താത്രിയേടത്തി

“അല്ല, മാഷെങ്ങ്ടാ..” നടപാതയില്‍ നിന്ന് പാടവരന്പിലേക്ക് തിരിയവെ ആ പെണ്‍കുട്ടിയുടെ ശബ്ദം വെന്കിയെ പിടിച്ചു നിര്‍ത്തി.

“ഈ പാടത്തിന്‍റെ അക്കരെ ഒരു ഇല്ലം ഉണ്ടല്ലൊ അങ്ങ്ടേക്കാ”

“അവിടെങ്ങും ഇപ്പോള്‍ ആരും ഇല്ലല്ലൊ മാഷേ. ഇല്ലം പൂട്ടി കിടക്കാ. അല്ല, മാഷ് എവിട് ന്നാ, ഞാനിതിനുമുന്പ് കണ്ടിട്ടില്ലല്ലൊ.”

“ആ.., ഞാന്‍ കുറച്ചു ദൂരേന്നാ. അല്ലാ, ആ ഇല്ലത്തുള്ളവരൊക്കെ ഇപ്പോള്‍ എവ്ടാ”

“അറിയില്ലല്ലൊ മാഷേ, ഞങ്ങളിവിടെ താമസമായിട്ട് ശ്ശി നാളെ ആയുള്ളൂ. ഞങ്ങളിവിടെ വരുന്പളേ ഇല്ലം പൂട്ടി കിടക്കാ..”

“ശരി, ഞാനേതായാലും ആ ഇല്ലം വരെ ഒന്ന് പോയിവരാം. കുട്ടി നടന്നോളൂ.”

“സൂക്ഷിച്ചു പോണേ മാഷേ, ഇഴജന്തുക്കള്‍ ധാരാളം ഉള്ളതാ. ഒരാഴ്ച മുന്പാ പുല്ലരിയാന്‍ പോയ രാമനെ അവിടെ വച്ച് വിഷം തീണ്ടിയത്. വൈദ്യരുടെ അടുത്ത് എത്തണതിനുമുന്പേ തന്നെ എല്ലാം കഴിഞ്ഞിരുന്നു.”

“ശരി, കുട്ട്യേ..”

വെന്കി പാടവരന്പിലേക്ക് തിരിഞ്ഞു. വരന്പിന്‍റെ അവസാനം പടിപ്പുര കാണാമായിരുന്നു. വെന്കി മാറാല നിറഞ്ഞ ആ പടിപ്പുര വാതില്‍ മെല്ലെ തുറന്നു. തുളസിത്തറ പകുതിയും പൊട്ടിപൊളിഞ്ഞിരുന്നു. ഇല്ലത്തിന്‍റെ മുറ്റത്ത് ആധിപത്യം സ്ഥാപിക്കാന്‍ പുല്ലും കരിയിലകളും തമ്മില്‍ മത്സരിക്കുന്നതുപോലെ. ഇല്ലവും ആകെ പഴകിപൊളിഞ്ഞിരുന്നു. പൊടിമണ്ണു നിറഞ്ഞ ചുറ്റുവരാന്തയില്‍ വെന്കി തൂണും ചാരിയിരുന്നു.

പെട്ടെന്നാണ് ഇല്ലത്തിന്‍റെ വാതില്‍ തുറന്ന് ട്രൌസറിട്ട ഒരു ബാലന്‍ ഓടിയിറങ്ങിവന്നത്. വെന്കി അത്ഭുതത്തോടെ നോക്കി..

“ഞാനല്ലെ അത്…”

പുറകെ പാവാടയും ബ്ലൌസ്സും ധരിച്ച്, നെറ്റിയില്‍ കളഭം ചാര്‍ത്തി, ഇരുവശവും പിന്നിയിട്ട നീണ്ട മുടിയുമായി പ്രസരിപ്പുള്ള ഒരു പെണ്‍കുട്ടി. “അതെ… അത് എന്‍റെ താത്രിയേടത്തി തന്നെയാണ്.” “താത്രിയേടത്തി… താത്രിയേടത്തി…” വെന്കി ഉറക്കെ വിളിച്ചുകൊണ്ട് ഞെട്ടിയുണര്‍ന്നു. അതെ അതൊരു സ്വപ്നമായിരുന്നു. ഇതിനിടയില്‍ ഞാന്‍ മയങ്ങിപോയിരുന്നൊ?

