വേറിട്ടുപോയ സംഗതികൾ

കാര്യമായ ഒച്ചപ്പാടൊന്നുമില്ലാതെ കടന്നുപോയ കഴിഞ്ഞ കൊല്ലത്തെ ‘മാൻ-ബുക്കർ പ്രൈസ്‌, വൈകിവന്ന വിവേകം പോലെ, 1958-ൽ ആദ്യമായി പ്രസിദ്ധീകരിച്ച, പ്രശസ്ത നൈജീരിയൻ നോവലിസ്‌റ്റായ ചിനുവ അചെബെ (Chinua Achebe)യുടെ ആദ്യനോവലായ ’തിങ്ങ്‌സ്‌ ഫാൾ അപ്പാർട്‌‘ (Things Fall Apart) എന്ന കൃതിക്ക്‌ ലഭിച്ചു.

കാലത്തിന്റെ കുത്തൊഴുക്കിൽ, വെളളക്കാരന്റെ കുതിക്കുന്ന കാലടികൾക്കിടയിൽ ഞെരിഞ്ഞമർന്ന്‌, ഒരു പ്രാചീന ഗോത്രസമൂഹത്തിന്‌ സ്വന്തമെന്നു പറയാവുന്ന എല്ലാം ഒന്നൊന്നായി കൈവിട്ടുപോകുന്ന ഹൃദയസ്‌പൃക്കായ കഥ പറയുന്നു ഈ നോവൽ. മതത്തെ കരുവാക്കി അതിന്റെ നിഴലിൽ തന്ത്രപരമായി മുന്നേറി പ്രാദേശിക ജനസമൂഹങ്ങളെ അസ്‌തപ്രജ്‌ഞ്ഞരാക്കി അധികാരവും രാജ്യവും കയ്യടക്കുന്ന പാശ്‌ചാത്യ സാമ്രാജ്യത്വ ശക്തിക്കെതിരായി സ്വന്തം സ്വത്വവും ശബ്‌ദവും നഷ്‌ടപ്പെട്ട, നിസ്സഹായരായ ജനസമൂഹം നടത്തുന്ന, പരാജയം വിധിക്കപ്പെട്ട ചെറുത്തുനില്‌പിന്റെ കഥകൂടിയാണ്‌ ഇത്‌.

ചരിത്രത്തിന്റെ സവിശേഷമായ ഒരു ദശാസന്ധിയിൽ നിലയുറപ്പിച്ചുകൊണ്ട്‌, സമൂഹത്തിന്റെ പ്രതിനിധിയായ നായകന്റെ വ്യക്തിദുരന്തങ്ങളിലൂടെ വെളളക്കാരന്റെ കടന്നുകയറ്റവും അതിന്‌ അവരെ അനുവദിച്ച ഗോത്രത്തിന്റെ ദൗർബ്ബല്യങ്ങളും കാലത്തിന്റെ പ്രതികൂലാവസ്ഥയും സമൂഹത്തിനേൽപ്പിക്കുന്ന ആഘാതങ്ങളും പ്രത്യാഘാതങ്ങളും നോവലിസ്‌റ്റ്‌ അനുഭാവപൂർവ്വം വരച്ചുകാട്ടുന്നു.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ, വിവിധരൂപത്തിൽ അരങ്ങേറിയ യൂറോപ്പ്യൻ സാമ്രാജ്യത്വ അധിനിവേശത്തിനടിപ്പെട്ട്‌ ജീവിക്കാൻ വിധിക്കപ്പെട്ട എല്ലാ സമൂഹങ്ങളുടെയും കഥയാണ്‌ ഇത്‌.

ഒകോങ്ക്വൊ മഹാമല്ലനും യുദ്ധവീരനുമാണ്‌. വളരെ ചെറുപ്പത്തിൽതന്നെ അയാൾ ’പൂച്ച‘ എന്ന ഓമനപ്പേരിലറിയുന്ന അജയ്യനായ അമലിൻസെയെ മലർത്തിയടിച്ചു. അങ്ങനെ അയാളുടെ ഖ്യാതി ഉംവോഫിയയിലെ ഒമ്പതു ഗ്രാമങ്ങൾക്കുമപ്പുറം വ്യാപിച്ചു.

എല്ലാം സ്വന്തം കഠിനാദ്ധ്വാനം ഒന്നുകൊണ്ട്‌ മാത്രമാണ്‌ ഒകോങ്ക്വൊ നേടിയെടുത്തത്‌. പിതൃസ്വത്തായി അയാൾക്ക്‌ ഒന്നും ലഭിച്ചില്ല. അയാളുടെ അച്‌ഛൻ ഉനോക മദ്യത്തിലും ഓടക്കുഴൽ വായനയിലും മുഴുകി അലസമായി ജീവിതം കഴിച്ചുകൂട്ടി. എല്ലാവരിൽ നിന്നും അയാൾ ഇഷ്‌ടം പോലെ കടം വാരിക്കൂട്ടി. സമൂഹത്തിലെ സ്‌ഥാനമാനങ്ങൾ ഒന്നും അയാൾക്ക്‌ ലഭിച്ചില്ല. ഇത്‌ ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ഏറ്റവും അപമാനകരമാണ്‌. ദേഹത്ത്‌ നീര്‌ വന്ന്‌ മരിച്ച അദ്ദേഹത്തിന്‌ മാന്യമായ ശവമടക്കൽ പോലും ലഭിച്ചില്ല. കുടുംബസ്വത്തായി ഒകോങ്ക്വൊയ്‌ക്ക്‌ ലഭിച്ചത്‌ അച്‌ഛന്റെ കടങ്ങൾ മാത്രമായിരുന്നു.

