കാത്തിരുന്ന വണ്ടിയും കടന്നുപോയതോടെ ബാലു ഹതാശനായി കാറിന്റെ ഡോറിൽ ചാരി നിന്നു ഒരു സിഗരറ്റിനു തീകൊളുത്തി. അപ്പോൾ മനസു മുരണ്ടു. ഇന്നലെ സായാഹ്‌നം മുതൽ തുടങ്ങിയ വലിയാണ്. ഇതിനോടകം എത്ര പായ്‌ക്കറ്റുകൾ തീർത്തു?
ശരിയാണ്. അഗ്‌നിയേറ്റു ചുണ്ടുകൾ വെടിച്ചുകീറിയിരുന്നു. അകലപ്പെടുന്ന തീവണ്ടിയിലേക്കു തന്നെ കണ്ണുകൾ പറിച്ചു നട്ടു. ഉറ്റവരെ സ്വീകരിച്ച് ആഹ്‌ളാദത്തിന്റെ കുടമുല്ലപ്പൂക്കളുമായി കടന്നുപോകുന്നവർ. വേർപാടിന്റെ അശാന്തിയുളവാക്കിയ തേങ്ങലോടെ ശൂന്യതയിലേക്കു നോക്കി നിൽക്കുന്നവർ.
അന്വേഷണത്തിന്റെ അവസാനം വേപഥുവായി പുകവലയങ്ങളുതിർത്തു നിൽക്കുന്ന ബാലുവിനോടു മോനാരാഞ്ഞു. മുത്തശിയിനി വരില്ലേച്ഛാ? നടുക്കത്തിന്റെ ക്ഷതം ഉളളിലൊതുക്കി ഒരു കൃത്രിമ ചിരിയോടെ, നേരിയ പ്രതീക്ഷയോടെ ബാലുവുരുവിട്ടു. വരും വരാതിരിക്കില്ല.
ഒന്നും മനസിലാകാതെ മോൻ ബാലുവിന്റെ മുഖത്തേയ്‌ക്കുറ്റുനോക്കി. അപ്പോൾ ആത്മഗതമെന്നോണം അയാൾ പറഞ്ഞു. അടുത്ത വണ്ടിയ്‌ക്കുറപ്പായിട്ടും വരും. അമ്മയ്‌ക്കങ്ങനെ ഒരുപാടു നാൾ തങ്ങളിൽ നിന്നകന്നുമാറി നിൽക്കാനാവില്ലല്ലോ?
അൽപനേരം കഴിഞ്ഞപ്പോൾ രണ്ടാമത്തെ വണ്ടിയുടെ വരവറിയിച്ചു കൊണ്ടുളള മണിനാദം മുഴങ്ങി കേട്ടു.
പകലിന്റെ മുഖപടലം അരുണിമയാണ്ടു തുടങ്ങിയതോടെ മോൻ ബാക്ക്‌സീറ്റിൽ ചാരിക്കിടന്നു. ഒരു മയക്കത്തിലേക്കു നിപതിച്ചിരുന്നു. ഇന്നലെ വൈകിട്ടും അവൻ പട്ടിണിയിലായിരുന്നുവെന്ന സത്യം അപ്പോഴാണ് ബാലുവിനു ബോധ്യമായത്.
കൃത്യം ഒമ്പതു മണിക്കു തീൻമേശ ഒരുക്കി അത്താഴത്തിനു ക്ഷണിക്കാറുളള സൗദു പതിവുതെറ്റിച്ചിരിക്കുന്നുവെന്നറിഞ്ഞതോടെ ഉളളിലെവിടെയോ ഒരു നീറ്റൽ അനുഭവപ്പെടുകയായിരുന്നു. സോഫയിൽ കിടന്നുറങ്ങി തുടങ്ങിയ മോനെ നോക്കി, സൗദുവിനോടാരാഞ്ഞു.
മോനൊന്നും കൊടുത്തില്ലേ?
വളരെ വൈകിയാണു പ്രജ്ഞ ഉണർന്നതെങ്കിലും സൗദു മൗനത്തിന്റെ ചെപ്പു തുറന്നിരുന്നില്ല. നീയുമിങ്ങനായാലെന്തു ചെയ്യും? ഏതോ യന്ത്രത്തിന്റെ ആരവമായി ബാലുവിന്റെ വായ്‌ത്താരി പ്രതിധ്വനിച്ചപ്പോൾ സൗദുവിന്റെ തേങ്ങൽ വിട്ടുമാറാത്ത ഇടവപ്പാതിയായി തിമിർത്തു പെയ്‌തു.
ഞാനപ്പഴേ പറഞ്ഞതാണ്. പ്രളയത്തിൽ ഒഴുകിയെത്തിയ ഏതോ മരകഷ്ണത്തിൽ അവൾ സ്വയരക്ഷാർത്ഥം പിടിമുറുക്കുകയായിരുന്നു. ഇപ്പം നിങ്ങക്കു തൃപ്തിയായല്ലേ? അവൾ സാരിതുമ്പിൽ മുഖം തുടച്ചു.
പണ്ടേ അമ്മ ഇങ്ങനെ തന്ന്യാ. ഞാൻ ഒന്നിനും പോണില്യ. ന്നിട്ടും ഒക്കെ എന്റെ ആലോചനയാന്നാ അമ്മേടെ വിചാരം!
കാർമേഘങ്ങളാൽ കനത്തുവരുന്ന ആകാശപരപ്പ്. കരിമ്പനപ്പട്ടയിലെ പടപ്പാട്ടു.
മനസിന്റെ അഭ്രപാളിയിൽ ഒന്നൊന്നായി ഓർമ്മചിത്രങ്ങൾ തെളിഞ്ഞുവന്നതോടെ ബാലു വിഹ്വലതയുടെ സൈകതങ്ങളിലെത്തപ്പെടുകയായിരുന്നു. ഇനി എങ്ങനെയാണു ഈ പ്രശ്നത്തിനൊരു തീർപ്പുകൽപ്പിക്കുക? എങ്ങനെയാണു അമ്മയെ സാന്ത്വനപ്പിച്ചെടുക്കുക? എവിടെ തുടങ്ങണം? എവിടെ അവസാനിപ്പിക്കണം.
എത്രയാലോചിച്ചിട്ടും ബാലുവിന്റെ ബുദ്ധിയിൽ ഒരു പരിഹാരക്രിയയുടെ ആശയവും തെളിഞ്ഞുവന്നില്ല. ഇപ്പോൾ സൗദുവും നിദ്രയുടെ ആശ്ലേഷത്തിലമർന്നു കഴിഞ്ഞിരുന്നു. അവളുടെ നേർത്ത കൂർക്കം വലിപോലും തന്നെ അസ്വസ്ഥനാക്കുന്നുവെന്നയാൾ തിരിച്ചറിഞ്ഞു. ഉറക്കംപോയ് പോയിരുന്നു.
എന്തായാലും അമ്മയെ ഒന്നു വിളിച്ചുനോക്കാം മയങ്ങിയിട്ടുണ്ടാവില്ല. അങ്ങനെ അനായാസം ഉറങ്ങാൻ അമ്മയ്‌ക്കാവില്ല. തീർച്ച.
ഫോൺ ചെയ്യാൻ കൈ അറച്ചിരുന്നെങ്കിലും രണ്ടും കൽപിച്ച് നമ്പർ ഡയൽ ചെയ്‌തു. അങ്ങേതലയ്‌ക്കൽ ബെല്ലടിയ്‌ക്കുന്നുണ്ട്. ബാലുവിന്റെ മനസിലേയ്‌ക്കൊരു കുളിർതെന്നൽ കടന്നുവന്നു.
ഹലോ കുറ്റബോധത്തോടെ മെല്ലെ മുരടനക്കി പെട്ടെന്നമ്മയുടെ ശബ്ദമുണർന്നത്. ഇല്ലെടാ. ന്നെ വേണ്ടാത്തവന്……
അമ്മയുടെ കദനമാർന്ന വാക്കുകൾ കാതിൽ തളം കെട്ടി നിന്നു. പെട്ടെന്നു ഫോൺ നിശബ്ദമായപ്പോൾ വല്ലാതെ വ്യഥിതനായി. പിന്നെ അസ്വസ്ഥതയകറ്റി ഒരിക്കൽകൂടി ഡയൽ ചെയ്‌തു. ഇക്കുറി റിസീവറെടുത്തത് ഇളയച്ചിയാണ്. അവൾ പതുങ്ങിയ ശബ്ദത്തിൽ പറഞ്ഞു ഇല്ലേട്ടാ ഒരയവുമില്ല. ഇന്നു ഭക്ഷണം പോലും കഴിച്ചിട്ടില്ല. നേരത്തെ കേറികിടന്നു.