ഇന്ന് അത് വെറുമൊരു സ്വപ്നം മാത്രം. പക്ഷേ…പണ്ട് ഐശ്യര്യവും, സന്പത്തും വേണ്ടുവോളമുണ്ടായിരുന്ന പാലത്തറ ഇല്ലം. നാളികേരങ്ങള്‍ കൊണ്ട് നിറഞ്ഞ കളപ്പുര, കൃഷിയിറക്കിയില്ലെന്കില്‍പോലും രണ്ടു മൂന്നു വര്‍ഷം സുഭിക്ഷമായി ഉണ്ണാനുളള നെല്ല് പത്തായത്തില്‍ സംഭരിച്ചിരിക്കും. എന്നാലും മുടങ്ങാതെ കൃഷിയിറക്കിയിരുന്നു. നടീലും, കൊയ്തും ഉത്സവം തന്നെയായിരുന്നു. എല്ലാത്തിന്‍റേയും മേല്‍നോട്ടവുമായി ഓടിനടക്കുന്നുണ്ടാവും തന്‍റെ എല്ലാമെല്ലാമായിരുന്ന താത്രിയേടത്തി. താത്രിയേടത്തിയുടെ ദിവസം തുടങ്ങുന്നതുതന്നെ തുളസിത്തറയിലെ തുളസിക്ക് വെള്ളം നനച്ചുകൊണ്ടായിരുന്നു. എത്ര ശ്രദ്ധയോടെയായിരുന്നു താത്രിയേടത്തി തുളസിയെ പരിചരിച്ചിരുന്നത്. അമ്മയും താനും താത്രിയേടത്തിയും അടങ്ങുന്ന കുടുംബം. അപ്പാവിന്‍റെ കാലശേഷം താത്രിയേടത്തി തന്നെയാണ് കുടുംബം നോക്കിയിരുന്നത്. അമ്മയെക്കാളേറെ തന്നെ സ്നേഹിച്ചതും ,പരിചരിച്ചതും ഒക്കെ താത്രിയേടത്തി തന്നെയായിരുന്നില്ലെ.

“വെന്കി, പെട്ടന്ന് ഇങ്ങട് പോരൂ കുട്ട്യേ.. ക്ഷേത്രത്തില്‍ പോയിവന്നുവേണം സന്ധ്യാദീപം തെളിയ്ക്കാന്‍. ഇതെന്ത് ഒരുക്കാ ന്‍റെ കുട്ട്യേ..”

“ഇതാ.. വന്നൂ താത്രിയേടത്തി”

ആഴ്ചയില്‍ ഒരു ദിവസം ക്ഷേത്രദര്‍ശനം നിര്‍ബന്ധമാണ് താത്രിയേടത്തിക്ക്. തുണയ്കായ് തന്നെയാവും കൂട്ടാറ്. ആ ക്ഷേത്രദര്‍ശനത്തിടയ്ക്കാണല്ലൊ ശന്കരേട്ടന്‍ താത്രിയേടത്തിയെ കണ്ടതും, ഇഷ്ടപ്പെട്ടതും. ശന്കരേട്ടന്‍റെ ആലോചന അമ്മയ്ക്കും സമ്മതമായി. താത്രിയേടത്തിയുടെ വേളി അതൊരു ഉത്സവമായിരുന്നു തനിക്ക്. വേളി കഴിഞ്ഞ് താത്രിയേടത്തി പോയപ്പോള്‍ എന്തൊ ഒരു ഏകാന്തതയായി ഇല്ലത്ത്. എന്നാലും ഇടയ്ക്കിടെ ഓടി വരുമായിരുന്നു താത്രിയേടത്തി വിശേഷങ്ങള്‍ അന്വേഷിച്ച്. കൂടെ ശന്കരേട്ടനും.