ഇതൊന്നും പക്ഷെ ഒകോങ്ക്വൊയെ തളർത്തിയില്ല. നാട്ടിലെ ഒരു സമ്പന്നന്റെ കീഴിൽ കൃഷിപ്പണി ചെയ്‌ത്‌ അതുകൊണ്ടുളള വരുമാനം കൊണ്ട്‌ അയാൾ കൃഷിസ്ഥലവും കിഴങ്ങുവിത്തുകളുമെല്ലാം സമ്പാദിച്ചു. ക്രമേണ കടങ്ങളെല്ലാം വീട്ടുകയും പുരയിടങ്ങളും കളങ്ങളും സ്വന്തമാക്കുകയും ചെയ്‌തു. ഇതോടൊപ്പം തന്നെ ഗോത്രത്തിലെ മൂന്ന്‌ ഉന്നതപദവികളും കരസ്‌ഥമാക്കി. തന്റെ സമ്പത്ത്‌ വിളിച്ചോതുന്ന തരത്തിൽ അയാൾ മൂന്ന്‌ വിവാഹം കഴിക്കുകയും മൂന്നുപേർക്കും നാട്ടുനടപ്പ്‌ പ്രകാരം പ്രത്യേകം കുടിലുകൾ പണിയുകയും ചെയ്‌തു. അങ്ങനെ അയാൾ നാട്ടിലെ ഏറ്റവും സമ്പന്നരായ പ്രമാണികളിലൊരാളായി മാറി. സമൂഹം ഭയഭക്തിബഹുമാനങ്ങളോടെ വീക്ഷിക്കുകയും എല്ലാ പ്രശ്‌നങ്ങളിലും അവസാനതീർപ്പു കല്‌പിക്കുകയും ചെയ്യുന്ന, പാതാളത്തിൽ നിന്നും വരുന്ന പിതൃക്കളുടെ പ്രതിരൂപങ്ങളായ പൊയ്‌മുഖം വെച്ച എഗ്വുഗ്വുക്കളുടെ നിരയിലും അയാളുണ്ട്‌.

അയൽഗോത്രമായ മ്‌ബൈനൊയുമായുളള സംഘർഷം ഒരു കന്യകയേയും ആൺകുട്ടിയേയും പിഴയായി ഉംവോഫിയയ്‌ക്ക്‌ നൽകിക്കൊണ്ട്‌ ഒത്തുതീർപ്പായപ്പോൾ ഉംവോഫിയയുടെ പ്രതിനിധിയായി അവിടെച്ചെന്ന്‌ അവരെ ഏറ്റുവാങ്ങിയതും ഒകോങ്ക്വൊ ആയിരുന്നു. ഇകെമെഫുന എന്നു പേരായ ആൺകുട്ടിയുടെ സംരക്ഷണ ചുമതല ഗോത്രം തത്‌ക്കാലം ഒകോങ്ക്വൊയെ ഏൽപ്പിക്കുകയാണുണ്ടായത്‌. അവൻ അയാളുടെ കുടുംബത്തിലെ ഒരംഗം പോലെ വളർന്നു. അയാളുടെ ആദ്യഭാര്യയിലെ മകനായ ന്വോയെയുടെ ഉറ്റചങ്ങാതിയായി മാറി അവൻ.

പൗരുഷത്തിന്റെ പ്രതിരൂപമായി അയാൾ സ്വയം വീക്ഷിച്ചു. എല്ലാവിധ ദൗർബ്ബല്യങ്ങളേയും അയാൾ വെറുത്തു. അതിന്‌ ഏറ്റവും വലിയ ദൃഷ്‌ടാന്തം അയാളുടെ അച്‌ഛൻ തന്നെയായിരുന്നു. താൻ അച്‌ഛനെപ്പോലെയാവുമോ എന്ന ഭയം അയാളെ നിരന്തരം വേട്ടയാടി. എല്ലാ സൗമ്യഭാവങ്ങളും അയാൾ അമർത്തിവെച്ചു. ഉരുക്കുമുഷ്‌ടിയോടെ കുടുംബഭരണം നടത്തുന്ന അയാളെ കുടുംബാംഗങ്ങൾ ഭയത്തോടെയാണ്‌ വീക്ഷിച്ചിരുന്നത്‌.

പ്രവചനദൈവത്തിന്റെ കൽപ്പനയനുസരിച്ച്‌ പിഴയായി ലഭിച്ച ഇകെമെഫുനയെ കൊല്ലണമെന്ന്‌ ഗോത്രകാരണവൻമാർ തീരുമാനിച്ചു. നല്ല കാര്യപ്രാപ്‌തിയും തന്റേടവും പ്രകടിപ്പിച്ച അവൻ ഒകോങ്ക്വൊയുടെ പ്രത്യേക പ്രീതി സമ്പാദിച്ചിരുന്നു. പുറമേക്ക്‌ പ്രകടിപ്പില്ലെങ്കിലും ഒകോങ്ക്വൊയ്‌ക്ക്‌ സ്വന്തം മകനേക്കാൾ പ്രിയം അവനോടായിരുന്നു. ഒകോങ്ക്വൊയെ അവൻ ’അച്‌ഛാ‘ എന്നാണ്‌ വിളിച്ചിരുന്നത്‌.

