ആ യാത്രയില്‍

തീവണ്ടിയുടെ നീട്ടിയുളള ചൂളം വിളി കേട്ട് അയാള്‍ മയക്കത്തില്‍നിന്നുണര്‍ന്നു. ജനാല വഴി പുറത്തേക്ക് നോക്കി. തീവണ്ടി ഏതൊ സ്റ്റേഷന്‍ എത്തിയിരിക്കുന്നു. കയറാനും ഇറങ്ങാനും ഉളള യാത്രക്കാരുടെ തിക്കിതിരക്ക്. തന്‍റെ കൂടെ യാത്രതുടങ്ങിയ സഹയാത്രികരില്‍ പലരും പോയ്ക്കഴിഞ്ഞിരുന്നു. അവരുടെ സ്ഥാനം പുതിയ യാത്രക്കാര്‍ കയ്യടക്കി. എതിര്‍ സീറ്റില്‍ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി ഒരു യുവതി ഇരിപ്പുണ്ടായിരുന്നു. നിറം മങ്ങിയ വസ്ത്രത്തിലും അവള്‍ സുന്ദരിയായി കാണപ്പെട്ടു. ചുററും സംഭവിക്കുന്നതൊന്നും അവള്‍ അറിയുന്നില്ല എന്നു തോന്നി.

വീണ്ടും നീട്ടിയുളള ആ ചൂളംവിളി ശബ്ദം. തീവണ്ടി നീങ്ങി തുടങ്ങി. നാലഞ്ചു ചെറുപ്പക്കാര്‍ തീവണ്ടിയ്ക്കൊപ്പം ഓടി ആ കംപാര്‍ട്ട്മെന്‍റില്‍ കയറിപ്പറ്റി. അവര്‍ ആ യുവതി ഇരുന്ന സീററിലും മുകളില്‍ ബര്‍ത്തിലുമായി ഇരിപ്പുറപ്പിച്ചു. അയാള്‍ വീണ്ടും മയക്കത്തിലേക്ക് വീണു. നീണ്ട ഒരു നിദ്രയ്ക്കു ശേഷം അയാള്‍ യാദാര്‍ഥ്യത്തിലേക്ക് തിരികെയെത്തിയപ്പോള്‍ ആ യുവതി അയാളുടെ അരികില്‍ ഇരിപ്പുണ്ടായിരുന്നു. അടുത്ത സ്റ്റേഷനില്‍ തീവണ്ടി നിര്‍ത്തിയപ്പോള്‍ ആ ചെറുപ്പക്കാര്‍ അവിടെയിറങ്ങി. യുവതി ഒന്നാശ്വസിച്ചതായി തോന്നി.

“സര്‍, എങ്ങോട്ടാ?..”

“മാവേലിക്കര”

“ഞാനും അങ്ങോട്ടാ.. എനിക്കു നല്ല പരിചയം തോന്നുന്നു. സര്‍ ഹരിശങ്കറാണോ? കഥാകൃത്ത്.”

“അതെ..”

ആ യുവതിയുടെ മുഖം അത്ഭുതവും ആരാധനയും കൊണ്ട് വിടര്‍ന്നു.

“സര്‍, ഞാന്‍ മീര. സാറിന്‍റെ ഒട്ടുമിക്ക കൃതികളും ഞാന്‍ വായിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു പരിചയപ്പെടല്‍ ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. എനിക്കിതു വിശ്വസിക്കാന്‍ കഴിയുന്നില്ല. ഒന്നു കാണണമെന്ന് ഞാന്‍ ഒത്തിരി ആഗ്രഹിച്ചിരുന്നു.”

“വായന ഇഷ്ടം. അല്ലെ?…”

“ഇഷ്ടം എന്നല്ല സര്‍, പറയേണ്ടത്. പുസ്തകങ്ങള്‍ എന്നും എനിക്ക് സുഹൃത്തുക്കളാണ്. വായന ഇപ്പോള്‍ എനിക്ക് ആശ്വാസവും.”

“ആശ്വാസമോ?”

“അതെ. ഇപ്പോള്‍ എന്നോട് സംസാരിക്കാനും, ആശ്വസിപ്പിക്കാനും പുസ്തകങ്ങള്‍ മാത്രം.”

“മീരയ്ക്ക് ബന്ധുക്കളാരും ഇല്ലെ?”