“ശിവശന്കരന്‍ താത്രിയുടെ ഭാഗ്യം തന്നെയാണെ. ഇക്കാലത്ത് എവ്ടാ കാണ്വാ ഇത്ര നല്ലൊരു കുട്ടിയെ .” ആ നാട്ടു സംസാരം അക്ഷരംപ്രതി ശരിയായിരുന്നെന്ന് പിന്നെടുളള ജീവിതം തെളിയിച്ചു.

അന്നൊരു അവിട്ട ദിനമായിരുന്നു. താത്രിയേടത്തിയും ശന്കരേട്ടനും മകനോടൊത്ത് ഓണം ഘോഷിക്കാന്‍ ഇല്ലത്തുണ്ടായിരുന്നു.

“അമ്മാവാ… ദേണ്ടെ ആ മാവിന്‍റെ കൊന്പത്തുതന്നെ ഊയലിട്ടുതരണെ.”

‘ഓണം കഴിഞ്ഞല്ലൊ നന്ദു. ഇനിയാണൊ ഊയല്‍”

“നീയൊരു ഊയല്‍ ഇട്ടുകൊണ്ടെന്‍റെ വെന്കി.ഞങ്ങള്‍ക്കേ ഇന്നും ഓണം തന്നെയാ, അല്ലേ നന്ദു.”

“ശരി താത്രിയേടത്തി ഊയല്‍ ഇപ്പോള്‍ ഇടാന്നേ.”

“താത്രിയേടത്തി പറഞ്ഞാല്‍ പിന്നെ മറുവാക്കില്ലല്ലൊ വെന്കിയ്ക്ക്. അപ്പാവിന്‍റെ നന്ദുന് ഇപ്പോള്‍ ഊയലിട്ടുതരും അമ്മാവന്‍.”

“അമ്മേ ഈ അമ്മാവന്‍ നന്ദൂനെ ഊയലാട്ടുന്നില്ല.”

“അതിനെന്താ അമ്മേടെ നന്ദൂനെ അമ്മ ഊയലാട്ടാമല്ലൊ”

“ഇനിയും വേഗത്തില്‍ ഊയലാട്ടൂ അമ്മേ.. നന്ദൂന് ദേണ്ടെ.. ആ ഇല പിച്ചണം.”

“ഇത്രവേഗം മതി നന്ദൂ.”

“പോരാ, അമ്മേ.. ഇനിയും വേഗത്തില്‍”

“ഈ കുട്ടീടെ ഒരു കാര്യം. ശരി ഇതാ ഇത്രമതിയോന്നു നോക്കൂ.’

പക്ഷേ ആ സന്തോഷം ഒരു ദുരന്തത്തില്‍ കലാശിച്ചു. താത്രിയേടത്തി വേഗത്തില്‍ ഊയലാട്ടിയതും കൈവിട്ടുപോയ നന്ദു തെറിച്ചുവീണത് പാറയ്ക്കിടയിലേക്ക് ആയിരുന്നു. അപ്പോള്‍തന്നെ എല്ലാം കഴിഞ്ഞിരുന്നു. ഇതുകണ്ടുകൊണ്ടു നിന്ന താത്രിയേടത്തി കരഞ്ഞില്ല, നിലവിളിച്ചില്ല, എന്തിന് ഒരു തുളളികണ്ണീര്‍ പോലും വന്നില്ല.

ആ സംഭവത്തിനുശേഷം താത്രിയേടത്തി ഒരക്ഷരം ഉരിയാടാതെ ഒരേ ഇരിപ്പായിരുന്നു. മകനെ അവസാനമായി ഒന്നു കാണാതെയും, അവന്‍റെ ചടങ്ങുകള്‍ നടന്നത് അറിയാതെയും ഉളള ഇരുപ്പ്. നീണ്ട രണ്ടു വര്‍ഷം താത്രിയേടത്തി ആ ഇരിപ്പ് തുടര്‍ന്നു. ഇക്കാലമത്രയും ശന്കരേട്ടന്‍ ഇല്ലത്തുതന്നെ ഉണ്ടായിരുന്നു, ഒരു കുഞ്ഞിനെ എന്നപോലെ താത്രിയേടത്തിയെ പരിചരിച്ചുകൊണ്ട്. ബന്ധുക്കളും, പരിചയക്കാരും, എന്തിന് അവസാനം അമ്മപോലും ശന്കരേട്ടനെ മറ്റൊരു വേളി കഴിക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ശന്കരേട്ടന്‍ വഴങ്ങിയില്ല, പ്രതീക്ഷ കൈവിട്ടുമില്ല. അതായിരുന്നു തന്‍റെ ശന്കരേട്ടന്‍.