ഈ തീരുമാനമറിഞ്ഞപ്പോൾ ഗ്രാമത്തിലെ ഏറ്റവും പ്രായം കൂടിയവരിലൊരാളായ എസ്യുഡു, ഇകെമെഫുനയുടെ മരണത്തിൽ ഒരു പങ്കും വഹിക്കരുതെന്ന്‌ ഒകോങ്ക്വൊയെ ഉപദേശിച്ചു. കാരണം അവൻ അയാളെ ’അച്‌ഛാ‘ എന്നാണല്ലോ വിളിക്കുന്നത്‌.

എന്നിട്ടും ആ ദൗത്യം നിർവ്വഹിക്കാൻ മറ്റുളളവരോടൊപ്പം ഒകോങ്ക്വൊയും പോയി. മാറിനിൽക്കുന്നത്‌ ആണുങ്ങൾക്ക്‌ ചേർന്നതല്ലെന്നായിരുന്നു അയാളുടെ മതം. രാത്രി വനത്തിൽ കൊണ്ടുപോയി, അവിടെ വെച്ചാണ്‌ കൃത്യം നിർവ്വഹിക്കേണ്ടത്‌. തന്റെ പഴയ വീട്ടിലേക്ക്‌ കൊണ്ടുപോവുകയാണെന്നായിരുന്നു അവനെ ധരിപ്പിച്ചിരുന്നത്‌. ഒരു കളളിൻകുടം തലയിലേറ്റിയായിരുന്നു അവൻ നടന്നിരുന്നത്‌. ഇരുട്ടിൽ വാളിന്റെ ശബ്‌ദവും കുടം തകർന്നുവീഴുന്നതും സംഘത്തിന്റെ പിന്നിൽ നടന്നിരുന്ന ഒകോങ്ക്വൊ കേട്ടു. പെട്ടെന്ന്‌ ഇകെമെഫുന, ’അച്‌ഛാ, ഇവരെന്നെ കൊല്ലുന്നു‘ എന്നു നിലവിളിച്ചുകൊണ്ട്‌ ഒകോങ്ക്വൊയുടെ അടുത്തേക്ക്‌ ഓടിയണഞ്ഞു. ഒകൊങ്ക്വൊ ഉടൻ തന്റെ വാൾ ഊരിയെടുത്ത്‌ അവനെ വെട്ടിക്കൊന്നു. ഒരു ഭീരുവാകാൻ അയാൾ ഒരുക്കമല്ലായിരുന്നു. നോവലിലെ ഏറ്റവും ഹൃദയാവർജ്ജകമായ രംഗമാണ്‌ ഇത്‌.

ഗൂഢമായാണ്‌ ഈ വധം ആസൂത്രണം ചെയ്‌തിരുന്നതെങ്കിലും അവൻ വധിക്കപ്പെട്ടിരിക്കുന്നു എന്ന്‌ എല്ലാവരും ഊഹിച്ചു. ഒകോങ്ക്വൊയടക്കം അയാളുടെ കുടുംബത്തെയാകെ അത്‌ ദുഃഖത്തിലാഴ്‌ത്തി. രണ്ടുദിവസം മുഴുവൻ ഒകോങ്ക്വൊ ഭക്ഷണമൊന്നും കഴിച്ചില്ല. മകൻ ന്വോയെ ഒരിക്കലും അയാൾക്ക്‌ മാപ്പ്‌ കൊടുത്തില്ല.

ഗോത്രവ്യവസ്ഥിതിയുമായി അങ്ങേയറ്റം ഇഴുകിച്ചേർന്ന വ്യക്തിത്വമായിരുന്നു ഒകോങ്ക്വൊ. അതിന്റെ എല്ലാ ആചാരനുഷ്‌ഠാനങ്ങളും വിശ്വാസപ്രമാണങ്ങളും പൂർണ്ണമായും ഉൾക്കൊളളുകയും സ്വപ്രയത്നം കൊണ്ട്‌ അതിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുകയും, അങ്ങനെ, ഒന്നുമില്ലായ്‌മയിൽ നിന്ന്‌ അയാൾ ഗോത്രത്തിലെ ഉന്നതശ്രേണിയിലേക്കുയരുകയും ചെയ്‌തു. അസാമാന്യമായ കായികശക്‌തികൊണ്ടും യുദ്ധവീര്യം കൊണ്ടും അയാൾ ഗോത്രത്തിന്റെ അഭിമാനമുയർത്തി. ഗോത്രത്തിൽ ആകെയുളള നാലു പദവികളിൽ മൂന്നും അയാൾ നിഷ്‌പ്രയാസം കരസ്‌ഥമാക്കി. അപൂർവ്വത്തിലപൂർവ്വമായ നാലാമത്തെ പദവിയും ലക്ഷ്യം വെച്ചുകൊണ്ട്‌ മുന്നേറുകയായിരുന്നു അയാൾ. അതുകൂടി സമ്പാദിച്ചാൽ അയാൾ പരമോന്നത ബഹുമതിയായ ’ഗോത്രത്തിന്റെ തമ്പുരാന‘​‍ായി മാറും.

