കടലാസില്ലാത്ത വിദ്യാഭ്യാസം

വർത്തമാനകാലത്തിന്റെ വരദാനമാണ്‌ കമ്പ്യൂട്ടർ. ലോകത്തിലാകെ അഞ്ച്‌ കമ്പ്യൂട്ടറിന്റെ ആവശ്യമേയുള്ളുവെന്ന്‌ ഐ.ബി. എമ്മിന്റെ തലവനായിരുന്ന തോമസ്‌ ജെ വാട്‌സൺ 1943 ൽ പ്രസ്‌താവിച്ചു എന്ന്‌ പറയപ്പെടുന്നത്‌ തെറ്റോ ശരിയോ ആവട്ടെ, ഇന്ന്‌ കമ്പ്യൂട്ടറിന്റെ വിവിധരൂപത്തിൽ ഒരാൾക്ക്‌ ഒന്നിലധികം എന്നതിനു പുറമെ, ആഗോള കമ്പ്യൂട്ടർ ശൃംഖലയുടെ ആവിർഭാവത്തോടെ ഒരാൾക്ക്‌ ഒരു ലക്ഷം എന്ന അവസ്‌ഥയും നിലനിൽക്കുന്നു. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ മറ്റൊരു മേഖലക്കും അവകാശപ്പെടാനാവാത്ത അത്ഭുതകരമായ വളർച്ചയാണ്‌ കമ്പ്യൂട്ടർ സാങ്കേതികവിദ്യയിൽ നാം കണ്ടത്‌. അത്‌ ഇന്നും അനുസ്യൂതമായി തുടർന്നുകൊണ്ടിരിക്കുന്നു. കമ്പ്യൂട്ടറുകളുടെ വിവരസംസ്‌കരണശേഷിയും വേഗതയും ഇരട്ടിച്ചുകൊണ്ടിരിക്കുന്നതോടൊപ്പം അവയുടെ വലിപ്പവും വിലയും കുറഞ്ഞുകൊണ്ടിരിക്കുന്നു. ആശാവഹമായ ഈ പ്രവണത ഏത്‌ സാധാരണക്കാരനും കമ്പ്യൂട്ടർ കയ്യിലൊതുങ്ങുന്നതാക്കുന്നു. വാസ്‌തവത്തിൽ, മറ്റെല്ലാറ്റിനുമുപരി ആഗോളഗ്രാമം എന്ന സങ്കല്‌പ്പത്തിന്റെ അച്ചുതണ്ടായി പ്രവർത്തിക്കുന്നത്‌ കമ്പ്യൂട്ടറാണ്‌ എന്ന്‌ നിസ്സംശയം പറയാം.

കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ അഭൂതപൂർവ്വമായ ഈ വളർച്ച നമ്മുടെ ദൈനംദിന ജീവിതത്തെ അപ്പാടെ മാറ്റിമറിക്കാൻ സഹായിച്ചുവെങ്കിലും അതിന്റെ അനന്തസാദ്ധ്യതകൾ ഇനിയും വളരെയധികം ജനോപകാരപ്രദവും പരിസ്‌ഥിതിസൗഹൃദപരവുമായ മേഖലകളിൽ വിനിയോഗിക്കാനാവും. ഇന്ന്‌ ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുതന്നെ വിപ്ലവകരമായ മാറ്റം സൃഷ്‌ടിക്കാവുന്ന ഒരു മേഖലയാണ്‌ കടലാസിന്റെ നിർമ്മാർജ്ജനം. കടലാസും പരിസ്‌ഥിതിയും തമ്മിലുള്ള ബന്ധം സുവിദിതമാണ്‌. വനനശീകരണത്തിന്റെ ഇരുപത്‌ ശതമാനവും കടലാസ്‌ നിർമ്മാണത്തിനു വേണ്ടിയാണ്‌ എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ഒരു കിലോ കടലാസുൽപ്പാദിപ്പിക്കുന്നതിന്‌ മൂന്നര കിലോ മരം വേണം. അത്‌ മൂന്ന്‌ കിലോ കാർബൺ ഡയോക്‌സൈഡ്‌ പുറന്തള്ളുന്നു. അതായത്‌, കടലാസുൽപ്പാദനം ഒരേ സമയം പ്രകൃതി വിഭവങ്ങൾ ശോഷിപ്പിക്കുകയും അന്തരീക്ഷത്തിലേക്ക്‌ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളി പരിസ്‌ഥിതി സംതുലിതാവസ്‌ഥ തകർക്കുകയും ചെയ്യുന്നു. അതേ സമയം ഇന്ത്യയിലെ മൊത്തം കടലാസുപയോഗം 2007ലെ കണക്കു പ്രകാരം 70 ലക്ഷം ടണ്ണായിരുന്നുവെങ്കിൽ അത്‌ 2015 ആകുമ്പോഴേക്ക്‌ ഇരട്ടിയാവുമെന്നാണ്‌ പ്രവചിക്കപ്പെടുന്നത്‌. കടലാസ്‌ രഹിത കാര്യാലയങ്ങൾ എന്ന ആശയം പുതിയതല്ലെങ്കിലും, ഒരു പക്ഷേ അതിനേക്കാൾ ഫലപ്രദമായി ഇത്‌ പ്രാവർത്തികമാക്കാവുന്ന ഒരു മേഖലയാണ്‌ വിദ്യാഭ്യാസം.