“എല്ലാരുമുണ്ട്, പക്ഷെ ഞാന്‍ ഏകയാണ്. അമ്മയും, അച്ഛനും ഞാനും അടങ്ങുന്ന ഒരു കൊച്ചു കുടുംബമായിരുന്നു ഞങ്ങളുടേത്. ഞാന്‍ ഡിഗ്രിക്കു പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അമ്മയുടെ മരണം. അതിന്‍റെ വേദനമാറും മുന്‍പ് അച്ഛന്‍റെ രണ്ടാം വിവാഹം. അതോടെ എന്റെ പഠിപ്പ് അവസാനിച്ചു. അധികം വൈകാതെ തന്നെ രണ്ടു കൂടെപിറപ്പുകള്‍. പിന്നെ, പിന്നെ എന്നെ കാണുന്നതു തന്നെ അച്ഛനു ചതുര്‍ഥിയായി. കുററപ്പെടുത്താനും ശകാരിക്കാനുമായിട്ടെങ്കിലും ചിറ്റമ്മയോ, അച്ഛനൊ എന്നോടൊന്ന് സംസാരിച്ചെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയ നാളുകള്‍. ചുററും ഉറഞ്ഞുകൂടിയ നിശബ്ദതയ്ക്കു നടുവില്‍ ഞാനും എന്‍റെ പുസ്തകങ്ങളും മാത്രം. ആ ഏകാന്തതയില്‍ നിന്നൊരു രക്ഷപ്പെടല്‍, അതാണ് മാവേലിക്കര ഒരു സുഹൃത്ത് മുഖേന ശരിയാക്കിയ ജോലിയും, ഈ യാത്രയും. അച്ഛനെ ഞാനെന്‍റെ തീരുമാനം അറിയിച്ചു. ഒന്നു കൂടെ വരാന്‍ പോലും അച്ഛന്‍ കൂട്ടാക്കിയില്ല. ഞാനെന്ന ശല്യം അച്ഛനു ഒഴിഞ്ഞുകിട്ടിയാല്‍ മാത്രം മതി. അത്ര തന്നെ. അമ്മയെന്ന സത്യം ഒരു ജീവിതത്തിന് എത്ര വിലപ്പെട്ടതാണെന്ന് എന്‍റെ ജീവിത്തിലൂടെ ഞാന്‍ തിരിച്ചറിയുകയായിരുന്നു.”

ചിരിച്ചുകൊണ്ടാണ് പറയുന്നതെങ്കിലും അവളുടെ മിഴികളില്‍ നീര്‍ തിളങ്ങുന്നുണ്ടായിരുന്നു. ഏറെ നേരത്തെ നിശബ്ദതയ്ക്കൊടുവില്‍…

“സര്‍, ഒരു പുസ്തകം തരുമൊ? സ്റ്റേഷന്‍ എത്തുന്നതുവരെ വായിച്ചിരിക്കാമല്ലൊ.”

പുസ്തകമെടുക്കാന്‍ തിരിഞ്ഞപ്പോള്‍ ഹരിശങ്കര്‍ പുതച്ചിരുന്ന ഷോള്‍ ഒഴുകി വീണു. അപ്പോള്‍ മാത്രമാണ് മീര അത് ശ്രദ്ധിച്ചത്. തന്‍റെ പ്രിയപ്പെട്ട എഴുത്തുകാരന് രണ്ടു കൈകളും നഷ്ടമായിരിക്കുന്നു.

“സര്‍, അങ്ങയുടെ കൈകള്‍ ………..

അങ്ങയുടെ കൈകള്‍ ………..” കൂടുതല്‍ പറയാനാവാതെ മീര മരവിച്ചിരുന്നു.

“അതെ, ഹരിശങ്കര്‍ എന്ന എഴുത്തുകാരന് തന്‍റെ രണ്ടു കൈകളും നഷ്ടമായിരിക്കുന്നു. കൂടെ എന്നും കൂട്ടായ് ഉണ്ടായിരുന്ന അക്ഷരങ്ങളും. ഹരിശങ്കര്‍ ഇന്ന് എഴുത്തിന്‍റെ പാതി വഴിയില്‍ മരവിച്ചു നില്‍ക്കുന്നു. മുന്നോട്ട് പോകാനാകാതെ. എഴുത്തുകാരന്‍റെ ജീവന്‍,അയാളുടെ കൈകളിലാണ്. കൈകള്‍ നഷ്ടപ്പെട്ട ദിവസം ഹരിശങ്കര്‍ എന്ന കഥാകൃത്ത് മരിച്ചു കഴിഞ്ഞു. എന്നുളളിലെ അക്ഷരങ്ങള്‍ക്ക് ജീവനേകാന്‍ എനിക്കിന്നു കൈകളില്ല. അതുകൊണ്ടു തന്നെ എന്നുളളില്‍ അക്ഷരങ്ങളും മരിച്ചു കിടക്കുന്നു. എന്‍റെ ശരീരം മരിച്ചുകിടക്കുന്ന അക്ഷരങ്ങളെ പേറുന്ന വെറുമൊരു ശവമഞ്ചം മാത്രം. അല്ലെങ്കിലും കൈകളില്ലാത്ത എഴുത്തുകാരന്‍ അക്ഷരങ്ങളുടെ ശവമഞ്ചം തന്നെയായിരിക്കും. തനിയെ ചലിക്കുന്ന ശവമഞ്ചം.”

