ഒരു വേനല്‍ക്കാലത്താണ് ആ അമ്മയും കുഞ്ഞും ഒരു പീടികത്തിണ്ണയില്‍ ആദ്യമായ് കാണപ്പെട്ടത്. അസഹ്യമായ വേനല്‍ച്ചൂടില്‍ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് ധൃതിയില്‍ നീങ്ങികൊണ്ടിരുന്ന യാത്രക്കാര്‍ അവരെ ശ്രദ്ധിച്ചും ശ്രദ്ധിക്കാതെയും കടന്നുപോയി. അതില്‍പിന്നെ ആ നഗരത്തിന്റെ പലഭാഗത്തും പലരും അവരെ കണ്ടുതുടങ്ങി. നഗരത്തിലെ വീട്ടമ്മമാര്‍ക്ക് ആ സ്ത്രീ ഒരു സഹായിയായി മാറി. എന്തുതന്നെ ജോലിയെടുക്കുന്‌പോഴും അവള്‍ ആ കുഞ്ഞിനോട് സംസാരിച്ചുകൊണ്ടേയിരിക്കും. അവള്‍ക്കു കിട്ടുന്ന പ്രതിഫലം മുഴുവന്‍ കുഞ്ഞിന് പാലും പലഹാരങ്ങളും വാങ്ങാന്‍ ചിലവഴിച്ചു.
വൈകുന്നേരം റോഡുവക്കത്തെ പൈപ്പിന്റെ ചുവട്ടില്‍നിന്ന് അവള്‍ തന്റെ കുഞ്ഞിനെ കുളിപ്പിച്ച് ആ പീടികത്തിണ്ണയില്‍ ഇരുത്തി കരിയും കണ്‍മഷിയും എഴുതി പൊട്ടുതൊട്ട് ഒരുക്കുന്ന കാഴ്ച നഗരത്തിലെ ജനങ്ങള്‍ക്ക് പരിചിതമായി മാറി. ‘അമ്മേടെ കുഞ്ഞ് വാവേ …..’എന്ന് അവള്‍ വിളിക്കുമ്പോള്‍ , ‘വാവേടെ കുഞ്ഞ് അമ്മേ…’ എന്ന് ആ കുഞ്ഞ് കൊഞ്ചിപ്പറയും. ആ അമ്മയും കുഞ്ഞും നഗരത്തിലെ വന്‍തിരക്കിനിടയിലും അവരുടേതുമാത്രമായ ഒരു ലോകം തീര്‍ത്ത് അതിനുളളില്‍ ജീവിച്ചുപോന്നു.
ആ കുഞ്ഞ് അവളുടെ സ്വന്തമായിരിക്കുമൊ? ഒരുപക്ഷേ അവളെ സ്‌നേഹിക്കാനും, സംരക്ഷിക്കാനും ഒരുവന്‍ ഒരിക്കല്‍ ഉണ്ടായിരുന്നിരിക്കാം. അല്ലെന്കില്‍ ഇനി ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത, വെറുക്കപ്പെട്ട ചിലനിമിഷങ്ങളില്‍ക്കൂടി അവള്‍ കടന്നുപോയതിന്റെ തെളിവാകാം ആ കുഞ്ഞ്. എന്തു തന്നെ ആയാലും അവള്‍ ആ കുഞ്ഞിനെ സ്വന്തം ആത്മാവിനോളം സ്‌നേഹിച്ചുപോന്നു. ആ കുഞ്ഞ് അമ്മയേയും.
അതില്‍പിന്നെ ഒരു മഴക്കാലത്ത് പീടികത്തിണ്ണയില്‍ ആ സ്ത്രീ തന്റെ കുഞ്ഞിന്റെ മൃതശരീരവുമായ് ഇരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അപ്പോഴും അവളാ കുഞ്ഞിനോട് സംസാരിച്ചുകൊണ്ടിരുന്നു. വൈകുന്നേരം പൈപ്പിന്‍ ചുവട്ടില്‍ ആ മൃതശരീരം കിടത്തി അവള്‍ കുളിപ്പിക്കുകയും പതിവുപോലെ കണ്ണെഴുതി പൊട്ടുതൊട്ട് ഒരുക്കുകയും ചെയ്തു. ആ മൃതശരീരത്തിന്റെ വിളറിയ ചൊടിയിലേക്ക് അവള്‍ പാലൊഴിച്ചുകൊടുക്കുന്നുണ്ടായിരുന്നു. ചുണ്ടുകള്‍ക്കിരുവശത്തുകൂടിയും പാല്‍ നിലത്തേക്ക് ഒഴുകുന്നത് അവള്‍ അറിയുന്നില്ലെന്നു തോന്നി. ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതില്‍ പിന്നെയാണ് നഗരവാസികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. മൃതശരീരത്തില്‍നിന്ന് ചലമൊഴുകാന്‍ തുടങ്ങിയിരുന്നു. പുഴുക്കള്‍ തിമിര്‍ക്കുന്നുണ്ടായിരുന്നു. അവള്‍ പുഴുക്കളെ പെറുക്കികളഞ്ഞ് മൃതശരിരത്തില്‍ കണ്‍മഷിയെഴുതാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അസഹനീയമായ ദുര്‍ഗന്ധത്താല്‍ നഗരവാസികള്‍ മൂക്കുപൊത്തി അടുത്തുചെന്നു. അവള്‍ അപ്പോഴും ആ മൃതശരീരം മാറോടുചേര്‍ത്ത് അതിനോട് സംസാരിച്ചുകൊണ്ടിരുന്നു. നഗരവാസികള്‍ ആ അമ്മയുടെ കൈയ്യില്‍നിന്ന് മൃതശരീരം ബലമായി പിടിച്ചുവാങ്ങി കുഴികുത്തി മറവുചെയ്തു. ആ സ്ത്രീയുടെ ആ സമയത്തെ വിലാപം ദര്‍ശിച്ചാല്‍ ഏതു ശിലാഹൃദയവും മഞ്ഞെന്നപോലെ ഉരുകിയോലിക്കും. പിന്നെ പെട്ടെന്ന് അവളെ കാണാതായി. നഗരവാസികള്‍ താന്‍താങ്ങളുടെ ജീവിതത്തിലേക്ക് മടങ്ങി.
ഒരാഴ്ചയ്ക്കുശേഷം ആ കുഞ്ഞിന്റെ മൃതശരീരം മറവുചെയ്ത മണ്‍കൂനയെ കെട്ടിപുണര്‍ന്നുകൊണ്ട് ആ സ്ത്രീയുടെ മൃതശരീരം നഗരവാസികള്‍ കണ്ടെത്തി. ആ മണ്‍കൂനയ്ക്കടുത്തായി ഒരു കുഴികൂടികുത്തി അവളുടെ ശരീരവും അവിടെ മറവുചെയ്തു. മണ്ണിനടിയിലും ആ അമ്മയും കുഞ്ഞും സംസാരിച്ചുകൊണ്ടേയിരിക്കുന്നുണ്ടാവും. ‘അമ്മേടെ കുഞ്ഞു വാവേ…..’ ‘വാവേടെ കുഞ്ഞ് അമ്മേ….’
Generated from archived content: story2_jun1_15.html Author: panku_joby