മായാണ്ടി നിദ്രയിലാണ്‌

പട്ടണത്തിൽ ബസിറങ്ങുമ്പോൾ അയാൾ തന്റെ ലക്ഷ്യപ്രാപ്‌തിയെപ്പറ്റി മാത്രമാണ്‌ ചിന്തിച്ചിരുന്നത്‌. ഇക്കുറി കാര്യം നടന്നു കിട്ടുമെന്നാ തന്റെ മനസ്സ്‌ പഞ്ഞത്‌. അതങ്ങനെതന്നെ ആകട്ടെ.

ഒരു ചെറിയ കെട്ടിടമായിരുന്നു കാര്യാലയം. പ്രവേശന കവാടത്തിനു വെളിയിലെ കറുത്ത ഫലകത്തിൽ മഞ്ഞച്ചായം കൊണ്ടു മലയാളത്തിലും തമിഴിലും താലൂക്ക്‌ സപ്ലൈ ആഫീസെന്നു ആലേഖനം ചെയ്‌തിരുന്നു. വരാന്തയിലെ മരബെഞ്ചിലിരുന്ന നാലഞ്ചു പേർക്കൊപ്പം മായാണ്ടിയും ഇരിപ്പിടം തേടി.

അന്നേരം വാതായന പടിയിൽ നിന്നും ഉള്ളിലെ ചുവരിൽ തൂങ്ങുന്ന ഘടികാരത്തിലേക്കു നോക്കി ആരോടെന്നില്ലാതെ ഒരു ചെറുപ്പക്കാരൻ പറഞ്ഞു. മണി പത്തു കഴിഞ്ഞിട്ടും ഒരൊറ്റ ആഫീസറന്മാരുമെത്തിയിട്ടില്ല. സർക്കാരാഫീസിന്റെ ഗതിയിതാണെങ്കി നമ്മുടെ കാര്യം അധോഗതിതന്നെ.

അനല്‌പമായ പ്രതിഷേധത്തോടെ മായാണ്ടി ചെറുപ്പക്കാരനെ പാളി നോക്കിയിട്ടു ആത്മഗതം ചെയ്‌തു. “ഈ വീമ്പു പറേന്ന ഇവനൊക്കെ ഇക്കസേരേല്‌ കേറിരുന്നാ ഇതും ഇതനിനപ്പറോം ചെയ്യില്ലെന്നാരു കണ്ടു”.

തന്റെ പ്രസ്‌താവന ആർക്കുമത്ര രസിച്ചില്ലെന്ന്‌ അവരുടെ മുഖഭാവത്തിൽ നിന്നും വായിച്ചറിഞ്ഞ ചെറുപ്പക്കാരൻ ജാള്യതയോടെ മെല്ലെ വരാന്ത വിട്ടു വെളിയിലേക്കിറങ്ങി.

ഇന്നെങ്കിലും തന്റെ കാര്യം നടക്കുമെന്നു നിനച്ചിരിക്കവേ തൊട്ടടുത്തിരുന്ന മദ്ധ്യവയസ്‌കൻ മായാണ്ടിയെ തോണ്ടിയിട്ട്‌ അമർഷത്തോടെ പറഞ്ഞു തുടങ്ങി. ‘ഞാനിതാറാമത്തെ തവണയാ ഒരു കെ.എഫ്‌.ഡി.എൽ. ലൈസൻസിനായിട്ടു വരുന്നേ. ആഫീസറുള്ളപ്പം ആറൈ ഉണ്ടാവില്ല. എവരു രണ്ടാളുമുള്ളപ്പം ക്ലാർക്കുണ്ടാവില്ല. ജന്മം ചെയ്യാന്നാ വല്ല കൈമടക്കിനാണെങ്കി അവറ്റക്കതങ്ങ്‌ പറഞ്ഞു തൊലച്ചാപ്പോരെ. അയിനിങ്ങനെ മനിശന്മാരെ ചീലഴിപ്പിക്കുന്ന കാര്യോണ്ടോ’?