വികസനവും പരിസ്‌ഥിതി സംരക്ഷണവും പരസ്‌പരം കൊമ്പുകോർക്കുന്നതാണ്‌ സാധാരണ കണ്ടുവരുന്നത്‌. എന്നാൽ ഇവിടെ അവ പരസ്‌പരം കൈകോർത്തു പിടിക്കുന്നു. ഇപ്പോൾ പുറത്തിറങ്ങുന്ന, ഏകദേശം 9 ഇഞ്ച്‌ മാത്രം വലിപ്പമുള്ള ‘നെറ്റ്‌ ബുക്കുകളും, ലിനക്‌സ്‌, ഉബുന്റു, ഓപ്പൻ ഓഫീസ്‌ എന്നീ സൗജന്യ സോഫ്‌റ്റ്‌വെയറുകളും ഉപയോഗിച്ച്‌ ടെക്‌സ്‌റ്റ്‌ പുസ്‌തകങ്ങളും നോട്ടുപുസ്‌തകങ്ങളും അപ്പാടെ ഒഴിവാക്കാവുന്നതാണ്‌. എല്ലാ ടെക്‌സ്‌റ്റ്‌ പുസ്‌തകങ്ങളും ഡിജിറ്റിൽ രൂപത്തിലാക്കി ഇന്റർനെറ്റ്‌ വഴി വിതരണം ചെയ്യാം. ഇതിന്‌ അക്ഷയ പോലുള്ള സേവനകേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താം. (അതല്ലാതെ വിദ്യാഭ്യാസ സംബന്ധമായ ആവശ്യങ്ങൾക്ക്‌ മാത്രമായുള്ള എജുസാറ്റ്‌ പോലുള്ള ഉപഗ്രഹ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ഇന്ത്യയിലൊട്ടാകെ വിദ്യാഭ്യാസത്തിനു മാത്രമായി കമ്പ്യൂട്ടർ ശൃംഖല സ്‌ഥാപിക്കാവുന്നതാണ്‌. ഇത്‌ പ്രാദേശിക ഭാഷ സംബന്ധമായ പ്രത്യേക ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുതന്നെ ഇന്ത്യയിലാകെ ഒരൊറ്റ വിദ്യാഭ്യാസ സംവിധാനവും ഗുണനിലവാരവും ഉറപ്പുവരുത്താൻ സഹായിക്കും) കുട്ടികൾക്ക്‌ അവ തമ്മിൽ തമ്മിൽ കൈമാറുകയും ചെയ്യാം. കൂടാതെ ഓരോ സ്‌കൂളിനും അവരുടേതായ പ്രവർത്തങ്ങൾക്കായി സ്വന്തമായ കമ്പ്യൂട്ടർ ശ്യംഖല സ്‌ഥാപിക്കുകയും അവ മറ്റു സ്‌കൂളുകളുമായി ബന്ധിപ്പിക്കാനുള്ള സംവിധാനം സജ്ജീകരിക്കുകയും വേണം. (ഇത്‌ സ്വാഭാവികമായും, വിദ്യാഭ്യാസ മേഖലയിൽ കടലാസ്‌ രഹിത കാര്യാലയങ്ങൾ എന്ന അവസ്‌ഥയിലേക്ക്‌ നയിക്കും). പിന്നെ വേണ്ടത്‌ എല്ലാ കുട്ടികൾക്കും മുമ്പ്‌ പറഞ്ഞതുപോലുള്ള സൗജന്യ സോഫ്‌റ്റ്‌വെയറോടു കൂടിയ, ചെറിയ, ഭാരം കുറഞ്ഞ നെറ്റ്‌ബുക്കുകളാണ്‌. ഇത്രയും വലിയ ഒരു വിപണി തുറക്കപ്പെടുമ്പോൾ അവ ഇപ്പോഴത്തേക്കാൾ കുറഞ്ഞ ചിലവിൽ നിർമ്മിക്കാവുന്നതാണ്‌. അതിനു പുറമെ സർക്കാരിൽ നിന്നും സബ്‌സിഡിയും നൽകണം.

