ചില ഭൗമദിന ദുശ്‌ചിന്തകൾ

ഏപ്രിൽ 22. മറ്റൊരു ഭൗമദിനം. 1970-ൽ അമേരിക്കൻ സെനറ്റർ ഗെലോഡ്‌ നെൽസൺ തുടങ്ങിവെച്ച, പരിസ്‌ഥിതിസംരക്ഷണത്തിനുവേണ്ടി സമർപ്പിക്കപ്പെട്ട ഈ ദിനം മറ്റനേകം ദിനങ്ങൾ പോലെ, അല്‌പം പ്രചരണ കോലാഹലങ്ങൾ മാറ്റിനിർത്തിയാൽ എന്തെങ്കിലും കാതലായ മാറ്റം സൃഷ്‌ടിച്ചിട്ടുണ്ടോ?

നമുക്ക്‌ ഈ ഭൂമി മാത്രമേയുള്ളു. അമ്പിളിമാമനും ഗ്രഹങ്ങളും നക്ഷത്രങ്ങളും താണ്ടി ഒടുവിൽ നമുക്ക്‌ നമ്മുടെ പാവം ഭൂമിയിൽതന്നെ തിരിച്ചെത്തണം. എത്ര തന്നെ ഉയരത്തിലേക്ക്‌ കുതിച്ചുയർന്നാലും തിരിച്ചെത്തുന്നത്‌ ഭൂമിയിലല്ലെങ്കിൽ പിന്നെ നാശത്തിൽ മാത്രമാണ്‌.

ഈ ഭൂമി നമുക്കുവേണ്ടി മാത്രം നിർമ്മിച്ചതാണെന്നുള്ള തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിൽ ജീവനു വേണ്ട എല്ലാ ഘടകങ്ങളും ചേരുംപടി ചേർത്ത്‌ ഒരുക്കിവെച്ചിരിക്കുന്ന ഈ മഹാപ്രതിഭാസം ഇനി എത്ര കാലം നിലനിൽക്കും?

നമ്മുടെ ഭൂമി ഏകദേശം 51 കോടി എഴുപത്തിരണ്ടായിരം ചതുരശ്രകി.മി. വിസ്‌തീർണ്ണമുള്ള ഒരു കൊച്ചു ഗോളമാണ്‌. അതിനെ ഏകദേശം 18 കിലോ മീറ്റർ ഉയരത്തിൽ വായുമണ്ഡലം കൊണ്ട്‌ പൊതിഞ്ഞിരിക്കുന്നു. ഭൗമാന്തരീക്ഷത്തിൽ പുറത്തുനിന്നും വരുന്ന ആൾട്രാവൈലറ്റ്‌ പോലുള്ള ക്ഷുദ്രരശ്‌മികളെ തടയാൻ ഓസോൺ പാളികൊണ്ടുള്ള അദൃശ്യ കോട്ടമതിൽ തീർത്തിരിക്കുന്നു. ഇതെല്ലാം സൂര്യനിൽ നിന്ന്‌ കൃത്യമായ അളവിൽ മാത്രം ഊർജ്ജം സ്വീകരിക്കത്തക്കവിധം നിശ്‌ചിതമായ ദൂരത്തിൽ വിന്യസിച്ചിരിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിൽ വേണ്ടത്ര അളവിൽ കടലും കാടും പർവ്വതങ്ങളും വിന്യസിപ്പിച്ച്‌ കാലാവസ്‌ഥ ആവാസയോഗ്യമാക്കിയിരിക്കുന്നു. മാത്രമല്ല, ഭൂമിയുടെ ഭ്രമണങ്ങൾ മുതൽ ഏകകോശജീവികളുടെ ജീവിതചക്രം വരെ എണ്ണിയാലൊടുങ്ങാത്ത സൃഷ്‌ടി സ്‌ഥിതി സംഹാരങ്ങളുടെ ചാക്രികവ്യവസ്‌ഥകളിലൂടെ ശതകോടിക്കണക്കിന്‌ മനുഷ്യരും എണ്ണം കണക്കാക്കപെടാത്തത്ര സസ്യജന്തുജാലങ്ങളും എല്ലാം ഇവിടെ ഏതാനും നൂറ്റാണ്ടുകൾ വരെ, കാലത്തിന്റെ ഗതിവിഗതികൾക്കു വിധേയമായി, പരസ്‌പരപൂരകങ്ങളായി സ്വന്തം ധർമ്മം നിറവേറ്റിക്കൊണ്ട്‌ അതുവസിക്കുന്ന അത്ഭുതകരമായ ഒരു വ്യവസ്‌ഥാവിശേഷം സഹസ്രാബ്‌ദങ്ങളിലൂടെ വളർന്ന്‌ വികാസം പ്രാപിച്ചുകൊണ്ട്‌ നിലനിന്ന്‌ പോന്നു.

