നടപ്പാത

നടപ്പാതയുടെ അങ്ങേ അറ്റത്തുനിന്നും ചന്ദ്രന്‍റെ വിവാഹയാത്ര വരുന്നുണ്ടായിരുന്നു. ചന്ദ്രന്‍റെ മുഖം സന്തോഷത്താല്‍ ഉയര്‍ന്നിരുന്നു എന്നാല്‍ രുക്മിണിയുടെ മുഖം ലജ്ജയില്‍ കുന്പിട്ടിരുന്നു. വിടര്‍ന്ന മിഴികളുടെ ഉടമയായ ആ വദനം കുലീനയുവതികളെ അനുസ്മരിപ്പിക്കുമാറ് സുന്ദരവും, ശാലീനവുമായിരുന്നു. നടപ്പാതയിലൂടെ ആ വിവാഹയാത്ര കടന്നുപോയി. നടപ്പാത സന്തോഷത്തോടെ ആ ദന്പതികള്‍ക്ക് മംഗളം നേര്‍ന്നു. പിന്നീട് പലപ്പോഴും നടപ്പാത ചന്ദ്രനെയും രുക്മിണിയേയും കണ്ടിരുന്നു. കവലയില്‍ സാധനം വാങ്ങാനും, കാവില്‍ ഉത്സവം കാണാനും അവര്‍ എന്തു സന്തോഷത്തോടെ ആണ് നടപ്പാത കടന്നുപോയത്. “രുക്കൂ, നിനക്കീ വളകള്‍ ഇഷ്ടപ്പെട്ടൊ? “പിന്നില്ലാതെ. എന്തു ഭംഗിയുളള വളകളാ..” “അടുത്ത കാവില്‍ ഉത്സവത്തിന് നിനക്കു ഞാനൊരു കല്ലുമണി മാല വാങ്ങിത്തരാം.” “ആണൊ? എനിക്കെന്തിഷ്ടാണെന്നൊ കല്ലുമണിമാല?” നടപ്പാതയും അവരുടെ സന്തോഷത്തില്‍ പന്കുചേര്‍ന്നു. ആ വളകളില്‍ ഒന്നുപൊട്ടി വളപ്പൊട്ടുകള്‍ നടപ്പാതയില്‍ ചിതറിവീണു. ചന്ദ്രനും ബന്ധുക്കളും ചേര്‍ന്ന് പ്രസവത്തിനായി രുക്മിണിയെ എടുത്തുകൊണ്ടുപോയതും നടപ്പാതയിലൂടെ ആയിരുന്നു. നടപ്പാത ആകാംക്ഷയോടെ കാത്തിരുന്നു അവരുടെ മടങ്ങി വരവിനായി. ഏതാനും ദിവസങ്ങള്‍ക്കുശേഷം കൈയ്യില്‍ ഒരു ചോരക്കുഞ്ഞുമായി ചന്ദ്രനും രുക്മിണിയും ആഹ്ലാദത്തോടെ നടപ്പാത കടന്നുപോയി. “എവിടെ? കുഞ്ഞിന്‍റെ മുഖം ഞാനുമൊന്നുകണ്ടോട്ടെ “ നടപ്പാതയും അവരുടെ സന്തോഷത്തിന്‍റെ ഭാഗമായതുപോലെ. ചന്ദ്രന്‍ ആദ്യമായി മദ്യഷാപ്പില്‍പോയതും ഇതേ നടപ്പാതയിലൂടെ തന്നെയായിരുന്നു. “വരൂ ചന്ദ്രാ നിനക്കെന്താ ഒരു വിഷമം? ആണുങ്ങളായാല്‍ ഇത്തിരി മദ്യസേവയൊക്കെ വേണ്ടേ? ഇതിന്‍റെ ലഹരി ആഹാ! എത്ര നന്നെന്ന് അറിയുമൊ?നീ ധൈര്യമായിട്ട് വരൂ” “അരുതേ.. ചന്ദ്രാ മദ്യസേവ നന്നല്ല. അതു നിന്‍റെ ജീവിതം തകര്‍ക്കും. എത്രയോപേരുടെ ജീവിതം ഞാന്‍ കണ്ടതാ. പോകരുത് ..