ഒരു വിത്തിന്‍റെ വിലാപങ്ങള്‍

‘’ദൈവമേ, ഈ പ്രാവ് എന്നെ ഭക്ഷിച്ചാല്‍ ഇതോടെ അവസാനിക്കും എന്‍റെയീ ഭൂമിയിലെ ജീവിതം.’’

പറന്നു പോകുന്ന ഒരു പ്രാവിന്‍റെ കൊക്കില്‍ ഇരുന്ന വിത്തിനുള്ളിലെ കുരുന്നു ചെടി ആലോചിച്ചു.

‘’ഒരു ചെടിയായി വിത്തിനുള്ളില്‍ നിന്ന് പുറത്തു വരാനും, ഈ സുന്ദര ഭൂമിയെ കണ്‍കുളിര്‍ക്കെ കണ്ട് ആസ്വദിക്കാനും, മന്ദമാരുതന്‍റെ ഇളം സ്പര്‍ശമേറ്റ്, പൂക്കളുടെ ഗന്ധമാസ്വദിച്ച് , കിളികളുടെ കളകളാരവം കേട്ട്, കുയിലിനൊപ്പം പാടി, മയിലിനൊപ്പം ആഹ്ളാദിച്ച് ഈ ഭൂമിയില്‍ ജീവിക്കുവാനും ഞാനൊരുപാട് ആശിച്ചു. പക്ഷേ എല്ലാം ഇവിടെ അവസാനിക്കുന്നു. ഈ പ്രാവിന്‍റെ ഭക്ഷണമാകാനായിരുന്നു എന്‍റെ വിധി.’’

പെട്ടെന്നാണ് ഒരു പരുന്ത് പ്രാവിനെ ആക്രമിച്ചത്. പ്രാവിന്‍റെ കൊക്കില്‍ നിന്നും പിടിവിട്ട് ആ വിത്ത് ഭൂമിയിലേക്ക് പതിച്ചു. കുരുന്നു ചെടിയുടെ ആശകള്‍ക്ക് വീണ്ടും ചിറകുമുളച്ചു. അത് വീണ്ടും സ്വപ്നങ്ങള്‍ കണ്ടു തുടങ്ങി. ആ വിത്തു വന്നു പതിച്ചതു ഒരു വനപ്രദേശത്തായിരുന്നു. ധാരാളം മരങ്ങളും, കാട്ടുചോലകളും, പുഷ്പഫലാദികളും തിങ്ങി നിറഞ്ഞ സുന്ദരമായ ഒരു നിബിഢ വനം.

‘’ഞാനെന്തുമാത്രം ആഗ്രഹിച്ചതാണ് ഇതുപോലൊരു വനത്തില്‍ ജീവിക്കാന്‍‍. അവസാനം ഞാന്‍ ആഗ്രഹിച്ച സ്ഥലത്ത് എത്തിപ്പെട്ടല്ലൊ. ആ പ്രാവിനും, പരുന്തിനും ഞാന്‍ നന്ദി പറയുന്നു.’’

‘’ഇനിയും എത്രനാള്‍ കഴിഞ്ഞാല്‍ എനിക്ക് ഈ വിത്തിനുള്ളില്‍ നിന്നു പുറത്തു വരാനാകും. അതിനാദ്യം ഞാന്‍ മണ്ണിനടിയിലേക്ക് പോകണം. പിന്നെ മഴപെയ്യണം. ജലം ലഭിച്ചാലല്ലെ എനിക്ക് ഈ തോടു പൊട്ടിച്ച് പുറത്തു വരാനാകൂ. പക്ഷേ ഞാന്‍ എങ്ങനെ മണ്ണിനടിയിലേക്ക് പോകും? ആരെന്നെ സഹായിക്കും?’’

മൂന്നു ദിവസം വിത്ത് മണ്ണിനു പുറത്തു കിടന്നു. മഴ പെയ്തില്ല. വെയിലേറ്റ് അതുണങ്ങികൊണ്ടിരുന്നു.

‘’ദൈവമേ, ഇവിടെകിടന്ന് ഉണങ്ങി വരണ്ടു ഒരു തുള്ളി വെള്ളം കിട്ടാതെ അവസാനിക്കുമൊ ഞാന്‍? എന്കില്‍ പിന്നെ ആ പ്രാവിന്‍റെ ഭക്ഷണമായാല്‍ മതിയായിരുന്നു. അതിന്‍റെ വിശപ്പെന്കിലും അടങ്ങുമായിരുന്നില്ലെ? എന്നെ സഹായിക്കാന്‍ ആരെയെന്കിലും ഒന്നയക്കണെ ഭഗവാനെ?