അത്തരം കമ്പ്യൂട്ടറുകളിൽ വളരെ പ്രധാനമായ ഒരു സവിശേഷതയുണ്ടായിരിക്കണം – ഒപ്‌റ്റിക്കൽ പേനയുപയോഗിച്ച്‌ എഴുതുകയും അത്‌ അതേപടി സൂക്ഷിച്ചുവെക്കാനുമുള്ള സൗകര്യം അങ്ങനെ ഇലക്‌ട്രോണിക്‌ കൈപ്പട അല്ലെങ്കിൽ ഡിജിറ്റൽ കൈപ്പട സാർവ്വത്രികവും അംഗീകൃതവുമായ ഒരു സവിശേഷതയായി മാറും. അത്തരം പേനകൾ സാധാരണ പേനകൾ പോലെ സൗകര്യമായി പിടിച്ചെഴുതാൻ കഴിയും വിധം രൂപകർപ്പന ചെയ്യാൻ പ്രയാസമുണ്ടാവില്ല. അങ്ങനെയാവുമ്പോൾ സാധാരണ കൈപ്പടയും ഡിജിറ്റൽ കൈപ്പടയും തമ്മിൽ അതിന്റെ വ്യക്യാധിഷ്‌ഠിതവും മനശ്ശാസ്‌ത്രപരവുമായ എല്ലാ അർത്ഥതലങ്ങളിലും യാതൊരു വ്യത്യാസവുമുണ്ടായിരിക്കുകയില്ല ദൈനംദിന പഠന സംബന്ധമായ എല്ലാ പ്രവൃത്തികളും ഈ രീതിയിൽ നിർവ്വഹിക്കണമെന്ന്‌ നിഷ്‌ക്കർഷിക്കുകയാണെങ്കിൽ പ്രത്യേക വൈദഗ്‌ധ്യം ആവശ്യമുള്ള ടൈപ്പിംങ്ങ്‌ വേഗത വിദ്യാർത്ഥികളുടെ കാര്യക്ഷമത നിർണ്ണയിക്കുന്ന ഘടകമാവുകയില്ല. മാത്രമല്ല, കയ്യെഴുത്ത്‌ എന്ന കഴിവിന്‌ വംശനാശം സംഭവിക്കാതെ നിലനിർത്താം, പേന മുതലായ എഴുത്തുപകരണങ്ങളോട്‌ വിട പറയേണ്ടി വരുമെങ്കിലും.

ഇവിടെ മറ്റൊരു വൻ സാദ്ധ്യത ഒളിഞ്ഞു കിടക്കുന്നു. ഓരോ വിഷയത്തിന്റെ പാഠ്യപദ്ധതിയിലും ധാരാളം അനുയോജ്യമായ ദൃശ്യ ശ്രാവൃ സങ്കേതങ്ങൾ ഉൾക്കൊള്ളിച്ച്‌ പഠനം ഒരു ബഹുമാദ്ധ്യമ അനുഭവമാക്കാൻ നിഷ്‌പ്രയാസം സാധിക്കും. ഇത്‌ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ലോകോത്തര നിലയിലേക്ക്‌ ഉയർത്തുന്നതോടൊപ്പം പഠനം കൂടുതൽ ആസ്വാദ്യകരമാക്കുകയും ചെയ്യും. മാത്രമല്ല പാഠ്യപദ്ധതിയുടെ കാലാനുസൃതമായ പരിഷ്‌കരണത്തിന്‌ ഇന്നത്തെപ്പോലെ എല്ലാ പുസ്‌തകങ്ങളും മാറ്റി പുതിയ പുസ്‌തകങ്ങൾ അച്ചടിക്കേണ്ട ആവശ്യമില്ല; ആവശ്യമായ മാറ്റങ്ങൾ മാത്രം വരുത്തി കമ്പ്യൂട്ടർ ശൃംഖലയിലൂടെ വിതരണം ചെയ്‌താൽ മാത്രം മതി.