എല്ലാം കേട്ടു ഒന്നും പ്രതികരിക്കാതിരുന്ന മായാണ്ടിയെ വിട്ടു മദ്ധ്യവയസ്‌കൻ തന്റെ വലതുവശത്തിരുന്ന ആളുടെ നേരെ തിരിഞ്ഞു. അല്ല ഞിങ്ങക്കെന്തുതോന്നുന്നു. ഞാൻ പറഞ്ഞത്‌ ശരിയല്ലേ?

ഷരിയാ സാറെ. അയാളും പരിവേത്തിന്റെ മറാപ്പഴിച്ചു നിരത്തി. ഒരു മണ്ണെണ്ണ പെർമിറ്റിനുവേണ്ടി നടന്നു മതീം ഗതീം കെട്ടു.

പെട്ടെന്ന്‌ ടെലഫോൺ മുഴങ്ങിയതോടെ അകത്തെവിടെയോ അടിച്ചുവാരിക്കൊണ്ടിരുന്ന തൂപ്പുകാരി ചൂലുവലിച്ചെറിഞ്ഞിട്ടോടിയെത്തി.

ഹലോ ആരാണ്‌? ഇത്‌ സപ്ലൈ ആഫീസാണ്‌. എന്താ വേണ്ടത്‌. ങേ? അല്ല ആഫീസറല്ലേ. സീപ്പറാണ്‌. നിങ്ങൾ കുറച്ചു കഴിഞ്ഞു വിളിയ്‌ക്കു.

ചെറുപ്പക്കാരൻ തൂപ്പുകാരിയെ തുറിച്ചു നോക്കി. പിന്നെ തന്നോട്‌ സൗഹൃദം കാട്ടിയവരുടെ നേരേ തിരിഞ്ഞു, കേട്ടില്ലെ ഇതാ സ്‌ഥിതി?

മായാണ്ടി പോക്കറ്റിൽ നിന്നൊരു ബീഡിയെടുത്തു വരാന്തയിലേക്കു നടന്നു. അപ്പോൾ ചെറുപ്പക്കാരൻ അയ്യാളോടു കൂട്ടം കൂടി തുടങ്ങി.

കാർന്നോരെന്തിനാ വന്നേ? മയാണ്ടി തീപ്പെട്ടിയുരച്ചു ബീഡിക്ക്‌ തീകൊളുത്തി ഒന്നാഞ്ഞു വലിച്ചിട്ടു പറഞ്ഞു തുടങ്ങി.

ന്റെ പ്രശ്‌നം വേറെയാ സാറേ, ഇയ്‌ക്കൊരു കൂപ്പൺ കാർഡൊണ്ട്‌. ന്നാ അത്യോണ്ടു ഒരു കാര്യോല്ല.

അന്നേരം യുവാവും മറ്റു സന്ദർശകനും മായാണ്ടിയെ വലയം ചെയ്‌തു. അയാളുടെ പരിദേവനത്തിൽ ആമഗ്നരായി. മായാണ്ടി വിശദീകരിച്ചു.

ന്താന്നു വച്ചാ യ്‌ക്കാകെയുള്ള വരുമാനം മുന്നൂറു രൂപ്യാ. അതു കൂപ്പൺ കാർഡിലെഴുതി വന്നപ്പോ മുപ്പതായിരമായി. അതൊന്നു തിരുത്തി കിട്ടാൻ ഞാനെത്ര തവണ്യാ വരുന്നോ?

ഒരഘോര പ്രമാണം ശ്രവിച്ച മട്ടിൽ ശ്രോതാക്കൾ മിഴിച്ചിരുന്നു. കണ്ടോ. അതങ്ങു തിരുത്തികൊടുക്കുകയല്ലേ വേണ്ടൂ. ഇല്ല അതൊന്നും അവറ്റുകളു ചെയ്യൂല. വല്ലോം തടയോന്നാ നോക്ക്വാ…..

അതിർത്തി പ്രവിശ്യയിൽ നിന്നും കൂലിപ്പണിയും മെനക്കെടുത്തി ഇതെത്രാമത്തെ തവണയാ വരുന്നേയ്‌? ഇന്നു തീർച്ചയായിട്ടും കാർഡു കിട്ടുമെന്നുനെനച്ചാ ഓരോ തവണയും വരുന്നത്‌.