എന്നാൽ പതിനെട്ടാം നൂറ്റാണ്ടിൽ സംഭവിച്ച വ്യാവസായിക വിപ്ലവം പ്രകൃതിയുടെ വിചിത്രമായ ഒരു വഴിമാറിച്ചവിട്ടലായിരുന്നു. മുമ്പെങ്ങുമുണ്ടാവാത്തവിധം സ്വന്തം സംതുലിതാവസ്‌ഥയ്‌ക്ക്‌ ഇത്രയും വലിയ ഒരു പ്രഹരം പ്രകൃതി എങ്ങനെ അനുവദിച്ചു എന്ന ചോദ്യത്തിന്‌ ഒരേ ഒരു ഉത്തരം, ഒരു പക്ഷേ, പ്രകൃതിനിയമമായ സൃഷ്‌ടി സ്‌ഥിതി സംഹാരത്തിലെ സംഹാരഘട്ടത്തിന്റെ തുടക്കം എന്നു മാത്രമായിരിക്കും. വ്യാവസായികവിപ്ലവത്തോടുകൂടി മനുഷ്യൻ മാത്രം വികാസപരിണാമങ്ങളുടെ അനുപാതങ്ങൾ പാടെ തകർത്തുകൊണ്ട്‌ ബഹുദൂരം മുന്നോട്ടുപോയി. ഭൂപ്രകൃതിയുടെ സമസ്‌ത മേഖലകളും ഈ കുതിപ്പിനു മുന്നിൽ നിസ്സഹായരായി നിന്നു. അധികം താമസിയാതെ മനുഷ്യപ്രഭാവം ഭൗമാന്തരീക്ഷം ഭേദിച്ച്‌ ശൂന്യാകാശത്തേയ്‌ക്കും ചന്ദ്രനിലേക്കുമെല്ലാം വ്യാപിക്കാൻ തുടങ്ങി. അതോടൊപ്പം ലോകം മുഴുവൻ ഒറ്റയടിക്ക്‌ തകർക്കാനുള്ള ആയുധശക്തിയും മനുഷ്യന്‌ സ്വായത്തമായി. ഈ പ്രപഞ്ചം മുഴുവൻ മനുഷ്യനു വേണ്ടി എന്ന പ്രാചീന ധാരണ കൂടുതൽ, കൂടുതൽ പ്രബലമാവാൻ തുടങ്ങി.

പരിസ്‌ഥിതിയെ സംബന്ധിച്ചിടത്തോളം തകർച്ചയുടെ ആരംഭമായിരുന്നു അത്‌. മനുഷ്യന്റെ പ്രവർത്തനമേഖലകളെല്ലാം യന്ത്രങ്ങളേറ്റെടുത്തു. അവയ്‌ക്കു വേണ്ടി വ്യവസായശാലകൾ അണിനിരന്നു. ആവശ്യത്തിനും അല്ലാതെയുമുള്ള വൻതോതിലുള്ള ഉത്‌പാദനവും പ്രകൃതിയുടെ സ്വാഭാവിക ഉത്‌പാദനവേഗതയുടെ എത്രയോ മടങ്ങ്‌ വേഗത്തിലുള ഉപഭോഗവും ഭൂമിയുടെ വിഭവസ്രോതസ്സുകളെല്ലാം നിഷ്‌കരുണം കൊള്ളയടിച്ചു. അതോടൊപ്പം തന്നെ മനുഷ്യൻ ഒരു അസുരവിത്തുപോലെ പെരുകാനും തുടങ്ങി. ഇപ്പോൾ അറുനൂറുകോടി കവിഞ്ഞ ലോകജനസംഖ്യ 2050 ആകുമ്പോഴേക്ക്‌ എഴുനൂറുകോടിയാവുമെന്നാണ്‌ വിദഗ്‌ധരുടെ പ്രവചനം. അതായത്‌, കൂടുതൽ വിശപ്പ്‌, കൂടുതൽ ആവശ്യങ്ങൾ, കൂടുതൽ പ്രകൃതി ചൂഷണം, കൂടുതൽ മലിനീകരണം, കൂടുതൽ പരിസ്‌ഥിതിത്തകർച്ച. തകർച്ചയിൽ നിന്ന്‌ തകർച്ചയിലേക്കുള്ള ഈ പുരോഗമനം തുടർന്നുകൊണ്ടേയിരിക്കുന്നു.