“അങ്ങയുടെ കൈകള്‍ എങ്ങനെയാണ് അങ്ങേയ്ക്ക് നഷ്ടമായത്?”

“ആ ദൂരന്തത്തിലേക്കുളള യാത്ര എന്‍റെ ബാല്യത്തില്‍ നിന്നു തന്നെയാണ് തുടങ്ങുന്നത്. എന്‍റെ മാത്രമല്ല അനുരാധയുടേയും. രണ്ടു സുഹൃത്തുകളുടെ മക്കളായി ജനനം. അനുരാധ ജനിച്ച അന്നു തന്നെ മാതാപിതാക്കള്‍ പറഞ്ഞുറപ്പിച്ചു. ഇവള്‍ ഹരിശങ്കറിന്‍റെ പെണ്ണ്. ഒരുമിച്ചു കളിച്ചു വളര്‍ന്ന ബാല്യം. കാലം കഴിയവെ മിത്രങ്ങളായിരുന്ന ഞങ്ങളുടെ പിതാക്കന്‍മാര്‍ ശത്രുക്കളായി മാറി. ഒരേ സ്ഥാപനത്തില്‍ ജോലിനോക്കിയിരുന്ന അവരെ അധികാരമെന്ന സുന്ദരി പ്രമോഷന്‍റെ രൂപത്തില്‍ മുന്നില്‍ നിന്ന് പ്രലോഭിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍, സൗഹൃദം ആദ്യം മത്സരത്തിലേക്കും പിന്നെ ശത്രുതയിലേക്കും വഴിമാറി. അവരെ ഒന്നിപ്പിക്കാന്‍ ഞങ്ങള്‍ ഏറെ ശ്രമിച്ചു. പക്ഷേ പരസ്പരം അടുക്കാനാവാത്ത വിധം അവര്‍ അകന്നു കഴിഞ്ഞിരുന്നു.”

“ആ ശത്രുത, അത് ഏററവും അധികം ബാധിച്ചത് ഞങ്ങളെ തന്നെയായിരുന്നു. ഞങ്ങളുടെ ബന്ധത്തിന് രണ്ടു വീട്ടുകാരും എതിരായി. പക്ഷെ ഞങ്ങളെ പിരിക്കാന്‍ അവര്‍ക്കായില്ല. അനുരാധയ്ക്ക് വിവാഹാലോചനകള്‍ തുടങ്ങിയപ്പോള്‍ അവള്‍ തന്നെയാണ് പറഞ്ഞത് “എങ്ങോട്ടെങ്കിലും പോകാം, ഒരുമിച്ച് ജീവിക്കാം.” അങ്ങനെ മദ്രാസിലുളള എന്‍റെ ഒരു സുഹൃത്തിന്‍റെ വീട്ടിലേക്ക് തല്ക്കാലം മാറാന്‍ തീരുമാനിച്ചു. ഒരു ദിവസം രാത്രി ഇതുപോലെ ഒരു തീവണ്ടിയില്‍ യാത്ര ആരംഭിച്ചു. ജനാലയ്ക്കരുകില്‍ എതിര്‍ സീററുകളിലായി ഞങ്ങള്‍ ഇരുന്നു. വൈദ്യുത വിളക്കിന്‍റെ പ്രഭയില്‍ നഗരം സര്‍വാഭരണഭൂഷിതയായ നവവധുവിനെപ്പോലെ സുന്ദരി. ആ സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ ഞങ്ങള്‍ വാതില്‍ക്കല്‍ ചെന്നു നിന്നു. എങ്ങനെയെന്നറിയില്ല ഞാന്‍ തെറിച്ച് പാളത്തിലേക്ക് വീഴുകയായിരുന്നു. അത്രയും മാത്രം ഓര്‍മ. പിന്നെ ഓര്‍മ തിരിച്ചു കിട്ടുമ്പോള്‍ ഞാന്‍ ആശുപത്രി കിടക്കയില്‍. കൂടെ മദ്രാസിലെ ആ സുഹൃത്ത് മാത്രം. ഞാന്‍ അവനോട് ആദ്യം അന്വേഷിച്ചത് അനുരാധയെ തന്നെ ആയിരുന്നു.”