മണി പത്തിരുപതായതോടെ ഒറ്റയായും കൂട്ടമായും കക്ഷികൾ വന്നുകൊണ്ടിരുന്നു. ഉള്ള കാർഡു പിരിച്ചു പുതിയതു വാങ്ങാൻ, സറണ്ടർ സർട്ടിഫിക്കറ്റ്‌ വാങ്ങാൻ, അംഗങ്ങളെ വെട്ടിക്കുറയ്‌ക്കാൻ……

മാനേജരുടെ സീറ്റിൽ കൃശഗാത്രനായ ഒരു മദ്ധ്യവയസ്‌ക്കൻ ആസനസ്‌ഥനായി. അയാളുടെ ചുണ്ടിലിരുന്നു ബീഡി പുകഞ്ഞുകൊണ്ടിരുന്നു. അതാകട്ടെ സ്വന്തം ആത്മാവിന്റെ കെട്ടടങ്ങാത്ത പുകയായി മായാണ്ടിയ്‌ക്കനുഭവപ്പെട്ടു. പെട്ടെന്നുണർന്ന ആസ്‌തിക്യാബോധത്തോടെ മാനേജർ, വരാന്തയിലേക്കു വന്നു ബീഡി താഴെയിട്ടു ഞെരിച്ചു കെടുത്തി.

പ്രായം ചെന്ന ഒരു സ്‌ത്രീ മാനേജർക്കു നേരെ ഒരപേക്ഷ വച്ചു നീട്ടി. ടിയാൻ മൂളിപ്പാട്ടോടെ അപേക്ഷ പഠിച്ചിട്ടു അപേക്ഷയോടാരാഞ്ഞു.

വയസെമ്പതായി ഇനിയെതുക്കമ്മാ ഉനക്കൊരു കൂപ്പൺ കാർഡ്‌?

വൈഷമ്യത്തോടെ വൃദ്ധ കൈകൾകൂപ്പി മാനേജരോടു കേണപേക്ഷിച്ചുകൊണ്ടിരുന്നപ്പോൾ മായാണ്ടിയുടെ ഉള്ളിലെവിടെയോ ഒരു വെള്ളിടി മുഴങ്ങി.

ഇന്നു ശരിയാക്കി കിട്ട്വോ? എങ്ങനെയെങ്കിലും കാർഡ്‌ തിരുത്തി വാങ്ങിയാലേ മകനു പ്രയോജനപ്പെടൂ. എംപ്ലോയ്‌മെന്റിൽ നിന്നും താൽകാലിക നയമത്തിനുള്ള കൂടിക്കാഴ്‌ച അറിയിപ്പുവന്നുവെന്നും, ചെക്കനിതെങ്കിലുമൊന്നു തരപ്പെട്ടാൽ തനിക്കു വലിയൊരത്താണിയായെന്നും മായാണ്ടി നിനച്ചെടുത്തു.

എല്ലാ സീറ്റിലും ആളെത്തിയെങ്കിലും കാർഡ്‌ വിഭാഗത്തിലിതുവരെ ആളെത്തിയിട്ടിലെന്നറിഞ്ഞ്‌ അയാൾ വേപഥുവായി, എന്നാറെ താമസംവിന കണ്ണടവച്ച്‌ കറുത്ത പാന്റുമണിഞ്ഞ സുമുഖനായ യുവാവ്‌ ഒരു മോട്ടോർ ബൈക്കിൽ വന്നെത്തിയതോടെ കൈമോശം വന്ന പ്രതീക്ഷകൾ വീണ്ടെടുത്ത അയാൾ കൗണ്ടറിന്റെ മുന്നിൽ പോയി നിന്നു.

എന്താവേണ്ട? വന്നു കേറിയില്ല അതിനുമുമ്പേ തൊടങ്ങി…..

മായാണ്ടിയും കൂട്ടുകക്ഷികളും മുറിവേറ്റ പന്നിയെ പോലെ പിടഞ്ഞു. പിന്നെ ഓഛാനിച്ചു നിന്നപ്പോഴും അയാളെന്തൊക്കെയോ പുലമ്പുന്നതു കേൾക്കാതിരുന്നില്ല.