അവരുടെ വാക്കുകള്‍ കേള്‍ക്കരുത് ചന്ദ്രാ…” നടപ്പാത അലറി പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ ചന്ദ്രന്‍ ആ നടപ്പാത കടന്നുപോയി കഴിഞ്ഞിരുന്നു. പിന്നെ ദിവസവും വൈകുന്നേരം കീശ നിറയെ കാശുമായി ഷാപ്പിലേക്കും, രാത്രി ഒഴിഞ്ഞ കീശയും നിലത്തുറയ്ക്കാത്ത പാദങ്ങളുമായി ആടി ആടി തിരികെ വീട്ടിലേക്കും ചന്ദ്രന്‍ ആ നടപ്പാത ചവിട്ടി കടന്നുപോയി. നടപ്പാത ദുഖത്തോടെ രുക്മിണിയെ ഓര്‍ത്ത് നെടുവീര്‍പ്പെട്ടു. രുക്മിണി കശുവണ്ടി ഫാക്ടറിയിലേക്ക് പോയിതുടങ്ങിയതും നടപ്പാത നോക്കികണ്ടു. സുന്ദരമായ ആ വദനം മെലിഞ്ഞ് എല്ലുന്തി കാണപ്പെട്ടു. നിരന്തരമായ ജീവിത ക്ലേശങ്ങളും, ഭര്‍തൃപീഠനവും അവളെ വല്ലാതെ ക്ഷീണിതയാക്കി കഴിഞ്ഞിരുന്നു. “ചന്ദ്രേട്ടന്‍ മദ്യം കഴിച്ചുതുടങ്ങിയതില്‍പിന്നെ ഞാനും മോനും പട്ടിണിയാണ്. അടുപ്പില്‍ തീ പുകഞ്ഞിട്ട് ഏറെയായി. എത്രയെന്നു വച്ചാ കുഞ്ഞിനെ പട്ടിണിക്കിടുന്നത്. ചേച്ചി ഇങ്ങനൊന്നു പറഞ്ഞത് വളരെ ഉപകാരമായി.” “പാവം രുക്മിണിക്ക് ഇങ്ങനൊരു ജോലി തരപ്പെട്ടത് ഏതായാലും നന്നായി.” നടപ്പാത ആശ്വാസത്തോടെ ഓര്‍ത്തു. രുക്മിണി, മകന്‍ രാമനെ വിദ്യാലത്തില്‍ ചേര്‍ക്കാനും നടപ്പാതയിലൂടെ തന്നെയാണ് പോയത്. രാമന്‍ സന്തോഷത്തോടെ ഓടിക്കളിച്ച് പോയപ്പോള്‍ നടപ്പാത ഓര്‍ത്തു …. “കുസൃതി” “എടാ ചന്ദ്രാ.. നിന്‍റെ ഭാര്യ കശുവണ്ടി ഫാക്ടറിയില്‍ ജോലിക്കെന്നും പറഞ്ഞ് പോകുന്നത് അതിന്‍റെ മുതലാളിയുമായി കൊഞ്ചിക്കുഴയാനാണെന്ന് ഒരു കേള്‍വിയുണ്ട്. പിന്നെ അറിഞ്ഞിട്ടു പറഞ്ഞില്ല എന്നു പറയരുത്.” ചന്ദ്രന്‍റെ മനസ്സില്‍ ആദ്യമായി സംശയത്തിന്‍റെ വിത്തുവീണത് നടപ്പാതയില്‍ വച്ചു തന്നെയാണ്. “ഇല്ല ചന്ദ്രാ.. ഇവര്‍ പറയുന്നത് വിശ്വസിക്കരുത്. രുക്മിണി ഒരു പാവമാണ്. പകലന്തിയോളം കഷ്ടപ്പെട്ട് രാമനെ പഠിപ്പിക്കാനും അവന്‍റെ വിശപ്പടക്കാനുമാണ് ആ പാവം ശ്രമിക്കുന്നത്. അതിലൊരുപന്ക് ആഹാരം അവള്‍ നിനക്കും തരുന്നില്ലെ? ഇവര്‍ പറയുന്നത് കല്ലുവച്ച നുണയാണ് ചന്ദ്രാ.” പക്ഷേ ചന്ദ്രന്‍ ദേഷ്യംകൊണ്ട് ചുവന്ന് നടപ്പാത ചവിട്ടിമെതിച്ച് കടന്നുപോയി. “അമ്മേ… ഇന്നു ശനിയാഴ്ചയല്ലേ? അമ്മയ്ക്കിന്നു കാശുകിട്ടുന്ന ദിവസമല്ലേ? എനിക്ക് ഉണ്ണിയപ്പം വാങ്ങിതരുമൊ അമ്മേ?” “അതിനെന്താ അമ്മയുടെ മോന് അമ്മ ഉണ്ണിയപ്പം വാങ്ങി തരാമല്ലൊ. വൈകുന്നേരം അമ്മ ഉണ്ണിയപ്പം കൊണ്ടുവരാം കേട്ടൊ.” മകനെയും ചേര്‍ത്തു