ദിവസത്തിനു വേണ്ടി താനനുഭവിക്കേണ്ട ദുരിതങ്ങളാണോ മുത്തശ്ശിയെ വിഷമിപ്പിച്ചത്?

‘’ എന്താ ഈ സന്ധ്യാ നേരത്ത് മാനത്തും നോക്കി തേങ്ങണത്?”

അങ്ങേലത്തെ ഏട്ത്തിയാണ്. എട്ടു മാസം തികഞ്ഞിരിക്കുന്നു ഇത് അഞ്ചാമത്തേതാണ് മൂന്നു പെണ്ണും ഒരാണും.

‘’ എനിക്ക് പൊട്ടിച്ചിരിക്കാനൊന്നും ഇല്ലാഞ്ഞിട്ട്.’‘

‘’ അപ്പോഴാണ് പൊട്ടിച്ചിരിക്കേണ്ടത് പൊട്ടിച്ചിരിക്കാന്‍ രസവും അപ്പോഴാണ്.’‘

”ഏട്ത്തിക്ക് അതൊക്കെപ്പറയാം.’’

‘’ ഓ, പിന്നെ നീയ്യ് പറയുന്നതു കേട്ടാല്‍ തോന്നും ഈ ലോകത്തുള്ള ദു:ഖമൊക്കെ നിനക്കങ്ങട് തീറെഴുതി തന്നിരിക്കയാണെന്ന്. എനിക്ക് ഈ പ്രസവം വേണ്ടെന്നായിരുന്നു വളരെ കരുതലോടെയാണ് കഴിഞ്ഞത്. എന്നിട്ടും സംഭവിച്ചു . രണ്ടു പ്രാവശ്യം ഇതിനെ കൊല്ലാന്‍ ശ്രമിച്ചു അറിയാമോ? പക്ഷെ ഡോക്ടര്‍ സമ്മതിച്ചില്ല. എന്തോ പ്രഷര്‍ ഉണ്ടെന്നോ മറ്റോ ആയിരുന്നു കാരണം. ഇനി പിറന്നു വീഴുമ്പോള്‍ എങ്ങിനെ യാണ് ഞാനതിന്റെ മുഖത്തു നോക്കുക?’‘

‘’ ആട്ടെ , ഏട്ടത്തി എന്തിനാണ് ഇപ്പോ ഈ ഇരുട്ടത്ത് ഇങ്ങോട്ട് വന്നത്?’‘

‘’ എനിക്കല്‍പ്പം മോരു വേണം. മോരില്ലെങ്കില്‍ അവിടെ ആര്‍ക്കും ഊണില്ല. ഇപ്പോ ഭരണിയെടുത്തു നോക്കിയപ്പോഴാണ് ഒറ്റത്തുള്ളി മോരില്ലെന്നറിഞ്ഞത്’‘

ഉണ്ണി വീണ്ടും വന്നു

‘ ഇതൊന്നും സാ‍രമില്ല, ഓപ്പോളെ, എത്ര പേരുണ്ടെന്നറിയോ കുട്ടികളൊന്നും വേണ്ടാന്നു പറഞ്ഞു നടക്കുന്നവര്‍ വെറും ശല്യം പ്രാരാബ്ധം . ഇനി ആറ്റു നോറ്റ് കുട്ടികളുണ്ടായിട്ടെന്താ, അവര്‍ തമ്മില്‍ വഴക്ക് , വയ്യാവേലി അച്ഛന്‍ ഒരു ചേരിയില്‍ അമ്മ മറ്റൊരു ചേരിയില്‍. എന്നും സംഘര്‍ഷം, ദു:ഖം ഇതൊക്കെ ആര്‍ക്കുവേണ്ടിയാണ്? നമുക്കല്ലേ ഈ വിഷമമൊക്കെയുള്ളു ? ഇതാ ഈ പുസ്തകങ്ങളിലെഴുതിരിക്കുന്നതു നോക്കു വളരെ പണ്ടെഴുതിയ കാര്യങ്ങള്‍ ഇന്നു പ്രവര്‍ത്തികമാക്കാ‍ന്‍ തൂടങ്ങിയിരിക്കുന്നു. അഞ്ചെട്ടു പേജുകള്‍ വായിച്ചെന്നു തോന്നുന്നു.