ഗുമസ്‌ഥനു ചുറ്റും കൂടി നിന്നവരെ കണ്ട അയാൾ അത്യന്തം ഗൗരവത്തോടെ പറഞ്ഞു. എല്ലാവരും വെളിയിലോട്ടിറങ്ങി നിൽക്കണം. ഇവിടെ ഒരുത്തനും നിൽക്കണ്ട.

അതോടെ ഗത്യന്തരമില്ലാതെ കക്ഷികൾ ആഫീസു വിട്ടു വെളിയിലേക്കിറങ്ങി, കൗണ്ടറിനു മുന്നിൽ നിൽക്കുന്ന മായാണ്ടിയെ പിന്തുടർന്നു.

സീലിങ്ങ്‌ ഫാൻ ഓണാക്കി ചെറുപ്പക്കാരൻ കസേരയിലിരിപ്പുറപ്പിച്ചതോടെ മേശപ്പുറത്തു ചായയും വടയും എത്തികഴിഞ്ഞു. വടയുടെ ഒരു മുറി അടർത്തിയടുത്തു വായിലേക്കിടുമ്പോൾ അഴികൾക്കപ്പുറത്തു നിൽക്കുന്ന മായാണ്ടിയുടെ മുഖപടലങ്ങളിൽ ഗുമസ്‌ഥന്റെ കണ്ണുകൾ ഉടക്കി കിടന്നു. നിരന്തരമായി വന്ന്‌ ഗുമസ്‌ഥനോട്‌ തന്റെ കാർഡിന്റെ കാര്യമന്വേഷിക്കുന്നതിലൂടെ തികഞ്ഞ പരിചിതത്വമായല്ലോയെന്നു അന്നേരം അയാൾക്ക്‌ തോന്നാതിരുന്നില്ല. എന്നാലെ ഗുമസ്‌ഥൻ മായാണ്ടിയെ തീർത്തും അവഗണിച്ചുകൊണ്ട്‌ ആവി പറക്കുന്ന ചായ ഗ്ലാസിലേക്കു തിരിഞ്ഞതോട മായാണ്ടിയാകെ ഇളഭ്യനാകുകയായിരുന്നു.

ചായ കുടിച്ചു കഴിഞ്ഞപ്പോൾ തന്നെ സമീപിച്ച യൂണിയൻ നേതാക്കളുമായി ഗുമസ്‌ഥൻ ജീവനക്കാരുടെ ആനുകൂല്യങ്ങളെപ്പറ്റിയുള്ള ചർച്ചയിൽ മുഴുകി. എന്തായാലും പേറിവിഷനിൽ നമ്മുടെ സർക്കാർ ക്രമാനുഗതമായ വർദ്ധനവാണ്‌ വരുത്തിയിരിക്കുന്നത്‌. കൗണ്ടറിനു പുറത്ത്‌ അക്ഷമരായി നിന്ന മായാണ്ടിയുൾപ്പെടെയുള്ളവർ തങ്ങൾക്കപ്രാപ്യമായ വിഷയത്തിന്റെ അർത്ഥതലങ്ങളെപ്പറ്റി അന്വേഷിക്കാനാവാതെ നിസ്സഹയരായി നിലകൊണ്ടു.

പുറത്തു മദ്ധ്യാഹ്‌ന സൂര്യൻ കുതിച്ചുകൊണ്ടിരുന്നു. അതോടെ ആഫീസ്‌ ശരിയ്‌ക്കും ചലിച്ചുതുടങ്ങിയിരുന്നു. സെക്‌ഷനിലേക്കു ചലിച്ചുകൊണ്ടിരുന്നു. അവരെ ചുറ്റി പറ്റി ചില കക്ഷികളും പതുങ്ങി നടന്നു.

കാർഡ്‌ സെക്‌ഷനിലെ ഗുമസ്‌ഥൻ അലമാര തുറന്നു കാർഡ്‌​‍ുകെട്ടുകളെടുത്തു തിരിച്ചു മറിച്ചും നോക്കിയതോടെ കാത്തു നിന്ന കക്ഷികളുടെ മനസ്സിൽ വെള്ളിനിലാവുദിച്ചു. പക്ഷെ പൊടുന്നനെ പ്രത്യക്ഷപ്പെട്ട സുന്ദരിയായ സഹപ്രവർത്തക കക്ഷികളെ ഒന്നൊടങ്കം നൈരാശ്യത്തിലാഴ്‌ത്തി. അതോടെ ഗുമസ്‌ഥനവളുടെ നേരെ തിരിഞ്ഞു. മറ്റാരും കേൾക്കാതെ അവരെന്തൊക്കെയോ പറഞ്ഞു രസിച്ചു. അന്നേരം അവളുടെ മുഖത്തു നാണം വിരിയുന്നതും മായാണ്ടി കാണാതിരുന്നില്ല.