പാഠ്യസംബന്ധമായ എല്ലാ പ്രവൃത്തികളും കമ്പ്യൂട്ടറിൽ നേരിട്ട്‌ ചെയ്യാവുന്നതാണ്‌. വിദ്യാർത്ഥികളുടെ പക്കൽ ഒരു കൊച്ചു കമ്പ്യൂട്ടർ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. ഇങ്ങനെ കുട്ടികളുടെ ഭാരവും, അവരെ ചുമക്കുന്ന വാഹനങ്ങളുടെ ഭാരവും കുറയും. കടലാസിനായി മുറിക്കുന്ന വൃക്ഷങ്ങളും അവ കൃഷി ചെയ്യുന്ന സ്‌ഥലവും പ്രകൃതിക്ക്‌ തിരിച്ചു നൽകാം. അതേസമയം കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ ആയിരക്കണക്കിന്‌ തൊഴിലവസരങ്ങളും സൃഷ്‌ടിക്കപ്പെടും.

സമീപഭാവിയിൽ തന്നെ കമ്പ്യൂട്ടറുകൾ സൗരോർജ്ജ ബാറ്ററികൾ കൊണ്ട്‌ പ്രവർത്തിക്കുന്ന വിധത്തിൽ സാങ്കേതികവിദ്യ വികസിക്കുമെന്ന്‌ പ്രതീക്ഷിക്കാം. അതോടുകൂടി കമ്പ്യൂട്ടറുകൾക്ക്‌ പരിപൂർണ്ണസ്യാതന്ത്ര്യം ലഭിക്കും. അതോടൊപ്പം തന്നെ കമ്പൂട്ടറുകളുടെ വയർലെസ്സ്‌ ശൃംഖലകൾ വർദ്ധിച്ച തോതിൽ ഉപയോഗിച്ചു കൊണ്ട്‌ പരീക്ഷകൾ നടത്തുകയും ഡിജിറ്റൽ ലൈബ്രറികൾ സ്‌ഥാപിക്കുകയും ചെയ്യാം. ഇന്നത്തെ രീതിയിൽ പുസ്‌തകങ്ങൾ അടുക്കി വെച്ചിട്ടുള്ള ലൈബ്രറികൾ ഇപ്പോഴത്തെ മനുസ്‌ക്രിപ്‌റ്റ്‌ ലൈബ്രറികൾ പോലെ ഒരു പുരാവസ്‌തു സ്‌ഥാപനമായി മാറുന്ന കാലം അതിവിദൂരമല്ല. പുസ്‌തകം പോലെ കയ്യിൽ പിടിച്ച്‌ വായിക്കാൻ പാകത്തിൽ ഇ-ബുക്‌ റീഡർ ഇപ്പോൾത്തന്നെ വിപണിയിലെത്തിക്കഴിഞ്ഞുവെന്ന്‌ ഓർമ്മിക്കുക.

ഇപ്പറഞ്ഞതെല്ലാം ഒറ്റയടിക്ക്‌, ഒന്നോ രണ്ടോ കൊല്ലങ്ങൾ കൊണ്ട്‌ സാധിക്കും എന്ന വ്യാമോഹമൊന്നും നമ്മുടെ വ്യവസ്‌ഥിതിയുടെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുന്ന ആർക്കുമുണ്ടായിരിക്കുകയില്ല. എങ്കിലും ഇന്ന്‌ നമുക്ക്‌ ലഭ്യമായ വിദ്യാഭ്യാസ വിദഗ്‌ധരുടേയും കമ്പ്യൂട്ടർ വിദഗ്‌ധരുടേയും മാനവവിഭവശേഷി ഏകോപിച്ചുകൊണ്ട്‌ പടി പടിയായി, ലക്ഷ്യബോധത്തോടുകൂടി മുന്നോട്ടു പോയാൽ സമീപഭാവിയിൽത്തന്നെ ലക്ഷ്യം കൈവരിക്കാനാവുമെന്നതിൽ യാതൊരു സംശയവുമില്ല. അത്‌ വർത്തമാനകാലമുയർത്തുന്ന വെല്ലുവിളിയായ ഒരു നവഭാരതസൃഷ്‌ടിയിലേക്കുള്ള ഉറച്ച കാൽവെപ്പായിരിക്കും.

Generated from archived content: essay1_oct27_09.html Author: parameswaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here