പെണ്മക്കളുടെ പിതാവ്

ജയിലഴികള്‍ക്കിടയിലൂടെ മാത്രം കാണാവുന്ന ആകാശത്തിന്റെ തുണ്ടില്‍ നിന്നും നൂലിഴകള്‍ പോലെ മഴയുടെ വരവ് തുടങ്ങിയിരുന്നു. മഴനൂലുകള്‍പോലെ നേര്‍ത്തിരുന്നു അയാളുടെ ശ്വാസവും. ഉള്ളില്‍ ഒരു സാഗരം ആര്‍ത്തിരമ്പുന്നുണ്ടെങ്കിലും മുഖം ശാന്തമാക്കാന്‍ അയാള്‍ പരിശ്രമിക്കുന്നുണ്ടായിരുന്നു. അഴിയിലേക്ക് മുഖം ചേര്‍ത്ത് മഴയിലേക്ക്‌ നോക്കി നില്‍ക്കെ തന്റെ പെണ്മക്കളുടെ ഓര്‍മ അയാളെ അസ്വസ്ഥനാക്കി. കോരിച്ചൊരിയുന്ന മഴയുള്ള ഒരു രാത്രിയിലാണ് ആശുപത്രിയുടെ ആ ഇടുങ്ങിയ ഇടനാഴിയില്‍ വച്ച് ആദ്യമായി തന്റെ മകളെ താന്‍ കൈകളിലേക്ക് ഏറ്റുവാങ്ങിയത്. അന്ന് താന്‍ എത്രമാത്രം സന്തോഷിച്ചിരുന്നു. അവളെയും കൊണ്ടുള്ള മടക്കയാത്രയും ഒരു മഴയുള്ള രാത്രിയില്‍ തന്നെയായിരുന്നു. ആകാശത്ത് സ്വര്‍ണക്കമ്പികള്‍ പാകി മിന്നലും, അകമ്പടിയായി ഇടിനാദവും , ഇടതടവില്ലാതെ പെയ്യുന്ന പേമാരിയും. പെട്ടെന്ന്‍ കാതടപ്പിക്കുന്ന ഒരു ഭയാനകശബ്ദം, തന്റെ ശരീരത്തിലേക്ക് അസംഖ്യം ചില്ല് കഷ്ണങ്ങള്‍ തുളഞ്ഞിറങ്ങുന്നതുപോലെ. താന്‍ മകളെ നെഞ്ചോട്‌ ചേര്‍ത്ത് അമര്‍ത്തിപിടിച്ചു. എന്താണ് സംഭവിച്ചതെന്നു തിരിച്ചറിയുമ്പോഴേക്കും തന്റെ കുഞ്ഞിന് അവളുടെ അമ്മയെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. എതിരെ വന്ന ഒരു കാറുമായി താന്‍ സഞ്ചരിച്ചിരുന്ന വാഹനം കൂട്ടിയിടിച്ചതാണെന്ന് ആശുപത്രി ജീവനക്കാരുടെ സംസാരത്തില്‍നിന്നും വ്യക്തമായി.

“രഘുവരാ…”

അമ്മയുടെ കണ്ണീരിന്റെ നനവാര്‍ന്ന ശബ്ദം.