ഗുഡ്‌നൈറ്റ് പറഞ്ഞു റിസീവർ ക്രാഡിലിൽ വയ്‌ക്കുമ്പോൾ സൂചികുത്തേറ്റപോലെ ബാലു പിടഞ്ഞു. ഇല്ലെടാ. ന്നെ വേണ്ടാത്തിടത്തേക്കു ഞാനില്ല. പ്രായായാ പിന്നെ വല്ല അനാഥമന്ദിരത്തിലും പോവുന്നതാ ഭേദം.
അമ്മയുടെ വാക്കുകൾ കരിവണ്ടിന്റെ മൂളലായി ശ്രവണേന്ദ്രിയങ്ങളിൽ മുഴങ്ങി നിൽക്കുന്നു. എല്ലാ മക്കളിലും വച്ചു നിന്നോടായിരുന്നു….
അമ്മയുടെ മിഴികളിൽ നനവുണ്ടായിരുന്നിരിയ്‌ക്കാം വാക്കുകൾ കണ്‌ഠനാളത്തിൽ കുടുങ്ങിപ്പോയതാകാം അത്രയും നേർത്ത ശബ്‌ദമായിരുന്നു.
ബാലു ഓർത്തു നോക്കി. ശരിയാണ്. അച്ഛൻ മരിയ്‌ക്കുമ്പോൾ തനിക്കു പത്തു വയസായിരുന്നു. തന്റെ താഴെ രണ്ടു കുട്ടികൾ കൂടി ഉണ്ടായിരുന്നു. അമ്മയ്‌ക്കു ചെറുപ്പമായിരുന്നതിനാൽ വേണമെങ്കിൽ ഒരു രണ്ടാം വിവാഹം നടത്താമായിരുന്നു. പക്ഷേ സ്വന്തം സുഖവും ദുഃഖവുമൊക്കെ ഉളളിലൊതുക്കിയാണമ്മ തങ്ങളെയൊക്കെ വളർത്തി വലുതാക്കിയത്.
കനിഷ്‌ടപുത്രനായ തന്നെവിട്ടു അമ്മയെവിടെയും പോയിരുന്നില്ല. കുടുംബകാര്യമായാലും, കൃഷിക്കാര്യമായാലും അമ്മ എല്ലാം തന്നോടു ചർച്ച ചെയ്‌തിട്ടേ ഒരു തീരുമാനമെടുത്തിരുന്നുളളൂ.
പക്ഷേ –
എവിടെയാണു തെറ്റിയത്? അതിന്റെ കാരണം ഇന്നുമൊരു സമസ്യയായിട്ടാണു തനിയ്‌ക്കു തോന്നുന്നത്.
നവരാത്രി ഉൽസവത്തിനു സ്‌കൂളടച്ചപ്പോൾ അമ്മയ്‌ക്കു രണ്ടു ദിവസം അനിയന്റെ കൂടെ പോയി താമസിയ്‌ക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. അമ്മ അങ്ങോട്ടു പോകാത്തതിൽ അനിയനും ഇളയച്ചിയ്‌ക്കും വല്ലാത്ത അമർഷവുമുണ്ടായിരുന്നു. പലകുറി അമ്മ ആവശ്യപ്പെട്ടപ്പോഴൊക്കെ താനാണു അമ്മയെ തടഞ്ഞിരുന്നത്. കാരണം ഒരു ദിവസംപോലും അമ്മയിൽ നിന്നകന്നിരിക്കാൻ തനിയ്‌ക്കു വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. അതു തന്നെയായിരുന്നു ഭാര്യക്കും മകനും…..