എന്നാൽ, കാലം കാത്തുനിന്നില്ല.

ഗോത്രത്തിലെ ഏറ്റവും മുതിർന്ന കാരണവന്മാരിലൊരാളായ, ഇകെമെഫുനയുടെ മരണത്തിൽ ഒരു പങ്കും വഹിക്കരുതെന്ന്‌ ഒകോങ്ക്വൊയെ ഉപദേശിച്ച, എസ്യുഡു മരിച്ചു. അദ്ദേഹത്തോടുളള ആദരസൂചകമായി ശവസംസ്‌കാരച്ചടങ്ങ്‌ ഗംഭീരമായാണ്‌ സംഘടിപ്പിച്ചത്‌. ആഘോഷങ്ങൾക്കിടയിൽ ആചാരവെടികൾ മുഴങ്ങി. പെട്ടെന്ന്‌ ഒരു ആർത്തനാദമുയർന്നു. ഒകോങ്ക്വൊയുടെ തോക്ക്‌ പൊട്ടിത്തെറിച്ച്‌ അതിന്റെ ചീൾ ഹൃദയത്തിൽ തുളച്ചുകയറി, അന്തരിച്ച എസ്യുഡുവിന്റെ 16 വയസ്സുകാരനായ മകൻ മരിച്ചുവീണു. ആഘോഷങ്ങളെല്ലാം കെട്ടടങ്ങി. സ്വന്തം ഗോത്രത്തിലെ ഒരാളെ കൊല്ലുക എന്നത്‌ മാപ്പർഹിക്കാത്ത അപരാധമാണ്‌. അത്‌ ചെയ്‌ത ആൾ എന്നെന്നേയ്‌ക്കുമായി നാടുകടത്തപ്പെടും. എന്നാൽ, ഇത്‌ അബദ്ധത്തിൽ പിണഞ്ഞ കുറ്റമായതിനാൽ ഏഴുകൊല്ലം കഴിഞ്ഞാൽ തിരിച്ചുവരാം.

അന്നേദിവസം തന്നെ ഒകോങ്ക്വോയും കുടുംബവും കൂടെ കൊണ്ടുപോകാവുന്ന സാധനങ്ങളെല്ലാമായി മ്‌ബാന്റയിലെ തന്റെ അമ്മയുടെ വീട്ടിലേക്ക്‌ തിരിച്ചു. അയാൾ പോയി അധികം താമസിയാതെ തന്നെ നാട്ടുനടപ്പനുസരിച്ച്‌ അയാളുടെ അവശേഷിക്കുന്ന വസ്‌തുവകകളെല്ലാം നശിപ്പിക്കപ്പെട്ടു.

ഈ സംഭവം ഒകോങ്ക്വൊയ്‌ക്ക്‌ അപ്രതീക്ഷിതമായ ഒരാഘാതമായിരുന്നു. അമ്മയുടെ വീട്ടുകാർ അയാളെ സ്‌നേഹാദരങ്ങളോടെ സ്വീകരിച്ചുവെങ്കിലും ഓർക്കാപ്പുറത്തു കിട്ടിയ ഈ പ്രഹരം അയാൾക്ക്‌ താങ്ങാവുന്നതിലധികമായിരുന്നു. എങ്കിലും, സാവധാനം അയാൾ അതും മറികടന്നു. അമ്മാമനായ ഉചേന്ദുവിന്റേയും മറ്റു ബന്ധുക്കളുടേയും സഹായസഹകരണങ്ങളോടെ അയാൾ ഒരിക്കൽ കൂടി അതിജീവനത്തിന്റെ പാതയിൽ മുന്നോട്ടുപോയി. അവർ നൽകിയ കൃഷിസ്ഥലവും വിത്തുമെല്ലാം ഉപയോഗിച്ച്‌ കഠിനാദ്ധ്വാനത്തിലേക്ക്‌ മടങ്ങുകയും പുതിയ സാഹചര്യത്തിൽ, നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുളള യത്നത്തിൽ മുഴുകുകയും ചെയ്‌തു. അതിൽ അയാൾ ഏറെക്കുറെ വിജയിക്കുകയും ചെയ്‌തു.

എന്നാൽ കാലത്തിന്റെ കുതിപ്പ്‌ മറ്റൊരു ദിശയിലായിരുന്നു.