‘’ ഈ ചപ്പു ചവറുകള്‍ മേലില്‍ എന്റെ മുമ്പില്‍ കൊണ്ടുവന്നേക്കരുത്. മാതൃത്വത്തെ തള്ളിപ്പറയാന്‍ എനിക്കാ‍വില്ല ഉണ്ണി’‘

അച്ഛന്‍ കറതീര്‍ന്ന കമ്യൂണിസ്റ്റായിരുന്നു. ജീവിതം മുഴുവന്‍ ജയിലിലും ഒളിവിലും കഴിച്ചു കൂട്ടിയ ഒരു നേതാവ്. അലമാര നിറയെ മാര്‍ക്സും എംഗല്‍സും, ലെനിനുമെല്ലാമായിരുന്നു. തന്റെ പുരാണേതിഹാസങ്ങള്‍ കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങളായിരുന്നു. എന്നിട്ടിപ്പോള്‍ താനെത്ര അമ്പലങ്ങള്‍ കയറിയിറങ്ങി ? എത്ര വഴിപാടുകള്‍ കഴിച്ചു? എത്ര സദ്ഗീതങ്ങള്‍ ചൊല്ലി? അച്ഛാ, എന്നോടു ക്ഷമിക്കു. ഒരു കുഞ്ഞിക്കാല്‍ കാണാനുള്ള ഉല്‍ക്കടമായ അഭിവാഞ്ഛയാല്‍ അച്ഛന്‍ എന്നെ അണിയിച്ച പ്രബുദ്ധതയുടെ കവചങ്ങള്‍ എനിക്ക് വലിച്ചെറിയേണ്ടി വന്നു.

അതിനു പുറകെ മരുന്നുകളുടെ ഒരു പ്രവാഹം. വിവിധ പരിശോധനകള്‍, ഗുളികകള്‍, ടോണിക്കുകള്‍, കാപ്സ്യൂളുകള്‍ എന്നിങ്ങനെ. അയല്പക്കത്തെ കുട്ടികള്‍ക്ക് താനൊരു വലിയ കലവറയാണ്. വിവിധ രൂപത്തിലും വര്‍ണ്ണങ്ങളിലുമുള്ള കുപ്പികള്‍ കാണുമ്പോള്‍ അവരുടെ കണ്ണുകളില്‍ അലയടിക്കുന്ന ആഹ്ലാദം ഒന്നു കാണേണ്ടതു തന്നെയാണ്.

പുലരിയുടെ കുളിര്‍മ്മയും മനോഹാരിതയുമുള്ള നാളുകള്‍ എത്ര അകലെയാണ് ? ഈ ലോകം വിടരാന്‍ പോകുകയാണ് എന്ന തോന്നലും ഉള്ളില്‍ സൂക്ഷിച്ചുകൊണ്ടു തന്നെ നടന്ന നാളുകള്‍. കോളേജിന്റെ തന്റെ അടുത്ത ഒരു സ്നേഹിത പറയുമായിരുന്നു.

‘’ നീ മറ്റു കുട്ടികളേപ്പോയല്ല യു ആര്‍ പെര്‍ഫെക്റ്റ് ‘’

അന്ന് അതു കേള്‍ക്കുമ്പോള്‍ തന്റെ ഭാവമെന്തായിരുന്നു ? വ്യക്തമായി ഓര്‍ക്കുന്നില്ല ഇന്ന് ചിരിയാണ് വരുന്നത്

പൂര്‍ണ്ണത! മറ്റാരേക്കാള്‍ തനിക്കു യോജിക്കുന്ന വിശേഷണം! പിന്നീട് ഒരിക്കലും നാം തമ്മില്‍ കാണാഞ്ഞത് നന്നായി. അല്ലെങ്കില്‍ നിന്റെ നിഷ്കളകതയുടെ വര്‍ണ്ണശബളമായ ആ കുമിള എനിക്കു കുത്തിപ്പൊട്ടിക്കേണ്ടിവരുമായിരുന്നു.

ഗേറ്റ് തുറക്കുന്ന ശബ്ദം അദ്ദേഹമാണ് മുഖത്ത് സ്വത:സിദ്ധമായ ചിരി. ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ, ജീവിതം എന്നത്തേയും പോലെ ഇന്നും മനോഹരമാണെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ആര്‍ക്കാണറിയാത്തത് ഇത് വെറും അഭിനയമാണെന്ന് ?അങ്ങോട്ടുമിങ്ങോട്ടും കെട്ടിപ്പിടിച്ച് രണ്ടുപേരും കൂടി മുങ്ങുകയാണ്. പിടിവിടുവിക്കുകയാണ് ഭേദം ഒരാളെങ്കിലും രക്ഷപ്പെടട്ടെ.

‘’ ഇന്ന് ഓഫീസില്‍ ഓവര്‍ടൈം ജോലി വന്നു . പറ്റില്ലെന്നു പറഞ്ഞ് ഒഴിയാന്‍ നോക്കി വിട്ടില്ല. ഗോപിയും ഉണ്ടായിരുന്നു പോരുമ്പോള്‍ ആ ഉണ്ണാമന്‍ കൂടെ പുറപ്പെട്ടതാണ്. ‘’