“മോനെ.. കുഞ്ഞ് മാത്രം രക്ഷപ്പെട്ടു. ഡ്രൈവറും സരളയും…” അതൊരു നടുക്കമായിരുന്നില്ല. നടുക്കടലില്‍ ഒറ്റയ്ക്ക് അകപെട്ട കുഞ്ഞിന്റെ നിസഹായ അവസ്ഥ ആയിരുന്നു. ഇതുവരെ കൂടെ തുഴയാനും, ദിശ തെറ്റുംപോള്‍ നേര്‍വഴി കാട്ടാനും കൂടെ തന്നെ ഉണ്ടായിരുന്നു ഒരാള്‍. ഇവിടെന്നങ്ങോട്ടു ഒറ്റയ്ക്ക്… എതിരെ വന്ന വാഹനത്തില്‍ ഒരു കുടുംബമായിരുന്നു, രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ മാത്രം മരണത്തിന്റെ പിടിയില്‍ നിന്നും തെന്നിമാറി. ആ ദമ്പതികള്‍ സംഭവ സ്ഥലത്തുതന്നെ …. മടങ്ങുമ്പോള്‍ ആ അപകടം അനാഥരാക്കിയ, ഏറ്റെടുക്കാന്‍ ആളില്ലാത്ത ആ കുഞ്ഞുങ്ങളെ ആശുപത്രിയില്‍ ഉപേക്ഷിക്കാന്‍ മനസനുവദിച്ചില്ല. അവിടെന്നിങ്ങോട്ടു പിന്നെ ഒരു പാച്ചിലായിരുന്നു. മൂന്ന് പെണ്‍കുട്ടികളുടെ പിതാവ്. ഉത്തരവാദിത്ത്യങ്ങള്‍ ഏറെ..

ഇടയ്ക്കു എപ്പോഴോ തോന്നിയ ഒരു ദുര്‍ബുദ്ധി, പലിശക്കാരന്‍ മമ്മദിന്റെ കൈയ്യില്‍ നിന്നും പണം വാങ്ങി ഒരു വ്യാപാരം എന്ന ആശയം. അത് അല്ലലില്ലാതെ കഴിഞ്ഞ ഒരുകുടുംബത്തിനെ കടക്കെണിയില്‍ കൊണ്ടെത്തിച്ചു. വരുമാനം പലിശയിനത്തില്‍ മമ്മദിന്റെ പണപ്പെട്ടിയില്‍ നിറഞ്ഞുകൊണ്ടിരുന്നു. അതിനു മുടക്കം സംഭവിച്ചപ്പോള്‍ അയാള്‍ പലവട്ടമായി വീട്ടില്‍ പതിവ് സന്ദര്‍ശകനായി. “നീ എന്തിനാ രഘുവരാ ഇങ്ങനെ കഷ്ടപ്പെടുന്നത്? അതും കൈയ്യില്‍ നിധിയും വച്ചുകൊണ്ട്. എടുത്തു വളര്‍ത്തിയതില്‍ നിന്ന് ഒന്നിനെ ഇങ്ങു തന്നേരെ, മുതലും പലിശയും അതിലേറെയും ഞാനുണ്ടാക്കിത്തരാം.” അപ്പോള്‍ തോന്നിയ ഒരരിശത്തിനു അയ്യാളെ കഴുത്തില്‍ പിടിച്ച് ഉന്തുകയായിരുന്നു. “പറഞ്ഞ അവധിക്കുള്ളില്‍ പണം തന്നില്ലെങ്കില്‍ നിന്റെ സ്വന്തം ചോര ഉള്‍പ്പെടെ മൂന്നെണ്ണത്തിനെയും ഞാന്‍ കൊണ്ട് പോയിരിക്കും.”

നിലത്തുനിന്നു എഴുന്നേല്‍ക്കുന്നതിനിടയില്‍ അയ്യാള്‍ അലറുമ്പോള്‍ തൊഴു കൈയ്യോടെ നില്‍ക്കുകയായിരുന്നു താന്‍. അതില്‍ പിന്നെ ഊണും ഉറക്കവും നഷ്ടപ്പെട്ടു രാത്രിയും പകലുമുള്ള അദ്ധ്വാനമായിരുന്നു. അങ്ങനെ ഉള്ള ഒരു രാത്രിയില്‍ മടക്കയാത്രക്കിടെയാണ് ആ കാഴ്ച കാണുവാനിടയായത്…. മൂന്ന് ചെറുപ്പക്കാര്‍, ഒരുവന്റെ കൈയ്യില്‍ ഊരിപിടിച്ച കഠാര. അതിന്റെ മൂര്‍ച്ചയേറിയ വാത്തലയില്‍ തെരുവുവിളക്കിന്റെ പ്രകാശം പ്രതിഫലിച്ചിരുന്നു. അവന്റെ കഠാര പിടിച്ചിരുന്ന വലതു കൈ ഒരു മധ്യവയസ്കനു നേരെ ഉയര്‍ന്നുതാണു. അയ്യാളുടെ പ്രാണന് വേണ്ടിയുള്ള നിലവിളി തന്റെ ആത്മാവിനെപോലും വിറകൊള്ളിച്ചു. അപ്പോഴും ആ നശിച്ച മഴ പെയ്തുകൊണ്ടിരുന്നു. തന്റെ ജീവിതവും ഈ മഴയുമായി ഏതോ അദൃശ്യ ബന്ധം ഉള്ളതുപോലെ…..