അയൽഗ്രാമങ്ങളിൽ പലതിലും ക്രിസ്‌ത്യൻ മിഷ നറി പ്രവർത്തനം തകൃതിയായി നടന്നിരുന്നു. അവർ മ്‌ബാന്റയിലുമെത്തി, പളളി പണിയാൻ അൽപ്പം സ്ഥലം ചോദിച്ചുകൊണ്ട്‌. നിരന്തരപരിശ്രമത്തിനു ശേഷമാണ്‌ അവർക്ക്‌ ഗോത്രകാരണവന്മാരെ കാണാനും അവരുടെ ആവശ്യമുന്നയിക്കാനും കഴിഞ്ഞത്‌. കാരണവന്മാരുടെ സഭയിൽ ആദ്യം ആർക്കും സമ്മതമായിരുന്നില്ലെങ്കിലും ഉചേന്ദുവിന്റെ രസകരമായ യുക്തി കേട്ടപ്പോൾ എല്ലാവരും സമ്മതിച്ചു. ദുർഭൂതങ്ങളുടെ ആവാസഭൂമിയാണ്‌ ദുർവ്വനം. കുഷ്‌ഠം, വസൂരി, മുതലായ നികൃഷ്‌ടമായ അസുഖങ്ങൾ ബാധിച്ചു മരിച്ചവരേയും, ശിക്ഷിക്കപ്പെട്ടു മരിച്ചവരേയും എല്ലാം ശേഷക്രിയകളൊന്നും ചെയ്യാതെ അവിടെ കൊണ്ടുപോയി തളളുകയാണ്‌ പതിവ്‌. ആഭിചാരക്രിയകളുടെ മരുന്നിന്റെ അവശിഷ്‌ടങ്ങൾ അവിടെയാണ്‌ നിക്ഷേപിക്കുന്നത്‌. ഗതികിട്ടാപ്രേതങ്ങളുടെ വിഹാരകേന്ദ്രമാണ്‌ ദുർവ്വനം. അവിടെ ആർക്കും അധികനാൾ ജീവിക്കാനാവുകയില്ല. അതുകൊണ്ട്‌ മിഷനറിമാർക്ക്‌ പളളി പണിയാൻ അവിടെ സ്ഥലം കൊടുത്താൽ ഏതാനും ദിവസങ്ങൾക്കകം എല്ലാവരും ചത്തൊടുങ്ങും. ഇതായിരുന്നു ഉചേന്ദുവിന്റെ ന്യായം. ഇത്‌ എല്ലാവരും സന്തോഷത്തോടെ അംഗീകരിച്ചു.

മിഷനറിമാർ ഒട്ടും വൈകാതെ അതിഭീകരമെന്നു കരുതപ്പെട്ടിരുന്ന ദുർവ്വനത്തിൽ കാട്‌ വെട്ടിത്തെളിയിച്ച്‌ പളളിപണിയാൻ തുടങ്ങി. ദിവസങ്ങൾ പലതും കടന്നുപോയിട്ടും ക്രിസ്‌ത്യാനികൾക്കും പളളിക്കും ഒന്നും സംഭവിച്ചില്ലെന്നു മാത്രമല്ല, അവരുടെ പ്രവർത്തനം തകൃതിയായി മുന്നോട്ട്‌ പോവുകയും ചെയ്‌തു.

ഇതൊരു തുടക്കം മാത്രമായിരുന്നു. താമസിയാതെ ഗോത്രവ്യവസ്ഥിതിയുടെ നെടുംതൂണുകളായ വിശ്വാസപ്രമാണങ്ങൾ ഓരോന്നായി തകർന്നുവീഴാൻ തുടങ്ങി. ഒരു ഗോത്രമെന്ന നിലയിലുളള സമൂഹത്തിന്റെ കെട്ടുറപ്പ്‌ നഷ്‌ടപ്പെട്ടു. സമൂഹത്തിൽ അവശതയനുഭവിക്കുകയും ഭ്രഷ്‌ടരാക്കപ്പെടുകയും ചെയ്‌തവരെല്ലാം പുതിയ മതത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി മതംമാറ്റം നടത്തിക്കൊണ്ടിരുന്നു. ക്രിസ്‌ത്യൻ മതമാവട്ടെ, സന്തോഷപൂർവ്വം അവരെ സ്വീകരിക്കുകയും അവർക്ക്‌ നഷ്‌ടപ്പെട്ട ആത്മാഭിമാനം വീണ്ടെടുക്കാൻ സഹായകമായ ഉറച്ച പിന്തുണ നൽകുകയും ചെയ്‌തു. മാത്രമല്ല, പുതിയ മതം യാതൊരു വിവേചനവുമില്ലാതെ അവരോടൊപ്പം സഹവസിക്കാൻ അനുവദിക്കുകയും ചെയ്‌തു. സ്വാഭാവികമായും മതംമാറ്റങ്ങൾ കൂടിക്കൂടി വന്നു. പഴയ ഗോത്രവ്യവസ്ഥിതി അന്തംവിട്ടു നിന്നു.

അങ്ങനെയിരിക്കെയാണ്‌ ക്രിസ്‌ത്യാനികളുടെ കൂട്ടത്തിൽ ന്വോയെയെ കണ്ടുവെന്ന്‌ ഒരു ബന്ധു ഒകോങ്ക്വൊയെ അറിയിച്ചത്‌. കോപാന്ധനായ ഒകോങ്ക്വൊ ന്വോയെ വീട്ടിലെത്തിയപ്പോൾ ആക്രോശിച്ചുകൊണ്ട്‌ അവനെ കടന്നുപിടിച്ച്‌ ഒരു വലിയ വടികൊണ്ട്‌ അടിക്കാൻ തുടങ്ങി. തക്കസമയത്ത്‌ ഉചേന്ദു ഇടപെട്ടതുകൊണ്ട്‌ അവൻ രക്ഷപ്പെട്ടു. അന്ന്‌ വീട്ടിൽ നിന്ന്‌ ഇറങ്ങിപ്പോയ ന്വോയെ ഒരിക്കലും തിരിച്ചുവന്നില്ല.