ആ അവസ്ഥയിലും ശന്കരേട്ടന്‍റെ ആ സ്നേഹം താത്രിയേടത്തി തിരിച്ചറിഞ്ഞിരിക്കണം. അതാവും താത്രിയേടത്തിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത്. ഒരു ദിവസം രാവിലെ നോക്കുന്പോള്‍ നന്ദൂനെ അടക്കം ചെയ്ത തറയില്‍ ഇരുന്ന് വാവിട്ടുകരയുന്ന താത്രിയേടത്തി. അവിടുന്ന് എഴുന്നേറ്റ ഉടനെ….

“വാ.. ശന്കരേട്ടാ നമ്മള്‍ക്ക് മടങ്ങി പോകാം. എനിക്കിനി ഇവിടെ വയ്യ.”

“അന്നു ഇറങ്ങി ശന്കരേട്ടനും താത്രിയേടത്തിയും. പിന്നേടുളള വരവും കുറഞ്ഞു.”

ഒരോണത്തിന് ശന്കരേട്ടനും താത്രിയേടത്തിയും ഇല്ലത്തുണ്ടായിരുന്നു.

“താത്രീ വരൂ ക്ഷേത്രത്തില്‍പോയിവരാം.”

“ഇല്ല, ശന്കരേട്ടാ ഞാനില്ല. എനിക്കു വയ്യ. എന്‍റെ നന്ദൂനെ കൊണ്ടുപോയില്ലെ അവര്‍. ഇനി ഞാന്‍ ക്ഷേത്രത്തിലേക്കില്ല.”

“ശരി, ഞാന്‍ പോയിവരാം.”

താത്രിയേടത്തി ആ പഴയ ആളേ അല്ലാതായി. നന്ദൂന്‍റെ വേര്‍പാട് താത്രിയേടത്തിയെ വല്ലാതെ ഉലച്ചിരുന്നു. സംസാരവും ചിരിയും ഒന്നും ഇല്ല വെറുതെ പാവപോലെ ചലിക്കുന്നു അത്രമാത്രം.

“ദീപം.. ദീപം…”

സന്ധ്യാദീപവുമായി ഉമ്മറത്തേക്ക് വന്ന താത്രിയേടത്തിയുടെ മുന്നിലേക്ക് മൂന്നാല് ആളുകള്‍ കൂടി ശന്കരേട്ടന്‍റെ നിശ്ചല ശരീരം എടുത്തുകിടത്തി. ശരീരം മുഴുവന്‍ നീലിച്ചിരുന്നു.

“വിഷം തീണ്ടിയതാ ക്ഷേത്രത്തിനടുത്തുവച്ച്. മൂര്‍ഖനെന്നാ തോന്നുന്നത് വൈദ്യരുടെ അടുത്ത് എത്തുന്നതിനു മുന്നേ കഴിഞ്ഞു.”

ഇത്തവണ താത്രിയേടത്തി ഉരിയാടാതിരുന്നില്ല പകരം ആര്‍ത്തട്ടഹസിച്ചു ചിരിച്ചു.

“അപ്പോള്‍ ശന്കരേട്ടനും പോയല്ലേ നന്ദൂന്‍റെ കൂടെ? എന്നെ മാത്രം ഒറ്റയ്ക്കാക്കി ഇല്ലേ?”