അവര്‍ തന്നെ കണ്ടു കഴിഞ്ഞു. ജീവന് വേണ്ടിയുള്ള പലായനം പക്ഷെ അവരുടെ കൈകളില്‍ അവസാനിച്ചു. കത്തി തന്റെ നേരെയും ഉയര്‍ന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷം. പക്ഷെ രണ്ടാമന്‍ അവനെ തടഞ്ഞുകൊണ്ട്‌ തന്റെ നേര്‍ക്ക്‌ തിരിഞ്ഞു.

“ഒന്നുകില്‍ ഈ കുറ്റം താന്‍ ഏറ്റെടുക്ക്. വെറുതെ വേണ്ട. തനിക്ക് ഇരുപതുലക്ഷം തരാം. അതിനു തയ്യാറല്ലെങ്കില്‍ ഇവിടെ മരിക്കാന്‍ ഒരുങ്ങിക്കോളൂ.”

പകുതി മനസോടെ ആ വ്യവസ്ഥ അംഗീകരിക്കുമ്പോള്‍ പലിശക്കാരന്‍ മമ്മദിന്റെ മുഖം മാത്രമേ ചിന്തയിലുണ്ടായിരുന്നുള്ളൂ. ആ നിമിഷം അവര്‍ തന്റെ ഒരായുസ്സ് കൊണ്ട് നേടാന്‍ കഴിയാത്തത്ര നോട്ടുകെട്ടുകള്‍ തന്റെ കൈയ്യിലേക്ക് വച്ചുതന്നു. ആ നോട്ടുകള്‍ വാങ്ങുമ്പോള്‍ തന്റെ കൈ ഒട്ടും വിറച്ചിരുന്നില്ല. അപ്പോഴേക്കും കൊല്ലപ്പെട്ട ആളുടെ ശരീരത്തില്‍ നിന്നും നിണമൊഴുകി മഴവെള്ളത്തില്‍ കലര്‍ന്ന് അവിടമാകെ പരന്നു കഴിഞ്ഞിരുന്നു. ആ ചോരതളത്തിലേക്ക് നോക്കുമ്പോള്‍ തന്റെ കൈയ്യിലിരിക്കുന്ന പണകെട്ടിനു ഭാരമേറുന്നതുപോലെ. വല്ലാത്തൊരു കുറ്റബോധം മനസിനെ ഗ്രസിച്ചു. പക്ഷെ ആ കുറ്റബോധത്തിനും മീതെ തന്റെ മക്കളുടെ മുഖം…

“ഞാനീ പണം വീട്ടിലെത്തിക്കുന്നതുവരെ…”

ഒരാള്‍ തനിക്കൊപ്പം വന്നു. ആ രാത്രിയിലും ഉറങ്ങാതെ , ഭക്ഷണം വിളമ്പി തന്നെ പ്രതീക്ഷിച്ചിരുന്ന മക്കളുടെ കൈയ്യില്‍ ആ പണമേല്‍പ്പിച്ച്, വിളമ്പിയ ഭക്ഷണം ഒരുപിടിവാരുമ്പോള്‍ , അപ്പോള്‍ മാത്രം തന്റെ കൈയും മനസും ഒരുപോലെ വിറകൊണ്ടു.