പുതിയ മതത്തോടൊപ്പം സംഘർഷങ്ങളും വന്നു. ഗോത്രവിശ്വാസങ്ങളെ നിന്ദിച്ച്‌ സംസാരിച്ച മതംമാറ്റക്കാരെ ഗോത്രവർഗ്ഗക്കാർ പൊതിരെ തല്ലി. ഗോത്രക്കാരുടെ വിശുദ്ധ പെരുമ്പാമ്പിനെ പുത്തൻ മതക്കാരിലൊരാൾ കൊന്നു. ഗോത്രക്കാർ മതം മാറിയവരെ ഭ്രഷ്‌ടരാക്കി. അബാമെയിൽ സൈക്കിളിൽ വന്ന ഒരു വെളളക്കാരനെ, ഇരുമ്പ്‌ കുതിരയിൽ വന്ന ആൾ ഗോത്രത്തിന്‌ നാശം വരുത്തുമെന്ന പ്രവചനമനുസരിച്ച്‌, ഗോത്രക്കാർ കൊന്ന്‌ സൈക്കിൾ പിടിച്ചുവെച്ചു. ആഴ്‌ചകൾക്കുശേഷം തിങ്ങിനിറഞ്ഞ ചന്ത വെളളക്കാരും അനുയായികളും വളയുകയും മുഴുവൻ ഗ്രാമവാസികളേയും വെടിവെച്ചുകൊല്ലുകയും ചെയ്‌തു. ചന്തയിൽ പോകാതെ ശേഷിച്ച ഏതാനും പേർ അയൽഗ്രാമങ്ങളിലേക്ക്‌ ഓടി രക്ഷപ്പെട്ടു. അങ്ങനെ ഒരു ഗ്രാമം തന്നെ ഇല്ലാതായി.

ഉംവോഫിയയിലും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. ഏഴുകൊല്ലത്തെ നാടുകടത്തലിനുശേഷം ഒകോങ്ക്വൊ ഉംവോഫിയയിൽ തിരിച്ചെത്തുമ്പോഴേയ്‌ക്കും അവിടെ പളളി മാത്രമല്ല, വെളളക്കാരന്റെ കോടതിയും നിലവിൽ വന്നിരുന്നു. അവിടെ, ഗോത്രസംസ്‌കാരത്തെപ്പറ്റി ഒന്നുമറിയാത്ത ജില്ലാക്കമ്മീഷണർ വെളളക്കാരന്റെ നിയമമനുസരിച്ച്‌ കുറ്റകൃത്യങ്ങൾക്ക്‌ ശിക്ഷ വിധിച്ചു. ക്രിസ്‌ത്യാനികളെ ദ്രോഹിച്ചവരെയെല്ലാം തുറുങ്കിലടച്ചു. ദൂരഗ്രാമങ്ങളിൽ നിന്നു വന്ന ’കോട്‌മ‘കൾ എന്നു വിളിച്ചിരുന്ന കോടതി ദൂതന്മാർ പോലീസുകാരെപ്പോലെ പ്രവർത്തിച്ചു. കുറ്റവാളികളെ പിടിക്കാനും മർദ്ദിക്കാനും ആരംഭിച്ചു. അവർ വേട്ടനായ്‌ക്കളെപ്പോലെ നാട്ടിൽ ചുറ്റിനടന്നു. പളളിയും കോടതിയും പരസ്‌പരധാരണയോടെ മുന്നോട്ടുപോയി. ഗോത്രക്കാരുടെ ദൈവങ്ങളെല്ലാം വ്യാജമാണെന്ന്‌ മിഷനറി പ്രസംഗിച്ചു നടന്നു. അപ്പോഴേയ്‌ക്കും അനേകം പേർ മതം മാറിക്കഴിഞ്ഞിരുന്നു. അവരും ഗോത്ര വിശ്വാസങ്ങളെ തളളിപ്പറയാൻ തുടങ്ങി.

അൽപ്പം മിതവാദിയായ പാതിരി മി.ബ്രൗൺ മാറി ജയിംസ്‌ സ്‌മിത്ത്‌ വന്നപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായി.

ഭൂമിദേവിയുടെ ദിനം പ്രമാണിച്ചുളള ചടങ്ങുകൾക്ക്‌ പിതൃക്കളുടെ ആത്മാക്കളായ എഗ്വുഗ്വുക്കൾ പുറത്തിറങ്ങിയപ്പോൾ ക്രിസ്‌ത്യൻ സ്‌ത്രീകൾക്ക്‌ പളളിയിൽ നിന്ന്‌ തിരിച്ചുപോകാൻ തടസ്സമായി. ഒത്തുതീർപ്പ്‌ പ്രകാരം എഗ്വുഗ്വുക്കൾ അല്‌പനേരത്തേയ്‌ക്ക്‌ പിൻവാങ്ങാൻ ഒരുങ്ങിയപ്പോഴേയ്‌ക്കും മതം മാറിയവരിൽ ഒരാളായ എനോക്‌ എഗ്വുഗ്വുക്കളിലൊരാളുടെ മുഖംമൂടി എടുത്തുമാറ്റി. ഇത്‌ അങ്ങേയറ്റത്തെ പാതകമായാണ്‌ ഗോത്രക്കാർ കണക്കാക്കുന്നത്‌. പിതൃക്കളായ ആത്മാവിനെ കൊല്ലുന്നപോലെയാണ്‌ ഇത്‌.

