കടല്‍തീരത്ത് ഇളം കാറ്റിന്റെ തണുപ്പേറ്റ്, അലറികുതിച്ചെത്തുന്ന തിരമാലയിലേക്ക് നോക്കി രണ്ടു പുരുഷരൂപങ്ങള്‍. അപ്പോള്‍ മാത്രം പരിചയക്കാരായ അവര്‍ വിശേഷങ്ങള്‍ പങ്കുവച്ചു.
“താങ്കള്‍ മണിശങ്കറല്ലെ? യു.എന്‍ ബാങ്ക് മാനേജര്‍.”
“അതെ, പക്ഷെ എനിക്ക് താങ്കളെ ഓര്‍ക്കാനാവുന്നില്ല.”
“ഇല്ല, താങ്കള്‍ എന്നെ അറിയില്ല.”
“ഞാന്‍ മഹേന്ദ്രന്‍, ബിസിനെസ്സ് ആണ്. ഒരു ബിസിനെസ്സ് ആവശ്യത്തിനായി ഇവിടെ വന്നു. ഉടനെ മടങ്ങും. ഞങ്ങള്‍ ബിസിനെസ്സുകാര്‍ ഒട്ടുമിക്ക ബാങ്കിന്റെയും ഡീറ്റൈല്‍സ് കളെക്ടു ചെയ്യും. അക്കൂട്ടെത്തില്‍ താങ്കളുടെ ബാങ്കിന്റെയും.”
“എന്താവശ്യത്തിനും എന്നെ വന്നു കണ്ടാല്‍ മതി. എല്ലാ സഹായവും എന്നില്‍ നിന്ന് പ്രതീക്ഷിക്കാം. ഞങ്ങളുടെ കസ്റ്റെമെര്‍ കൂടുതലും നിങ്ങളെ പോലുള്ളവരാണ്.”
ആവശ്യമുണ്ടെങ്കില്‍ വരാം. ഞാന്‍ എപ്പോഴും തിരക്കിലായിരിക്കും. അതിനിടയില്‍ അല്‍പസമയം കിട്ടുമ്പോള്‍ ഇവിടെ വന്നിരിക്കും.”
ഇതേ സമയം, അവര്‍ അറിയാതെ അവിടെ രണ്ടുപേര്‍കൂടി സൌഹൃദത്തില്‍ ആയിക്കഴിഞ്ഞിരുന്നു. മറ്റാരുമല്ല, അവര്‍ നിഴലുകള്‍ തന്നെ ആയിരുന്നു, ആ രണ്ടുപേരുടെ സ്വന്തം നിഴലുകള്‍. മനുഷ്യന്റെ സന്തത സഹചാരിയായ നിഴലുകള്‍. ജനനം മുതല്‍ മരണം വരെ മനുഷ്യന്റെ ശരിയും തെറ്റുമായ എല്ലാ പ്രവൃത്തികള്‍ക്കും കൂട്ടായി നില്‍ക്കുന്നവര്‍. മനുഷ്യ മനസ്സെന്ന നിഗൂഡലോകത്തിലെ ഏക സഞ്ചാരി. മനുഷ്യ മനസിലെ രഹസ്യങ്ങളുടെ കലവറയുടെ കാവല്‍ക്കാരായി മേവുന്നവര്‍. അതെ, ഒരു മനുഷ്യനെ പൂര്‍ണമായി മനസിലാക്കാനും, അവന്റെ പൊയ്മുഖങ്ങള്‍ അഴിച്ചുമാറ്റാന്‍ കഴിയാതെ, അവനൊപ്പം നിസ്സഹായരായി സഞ്ചരിക്കാനും മാത്രം വിധിക്കപ്പെട്ടെവര്‍ , നിഴലുകള്‍.
ഇവിടെയും ആ നിഴലുകള്‍, തങ്ങളുടെ യജമാനന്മാരെ പോലെ അവരും ചങ്ങാത്തത്തിലായി. മടക്കയാത്രയില്‍ ബിസിനെസ്സുകാരെന്നെന്നു അവകാശപ്പെട്ട മഹേന്ദ്രന്റെ നിഴല്‍ ആത്മഗതം ചെയ്തു.