“സാരമില്ല ആരും വേണ്ട ഈ താത്രിയ്ക്ക് . താത്രി ഒറ്റയ്ക്ക് മതി . വെന്കി നീയും പൊയ്കൊ. അമ്മേ അമ്മയും പൊയ്ക്കൊ. എല്ലാരും പൊയ്ക്കോളൂട്ടൊ. എല്ലാരും പൊയ്ക്കോളൂ….” പ്രജ്ഞ നശിച്ച് താത്രിയേടത്തി നിലത്തേയ്ക്ക് വീണു. പിന്നേട് ബോധം വന്നപ്പോള്‍ മുതല്‍ ശന്കരേട്ടനേയും നന്ദൂനെയും അന്വേഷിച്ച് നടപ്പായി.

“നന്ദൂനെയും കൊണ്ട് ക്ഷേത്രത്തില്‍ പോയ ശന്കരേട്ടനിതുവരെ വന്നില്ലല്ലൊ വെന്കീ..”

സന്ധ്യയാല്‍ ഉമ്മറത്ത് ഒരേ ഇരിപ്പാണ് പടിപ്പുരയിലേക്ക് നോക്കി. ഇടയ്ക്ക് ശന്കരേട്ടനെയും നന്ദൂനെയും ശകാരിച്ചുകൊണ്ടേയിരിക്കും. പകല്‍ മുഴുവന്‍ ഇല്ലത്തെ ഓരോ അറയും കയറിയിറങ്ങി അന്വേഷിച്ചുകൊണ്ടിരിക്കും. അന്വേഷണം അയല്‍പക്കങ്ങളിലേക്ക് നീങ്ങിയപ്പോള്‍….

“ദാ… നില്‍ക്കുന്നു നിന്‍റെ താത്രിയേടത്തി. ഈ ഭ്രാന്തിയെ ഇവിടെ ചങ്ങലയ്ക്ക് ഇട്ടോളണം. ഇനി ഞങ്ങളുടെ വീടുകളിലേക്ക് വരരുത്. വന്നാല്‍ പിടിച്ച് വല്ല ഭ്രാന്താശുപത്രിയിലും കൊണ്ടിടും പറഞ്ഞേക്കാം.”

“വെന്കീ എന്‍റെ നന്ദു എവിടെ? ശന്കരേട്ടനേയും കാണുന്നില്ലല്ലൊ.”

“ഒരു ശന്കരേട്ടനും നന്ദൂം. വാ, ഇവിടെ. ഇനി മുതല്‍ ചങ്ങലയില്‍ കിടന്നാല്‍ മതി.”

എന്‍റെ ഈ കൈകള്‍ കൊണ്ടാണ് എന്‍റെ താത്രിയേടത്തിയെ ഞാന്‍ ചങ്ങലയ്ക്കിട്ടത്.

“വെന്കീ എന്നെഅഴിച്ചു വിടൂ. ശന്കരേട്ടനിപ്പൊ വരും ഊണു കാലായില്ലല്ലൊന്‍റീശ്വരാ. പാവം ന്‍റെ ശന്കരേട്ടന് വീശക്കൂലൊ. ന്‍റെ പൊന്നു വെന്കിയല്ലെ എന്നെ അഴിച്ച് വിടൂ. നന്ദൂന് ഊണുകൊടുക്കണം. ഞാനൂട്ടിയാലെ അവനുണ്ണൂ. എന്നെ അഴിച്ച് വിടൂന്‍റെ വെന്കീ. എന്തിനേ നീ എന്നെയിങ്ങനെ കെട്ടിയിരിക്കണൂ?

“അമ്മേ, ഞാനിനി എന്തു ചെയ്യണം. എനിക്കിതു കാണാനും കേള്‍ക്കാനും വയ്യെന്‍റമ്മേ.”

“എല്ലാം സഹിച്ചല്ലെ പറ്റൂ.. കുട്ട്യേ”

ചങ്ങലപൊട്ടിക്കാനായി താത്രിയേടത്തി പലവിധത്തിലും ശ്രമിച്ചു. ചങ്ങല വലിഞ്ഞ് കാലടര്‍ന്നു പഴുത്ത് മുറുവില്‍ നിന്ന് ചലവും, പഴുപ്പും, രക്തവും ഒഴുകാന്‍ തുടങ്ങി.