ഈ സമയം ആ വഴി വന്ന ഒരു മാനിന്‍റെ ചവിട്ടേറ്റ് വിത്ത് കുഴിയിലേക്ക് ആണ്ടു പോയി. എവിടന്നൊ ഒരു കാറ്റു വീശി. ആ കാറ്റത്ത് മണ്ണും കരിയിലകളും, പൊടിയും ആ വിത്തിനെ മൂടി. അങ്ങനെ ആ വിത്ത് മണ്ണിനടിയില്‍ അകപ്പെട്ടു.

‘’നന്ദി ദൈവമേ, എന്നെ മണ്ണിനടിയിലാക്കിയല്ലൊ. ഇനി മഴ പെയ്താല്‍ എനിക്ക് ഈ ഭൂമിയില്‍ ജനിക്കാം.’’

മഴ പ്രതീക്ഷിച്ച് ആ വിത്ത് മണ്ണിനടിയില്‍ കിടന്നു. കുറച്ചു നാളുകള്‍ കഴിഞ്ഞു. മണ്ണിനു പുറത്ത് പല ശബ്ദങ്ങളും അതു കേട്ടു. മണ്ണിനടിയില്‍ ഘോരമായ അന്ധകാരത്തില്‍ അതിനു ഭീതി തോന്നി. പല ഭീകര ശബ്ദങ്ങളും പുറമെ നിന്ന് കേള്‍ക്കുന്നു.

‘’ഇതെന്താ ഈ ശബ്ദങ്ങള്‍? മണ്ണിനു പുറത്തു ഞാന്‍ കിടന്നപ്പോള്‍ ഇതൊന്നും കേട്ടില്ലല്ലൊ. മഴ പെയ്തെന്കില്‍ എനിക്കു മണ്ണിനു പുറത്തേക്ക മുളച്ചു പോകാമായിരുന്നു. ഇവിടെ എനിക്ക് നന്നായി പേടി തോന്നുന്നു.

പേടിച്ച്, പേടിച്ച് ആ വിത്ത് എങ്ങനയൊ ഉറങ്ങി പോയി. നാളുകള്‍ കഴിഞ്ഞു. മഴ പെയ്തില്ല വിത്ത് വീണ്ടും ഉണങ്ങി.

‘’ഇന്നുംകൂടി ഒരു തുളളി വെള്ളം ലഭിച്ചില്ലെന്കില്‍ ഞാന്‍ ഈ മണ്ണിനടിയില്‍ കിടന്നു മരിക്കും.ഇതായിരിക്കും എന്‍റെ വിധി.’’ ആ കുരുന്നു ചെടി വിത്തിനുള്ളില്‍ ഇരുന്നു വിലപിച്ചു.പെട്ടെന്ന് അതിന്‍റെ നെറുകയില്‍ ഒരു തണുപ്പു അനുഭവപ്പെട്ടു.

‘’ആഹാ! മഴ പെയ്യുന്നു എന്‍റെ ആഗ്രഹം ഉടനെ സഫലമാകും.’’

വീണ്ടും കുറച്ച് ജലം അതിനു ലഭിച്ചു. ആ കുരുന്നു ചെടി പെട്ടെന്ന് തന്നെ തോടു പൊട്ടിച്ച് പുറത്തു വന്നു. പിന്നെ അത് ആഹ്ലാദത്തോടെ മണ്ണിനെ വകഞ്ഞുമാറ്റി പുറത്തേക്ക് കുതിച്ചു. അത്യധികം ആഹ്ലാദത്തോടെ അത് പുറം ലോകത്തിലേക്ക് തലനീട്ടി.

പക്ഷേ……

‘’ഞാനിതെവിടെയാണ് എത്തിപ്പെട്ടത്? ഞാനൊരു വനത്തിലായിരുന്നില്ലേ? ഇവിടെ ഒരു വൃക്ഷം പോലും കാണുന്നില്ലല്ലൊ. എങ്ങും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ മാത്രം. പുഴയില്ല, മരങ്ങളില്ല, കിളികളില്ല, മന്ദമാരുതനില്ല, ഇതെങ്ങനെ സംഭവിച്ചു.’’

അപ്പേള്‍ ഇതാണ് ഞാന്‍ കേട്ട ആ പേടിപ്പെടുത്തുന്ന ശബ്ദങ്ങള്‍. ദുഷ്ടരായ മനുഷ്യര്‍ കാടുവെട്ടി നശിപ്പിച്ചു, മൃഗങ്ങളെ കോന്നൊടുക്കി. പകരം അവിടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിതുയര്‍ത്തി. ഇതു കാണാനായിരുന്നൊ ഞാന്‍ മുളച്ചുപൊന്തിയെത്തിയത്?