“ഉണ്ടായിരുന്നു… പോയി..”

“എവിടേക്ക്?”

“നാട്ടിലേക്ക് തിരിച്ചുപോയി.”

“അവളെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു കൊണ്ടുപോയതാവും അല്ലെ? പാവം..”

“അല്ല.”

“പിന്നെ….”

“നിന്‍റെ കൈകള്‍…”

“എന്‍റെ കൈകള്‍ക്ക് എന്താ?…”

“അപ്പോള്‍ മാത്രമാണ് ഞാന്‍ കാണുന്നത് മുട്ടിനു താഴേക്ക് എന്‍റെ കൈകള്‍ മുറിച്ചുമാററിയിരുന്നു. ആ തീവണ്ടി ചക്രങ്ങള്‍ എന്‍റെ കൈകള്‍ മാത്രമല്ല, എന്‍റെ ജീവിതം കൂടിയാണ് എന്നില്‍ നിന്ന് മുറിച്ചെടുത്ത് കടന്നുപോയത് എന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. അനുരാധ, അവളെ മറക്കാന്‍ എനിക്കാവുമായിരുന്നില്ല. അതാണ് ആശുപത്രി വിട്ടപ്പോള്‍ ഒന്നുകൂടി ഞാന്‍ അവളെ കാണാന്‍ പോയത്.”

“കൈകളില്ലാത്ത എഴുത്തുകാരന്‍ മൃതശരീരമാണ്. ഒരു മൃത ശരീരത്തിനൊപ്പം ശിഷ്ട ജീവിതം കഴിയ്ക്കാന്‍ എനിക്കു താത്പര്യമില്ല. ഇനി എന്നെത്തേടി വരരുത്.”

“അവള്‍ തന്നെയാണ് അതു പറഞ്ഞതെന്ന് വിശ്വസിക്കാന്‍ ഇന്നുവരെ എനിക്കു കഴിഞ്ഞിട്ടില്ല. അന്ന് അവിടുന്ന് ഇറങ്ങി, പിന്നങ്ങോട്ട് പോയതുമില്ല. ഏറെ നാളുകള്‍ക്ക് ശേഷം ഈ യാത്ര എന്‍റെ ജന്മദേശത്തേയ്ക്ക് തന്നെയാണ്. ഒരു മടക്കയാത്രയ്ക്കൂളള സമയമായി എന്നു തോന്നി.”

അവര്‍ക്കിറങ്ങേണ്ട സ്റ്റേഷന്‍ എത്തിയപ്പോഴേക്കും ഏറെ നാളത്തെ ആത്മബന്ധമുളളവരെപ്പോലെ അവര്‍ അടുത്തുകഴിഞ്ഞിരുന്നു.

“നമ്മള്‍ ഇവിടെ പിരിയുന്നു. അല്ലെങ്കിലും ഒഴിച്ചുകൂടാനാവാത്ത ഒരു വേര്‍പാടിനായിമാത്രം പരിചയപ്പെടുന്നവരാണല്ലൊ എല്ലാ സഹയാത്രികരും.”

“അതെ, ഈ തീവണ്ടി യാത്ര ഇവിടെ അവസാനിക്കുന്നതുവരെ ഞാന്‍ സാറിന്‍റെ സഹയാത്രികയായിരുന്നു. പക്ഷേ ഇവിടുന്നങ്ങോട്ട് അങ്ങേയ്ക്ക് നഷ്ടപ്പെട്ട കൈകളാവാനാണ് എനിക്കിഷ്ടം. അങ്ങയിലെ അക്ഷരങ്ങള്‍ക്ക് ജീവനേകുന്ന കൈകള്‍.”

അതൊരു യാത്രയുടെ അവസാനമായിരുന്നില്ല, അക്ഷരങ്ങളുടെ ലോകത്തിലൂടെ അവരൊന്നിച്ചുളള മറ്റൊരു യാത്രയുടെ തുടക്കം മാത്രമായിരുന്നു. ആ യാത്രക്കാരുടെ തിരക്കിലേക്ക് അവരും ലയിച്ചു ചേര്‍ന്നു. കൂടെ പുതുജീവന്‍ ലഭിച്ച കുറെ അക്ഷരങ്ങളും….

Generated from archived content: story4_june16_15.html Author: panku_joby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here