“വെന്കി, എനിക്കു വേദനിക്കുന്നു. എന്നെ അഴിച്ചു വിടൂ. എനിക്കു വേദനിക്കുന്നു.”

രാത്രിയും പകലും ഒരേ പോലെ താത്രിയേടത്തി നിലവിളിച്ചു കൊണ്ടിരുന്നു.

ഒരു ദിവസം..

“വെന്കി, താത്രിയെ എത്രയും പെട്ടെന്ന് ഭ്രാന്താശുപത്രിയിലാക്ക്. ഞങ്ങള്‍ അയല്‍ക്കാര്‍ക്ക് സ്വസ്ഥമായി ജീവിക്കണം. നാളെ തന്നെ അതിനുളള ഏര്‍പ്പാട് ചെയ്യണം. ഇല്ലെന്കില്‍ നാട്ടുകാര്‍ചേര്‍ന്ന് ഒരു തീരുമാനത്തിലെത്തും. ഏതു നേരവും നിലവിളിയും കരച്ചിലും.”

“നിങ്ങള്‍ എന്തു മനുഷ്യരാണ്. നിങ്ങളുടെ മക്കള്‍ക്കാര്‍ക്കെന്കിലും ഇങ്ങനെ വന്നാല്‍ ഇതുതന്നെയാണൊ ചെയ്യുന്നുന്നത്. നിങ്ങള്‍ പറഞ്ഞതുകേട്ട് താത്രിയെ ചങ്ങലയ്ക്കിട്ടു. എന്നിട്ടും പോരെന്നെന്നു പറഞ്ഞാല്‍. എല്ലാരും പിരിഞ്ഞുപോണം എന്താ വേണ്ടെതെന്നു പിന്നീടു തീരുമാനിക്കാം.”

“നാളെത്തന്നെ ഒരു തീരുമാനമറിയണം.”

“വെന്കി, വിഷമിക്കണ്ട എന്തെന്കിലും ചെയ്യാം”

ഒരു സഹായത്തിന് ആകെ ഉണ്ടായിരുന്നത് ഗംഗാധരന്‍ മാഷ് മാത്രമായിരുന്നു.

രാത്രി വൈകുന്നതുവരെ ഉറങ്ങാതെ കിടന്നു. എന്തു ചെയ്യണമെന്നോര്‍ത്ത്. താത്രിയേടത്തിയെ ഭ്രാന്താശുപത്രിയില്‍ ആക്കുന്നതിനെ കുറിച്ച് ആലോചിക്കാനെ വയ്യ. ഓരോന്ന് ആലോചിച്ച് ഭ്രാന്തു പിടിക്കുന്നതു പോലെ തോന്നി. ഇല്ലത്തൂന്ന് ഒരുപാടൊരുപാടു ദൂരെ എവിടേക്കെന്കിലും ഓടിപോകണമെന്ന ചിന്ത പെട്ടന്നാണ് കയറിക്കൂടിയത്. അന്നിറങ്ങിയതാണ് ഇല്ലത്തൂന്ന്. പടിപ്പുര കടന്ന് പാടവരന്പിലൂടെ നടക്കുന്പോള്‍ പുറകില്‍ താത്രിയേടത്തിയുടെ നിലവിളി നേര്‍ത്തു നേര്‍ത്തു ഇല്ലാതായി. പലയി ടത്തും അലഞ്ഞുതിരിഞ്ഞു. കാലം കഴിയവെ താത്രിയേട്ടത്തിയെ കുറിച്ചുളള ചിന്തകള്‍ മനസ്സിനെ അസ്വസ്ഥമാക്കി. ആ ചിന്തകളുടെ തീവ്രത സ്വയം അറിയാതെ തന്നെ ഇല്ലത്തേക്ക് മടക്കികൊണ്ടു വരികയായിരുന്നു.

“വെന്കീ.. വെന്കീ..”

ഗംഗാധരന്‍ മാഷിന്‍റെ ശബ്ദം വെന്കിയെ ചിന്തയില്‍ നിന്ന് ഉണര്‍ത്തി.

“ആരിത് ഗംഗാധരന്‍ മാഷൊ? അല്ല മാഷെങ്ങനറിഞ്ഞു ഞാനെത്തിയെന്ന്.”

