സ്വപ്നങ്ങള്‍, അവ എന്നും അവളുടെ തോഴിമാരായിരുന്നു. കുഞ്ഞുന്നാള്‍ മുതല്‍ സ്വപ്നങ്ങളുടെ കൂട്ടുപിടിച്ച് അവള്‍ പോകാത്ത ഇടങ്ങളില്ല. അവ അവളെ പലപല ലോകങ്ങളിലേക്ക് കൈപിടിച്ച് കൂട്ടികൊണ്ടു പോയി. ചിറകുകള്‍ മുളച്ച് മാലാഖയെപ്പോലെ മേഘങ്ങള്‍ക്കിടയില്‍ പറി നടന്നു. പൂന്തോട്ടങ്ങളില്‍ സുഗന്ധം പരത്തുന്ന മറ്റൊരു പുഷ്പമായ് പുനര്‍ജനിച്ചു. പലതരം വര്‍ണങ്ങള്‍ ചാലിച്ച ചായക്കൂട്ടിലേക്ക് ഇറങ്ങി ചെന്നു വര്‍ണങ്ങളുടെ മനോഹര പ്രപഞ്ചത്തിലൂടെ സ്വയം മറന്നു സഞ്ചരിച്ചു. സാഗരത്തിന്റെ നിഗൂഢതയിലൂടെ മത്സ്യകന്യകമാര്‍ക്കൊപ്പം നീന്തി തുടിച്ചു.അങ്ങനെ അങ്ങനെ പലതും.
ആയ്യിടയ്ക്കാണ് ഊര്‍മി മയില്‍പ്പീലിക്കാടുകള്‍ സ്വപ്നം കണ്ടു തുടങ്ങിയത്. പിന്നെ എന്നാണ് ആ മയില്‍പ്പീലികള്‍ വകഞ്ഞുമാറ്റി കുസൃതിക്കണ്ണുകളുളള ഒരു കാര്‍വര്‍ണ്ണന്‍ അവളുടെ സ്വപ്നത്തിലേക്ക് ഇറങ്ങിവന്നത്. ചിരിക്കുമ്പോള്‍ ചെറുതാകുന്ന കുസൃതികണ്ണുകള്‍. പിന്നെ കണ്ട ഓരോ മുഖത്തിലും അവള്‍ ആ കണ്ണുകള്‍ തിരഞ്ഞു. അവിചാരിതമായാണ് ആ കണ്ണുകള്‍ അവള്‍ തിരഞ്ഞു കണ്ടുപിടിച്ചതും, സ്വന്തമാക്കിയതും. പിന്നെ ആ കണ്ണുകള്‍ സ്വപ്നത്തില്‍ നിന്നിറങ്ങി അവളുടെ ജീവിതത്തിലൂടെ സഞ്ചരിച്ചു തുടങ്ങി.
പിന്നെയും ഏറെക്കഴിഞ്ഞാണ് അവളുടെ സ്വപ്നങ്ങളില്‍ വിടര്‍ന്ന കണ്ണുകളും, നറുപുഞ്ചിരിയുമായ് രണ്ടു മാലാഖ കുട്ടികള്‍ കൈകോര്‍ത്ത് പിടിച്ച് വിരുന്നുവന്നത്. വിരുന്നുകാരികള്‍ മെല്ലെ മെല്ലെ അവളുടെ ജീവിതത്തിന്‍റെ തന്നെ ഭാഗമായി മാറി. പിന്നെ കണ്ട എല്ലാ സ്വപ്നങ്ങളിലും ഊര്‍മി ആ മാലാഖകുട്ടികളുടെ കൈ പിടിച്ച് ആഹ്ലാദത്തോടെ പറന്നു നടന്നു. വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ മലമേടുകളിലേക്കും, വര്‍ണ പുഷ്പങ്ങള്‍ കൂട്ടത്തോടെ പൂക്കുന്ന താഴ് വാരങ്ങളിലേക്കും, മാനുകള്‍ തുളളികളിക്കുന്ന മയിലുകള്‍ ആനന്ദ നൃത്തം ചവിട്ടുന്ന ചെറു വനങ്ങളിലേക്കും, പിന്നെ വെളളാരം കല്ലുകള്‍ നിറഞ്ഞ കുളിര്‍ ജലമൊഴുകുന്ന അരുവികളിലേക്കും അവള്‍ അവരെ കൈ പിടിച്ചു നടത്തി., കുരുവികള്‍ക്കും പൂമ്പാറ്റകള്‍ക്കുമിടയില്‍ ആ മാലാഖകുട്ടികള്‍ പാറി നടന്നു. അവരുടെ കണ്ണുകളില്‍ മറ്റൊരു വര്‍ണ പ്രപഞ്ചം വിരിയുന്നത് ഊര്‍മി ഒരു നിര്‍വൃതിയോടെ നോക്കി നിന്നു. ജീവിതവും സ്വപ്നങ്ങളും ഇടകലര്‍ന്ന സുന്ദര നിമിഷങ്ങള്‍ പിന്നിടുമ്പോള്‍ അവള്‍ സന്തുഷ്ടയായിരുന്നു.
