പാതയിലെ പ്രശ്‌നങ്ങൾ

പ്രശ്‌നങ്ങളിനിയുമുണ്ട്‌-

പാതയിൽ തന്റേതായ ഒരിടം,

ഇടതും വലതും, മുൻപും പിൻപും

സൂക്ഷിച്ച്‌, സ്വയം നിയന്ത്രിച്ച്‌,

പരിധികൾ വിടാതെ,

ഒഴുക്കിൽ പതറാതെ,

തന്റേടത്തോടെ

കാത്തു സൂക്ഷിക്കുക.

എതിർദിശക്കാരന്റെ

ഘോരമായ അലറിപ്പാച്ചിലിൽ,

കാലിടറാതെ,

അവനെ അവന്റെ പാടിന്‌ വിട്ട്‌

സ്വന്തം പാട്‌ നോക്കുക.

ചിലപ്പോൾ

മുന്നിലുള്ള മന്ദഗതിയെ,

മനസ്സാക്ഷിയുടെ ഹോണടി

വകവെക്കാതെ കടന്നുകയറുക,

അതേസമയം

ചില കടന്നുകയറ്റക്കാരെ

പോകാനനുവദിക്കണമോ എന്ന്‌

സ്വയം തീരുമാനിക്കുക.

എല്ലാറ്റിനുമുപരി

ഹോണടിയിൽ വീണു പോകാതിരിക്കുക!

ചിലപ്പോൾ

പതുക്കെ കളം മാറ്റിച്ചവുട്ടി

എതിർദിശക്കാരനോടടുത്ത്‌,

തക്കം പാർത്ത്‌,

കിട്ടുന്ന വിടവിലൂടെ ഇരച്ചുകയറി,

‘ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ,

(വീണ്ടും മനസ്സാക്ഷിയുടെ നശിച്ച ഹോണടി!)

എതിർവശം ചേരുക!

പുതിയ ദിശയിൽ,

പുതിയ പ്രശ്‌നങ്ങളുമായി

പഴയപടി

പതറാതെ മുന്നേറുക!

പ്രശ്‌നങ്ങളിനിയുമുണ്ട്‌…….

Generated from archived content: poem2_nov26_10.html Author: parameswaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here