സമയത്തിനു ദൈർഘ്യമേറുകയാണെന്നും ഇന്നുതന്നെ തന്റെ കാര്യം സാദിച്ചെടുക്കണമെന്നും മായാണ്ടി മനസ്സിൽ കോറിയിട്ടു. അപ്പോൾ വീണുകിട്ടിയ ഒരു നിമിഷാർദ്ധത്തിൽ മായാണ്ടി ചോദിക്കാനുള്ള ശ്രമത്തിലായിരുന്നു. സർ എന്റെ കാര്യം ചോദ്യം പൂർത്തിയാക്കും മുൻപേ അയാൾക്കു മറ്റൊരു ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വന്നു. ഇന്നലെയെങ്ങനെ തകർത്തോ“ പെട്ടെന്നാണയാൾക്കു ബോധ്യം വന്നത്‌ അത്‌ തന്നോടല്ല, അവിടെ നിൽക്കുന്ന യുവതിയോടായിരുവെന്ന്‌. അവൾ കുലുങ്ങിച്ചിരിക്കുന്നതും മായാണ്ടിയുടെ ദൃഷ്‌ടിയിൽപ്പെട്ടു.

ഒരു സെക്കന്റ്‌ എന്നുരുവിട്ടുകൊണ്ട്‌ ഗുമസ്‌ഥനെണീറ്റു പോകുന്ന പോക്കിൽ അവളുടെ നിതംബത്തിൽ ഒന്നു തുള്ളുകയും അവളൊന്നു പിടയുകയും ചെയ്‌തു. അത്‌ വീക്ഷിച്ച മായാണ്ടിക്ക്‌ വല്ലാത്തൊരസ്വാരസ്യം തോന്നാതിരുന്നില്ല. അപ്പേൾ അവളാകട്ടെ മായാണ്ടിയെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു. അല്‌പനേരത്തെ ഇടവേളയ്‌ക്കു ശേഷം ചെറുപ്പക്കാരൻ തിരികെ വന്നു സീറ്റിലമർന്നിരുന്നു. പിന്നെ നേരിയ അസംതൃപ്‌തിയോടെ ഫയലെടുത്തു മേശപ്പുറത്തിട്ടു. അനന്തരം ചുവപ്പുനാടയഴിച്ചു അപേക്ഷകളിലെ പേരു വിളിച്ചു തുടങ്ങി.

കൗണ്ടറിനു വെളിയിൽ മായാണ്ടിയും മറ്റൊരു മനുഷ്യനും മാത്രമവശേഷിച്ചതോടെ ആകാംക്ഷയുടെ ചങ്കിടിപ്പുയർന്നു. തന്റെ പേരുവിളിക്കുന്നുണ്ടോ എന്ന്‌ അയാൾ കാതുകൂർപ്പിച്ചിരുന്നു. താമസം വിന തന്റെ അപൂർവ്വ സ്വപ്‌നത്തിന്റെ ഇതിവൃത്തം ക്ലാർക്കിനെ മായാണ്ടി ധരിപ്പിച്ചു. നാളെയാണ്‌ സാർ അവസാന ദെവസം. എന്റെ മോന്റെ ഭാവിയാണു സാർ ഈ കൂപ്പൺ കാർഡിൽ തൂങ്ങുന്നത്‌…..