ഭൗമാന്തരീക്ഷത്തിന്റെ രക്ഷാകവചമായ ഓസോൺ പാളിയിൽ അവിടവിടെ ദ്വാരങ്ങൾ കണ്ടുപിടിക്കപ്പെട്ടത്‌ ദശാബ്‌ദങ്ങൾക്കു മുമ്പാണ്‌. അതിനു കാരണം നമ്മുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുകയും അന്തരീക്ഷത്തിലേക്ക്‌ പുറന്തള്ളുകയും ചെയ്യുന്ന ക്‌ളോറോഫ്‌ളൂറോകാർബൺ തുടങ്ങിയ രാസവസ്‌തുക്കളാണെന്ന വസ്‌തുത സംശയലേശമെന്യേ തെളിയിക്കപ്പെട്ട വസ്‌തുതയാണ.​‍്‌ ഓസോൺ പാളിയുടെ ശോഷണം ഉത്തരധ്രുവത്തിൽ താപനില ഉയർത്തുന്നതിനും മഞ്ഞുരുകലിനും കാരണമാവുന്നു. ഇത്‌ ഭൂമിയുടെ ഉപരിതലത്തിലെ ഊഷ്‌മാവിന്റേയും കരജലസംതുലിതാവസ്‌ഥയേയും പ്രതികൂലമായി ബാധിക്കുന്നു. മാത്രമല്ല, ബാഹ്യാന്തരീക്ഷത്തിൽ നിന്നും വരുന്ന അൾട്രാവൈലറ്റ്‌ പോലുള്ള ക്ഷുദ്രരശ്‌മികൾ കാൻസർ പോലുള്ള പല അസുഖങ്ങൾക്കും കാരണമാവുന്നു.

വർദ്ധിച്ച തോതിൽ നാം പുറംന്തള്ളുന്ന കാർബൺ ഡയോക്‌സൈഡ്‌ മുതലായ ഹരിതഗൃഹവാതകങ്ങൾ സൃഷ്‌ടിക്കുന്ന ആഗോളതാപനവും കാലാവസ്‌ഥാവ്യതിയാനവും തുടർന്നുള്ള പ്രത്യാഘാതങ്ങളും പ്രവചനാതീതമാണ്‌. അതേസമയം ഇതിന്‌ ഒരു പരിധിവരെയെങ്കിലും പരിഹാരമാകാവുന്ന വൻകാടുകൾ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ.​‍്‌ ബ്രസീലിൽ ഉൾപ്പെട്ട ആമസോൺ കാടിൽ മാത്രം 2000ത്തിനും 2006നുമിടയ്‌ക്ക്‌ 150000 ചതുരശ്ര കിലോമീറ്റർ വനം നശിപ്പിക്കപ്പെട്ടിരിക്കുന്നു എന്നറിയുമ്പോൾ കാര്യങ്ങളുടെ പോക്ക്‌ എങ്ങോട്ടാണെന്ന്‌ ഊഹിക്കാവുന്നതാണ്‌.

വ്യവസായികവിപ്ലവത്തിന്റെ ഉപോൽപ്പന്നമായ വ്യവസായശാലകളും അതിനെ ചുറ്റിപ്പറ്റി വളരുന്ന വൻ നഗരങ്ങളും ഉയർത്തുന്ന മലിനീകരണഭീഷണികൾ നിരവധിയാണ്‌. ഒരിക്കലും നശിക്കാത്ത പ്ലാസ്‌റ്റിക്ക്‌ അന്തരീക്ഷമലിനീകരണം, പ്രത്യാഖ്യാതങ്ങൾ തലമുറകളിലേക്ക്‌ പടരുന്ന ന്യൂക്ലിയർ മാലിന്യങ്ങൾ എന്നിങ്ങനെ പട്ടിക നീളുന്നു. അമിതമായ വെള്ളത്തിന്റെ ഉപയോഗം ഭൂമിയുടെ ഉപരിതലം വിട്ട്‌ ഭൂഗർഭജലചൂഷണത്തിലെത്തിച്ചിരിക്കുന്നു. അല്‌പം ശുദ്ധവായു ശ്വസിക്കാൻ ഓക്‌സിജൻ പാർലറുകളെ ആശ്രയിക്കേണ്ട ഭീതിദമായ അവസ്‌ഥയിലേക്കാണ്‌ കാര്യങ്ങൾ നീങ്ങുന്നത്‌.