“അങ്ങനെ ഒരാള്‍ കൂടി വലയിലായി പാവം മാനേജര്‍, അയാള്‍ അറിയുന്നുണ്ടോ ഈ പകല്‍മാന്യന്റെ യദാര്‍ത്ഥ മുഖം. തന്റെ ബാങ്ക് കൊള്ളയടിക്കാന്‍ വന്നവനെ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു അയാള്‍. ഇനി എത്ര നാള്‍ ഈ കള്ളനൊപ്പം കഴിയേണ്ടിവരുമൊ? ഇതിനിടെ എത്രയെത്ര മോഷണങ്ങള്‍. കുഞ്ഞുന്നാളില്‍ ഒരു പെന്‍സിലില്‍ തുടങ്ങിയ മോഷണം. പിന്നെ പണത്തിലേക്കും, പോക്കറ്റടിയിലേക്കും, ഭവനഭേദനത്തിലേക്കും കടന്ന്‍ ഇപ്പോള്‍ ബാങ്കുമോഷണത്തിന്റെ വക്കില്‍ എത്തിനില്‍ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ചോര്‍ത്താനായി ബാങ്ക്മാനേജറുമായി ചങ്ങാത്തം.”
“ഇത്ര നാളും പോലീസിനെ വെട്ടിച്ച്നടന്നു. ഇനി എന്നാണോ ഇയ്യാളെ പോലീസ് കൈയ്യാമം വച്ച് കൊണ്ടുപോകുന്നത്? അന്യരുടെ പണം കൊണ്ട് ഇയ്യാളുടെ പെട്ടി നിറഞ്ഞു കഴിഞ്ഞു. ഇനിയും നിര്‍ത്താറായില്ലേ ഈ ദുഷ്കര്‍മ്മം? ആ നോട്ടുകളില്‍ മനുഷ്യരുടെ അദ്ധ്വാനത്തിന്റെ വിയര്‍പ്പും, കണ്ണീരിന്റെ ഉപ്പും ഉണങ്ങി പിടിച്ചിരിക്കുന്നു. ദീനതയാര്‍ന്ന മുഖത്തോടെ, യാചനയോടെ , വിലാപത്തോടെ എന്നിലേക്കടുക്കുന്ന മനുഷ്യക്കോലങ്ങള്‍ , അവ എന്നെ ഭയപ്പെടുത്തുന്നു. ധനത്തോടൊപ്പം പലരുടെയും ജീവിതം കൂടിയാണ് ഇയ്യാള്‍ കവര്‍ന്നു തന്റെ പെട്ടിയില്‍ പൂട്ടിയിരിക്കുന്നത്. എല്ലാ പ്രവൃത്തികള്‍ക്കും കൂട്ടുനില്‍ക്കേണ്ടി വരുന്നത് എന്റെ വിധി, അല്ല.., എല്ലാ നിഴലുകളുടെയും വിധി.”
പിന്നെയും പലപ്പോഴും ആ രണ്ടു നിഴലുകളും അവരുടെ യജമാനന്മാരും കൂടിക്കാഴ്ചനടത്തി. ആ നിഴലുകള്‍ അങ്ങനെ നല്ല സുഹൃത്തുക്കളായിമാറി. ആയിടക്ക് ബന്കുമാനെജരുടെ നിഴലിനൊരാഗ്രഹം.
“ചങ്ങാതി… എനിക്കെന്നും ബാങ്കിലും, വീട്ടിലും , കടപ്പുറത്തുമായി നടന്നു മടുത്തു. നമ്മുക്ക് നമ്മുടെ യജമാനന്മാരെ മാറ്റിയെടുത്താല?. നീ എന്റെ യജമാനനൊപ്പം പോകൂ, ഞാന്‍ നിന്റെ യജമാനനൊപ്പം നടക്കാം.”