എന്തായാലും അനിയന്റെടുത്തേക്കു പോയേ പറ്റൂയെന്നു അമ്മ വാശിപിടിച്ചപ്പോൾ താൻ കടിഞ്ഞാണിന്റെ പിടി അയച്ചു. ശരി അങ്ങനെയെങ്കിലങ്ങനെ അതിലുപരി അനിയന്റെയും കുടുംബത്തിന്റെയും പരിഭവം അവസാനിക്കുമല്ലോ…..
പക്ഷേ ഈ വീടിന്റെ മുക്കും മൂലയും അമ്മയ്‌ക്കു നല്ല നിശ്ചയമായിരുന്നു. വല്ലപ്പോഴും പോകുമെങ്കിലും അനിയന്റെ വീടും പരിസരവുമായി അമ്മയ്‌ക്കത്ര നിശ്ചയമില്ലെന്നു തനിയ്‌ക്കറിയാം. പത്തെഴുപതു വയസായ അമ്മ അറിയാതെവിടെങ്കിലും തട്ടിവീണാലോ എന്ന ആധിയായിരുന്നു തനിക്ക്….
അനിയൻ വന്നാണമ്മയെ കൊണ്ടുപോയത്. എല്ലാ ദിവസവും അമ്മ ഫോൺ ചെയ്‌തു കാര്യങ്ങൾ തന്നോടോ, ഭാര്യയോടോ തിരക്കികൊണ്ടിരുന്നു. അവധികഴിഞ്ഞതോടെ സ്‌കൂൾ തുറന്നു. അപ്പോഴാണ് ഇളയച്ചി വിളിച്ചാവശ്യപ്പെട്ടത്. ഏട്ടാ ഇന്നമ്മയെ അങ്ങോട്ടു കൊണ്ടാക്കാനിരിക്ക്യാരുന്നു. പക്ഷേ മോളേറെ പിടിവാശിയിലാ. മുത്തശി രണ്ടൂസം കൂടി അവടെകൂടെ നിക്ക്വേണോന്ന്……
തന്റെ മോൻ അമ്മയോടൊത്തു കഴിയുന്നപോലെ അനിയന്റെ മോൾക്കുമില്ലേ ഒരവകാശം? അല്ലെങ്കിൽ തന്നെ കുട്ടികളല്ലേ അവരുടെ മനസിൽ വിളളലു വീഴണ്ടായെന്നു നിനച്ചു താൻ തന്നെയാണു അനുമതി നൽകിയത്. എന്നാപ്പിന്നെ ഒരാഴ്‌ച അമ്മ അവിടെത്തന്നെ നിൽക്കട്ടെ….. അമ്മയെ വിളിച്ചു നേരിട്ടു താൻ തന്നെയാണിക്കാര്യമറിയിച്ചത്……
അതാണമ്മയെ പ്രകോപിപ്പിച്ചത്. ഇതിത്രത്തോളം സംഘർഷപൂരിതമാകുമെന്നു ഒരിക്കൽ പോലും താൻ നിനച്ചിരുന്നില്ല. എത്രയാലോചിച്ചിട്ടും താൻ പറഞ്ഞതിലെന്തു തെറ്റാണുളളതെന്നു മനസിലാവുന്നില്ല.
ഈ വണ്ടിയ്‌ക്കും അമ്മയും ചെറിയച്ചനും വന്നില്ലല്ലോ? മോന്റെ ശബ്‌ദം കേട്ടു ബാലുവിനു സ്ഥലകാല ബോധമുണർന്നു. പിന്നെ വണ്ടിയിൽ തളർന്നു കിടക്കുന്ന മോനോടൊത്തു വേഗത്തിൽ മടങ്ങുകയായിരുന്നു.
വഴിമദ്ധ്യേ കണ്ട പോഷ് ഹോട്ടലിൽ കയറി ചൂടുപൊറോട്ടയും മുട്ടക്കറിയും മോനുവേണ്ടി ഓർഡർ ചെയ്‌തു. ബാലു ഒരു കാലിച്ചായ മാത്രമകത്താക്കി വഴിയോരക്കാഴ്‌ചകളിൽ മുഴുകി.