‘’അല്ല, മഴയൊന്നും പെയ്യിന്നില്ലല്ലൊ. അപ്പോള്‍ എനിക്ക് ജലം കിട്ടിയത് എവിടുന്നായിരിക്കും?’’ആ ചെടി നാലുപാടുംനോക്കി. ആ മണിമന്ദിരങ്ങളുടെ പിന്നാപുറത്ത് , ആ ചെടി മുളച്ചു വന്നതിനടുത്തായി. ഒരു കുഞ്ഞു ബാലിക ഇരിക്കുന്നുണ്ടായിരുന്നു. പാറിപറന്ന മുടികള്‍, എല്ലുന്തിയ കറുത്ത ശരീരം, അരയില്‍ കീറിപ്പറിഞ്ഞ മുഷിഞ്ഞ ഒരു പാവാട. അവളുടെ കണ്ണില്‍ നിന്ന് അശ്രുക്കള്‍ ധാരധാരയായി പൊഴിഞ്ഞു കൊണ്ടിരുന്നു.

“ദൈവമേ, ഈ പിഞ്ചുകുഞ്ഞിന്റെ അശ്രുക്കളാണൊ എനിക്കു ജീവനേകിയ കുളിര്‍ ജലം. ഇതിനാണൊ ഞാന്‍ പുറം ലോകത്തേക്കു വന്നത്?”

“അല്ല, ഈ കുട്ടി ഇങ്ങനെ വിലപിക്കുന്നതെന്തിന് ?” ആ ചെടി വീണ്ടും നോക്കി. അവള്‍ ഇരിക്കുന്നത് അവിടെയും ഇവിടെയും ഈര്‍ക്കിലുകള്‍ മാത്രമുള്ള ജീര്‍ണിച്ച ഒരു ചെറ്റമാടത്തിനു മുന്‍പിലാണ്. അവളുടെ മുന്പില്‍ അതാ മൂന്നു എല്ലും തോലുമായ കറുത്ത രൂപങ്ങള്‍ ചലനമറ്റ് കിടക്കുന്നു. ഒരു പുരുഷന്‍, ഒരു സ്ത്രീ , പിന്നെ ഒരു കുഞ്ഞു ബാലന്‍. ആ ബാലന്റെ ശിരസ്സ് മടിയില്‍ വച്ചാണ് അവള്‍ വിലപിക്കുന്നത്.

“ദൈവമേ, ഈ ഹൃദയം പിളര്‍ക്കുന്ന കാഴ്ചകാണാനാണൊ എന്നെ ജനിപ്പിച്ചത്? വെള്ളം കിട്ടാതെ ഞാന്‍ മരിക്കുമായിരുന്നല്ലൊ, അത് ഇതിലും എത്രയൊ ഭേദമായിരുന്നു. ഒരു നേരം ഭക്ഷണം കിട്ടാതെ പട്ടിണിമൂലം മരിച്ച ഈ കുടുംബത്തേയും, അനാഥയായി പോയ ഈ കുഞ്ഞു ബാലികയേയും കാണാനാണൊ ഇപ്പോള്‍ ഞാന്‍ വിത്തില്‍ നിന്ന് പുറത്തവന്നത്? വേണ്ടിയിരുന്നില്ല അന്ന് ആ പ്രാവ് എന്നെ ഭക്ഷിച്ചാല്‍ മതിയായിരുന്നു.”

ബാലികയുടെ കണ്ണില്‍ നിന്ന് അശ്രുക്കള്‍ വീണ്ടും പൊഴിഞ്ഞുകൊണ്ടിരുന്നു. അവ ആ കുരുന്നു ചെടിയുടെ കടയ്കല്‍ പതിച്ചു. പക്ഷേ ആ അശ്രുക്കള്‍ ഇപ്പോള്‍ ആ ചെടിക്ക് കുളിര്‍മ പകരുന്ന ജീവജലമായിരുന്നില്ല, പകരം ഒരോ തുള്ളി കണ്ണുനീര്‍ വീഴുന്പോഴും , ചെടിയുടെ ഓജസ്സും, സൌന്ദര്യവും, ഹരിതവര്‍ണ്ണവും മങ്ങികൊണ്ടിരുന്നു. അവസാനം ആ ചെടി ഉണങ്ങി കരിഞ്ഞ് ഭൂമിയിലേക്ക് പതിച്ചു. പന്കു ജോബി.

Generated from archived content: story2_dec1_15.html Author: panku_joby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here