മായാണ്ടിയുടെ കണ്‌ഠനാളത്തിൽ വിതുമ്പലുടക്കി നിന്നു. പൊടുന്നനെ ഗുമസ്‌ഥൻ അല്‌പമായ നീരസത്തോടെ ആരാഞ്ഞു. ഇന്റർവ്യൂന്‌ റേഷൻ കാർഡ്‌ ഹാജറാക്കണമെന്നാരാ പറഞ്ഞത്‌? കാർഡ്‌ തിരുത്തി തരണമെങ്കിൽ അതങ്ങു പറഞ്ഞാപോരെ. അതിനു മുടന്തൻ ന്യായമെന്തിനു പറയുന്നു? അപ്പോൾ മായാണ്ടി പരുങ്ങലോടെ മെല്ലെ പറഞ്ഞു. അതു വേണോന്നു പറഞ്ഞു ഞങ്ങൾ എന്നാ ചെയ്യും?

ശരി ഉടനെ ക്ലാർക്ക്‌ പറഞ്ഞു. ആറൈയുടെ റിപ്പോർട്ട്‌ കിട്ടാതെ ഞാനെന്തു ചെയ്യും. ഒരു പ്രാർത്ഥനാഭംഗത്തിന്റെ ഔചിത്യമോർത്തു മായാണ്ടി നടുങ്ങി നിന്നു.

എന്താ സാർ, അതന്നേ കിട്ടിയതല്ലേ. അന്നേരം ഒട്ടും സംശയിക്കാതെ ഗുമസ്‌ഥൻ പ്രതികരിച്ചു. എങ്കിൽ ആഫീസർ ഉത്തരവിട്ടില്ലായിരിക്കും.

വാർന്നുപോയ കരുത്തു വീണ്ടെടുത്തു മായാണ്ടി ഒരു ദ്വന്ദയുദ്ധത്തിനു തയ്യാറാവുകയായിരുന്നു. സപ്ലൈ ആഫീസറും റിപ്പോർട്ടിൽ ഉത്തരവിട്ടിരുന്നതാണല്ലോ എന്ന്‌ അപ്പോഴാണയാൾ ഓർത്തെടുത്തത്‌.

ന്നിങ്ങ മനഃപൂർവ്വം എന്നെ കൊരങ്ങു കളിപ്പിക്ക്വ? പെട്ടെന്ന്‌ ഗുമസ്‌ഥൻ ക്ഷോഭത്തോടെ ചാടിയെണീറ്റു. നിങ്ങളുടെ കാർഡ്‌ ശരിയാക്കി തരാമെന്നു പറഞ്ഞു ഞാൻ പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലല്ലോ? പിന്നേ എന്നെ വെരട്ടാൻ നിങ്ങളാരാ എന്റെ ആഫീസറോ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ അകത്തുപോയി പറ. ഓരോരുത്തൻമാർ കുറ്റിയും പിഴുതു വരുന്നു……

ഒരു നിമിഷം മായാണ്ടി തളർന്നു പോയി. അനന്തരം സ്വന്തം മനസ്സിനെ എങ്ങനെയോ അടക്കി നിറുത്തി. എന്തിനയാളെ പഴിയ്‌ക്കണം? നേരത്തെ കാർഡു തിരുത്തിവാങ്ങാതിരുന്നതു സ്വന്തം തെറ്റുതന്നെയല്ലേ?

അയാൾ അനുനയത്തിൽ ഗുമസ്‌ഥന്റെ നേരെ തിരിഞ്ഞു. നിങ്ങശെമിയ്‌ക്കു. ഞാനെന്റെ വെശമം കൊണ്ട്‌ പറഞ്ഞതാ. എത്ര ദെവസമായി സാറേ വേല കളഞ്ഞു വരുന്നു. ഒരു ദെവസം പണിയില്ലാതായാൽ ഒരു കുടുംബമാണ്‌ പട്ടിണി കിടക്ക്വ. ഇടയ്‌ക്ക്‌ വന്നപ്പോക്കെ നിങ്ങ ലീവിലായിരുന്നു.

നോക്കു നിങ്ങൾക്കു നിങ്ങളുടെതായ പ്രശ്‌നങ്ങൾ പോലെതന്നെ എനിക്ക്‌ എന്റെതായ പ്രശ്‌നങ്ങളുമില്ലേ? വർഷാവസാനം ഞാൻ ലീവെടുക്കാതിരുന്നാൽ എന്റെ ലീവല്ലേ നഷ്‌ടപ്പെടുക?