“ഉമ്മറത്തു നിന്നപ്പോള്‍ പടിപ്പുര തുറന്നു കിടക്കുന്നു. നോക്കുന്പോള്‍ ആരൊ ഇരിക്കുന്നെന്ന് തോന്നി. അങ്ങനെ വന്നതാ.” “ഇതെന്ത് വേഷമാ വെന്കി? താടിയും മുടിയും തുണിസഞ്ചിയും ആകെ ഉണങ്ങി കറുത്ത്.”

“അലച്ചിലായിരുന്നില്ലെ മാഷെ ഇക്കണ്ട കാലമത്രയും അതിന്‍റെയാ. അമ്മയും താത്രിയേടത്തിയും എവ്ടാ മാഷെ?”

“അപ്പോള്‍ വെന്കി ഒന്നും അറിഞ്ഞില്ലേ. ഞാന്‍ കരുതി അറിഞ്ഞിട്ടുളള വരവാകുമെന്ന്.”

“എന്താ.. മാഷെ?

“വെന്കിയെ കാണാനില്ല എന്ന വിവരം പുലര്‍ച്ചെയാണ് അറിഞ്ഞത്. അറിഞ്ഞ ഉടനെതന്നെ നെഞ്ചുവേദന വന്ന് വെന്കിയുടെ അമ്മ…..”

“നാട്ടുകാര്‍ ചേര്‍ന്ന് ചിതയൊരുക്കി. പിന്നെ താത്രി മാത്രമായി. ഞങ്ങള്‍ ദിവസവും ആഹാരം കൊണ്ടുകൊടുക്കും. ചിലപ്പോള്‍ കഴിക്കും ചിലപ്പോള്‍ തട്ടിക്കളയും അങ്ങനെ കഴിഞ്ഞു.”

“കാലം കഴിഞ്ഞപ്പോള്‍ നിലവിളിയും കരച്ചിലും ഒന്നും ഇല്ലാതായി. വെറുതെ ഇങ്ങനെ ജനാലയില്‍ക്കൂടി പുറത്തേക്ക് നോക്കി ഒരേ ഇരുപ്പ്.”

“ആ സമയത്താണ് പാലക്കാട് എന്‍റെ അമ്മ മരിച്ചത്. പാലക്കാട്ടിന്ന് ഞങ്ങള്‍ ഒന്നര മാസം കഴിഞ്ഞാ മടങ്ങിയത്. എത്തിയ ഉടനെ ഞാന്‍ വന്നു നോക്കി. അപ്പോള്‍…. ഞാനതെങ്ങനാ നിന്നോട് പറയേണ്ടത്. ഞാന്‍ വന്നു നോക്കുന്പോള്‍ ചങ്ങലയില്‍ മരിച്ചു കിടക്കുന്നു താത്രി. താത്രിയ്ക്ക് ഭക്ഷണം കൊടുക്കാന്‍ ഞാന്‍ എല്ലാ വീട്ടുകാരോടും പറഞ്ഞിട്ടാ കുഞ്ഞേ പോയത്. പക്ഷേ അവരാരും അത് ചെയ്തില്ല. മരണം കഴിഞ്ഞിട്ടു തന്നെ ദിവസങ്ങളായി .ആരും അറിഞ്ഞതുപോതുമില്ല. പിന്നെ നിന്‍റെ അമ്മയുടെ അടുത്തു തന്നെ താത്രിയേയും അടക്കി.”

വെന്കി ഒരു പ്രതിമ പോലെ നിന്നു. അവന്‍റെ മിഴികള്‍ നിറഞ്ഞൊഴുകികൊണ്ടിരുന്നു.അടക്കം ചെയ്ത തറ തിരിച്ചറിയാനാവാത്ത വിധം പുല്ലും കരിയിലയും കൊണ്ട് മൂടപ്പെട്ടിരുന്നു. നിയന്ത്രണമില്ലാതെ ഒഴുകിയ അശ്രു തുടയ്ക്കുകപോലും ചെയ്യാതെ വെന്കി ഏറെ നേരം അവരെ അടക്കം ചെയ്ത തറയ്ക്കരുകില്‍ ഒരു ശിലാപ്രതിമയെന്നോണം നിന്നു.