അങ്ങനെ ഇരിക്കവെയാണ് ഒരു നാള്‍ ഊര്‍മിയും അവളുടെ സ്വപ്നങ്ങളും ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക് പറിച്ചു നടപ്പെട്ടത്. കൂടെ ആ മാലാഖകുഞ്ഞുങ്ങളും. പിന്നെ അവളുടെ രാത്രികളില്‍ സ്വപ്നങ്ങള്‍ വിരുന്നു വന്നില്ല. സ്വപ്നങ്ങള്‍ അവളെ മറന്നു പോയിരുന്നു. അവ ഗ്രാമത്തില്‍ തന്നെ തങ്ങി. നഗരങ്ങള്‍ അവയ്ക്ക് പാര്‍ക്കാന്‍ പറ്റിയ ഇടങ്ങളായിരുന്നില്ല. സ്വപ്നങ്ങള്‍ ഇല്ലാത്ത രാത്രികളെ, ജീവിതത്തെ അവള്‍ വെറുത്തു തുടങ്ങി.
ആയിടയ്ക്ക് സ്വപ്നം വീണ്ടും അവളെ തേടിയെത്തി. അവള്‍ സന്തോഷത്തോടെ മാലാഖകുട്ടികളുടെ കൈ പിടിച്ച് സ്വപ്നത്തിലൂടെ സഞ്ചരിച്ചു. പെട്ടെന്ന് മാലാഖകുട്ടികള്‍ ചുമയ്ക്കാന്‍ തുടങ്ങി. പിന്നെ ആ ചുമ കൂടിക്കൊണ്ടേയിരുന്നു. നഗരങ്ങളിലെ സ്വപ്നങ്ങള്‍ ഭയാനകമാണ്. അങ്ങനെ ഊര്‍മി വീണ്ടും ഗ്രാമത്തിലേക്ക് ചേക്കേറി.
പക്ഷേ.. പിന്നെ സ്വപ്നങ്ങളില്‍ കണ്ട മലമേടുകളില്‍ വൃക്ഷങ്ങള്‍ ഉണ്ടായിരുന്നില്ല, പൂമ്പാററകളും കുരുവികളും ഉണ്ടായിരുന്നില്ല, വനങ്ങളും ചോലകളും ഉണ്ടായിരുന്നില്ല. സ്വപ്നങ്ങളില്‍ ഊര്‍മിയും മാലാഖകുട്ടികളും പകച്ചു നിന്നു. എങ്ങോട്ട് പോകണം എല്ലായിടങ്ങളും മരുഭൂമി ആക്കപ്പെട്ടു കഴിഞ്ഞിരുന്നു. അപ്പോഴേക്കും മാലാഖകുട്ടികള്‍ കൈകോര്‍ത്തു പിടിച്ചു തന്നെ ചുമയോടൊപ്പം രോഗങ്ങളുടെ ലോകത്തേക്ക് യാത്രയായി. ഊര്‍മി സ്വപ്നങ്ങളെ വെറുക്കാന്‍ ശീലിച്ചത് അപ്പോള്‍ മുതല്‍ക്കാണ്. എന്നാല്‍ സ്വപ്നങ്ങള്‍ അവളെ വിടാന്‍ തയ്യാറായിരുന്നില്ല. പിന്നീടുളള സ്വപ്നങ്ങളില്‍ അവള്‍ വീണ്ടും ഏകയായി. എങ്ങും മണല്‍ നിറഞ്ഞ മരുഭുമിയില്‍ക്കൂടി ദിക്കറിയാതെ രാത്രി മുഴുവന്‍ അവള്‍ അലഞ്ഞു തിരിഞ്ഞു. സ്വപ്നങ്ങളെ അകററാന്‍ അവള്‍ ആഞ്ഞു ശ്രമിച്ചു. പക്ഷെ വര്‍ദ്ധിച്ച വീര്യത്തോടെ സ്വപ്നങ്ങള്‍ അവളുടെ രാത്രികള്‍ കട്ടെടുത്തു. അവളെ മരുഭൂമിയിലേക്ക് പിടിച്ചു വലിച്ചു കൊണ്ടു പോയി.
പിന്നെ എന്നാണ് ഊര്‍മി ആ വിചിത്ര സ്വപ്നം കണ്ടുതുടങ്ങിയത്. തമ്മില്‍ തമ്മില്‍ കൊല്ലുകയും, ചതിക്കുകയും ചെയ്യുന്ന ഒരു കൂട്ടം അപരിചിതര്‍ക്കിടയിലൂടെ സ്വപ്നം അവളെയും കൊണ്ടു നടന്നു. മുന്നോട്ട് മുന്നോട്ട് പോകും തോറും ചുററിനും കബന്ധങ്ങള്‍ വന്നു നിറയാന്‍ തുടങ്ങി. ശിരസ്സില്ലാത്ത, ശരീരം മാത്രമുളള കബന്ധങ്ങള്‍. പിന്നേയും മുന്നോട്ട് പോയപ്പോള്‍ പലതരത്തിലുളള ശിരസ്സുകളില്‍ പാദങ്ങള്‍ തടഞ്ഞ് അവളുടെ മുന്നോട്ടുളള യാത്ര ദുഷ്കരമായി തീര്‍ന്നു. പിന്നേയും മുന്നോട്ട് പോയപ്പോളാണ് അവള്‍ ആ സത്യം മനസ്സിലാക്കിയത്. അതെ, താനും വെറുമൊരു കബന്ധമായി മാറി കഴിഞ്ഞിരുന്നു. ശിരസ്സിന്‍റെ ഭാഗത്ത് ശൂന്യതമാത്രമുളള വെറുമൊരു കബന്ധം. ഇത് സ്വപ്നമോ? അതൊ, യാദാര്‍ഥ്യമോ? ഊര്‍മി അപ്പോഴും ഉറക്കത്തിലായിരുന്നു.
Generated from archived content: story3_may5_15.html Author: panku_joby