ഇതെല്ലാം ദശാബ്‌ദങ്ങളായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്‌. ഇതിന്റെ പേരിൽ വൻശക്തികൾ പലതവണ സമ്മേളിക്കുകയും പ്രമേയങ്ങൾ പാസ്സാക്കുകയും ചെയ്‌തുവെങ്കിലും ‘ദീപസ്‌തംഭം മഹാശ്‌ചര്യം എനിക്കും കിട്ടണം പണം’ എന്ന കവിവാക്യം അനുസ്‌മരിപ്പിക്കുന്ന രീതിയിലാണ്‌ അനന്തരഫലങ്ങൾ. ആഗോള ഊർജ്ജ ഉപഭോഗത്തിന്റെ 80 ശതമാനവും ധൂർത്തടിക്കുന്ന അമേരിക്ക സ്വന്തം സുഖലോലുപതയ്‌ക്ക്‌ അല്‌പം പോലും കുറവ്‌ വരുത്താനാവില്ല എന്ന പേരിൽ 1997ലെ ക്യോട്ടോ ഉടമ്പടിയിൽ നിന്ന്‌ വിട്ടു നിന്നു. ഉത്തരധ്രുവത്തിലെ ഹിമപ്പരപ്പ്‌ ഉരുകി നഗ്നമാക്കപ്പെട്ട ധ്രുവപ്രദേശങ്ങളിൽ കൊടി നാട്ടി അവകാശമുറപ്പിക്കാനുള്ള തത്രപ്പാടിലാണ്‌ റഷ്യയടക്കമുള്ള തൊട്ടുകിടക്കുന്ന രാജ്യങ്ങൾ. ഉടമ്പടികൾക്കു ശേഷവും ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ 1992 – 2007 കാലഘട്ടത്തിൽ ലോകത്തിലാകെ 38 ശതമാനത്തോളം വർദ്ധിച്ചിരിക്കുന്നുവെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌.

കാലം മുന്നോട്ട്‌ പോകുംതോറും പുതിയ, പുതിയ പരിസ്‌ഥിതി പ്രശ്‌നങ്ങൾ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന്ന്‌ ആധാരമായ ജൈവപ്രക്രിയകൾ മുഴുവൻ നടക്കുന്നത്‌ ഏകദേശം 17 സെന്റീമീറ്റർ മാത്രം ആഴമുള്ള മേൽമണ്ണിലാണ്‌. കൃഷി മൂലമുള്ള മണ്ണൊലിപ്പ്‌ മൂലം എല്ലാ കൊല്ലവും ഈ മേൽമണ്ണിന്റെ ഒരു ശതമാനത്തോളം നഷ്‌ടപ്പെടുന്നുവെന്നാണ്‌ ഏകദേശ കണക്ക്‌. അതേസമയം ഒരു ഇഞ്ച്‌ കനത്തിൽ മേൽമണ്ണ്‌ സ്വാഭാവികമായി രൂപം പ്രാപിക്കാൻ നൂറുകണക്കിന്‌ വർഷങ്ങളെടുക്കും. അതിനേക്കാൾ ഭീതിദമാണ്‌ നഗരവൽക്കരണം മൂലം വിവിധരൂപത്തിൽ മൂടപ്പെട്ട്‌ ഉപയോഗശൂന്യമാവുന്ന മണ്ണിന്റെ അവസ്‌ഥ. കൊല്ലം തോറും ഒരു ലക്ഷത്തിമുപ്പതിനായിരം ചതുരശ്ര കിലോമീറ്റർ വിസ്‌തീർണ്ണത്തിനുള്ള മേൽമണ്ണ്‌ കെട്ടിടം, റോഡ്‌, ഖനനം എന്നിങ്ങനെ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ്‌ യു.എൻ. ഭക്ഷ്യകൃഷി സമിതിയുടെ 2002ലെ കണക്ക്‌.