മായാണ്ടിക്കവയൊക്കെ അപ്രാപ്യകാര്യങ്ങളായിട്ടാണ്‌ തോന്നിയത്‌. അപ്പോൾ അയാളുടെ ഉൾത്തടങ്ങളിലെവിടേയോ മകന്റെ ദയനീയ രൂപമാണ്‌, നിഴലിച്ചു നിന്നത്‌ അനന്തരം അയാളുടെ മുഖപടലങ്ങളിൽ തുലാവർഷമേഘങ്ങൾ അടിഞ്ഞുകൂടിയതും വിഹ്വലതയോടെ ഒഴിഞ്ഞു മാറി നിന്നതും ഗുമസ്‌ഥനെ ഒട്ടൊരു മനുഷ്യനാക്കാൻ പ്രേരിപ്പിക്കാതിരുന്നില്ല. ഏതായാലും നിങ്ങളിത്തിരി ഇരിക്കു ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ.

മായാണ്ടി വരാന്തയിൽ കിടന്ന ഒഴിഞ്ഞ ബഞ്ചിൽ ഇരിപ്പിടം തേടി. എന്തായാലും ഗുമസ്‌ഥന്റെ മനസ്സുമാറിയതുതന്നെ വല്യകാര്യമായി. അയാളോർത്തു.

ഉച്ചയൂണിനായി ജീവനക്കാർ മിക്കവാറും അകത്തേതോ മുറിയിലേക്കു പോയിരുന്നു.

രാവിലെ വെള്ളച്ചോറും കഴിച്ചിറങ്ങിയ മായാണ്ടിക്കു കലശമായ പരവേശം തോന്നി. ഇതിനിടക്കു ഒരു ഗ്ലാസ്‌ ചായവെള്ളം മാത്രമാണകത്താക്കിയത്‌. ക്ലാർക്കുടനെ തന്റെ പേരു വിളിക്കുവായിരിക്കും. അങ്ങനെ ഓരോന്നോർത്തയാൾ ക്ഷീണത്തോടെ ബഞ്ചിൽ നിവർന്നുകിടന്നു. പാണ്ടിക്കാറ്റ്‌ അയാളെ തഴുകി കടന്നുപോയി.

പകലവൻ സായാഹ്നത്തിലേക്ക്‌ വഴുതി വീഴുകയായിരുന്നു. പൊതുജനങ്ങളാരുമില്ലാതിരുന്നതിനാൽ ആഫീസന്തരീക്ഷം പ്രശാന്തമായിരുന്നു.

റെജിസ്‌ടറുകളും ഫയൽക്കെട്ടും ഗുമസ്‌ഥന്റെ മേശപ്പുറത്തുകൊണ്ടുവയ്‌ക്കുമ്പോൾ പ്യൂൺ പറഞ്ഞു. ദാ ഒപ്പിട്ടുണ്ട്‌. ഒന്നുവേഗം കൊടുത്തു വിടൂ. പാവമയാൾ ആ ബഞ്ചിൽ കിടക്കുകയാണ്‌.

ഗുമസ്‌ഥന്റെ മനസ്സൊന്നുരുകി. അയാൾ വേഗം ഫയലഴിച്ചു ജനലഴികളിലൂടെ നീട്ടി വിളിച്ചു.

മായാണ്ടി, മായാണ്ടി –

ക്ഷമകെട്ടപ്പോൾ ഗുമസ്‌ഥൻ ആരോടെന്നില്ലാതെ പറഞ്ഞു. ഇപ്പണ്ടാരമെവിടെപ്പോയി കിടക്വ?

അതോടെ പുറത്തേക്കു വന്ന പ്യൂൺ ഉറക്കെ വിളിച്ചു. നിങ്ങളല്ലേ മായാണ്ടി. എത്ര നേരമായി ആ സാറു നിങ്ങടെ പേരു വിളിക്കുന്നു?

ഉത്തരമില്ലാത്ത ചോദ്യമാവർത്തിക്കുകയാണു താനെന്നു തിരിച്ചറിഞ്ഞ പ്യൂൺ ഇത്തവണ മായാണ്ടിയുടെ ശരീരത്തിൽ തട്ടിവിളിച്ചു.

പക്ഷേ മായാണ്ടി…………..

Generated from archived content: story1_april20_09.html Author: pallikunan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here