ഞാന്‍ പറഞ്ഞു ‘’ ഇന്നു നീ വന്നാല്‍ ഞാനും അവളും പട്ടിണി കിടന്നതു തന്നെ’‘

‘’ എടാ, എനിക്ക് വളരെ കുറച്ച് ചോറു മതി’‘ എന്ന് അവന്‍

‘’അത് നീ പറയാതെതന്നെ എനിക്കറിയാമല്ലോ മോന്‍ മോന്റെ പാട് നോക്ക്.’‘

‘’ എന്നാല്‍ ഞാന്‍ പിന്നീട് വരാം.’‘

‘’ ശരി അങ്ങനെയാകട്ടെ.’‘

‘’ അങ്ങനെ ഒരു വിധത്തില്‍ ഊരിപ്പോന്നു. എന്തു പറഞ്ഞാലും അവന് കൂസലില്ല. അപാര തൊലിക്കട്ടി … ഇന്നെന്താ ആകെ കലങ്ങിമറിഞ്ഞ മട്ടാണല്ലോ?’‘

‘’ ഏയ്, ഒന്നുമില്ല പിന്നെ ഉണ്ണിയുടെ എഴുത്തുണ്ട്.’‘

‘’ ഉവ്വോ ? ഉണ്ണി എന്തു പറയുന്നു? അയാളിന്നും കുട്ടിയാണ്. ഞാന്‍ വിചാരിച്ചു ജോലിയൊക്കെ കിട്ടി ഒരു നിലയാവുമ്പോള്‍ അയാള്‍ എഴുത്തൊക്കെ നിറുത്തുമെന്ന്.’‘

കുളിയും ഊണും പെട്ടെന്ന് കഴിഞ്ഞു പണികളെല്ലാം കഴിഞ്ഞ് താന്‍ ചെന്നു.

‘’ ഇങ്ങനെ എത്രകാലം പോകാനാണ് ഭാവം ഒരു ലക്ഷ്യവും അര്‍ത്ഥവും ഇല്ലാതെ?

‘’ ആരു പറഞ്ഞു അര്‍ത്ഥവും ലക്ഷ്യവുമില്ലെന്ന് ?’‘

‘’ ആരും പറയേണ്ടല്ലോ എനിക്കൊരപേക്ഷയുണ്ട്’‘

‘’ എന്താണത്?’‘

അസഹ്യമായ നിശബ്ദത പുറത്തെ ഇരുട്ട് പോലെ കനത്തു നിന്നു. ഒടുവില്‍ എല്ലാ ശക്തിയും സംഭരിച്ചു കൊണ്ട് പറഞ്ഞു.

‘’ ഒരു പുതിയ വിവാഹം കഴിക്കണം. ഈ തീരാ ദു:ഖത്തില്‍ അതു മാത്രമേയുള്ളു ഒരു ശാന്തി. എനിക്ക് പരിപൂര്‍ണ്ണ സമ്മതമാണ് എന്നെക്കൊണ്ട് ഒരു ശല്യമുണ്ടവില്ല’‘

നീണ്ട പൊട്ടിച്ചിരിയുയര്‍ന്നു.

‘’ ഇന്ദു നിനക്കിപ്പോഴും എന്നെ ശരിക്കു മനസിലായിട്ടില്ല. ഞാന്‍ പറഞ്ഞിട്ടില്ലേ, നമ്മളെല്ലാവരും പ്രകൃതിയുടെ ഒരു ഭാഗം മാത്രം . പ്രകൃതി വിളിക്കുന്നിടത്തെല്ലാം ഞാനുമുണ്ടാവും. പ്രകൃതി കല്‍പ്പിക്കുന്നതെല്ലാം ഞാന്‍ ചെയ്യും. വെറുമൊരു ചതുരംഗക്കരു പോലെ . ഈ വിശ്വപ്രകൃതിക്ക് നമ്മുടെ ഒരു കുഞ്ഞിനെ വേണ്ടേ? വേണ്ടെങ്കില്‍ വേണ്ട അത്ര തന്നെ’‘

‘’പിന്നെ ഈ സാഹസങ്ങളൊക്കെ എന്തിനായിരുന്നു, മരുന്നും മന്ത്രവുമെല്ലാം?‘’

‘’ ഈ പറഞ്ഞ അതേ കാരണം കൊണ്ടു തന്നെ. ‘’

‘’ ഇനിയും എന്തൊക്കെയാണ് പരിപാടി?‘’

”രണ്ടു മാസം ഇതുപോലെ പോകട്ടെ അതിനു ശേഷം ഡോക്ടര്‍ പറഞ്ഞ ശസ്ത്രക്രിയ നോക്കാം. ശരിയായില്ലെങ്കില്‍ അമേരിക്കയില്‍ പുതിയ ചികിത്സ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെന്നു പറയുന്നു. അതും ശരിയായില്ലെങ്കില്‍ ശൂന്യാകാശത്തില്‍ പുതിയ ലാബോട്ടറി .. എന്താ നീ വരില്ലേ?’‘

‘’ വരാം’”

Generated from archived content: story2_feb16_12.html Author: parameswaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here