പിറ്റേദിവസം എഗ്വുഗുക്കളെല്ലാം ഒത്തുകൂടുകയും രോഷാകുലരായ അവർ എനൊകിന്റെ പുരയിടത്തിലേക്ക്‌ കുതിക്കുകയും വീട്‌ പൊളിക്കുകയും തീവെച്ച്‌ നശിപ്പിക്കുകയും ചെയ്‌തു. അരിശം തീരാതെ അവർ പളളിക്കുനേരെ തിരിഞ്ഞു. മി. സ്‌മിത്‌ അവിടെയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്‌ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അല്‌പസമയത്തിനുളളിൽ പളളി മണ്ണും ചാരവും ചേർന്ന ഒരു കൂമ്പാരമായി മാറി.

രണ്ടുദിവസം കഴിഞ്ഞ്‌, ഔദ്യോഗിക സന്ദർശനത്തിന്‌ പോയിരുന്ന ജില്ലാ കമ്മീഷണർ തിരിച്ചെത്തിയപ്പോൾ മി. സ്‌മിത്തിൽ നിന്നും വിവരങ്ങളെല്ലാം വിശദമായി മനസ്സിലാക്കി. അദ്ദേഹം ഉംവോഫിയയിലെ ഏറ്റവും തലമൂത്ത ആറു നേതാക്കൻമാരെ ചർച്ചക്ക്‌ ക്ഷണിച്ചു. ഒകോങ്ക്വൊയും അക്കൂട്ടത്തിലുണ്ടായിരുന്നു. ചർച്ചയാരംഭിക്കുന്നതിനു തൊട്ടുമുമ്പ്‌ തീർത്തും അപ്രതീക്ഷിതമായ ഒരാക്രമണത്തിലൂടെ കമ്മീഷണറുടെ അനുചരൻമാർ ആറുപേരെയും ബന്ധനസ്ഥരാക്കി. ആറുപേരും ആയുധധാരികളായാണ്‌ വന്നിരുന്നതെങ്കിലും അവർക്ക്‌ അവയെടുക്കാനുളള സാവകാശം കിട്ടിയില്ല. ആറുപേരെയും തുറുങ്കിലടക്കുകയും മുഖ്യ കോടതിദൂതന്റെ നേതൃത്വത്തിൽ അവരുടെ തല മുണ്ഡനം ചെയ്യുകയും പൊതിരെ മർദ്ദിക്കുകയും ചെയ്‌തു. നാലു ദിവസത്തിനുശേഷം നാട്ടുകാരിൽ നിന്നും ഇരുനൂറ്റമ്പത്‌ ചാക്ക്‌ കവിടി നാണയങ്ങൾ പിരിച്ചെടുത്ത്‌ പിഴയടച്ചപ്പോൾ അവരെ വെറുതെ വിട്ടു.

ഭാവി നടപടികളാലോചിക്കുവാനായി ഗോത്രം മുഴുവൻ മൈതാനത്ത്‌ ഒത്തുകൂടി. പ്രസംഗങ്ങൾ നടക്കുന്നതിനിടക്ക്‌ മുഖ്യകോടതി ദൂതന്റെ നേതൃത്വത്തിൽ അഞ്ചുപേർ അവിടെയെത്തി. മുഖ്യകോടതി ദൂതനെ കണ്ടയുടൻ ഒകോങ്ക്വൊ ചാടിയെഴുന്നേറ്റ്‌ അയാളെ നേരിട്ടു. യോഗം ഉടൻ അവസാനിപ്പിക്കണമെന്ന്‌ അയാൾ പറഞ്ഞ ഉടൻ ഒകോങ്ക്വൊ അയാളെ വെട്ടി തുണ്ടമാക്കി. പൊന്തക്കാട്ടിൽ ഒളിഞ്ഞുനിന്നിരുന്ന സംഘം പുറത്തുചാടുകയും പൊതുയോഗം അലങ്കോലപ്പെടുത്തുകയും ചെയ്‌തു. ചെറുത്തുനിന്ന്‌ പൊരുതുന്നതിനു പകരം ജനം ചിന്നിച്ചിതറി. ചിലർ ഒകോങ്ക്വൊയെ പഴിക്കുന്നുമുണ്ടായിരുന്നു. താൻ പരാജയപ്പെട്ടിരിക്കുന്നുവെന്ന്‌ ഒകോങ്ക്വൊക്ക്‌ ബോധ്യമായി. അയാൾ വാൾ താഴെയിട്ട്‌ അവിടം വിട്ടു.

ഒകോങ്ക്വൊയെ അന്വേഷിച്ച്‌ അയാളുടെ വീട്ടിലെത്തിയ ജില്ലാകമ്മീഷണർ കണ്ടത്‌ അയാളുടെ വീടിനു പിന്നിൽ ഒരു മരത്തിൽ തൂങ്ങിനിൽക്കുന്ന ഒകോങ്ക്വൊയുടെ ജഡമാണ്‌.

ഒരു ഉത്തരാധുനിക സമാപ്‌തിപോലെ, താൻ എഴുതാൻ പോകുന്ന ഓർമ്മക്കുറിപ്പുകളിൽ ഈ സംഭവങ്ങൾ എങ്ങനെ പ്രതിപാദിക്കണമെന്നാലോചിച്ചുകൊണ്ട്‌ കോടതിയിലേക്ക്‌ നടക്കുന്ന ജില്ലാക്കമ്മീഷണറെ വിവരിച്ചുകൊണ്ടാണ്‌ നോവൽ അവസാനിക്കുന്നത്‌.