“ഇത് കൊള്ളാവുന്ന ഒരു വ്യവസ്ഥയാണ്”, കള്ളന്റെ നിഴല്‍ ആലോചനയിലായി. “ഈ കള്ളന്‍ ബാങ്ക് കൊള്ളയടിച്ചു പോലീസ് പിടിയിലായാല്‍ ശിഷ്ട ജീവിതം ഇരുട്ടറക്കുള്ളില്‍ കഴിയേണ്ടാതായിവരും. ഇവന്റെ യ്ജമാനനൊപ്പം പോകുന്നാതാണ് ബുദ്ധി. ഒരു നല്ല മനുഷ്യനൊപ്പം ജീവിക്കാന്‍ എനിക്ക് കൊതി തോന്നുന്നു. നിഴലുകള്‍ക്ക് യജമാനന്മാരെകുറിച്ചുള്ള രഹസ്യം പുറത്തു പറയാന്‍ പാടില്ല. അതുകൊണ്ട് ഇയ്യാളുടെ യദാര്‍ത്ഥ മുഖം എനിക്ക് ചങ്ങാതിയോട് പറയാനും കഴിയില്ല. സാരമില്ല, ഭാവിയില്‍ എന്റെ യജമാനന്‍ ഒരു കള്ളനാണെന്ന് ചങ്ങാതി അറിയുമ്പോള്‍, അപ്പോള്‍ വീണ്ടും പഴയപോലെ എന്റെ യജമാനനെ തിരികെ സ്വീകരിച്ചുകൊണ്ട്, ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന ഈ തെറ്റിന് പ്രായശ്ചിത്തം ചെയ്യാം. ഇപ്പോള്‍ ഈ വ്യവസ്ഥ അംഗീകരിക്കാം, ഒരു നല്ല മനുഷ്യനൊപ്പം കുറച്ചു നാള്‍, എന്റെ ജീവിതത്തില്‍ ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരവസരം.”
“എനിക്ക് സമ്മതം ചങ്ങാതി നമുക്ക് പരസ്പരം യജമാനന്മാരെ മാറ്റിഎടുക്കാം.”
അങ്ങനെ ആ നിഴലുകള്‍ പരസ്പരം മാറി, മാനജേരുടെ നിഴല്‍ കള്ളനോപ്പം യാത്രയായി.തന്റെ ദുര്‍വിധി മാറി കുറച്ചുനാളെങ്കിലും നന്നായിട്ടൊന്നു ജീവിക്കണമെന്ന് കരുതി കള്ളന്റെ നിഴല്‍ മാനേജര്‍ക്കൊപ്പം സന്തോഷത്തോടെ നടന്നു . അവിടെ നടന്ന ഈ മാറ്റങ്ങള്‍ ഒന്നും അറിയാതെ ആ രണ്ടു മനുഷ്യര്‍ താന്താങ്ങളുടെ വസതിയിലേക്ക് നീങ്ങി.
“ഹാവൂ.., കൊട്ടാരസദൃശ്യമായ ഈ കെട്ടിടവും, സുഖസൌകര്യങ്ങളും ഉപേക്ഷിച്ചാണല്ലോ എന്റെ ചങ്ങാതി ആ കള്ളനൊപ്പം പോയത്. എന്തായാലും അത് നന്നായി ഇനിയുള്ള കുറച്ചുനാള്‍ എന്റെ ജീവിതം സുഖകരമായിരിക്കും.”
പക്ഷെ, ആ സന്തോഷം അധികനാള്‍ നീണ്ടില്ല.തന്റെ പുതിയ യജമാനന്റെ യദാര്‍ത്ഥ മുഖം ആ നിഴല്‍ മെല്ലെ മനസിലാക്കുകയായിരുന്നു. വെറുമൊരു സ്ത്രീ ലമ്പടനായ അയാളുടെ ഭാര്യ, ആ കാരണത്താല്‍ അയാളെ ഉപേക്ഷിച്ചു പൊയ്ക്കഴിഞ്ഞിരുന്നു. സ്വന്തം സ്ഥാപനത്തില്‍ സ്ത്രീ ജീവനക്കാരോടുള്ള അയാളുടെ സമീപനത്തെ തുടര്‍ന്ന് പലപ്പോഴും പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ കിട്ടിയിരിക്കുന്നു. ഇനിയൊരു പരാതികൂടി ആയാല്‍ ഇയ്യാളുടെ ജോലിതന്നെ പോകും എന്ന സ്ഥിതി. കൊട്ടാരസദൃശ്യമായ ആ വീട് ഇന്ന് ഒരു വേശ്യയുടെ കൈയ്യില്‍ അകപ്പെട്ടിരിക്കുന്നു. എപ്പോള്‍ വേണമെങ്കിലും സ്വന്തം ഭവനത്തില്‍ നിന്ന് അയ്യാള്‍ പുറന്തളപ്പെടാം. തന്റെ ശമ്പളം ഒന്ന് മാത്രമാണ് അയ്യാളെ അവിടെ നിലനിര്‍ത്തുന്ന ഏക ഘടകം.