“വെന്കി, ഇനി ഇവിടെ കാണുമൊ കുഞ്ഞേ? ഇല്ലമൊക്കെ ഒന്നു പുതുക്കി, ഒരു വേളി കഴിച്ച് നിനക്കിവിടെ കഴിഞ്ഞൂടെ?”

“നോക്കാം.. മാഷേ”

“വെന്കി വാ, വീട്ടില്‍പോയി ഭക്ഷണം കഴിക്കാം.”

“മാഷങ്ങട് നടന്നോളൂ. ഞാന്‍ വന്നേക്കാം.”

ആ ചുറ്റു വരാന്തയില്‍ വെന്കി ഏറെ നേരം ഇരുന്നു. അയല്‍ വീടുകളില്‍ സന്ധ്യാ ദീപം തെളിഞ്ഞു. വെന്കി മെല്ലെ പടിപ്പുരയിലേക്ക് നീങ്ങി.

“വെന്കീ കുട്ട്യേ നീ പോവാണൊ?”

താത്രിയേടത്തിയുടെ ശബ്ദം. വെന്കി തിരിഞ്ഞുനോക്കുന്പോള്‍ ഇല്ലത്തിന്റെ വാതില്‍ക്കല്‍ നില്ക്കുന്നു താത്രിയേടത്തി.

“താത്രിയേടത്തിയെ ഒറ്റയ്ക്കാക്കി, വെന്കീ.. നീയും പോവാണൊ? ഈ ചങ്ങല ഒന്ന് അഴിച്ചിട്ട് പോകൂ. നീയല്ലെ എന്നെ ചങ്ങലയില്‍ പൂട്ടിയത്?”

താത്രിയേടത്തിയുടെ കാലില്‍ നിന്നും ചങ്ങല ഇല്ലത്തിനുളളിലേക്ക് നീണ്ടു കിടക്കുന്നു.

“താത്രിയേടത്തീ….”

പെട്ടെന്ന് എല്ലാം മറഞ്ഞുപോയി. വിജനമായ, കാലഹരണം സംഭവിച്ച, മാറാല നിറഞ്ഞ ഇല്ലം മാത്രം. വെന്കി തിരിഞ്ഞു നടന്നു.

“മാഷേ…”

“വെന്കി വന്നൊ? കയറിയിരിക്കൂ. ഭക്ഷണമെടുക്കാന്‍ പറയാം.”

“വേണ്ട മാഷെ. എനിക്കിന്ന് ഒന്നും ഇറങ്ങില്ല. ഞാന്‍ തിരിച്ച് പോക് വാ. ഇനിയൊരു മടങ്ങി വരവ് ഇല്ല മാഷെ. പോകും മുന്പ് മാഷിനെ ഒന്നു കാണണമെന്ന് തോന്നി. ഇനി ഞാന്‍ പോട്ടെ മാഷേ.”

“വെന്കീ…”

“വേണ്ട മാഷെ, ഒന്നും പറയണ്ട. എന്‍റെ തീരുമാനം ഉറച്ചതാണ്. അതിനിനി മാ റ്റമില്ല. യാത്രചോദിക്കുന്നില്ല.”

പാടവരന്പിലൂടെ ആ രൂപം നടന്നകലുന്നത് സന്ധ്യാവെളിച്ചത്തില്‍ ഗംഗാധരന്‍ മാഷ് നോക്കി നിന്നു. ആ രൂപത്തിന്‍റെ മുണ്ടും,മുടിയും,തോള്‍ സഞ്ചിയും കാറ്റില്‍ പുറകിലേക്ക് പറന്നുകൊണ്ടിരുന്ന. ഒരു പൊട്ടുപോലെ വെന്കിയുടെ രൂപം ഇരുട്ടിലേക്ക് അലിഞ്ഞലിഞ്ഞു ചേര്‍ന്നില്ലാതായി.

Generated from archived content: story1_mar6_15.html Author: panku_joby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English