സ്ഥലം, കാലം, ഭാഷ, സംസ്‌കാരം എന്നിവയുടെ വ്യത്യസ്തമായ സവിശേഷതകളുയർത്തുന്ന പരിമതികൾ തികച്ചും അന്യഭാഷയായ ഇംഗ്ലീഷിലൂടെ, അതും തന്റെ ആദ്യ കൃതിയിൽ, കൈകാര്യം ചെയ്യുന്നതിൽ അസാമാന്യമായ കൈത്തഴക്കമാണ്‌ ശ്രീ ചിനുവ അചെബെ ഈ നോവലിൽ പ്രകടിപ്പിക്കുന്നത്‌. ഒരു മുദ്രാവാക്യത്തിന്റെ അതിഭാവുകത്തിലേക്ക്‌ വഴുതിവീഴാൻ എല്ലാ സാധ്യതകളുമുളള ഇതിവൃത്തത്തെ കൃതഹസ്‌തനായ ഒരു എഴുത്തുകാരന്റെ അച്ചടക്കത്തോടുകൂടി സമീപിക്കുകയും അതിന്റെ സന്ദേശം അതിശക്‌തമായി വായനക്കാരിലെത്തിക്കുകയും ചെയ്യുന്നതിൽ നോവലിസ്‌റ്റ്‌ സ്‌തുത്യർഹമായ വിജയം കൈവരിച്ചിരിക്കുന്നു. നോവലിലുടനീളം അന്തർലീനമായി നിലനിൽക്കുന്ന നർമ്മബോധവും നിസ്സംഗമായ യാഥാർത്ഥ്യബോധവും ഈ കൃതിയെ വ്യത്യസ്‌തമായ ഒരു വായനാനുഭവമാക്കിമാറ്റുന്നു.

ചിനുവ അചെബെഃ

പ്രസിദ്ധ നൈജീരിയൻ നോവലിസ്‌റ്റായ ചിനുവ അച്ചെബെ 1930 ൽ കിഴക്കൻ നൈജീരിയയിൽ ഒഗിഡി എന്ന ഗ്രാമത്തിൽ ഒരു ക്രിസ്‌ത്യൻ കുടുംബത്തിൽ ജനിച്ചു. ഗ്രാമത്തിലെ മിഷൻ സ്‌കൂളിലും ഉംവാഹിയ ഗവ. കോളേജിലും ഇബദൻ സർവ്വകലാശാല കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനുശേഷം കുറച്ചുകാലം നൈജീരിയൻ ബ്രോഡ്‌കാസറ്റിങ്ങ്‌ സർവ്വീസിൽ ജോലി നോക്കിയതിനുശേഷം 1967ൽ നൈജീരിയ സർവ്വകലാശാലയിൽ ചേർന്നു. അമേരിക്കയിലെ മസ്സാച്ചുസെറ്റ്‌സ്‌, കണക്‌റ്റികട്ട്‌ ബാർഡ്‌, സർവ്വകലാശാലകളിലും അദ്ദേഹം അധ്യാപകനായിരുന്നു.

കോളേജ്‌ വിദ്യാഭ്യാസ കാലത്തുതന്നെ ചെറുകഥകൾ എഴുതി പ്രസിദ്ധീകരിക്കാൻ തുടങ്ങിയ അച്ചെബെയുടെ ആദ്യനോവലാണ്‌ ‘Things Fal!Apart(1958 അതിന്‌ തുടർച്ചയായി No Longer at Ease(1960) ഉം 1964 ൽ Arrow of God ഉം പ്രസിദ്ധീകരിച്ചു. A Man of the People (1966) Anthills of Savannah തുടങ്ങി നോവലുകൾ, ചെറുകഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിങ്ങനെ നിരവധി കൃതികൾ ചിനുവ അച്ചെബെയുടെ വകയായിട്ടുണ്ട്‌.

നൈജീരിയ, ബ്രിട്ടൻ, യു.എസ്‌.എ. കനഡ എന്നീ രാജ്യങ്ങളിൽ നിന്ന്‌ ഇരുപതോളം ഓണററി ഡോക്‌ടറേറ്റുകളടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌. 1987ൽ നൈജീരിയയിലെ പരമോന്നത ബഹുമതിയായ നൈജീരിയൻ നാഷണൽ മെറിറ്റ്‌ അവാർഡിന്നർഹനായി.

സ്വന്തം കൃതികൾ പ്രസിദ്ധീകരിക്കുന്നതിനു പുറമെ ആഫ്രിക്കൻ റൈറ്റേർസ്‌ സീരിസ്‌ എന്ന പദ്ധതിയുടെ ആദ്യകാല എഡിറ്റർ എന്ന നിലയിൽ മറ്റ്‌ ആഫ്രിക്കൻ എഴുത്തുക്കാരുടെ കൃതികൾ പ്രസിദ്ധീകരിക്കുന്നതിലും ശ്രീ ചിനുവ അച്ചെബെ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്‌.

Generated from archived content: essay1_oct4_08.html Author: parameswaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here