പകല്‍ മാന്യനായി അഭിനയിക്കുന്ന അയ്യാള്‍, ഇരുട്ടയിക്കഴിഞ്ഞാല്‍ തനി സ്വരൂപം കാണിക്കും. ഈ അവസ്ഥയിലും അയ്യാളുടെ ഒളിസേവക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. അയ്യാളുടെ ഈ ഹീനകൃത്യത്തിന് കൂട്ടുപോയി നിഴലിനു അറപ്പും വെറുപ്പും തോന്നിത്തുടങ്ങി. പുതിയ യജമാനനോടൊപ്പമുള്ള ജീവിതം അവസാനിപ്പിക്കാന്‍ നിഴല്‍ വഴികള്‍ ആലോചിച്ചു അവശനായി.
അങ്ങനെയിരക്കവേ അവന്‍ ആ കടല്‍ത്തീരത്ത് തന്റെ ചങ്ങാതിയെ വീണ്ടും കണ്ടുമുട്ടി. പരസ്പരം ഒന്നും പറയാന്‍ കഴിയാത്തതിനാല്‍ അവര്‍ തങ്ങളുടെ യാദനകള്‍ പങ്കുവച്ചില്ലെങ്കില്‍പോലും അവര്‍ക്ക് എല്ലാം തന്നെ തിരിച്ചറിയാന്‍ കഴിയുമായിരുന്നു.
“ചങ്ങാതി എനിക്ക് നിന്റെ യജമാനനുമായുള്ള ജീവിതം മടുത്തുകഴിഞ്ഞിരിക്കുന്നു.”
“എനിക്കും, പക്ഷെ എന്റെ യജമാനനെ എനിക്കിനി തിരിച്ചു വേണ്ട.”
“അതെ, എനിക്കും വേണ്ട.”
“അപ്പോള്‍ പിന്നെ…..”
“അതെ, ഇവരെ ഉപേക്ഷിച്ചു നമ്മുക്ക് കടലമ്മയുടെ മടിത്തട്ടിലേക്ക് ഇറങ്ങി ചെല്ലാം.”
“അതെ, കടലമ്മ നമ്മെ സ്വീകരിക്കും. ഇനി ഒട്ടും വൈകണ്ട.”
ആ നിഴലുകള്‍ സ്വന്തം യജമാനന്മാരെ ഉപേക്ഷിച്ചു, കൈകോര്‍ത്തുപിടിച്ച് കടലിലേക്ക് ഇറങ്ങി. കുറച്ചു നടന്നശേഷം അവ തിരിഞ്ഞുനോക്കുമ്പോള്‍ രണ്ടുപോയ്മുഖങ്ങള്‍ അപ്പോഴും സംസാരത്തിലാണ്. ആ നിഴലുകള്‍ പിന്നെ തിരിഞ്ഞു നോക്കിയതേയില്ല. മനുഷ്യരുടെ ഇടുങ്ങിയ ലോകത്തില്‍ നിന്നും സമുദ്രമെന്ന വിശാലമായ ലോകത്തിലേക്ക് നന്മകള്‍ തേടി അവര്‍ യാത്രയായി.
അതേ നിമിഷം എവിടെ നിന്നെന്നറിയാതെ ഒറ്റക്കും കൂട്ടമായും നിഴലുകള്‍ സമുദ്രത്തിലേക്ക് ഇറങ്ങിപോയ്ക്കൊണ്ടിരുന്നു. അവര്‍ തങ്ങള്‍ക്കു പറയാനുള്ളത് പറയാതെ, തങ്ങളുടെ ഇടയിലെ നിയമങ്ങള്‍ ലംഘിക്കാതെ, ഈ ലോകവും ഇവിടുത്തെ മനുഷ്യരെയും ഉപേക്ഷിച്ച് കടലിലേക്ക് നടന്നകന്നു. നിഴല്‍ പോലും തങ്ങളെ ഉപേക്ഷിച്ചതറിയാതെ, തങ്ങള്‍ക്കു നഷടപെട്ടതെന്തെന്നു മനസിലാക്കാതെ മനുഷ്യര്‍ അപ്പോഴും എന്തൊക്കെയോ നേടാനുള്ള ധൃതിയിലായിരുന്നു.
Generated from archived content: story3_oct30_15.html Author: panku_joby