“വേണ്ടച്ഛാ. വിശപ്പില്ല, സ്വതവേ അവനിഷ്‌ടപ്പെട്ട ഭക്ഷണം വാങ്ങികൊടുത്തിട്ടും അവനു വിരക്തി തോന്നിയപ്പോൾ ഉളളുകത്തി. പിന്നെ ഒരുവിധം മോനെ സമാധാനിപ്പിച്ചു. മോനെങ്കിലും കഴിച്ചാലെ നമുക്കു….
എന്തൊക്കെയോ ആഹരിച്ചെന്നുവരുത്തി അവനെണീറ്റു കൈകഴുകി. ബാലുവിന്റെ ദേഹത്തോടൊട്ടി നടന്നു. അനന്തരം വണ്ടിയിൽ കയറുമ്പോൾ അവന്റെ മുഖത്തു ദുഃഖ ഭ്രുമങ്ങളുടെ അണയാത്ത നിഴൽപ്പാടുകൾ ദൃഷ്ടിയിൽപ്പെട്ടു.. മോന് ഐസ്‌ക്രീം വാങ്ങിത്തരട്ടെ എങ്ങനെയെങ്കിലും സാന്ത്വനിപ്പിക്കാനുളള ശ്രമമായിരുന്നു. വേണ്ടെന്നവൻ തലയാട്ടിയപ്പോൾ ഒരു സിഗരറ്റിനു കൂടി തീക്കൊളുത്തി. പെട്ടെന്ന് മോൻ ആർദ്രതയോടെ വിലക്കി. വേണ്ടച്ഛാ. ഇനിയും സിഗരറ്റു വലിയ്‌ക്കണ്ട…..
നാളെ മോന്റേ ബർത്ത്‌ഡേയാണ്! പുതിയ കുപ്പായങ്ങളും കേക്കും ചോക്‌ലേറ്റുമെല്ലാം വാങ്ങിയായിരുന്നു മടക്കം. അച്ഛൻ മരിച്ചപ്പോൾ തനിക്കുണ്ടായിരുന്ന വയസാണ് ഇപ്പോൾ തന്റെ മോന്. ഇക്കാലമത്രയും മുത്തശിയില്ലാതെ ഒരു ജന്മദിനാഘോഷമില്ലായിരുന്നു. ഇതു നടാടെയാണ്……
അമ്മയ്‌ക്കിതെന്തു പറ്റിയതാ? ബാലു ഡ്രൈവിങ്ങിനിടയിൽ സ്വയമാരാഞ്ഞു. അമ്മയോടാരാണ് അകൽച്ച കാണിക്കുന്നത്? താനോ? തന്റെ ഭാര്യയോ. അതോ മകനോ……..?
പ്രായാധിക്യത്തിന്റെ അരിഷ്‌ടതകളിലെപ്പഴോ അമ്മയ്‌ക്കങ്ങിനെ തോന്നിയതാവാം…….
വീട് എത്തിയതറിഞ്ഞതേയില്ല. വണ്ടിയുടെ ഇരമ്പൽ ശ്രവിച്ചതും സൗദു അത്യാഹ്ലാദത്തോടെ അമ്മയെ സ്വീകരിക്കാൻ ബാൽക്കണി ഇറങ്ങി മട്ടുപ്പാവിലേയ്‌ക്കു ഓടി വന്നു.
അമ്മ വന്നോ? എവിടെ? അമ്മയില്ലാതെ മോന്റെ ബർത്തഡെ എങ്ങനെ ആഘോഷിക്കുമെന്നു…. അവളുടെ ശബ്‌ദം മുറിഞ്ഞു വീണു.
മറ്റൊരു ചോദ്യത്തിനു ഉത്തരം കണ്ടെത്താനാവാതെ ബാലു വേഗം കാറിൽ നിന്നിറങ്ങി ഉളളിലേക്കു കടന്നു. അപ്പോൾ പുത്തൻ കുപ്പായത്തിന്റെയും ചോക്ലേറ്റുപ്പെട്ടിയുടേയുമിടയിൽ തളർന്നു കിടന്നുറങ്ങുന്ന മോനെ കണ്ട സൗദുവിന്റെ കരിമിഴികളിൽ കാർമേഘം പടർന്നുകഴിഞ്ഞിരുന്നു.
Generated from archived content: story_nov11_06.html Author: palli_kunan