പിടിച്ച് രുക്മിണി തന്നെ കടന്നുപോകുന്നത് ആ നടപ്പാത ദുഖത്തോടെ നോക്കികണ്ടു. വൈകുന്നേരം ഒരു വാക്കത്തിയുമായി ചന്ദ്രന്‍ ആ നടപ്പാതയുടെ ഓരത്ത് പതിയിരിപ്പുണ്ടായിരുന്നു. “ഈ ചന്ദ്രന്‍ എന്തിനാ വാക്കത്തിയുമായി പതിയിരിക്കുന്നത്. എന്തൊ പന്തികേടുണ്ടല്ലൊ.” “ഇന്ന് അവളിങ്ങു വരട്ടെ. ഇന്നത്തോടെ അവസാനിപ്പിക്കും ഞാനവളുടെ ഉദ്ദ്യോഗം.” “ചന്ദ്രന്‍ രുക്മിണിയെ കൊല്ലാന്‍ പുറപ്പെടുകയാണൊ? അയ്യൊ രുക്മിണി അതാ വരുന്നു. വരല്ലേ.. രുക്മിണി ഓടിക്കൊ… രക്ഷപ്പെട്ടൊ….” നടപ്പാത അലറിക്കരഞ്ഞു. രുക്മിണി നടപ്പാതയുടെ നടുവിലെത്തിയതും ചന്ദ്രന്‍ പുറകിലൂടെ ചെന്ന് വാക്കത്തി വീശി. വാക്കത്തിയുടെ ശീല്ക്കാരത്തില്‍ നടപ്പാത വിറകൊണ്ടു. രുക്മിണി നടപ്പാതയില്‍ വീണ് പിടഞ്ഞ് നിശ്ചലയായി. അന്നത്തെ കഞ്ഞിക്കുവാങ്ങിയ അരിയും മകനായി വാങ്ങിയ ഉണ്ണിയപ്പവും നടപ്പാതയില്‍ ചിതറിവീണു. രുക്മിണിയുടെ ശരീരത്തില്‍ നിന്ന് ഒഴുകിപടര്‍ന്ന ചോരകൊണ്ട് നടപ്പാത ചുവന്നു. അപ്പോഴും നടപ്പാതയുടെ മരവിപ്പ് മാറിയിരുന്നില്ല. നടപ്പാതയുടെ മറുതലയ്ക്കല്‍ നിന്നും രാമന്‍ ഓടി മറഞ്ഞു. “പാവം കുട്ടി അമ്മയുടെ മരണം നേരിട്ട് കാണാന്‍ അവനെമാത്രം ഇപ്പോള്‍ ഇവിടേയ്ക്ക് ഏതു ശക്തി കൊണ്ടുവന്നതാകും. ഉണ്ണിയപ്പം കിട്ടുമല്ലോന്നോര്‍ത്ത് കൊതിയോടെ കാത്തു നിന്നതാകും ആ പാവം.” നടപ്പാതയില്‍ പിന്നെ പോലീസും ആളും ബഹളവും. ചന്ദ്രനാണ് ഇത് ചെയ്തതെന്ന് ആരും അറിഞ്ഞില്ല. പിന്നീട് ആ നടപ്പാത പലതിനും സാക്ഷ്യം വഹിച്ചു. രാമന്‍ പഠിത്തം നിര്‍ത്തിയതും, വിശപ്പടക്കാന്‍ പലതരം ജോലികളിലേര്‍പ്പെട്ടതും, പലരും രാമനെ ശകാരിക്കുന്നതും മര്‍ദ്ദിക്കുന്നതും എല്ലാം ആ നടപ്പാത നിശബ്ദം നോക്കികണ്ടു. പലപ്പോഴും ചന്ദ്രന്‍ രാമന്‍റെ കയ്യില്‍നിന്നും പണം തട്ടിപ്പറിച്ച് അവനെ മര്‍ദ്ദിച്ചവശനാക്കിയതും ആ നടപ്പാതയില്‍ വച്ചു തന്നെയായിരുന്നു. രാമന്‍റെ അശ്രുക്കള്‍ നിരന്തരം ആ നടപ്പാതയില്‍ വീണലിഞ്ഞികൊണ്ടിരുന്നു. കാലം കഴിഞ്ഞുപ്പോയി. ചന്ദ്രന്‍ വീണ്ടും വാക്കത്തിയുമായി നടപ്പാതയുടെ ഓരത്ത് പതിയിരുന്നു. “അവനിങ്ങുവരട്ടെ, അവന്‍ എനിക്ക് പണം തരില്ലെന്നു പറഞ്ഞിരിക്കുന്നു. ഇന്നവന്‍റെ അവസാനമാണ്. അഹന്കാരി…” “അയ്യൊ, ഇത്തവണ രാമനാണല്ലൊ ചന്ദ്രന്‍റെ ലക്ഷ്യം. രുക്മിണിയുടെ അവസ്ഥതന്നെയാണൊ രാമനും? അതെ, രാമന്‍ വരുന്നുണ്ട്. രാമനെ എങ്ങനെ രക്ഷിക്കും. നടപ്പാത വല്ലാതെ പരിഭ്രമിച്ചു.” രാമന്‍ നടപ്പാതയുടെ മധ്യത്തില്‍ എത്തിയതും ചന്ദ്രന്‍ ചാടിവീണു വാക്കത്തി വീശി. പക്ഷേ, ഇത്തവണ രാമന്‍ വാക്കത്തി പിടിച്ചു വാങ്ങിയിരുന്നു. നടപ്പാത ആശ്വസിച്ചു. പക്ഷേ… “എന്‍റെ അമ്മയെ നിങ്ങള്‍ കൊന്നു. എന്നെ നിരന്തരം ദ്രോഹിച്ചു. അച്ഛനല്ലേന്നു കരുതി ഞാനെല്ലാം സഹിച്ചു. ഇപ്പോള്‍ എന്നെ കൊല്ലാന്‍ ഒരുങ്ങുന്നൊ? ഇനി നിങ്ങള്‍ക്ക് മാപ്പില്ല. ഞാനീ ചെയ്യുന്നത് ഒരു പാപകര്‍മ്മവും അല്ല.” പറഞ്ഞുതീര്‍ന്നതും രാമന്‍ വാക്കത്തി ആഞ്ഞു വീശി. ചന്ദ്രന്‍ നടപ്പാതയില്‍ പിടഞ്ഞു വീണു. രാമന്‍റെ കൈയ്യിലെ വാക്കത്തിയില്‍ നിന്ന് ചോര നടപ്പാതയിലേക്ക് ഇറ്റിറ്റു വീണു. നടപ്പാത വിറങ്ങലിച്ചു നിന്നു.

നടപ്പാതയില്‍ നിന്ന് തന്നെ രാമനെ പോലീസ് വിലങ്ങുവച്ചു കൊണ്ടുപോയി. രാമന്‍റെ ഹൃദയത്തില്‍ നിന്നുതിര്‍ന്ന രണ്ടു തുളളി ചുടുകണ്ണുനീര്‍ നടപ്പാതയില്‍ വീണലിഞ്ഞു. നടപ്പാത ആ കണ്ണുനീര്‍ ഏറ്റുവാങ്ങി. അങ്ങനെ രാമനും കടന്നുപോയി. “ജീവിക്കാന്‍ കൊതിച്ച ഒരു പാവം. പക്ഷേ പിതാവിന്‍റെ കൊലയാളി എന്ന ദുഷ് പ്പേരാണല്ലൊ കാലം അവനു കാത്തുവച്ചിരുന്നത്. അന്നു ചന്ദ്രന്‍ കൂട്ടുകാരുടെ വാക്കുകേട്ടു മദ്യസേവ തുടങ്ങാതിരുന്നുവെന്കില്‍…..” എവിടുന്നൊ വന്ന ഒരു ചാറല്‍ മഴ നടപ്പാതയെ നനയിച്ചുകൊണ്ടു കടന്നുപോയി. പ്രകൃതിയുടെ കണ്ണുനീര്‍ മഴയായി പൊഴിഞ്ഞതാകുമൊ? പിന്നെയും ആഹ്ലാദങ്ങളും, ആരവങ്ങളും, ഘോഷയാത്രകളും, ആര്‍പ്പു വിളികളും, ദുഖങ്ങളും ആ നടപ്പാത കടന്നുപോയി. പക്ഷേ നടപ്പാത അതൊന്നും അറിഞ്ഞില്ല. ഒരിക്കലും സംഭവിക്കാത്ത രാമന്‍റെ മടങ്ങിവരവും പ്രതീക്ഷിച്ച് നടപ്പാത നിശബ്ദം നീണ്ടു കിടന്നു. രാമന്‍റെ കണ്ണില്‍ നിന്നുതിര്‍ന്ന രണ്ടു തുളളി ചുടുകണ്ണുനീര്‍ നടപ്പാതയെ അപ്പോഴും പൊളളിച്ചുകൊണ്ടിരുന്നു.

Generated from archived content: story3_mar18_15.html Author: panku_joby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here