കുറച്ചുകൂടി ആഴത്തിൽ ചിന്തിച്ചാൽ, നാം നിത്യേന ആസ്വദിക്കുന്ന ഉപഭോഗവസ്‌തുക്കളെല്ലാം വരുന്നത്‌ ഈ ഭൂമിക്കടിയിൽ നിന്നാണ്‌. മുമ്പ്‌ പറഞ്ഞ പരിമിതമായ വലിപ്പമുള്ള ഭൂമിക്കടിയിൽ നിന്ന്‌ നാം ഖനനം ചെയ്യുന്നത്‌ം ദിനംപ്രതി ദശലക്ഷക്കണക്കിന്‌ ടൺ ആണ്‌. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തിൽ മാത്രം ആരംഭിച്ച ക്രൂഡോയിലിന്റെ മാത്രം ലോകമാകെയുള്ള ഉത്‌പാദനം ദിവസംപ്രതി 85ദശലക്ഷം ബാരലാണ്‌. ഇതുപോലെ നൂറ്റാണ്ടുകളായി ഖനനം ചെയ്‌തുകൊണ്ടിരിക്കുന്ന കൽക്കരി, ഇരുമ്പ്‌, മറ്റു ലോഹങ്ങൾ എന്നിവയെല്ലാം കണക്കാക്കുമ്പോൾ ഇതെത്ര കാലം ഇങ്ങനെ തുടരാൻ സാധിക്കും എന്ന്‌ നാം അമ്പരന്നു പോകും. ഭൗമാന്തരീക്ഷ പരിസ്‌ഥിതിയെപ്പറ്റി വലിയ കോലാഹലങ്ങൾ നടക്കുന്നുണ്ടെങ്കിലും ഭൂഗർഭപരിസ്‌ഥിതിയെപ്പറ്റി കാര്യമായി ഒന്നും തന്നെ പറഞ്ഞുകേൾക്കാനില്ല. ഭൂമി അതിവേഗം ഒരു ചിതൽപ്പുറ്റായി മാറിക്കൊണ്ടിരിക്കുന്നു എന്ന വസ്‌തുത നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്‌.

സർവ്വംസഹയായ ഭൂമി, അഥവാ, ഭൂമി എല്ലാം സഹിച്ചുകൊള്ളുമെന്നത്‌ ഒരു മിഥ്യാസങ്കല്‌പമാണ്‌. എല്ലാവിധ വിദ്ധ്വംസകപ്രവൃത്തികളോടും പ്രകൃതി അതിന്റേതായ രീതിയിൽ പ്രതികരിച്ചുകൊണ്ടിരിക്കുന്നു. അത്‌ അല്‌പമെങ്കിലും മനസ്സിലാക്കുന്ന ശാസ്‌ത്രസമൂഹത്തിന്റെ മുന്നറിയിപ്പുകൾ വനരോദനമായി അവശേഷിക്കുന്നു. താൽക്കാലിക നേട്ടം മാത്രം മുൻനിർത്തി മുന്നോട്ടു പോകുന്ന രാഷ്‌ട്രീയനേതൃത്വവും വ്യവസായ വാണിജ്യസമൂഹവും ലോകം ഭരിക്കുന്ന ഇന്നത്തെ അവസ്‌ഥയിൽ വിവേകം നിഷ്‌ഫലമാം വിധം വൈകി ഉദിക്കുന്നുവെങ്കിൽ അതിൽ ഒട്ടും തന്നെ അത്ഭുതപ്പെടാനില്ല. പക്ഷെ, ഒരു കാര്യം നാം ഓർക്കേണ്ടതുണ്ട്‌. ഒരു പരിസ്‌ഥിതി ദുരന്തം ഏറ്റവുമധികം ബാധിക്കുക ഭൂമിയിലെ വാസം ഏറ്റവുമധികം ആസ്വദിക്കുന്ന മാനവരാശിയെയായിരിക്കും. ഇതൊഴിവാക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുന്നത്‌ വിശേഷബുദ്ധിയും യുക്തിബോധവുമുള്ള മനുഷ്യനു മാത്രമാണ്‌.

Generated from archived content: essay1_may22_09.html Author: parameswaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here