മരണപ്പെട്ടത് ആരാണെന്ന് പോലുമറിയാതെ ഒരു കൊലയാളിയായി താന്‍ പോലീസ് ജീപ്പിലേക്കു കയറുമ്പോള്‍, ആള്‍ക്കൂട്ടത്തിനിടയില്‍ വെറും കാണികളായി അവരും ഉണ്ടായിരുന്നു, ആ മൂന്നു ചെറുപ്പക്കാര്‍. തനിക്കു സ്വന്തമായി ഉണ്ടായിരുന്ന ആ ചെറിയ ആകാശത്തെ വളരെ പിന്നിലേക്ക് തള്ളി ജീപ്പ് അതിവേഗം മോന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.

നിസ്സഹായരായ കുറെ മനുഷ്യര്‍ നിലനില്‍പ്പിനായി പൊരുതുന്നു. ആ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്തുകൊണ്ട് മറ്റുചിലരും. ഈ ലോകത്തിന്റെ നിയമങ്ങള്‍ എന്നും വിചിത്രം തന്നെ.. ഇന്ന് പക്ഷെ തന്റെ ഉറക്കം കെടുത്തികൊണ്ട് ഓരോ രാത്രിയിലും ആ ഭയാനക സ്വപ്നം. പേടിച്ചരണ്ട തന്റെ മക്കള്‍, അവര്‍ക്കുച്ചുറ്റും വല നെയ്യുന്ന ഭീമാകാരന്മാരായ എട്ടുകാലികള്‍. അവയ്ക്കെല്ലാം മമ്മദിന്റെയും, ആ മൂന്നു ചെറുപ്പക്കാരുടെയും പിന്നെ എവിടെയോ കണ്ടു മറന്ന പലരുടെയും മുഖങ്ങള്‍.

“രഘുവരാ നിനക്കൊരു വിസിറ്റെര്‍ ഉണ്ട്.”

താനൊരിക്കലും പ്രതീക്ഷിക്കാത്ത ഒരാള്‍ കമ്മീഷ്നെര്‍ സര്‍.

“തിരികെ നാട്ടില്‍ വന്നപ്പോള്‍ താന്‍ തന്നെ ഡ്രൈവര്‍ ആയി വേണമെന്ന് എന്റെ മകള്‍ക്കായിരുന്നു നിര്‍ബന്ധം. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു തന്റെ ജീവിതത്തില്‍ ഇങ്ങനെയും ചിലത് സംഭവിച്ചെന്നു. ആരാടോ തന്നെ ചതിച്ചത്? താന്‍ പറയൂ. ഞാന്‍ തന്നെ സഹായിക്കാം.”

“സാറെനിക്ക് ഒരു സഹായം മാത്രം ചെയ്തു തന്നാല്‍ മതി.” തിരികെ സെല്ലിലേക്ക് നടക്കുമ്പോള്‍‌ വളരെ കാലത്തിനുശേഷം അയ്യാളുടെ മനസ് ശാന്തമായിരുന്നു.

“നീ വിഷമിക്കണ്ട രഘുവരാ… നിന്റെ പെണ്മക്കള്‍ക്കു ഞാനുണ്ടാകും.”

സമൂഹത്തില്‍ ഉന്നത സ്ഥാനത്തുള്ള വ്യക്തി. ശക്തമായ ആ കരങ്ങളില്‍ തന്റെ മക്കള്‍ സുരക്ഷിതരായിരിക്കും എന്ന നിസഹായനായ ഒരു പിതാവിന്റെ ആശ്വാസം. അത് കാലങ്ങളായി അശാന്തിയിലയിരുന്ന ആ പിതൃഹൃദയത്തെ ശാന്തിയിലേക്ക് തിരികെ കൊണ്ടുവന്നു. ആ മഴ അപ്പോഴും പെയ്തുകൊണ്ടിരുന്നു ആരോ നിര്‍ബന്ധിച്ചു പെയ്യിക്കുന്നതുപോലെ..

Generated from archived content: story2_feb10_16.html Author: panku_joby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here