ഗാനഗന്ധർവ്വൻ

രമണനെങ്ങുപോയ്‌, കൈരളീ, നീ കൊടും-

രജനിയെങ്ങനെ നീന്തിക്കടന്നിടും?

ഒരു പുലരിയിലോമലേ, നിൻ കലാ-

വനികയിൽ വന്ന കോമളനാണവൻ.

മുരളിയുമതിലൂറുന്ന രാഗവും

മുദിതനായ്‌ നിനക്കർപ്പിച്ചു പോന്നവൻ.

നറുനിലാവൊളി പൂശുന്ന പുഞ്ചിരി

നയനകോമള നാളീകചാതുരി

കപടമേശാത്ത കാരുണ്യ മാധുരീ-

കലിക,‘ചങ്ങമ്പുഴ’യിതുമാതിരി!

കരകയേ ഗതി, നീയിദം കൈരളീ

കരളെരിഞ്ഞു മറഞ്ഞു നിൻകന്ദളി.

മഹിതമാം മഴവില്ലുപോൽ മാനത്തിൻ-

മരതകങ്ങളിൽ പൂകിയും പുൽകിയും

സമതലങ്ങളിലാളും തൃണത്തിന്റെ

ഹിമകണങ്ങളിൽ തൂമുത്തു ചാർത്തിയും

മടുമലരണിക്കാട്ടിലും മേട്ടിലും

മധുര ‘ഹേമന്തചന്ദ്രിക’ വീശിയും

പലദിനം നിന്നുപോന്നു ഹാ, കൈരളീ!

കല പൊതിഞ്ഞൊരാക്കൈവല്യകന്ദളി.

നവ നവോദയംപോലെ നീ സൽക്കവേ,

കവനകാന്തിയും കൈയ്‌ക്കൊണ്ടുദിക്കവേ

കരളിലുല്‌പന്ന രാഗയായ്‌ മൂകയായ്‌

കമനി കൈരളി കോൾമയിർക്കൊൾകയായ്‌!

ഒരു വസന്തമെന്നോർക്കവേ നാടിനും

കരകവിഞ്ഞുപോയാനന്ദവിസ്‌മയം.

പുതുമയിൽ ചെന്നു കൈവച്ചു നീയതിൽ

പുളകകഞ്ചുകം ചാർത്തുന്ന വേളയിൽ

കുസുമലോലരായ്‌ വല്ലികൾ; ചൂതത്തിൽ

കുയിലുണർന്നുപോയ്‌, കൂകിത്തെളിഞ്ഞുപോയ്‌!

പഴമ, മാഞ്ഞതിലൂടവേ പുത്തനാ-

മഴകിണക്കുന്നു പട്ടിളംകൂമ്പുകൾ.

വികസിതാശയം മിന്നുന്നു ചുറ്റിലും

വിരചിതാമോദ പൂതം ജലാശയം.

കരകയേ ഗതി, നീയിദം കൈരളീ

കരളെരിഞ്ഞു മറഞ്ഞു നിൻ കന്ദളി

കവിതകൊണ്ടൊരു തേൻ ‘പുഴ’ നിർമ്മിച്ച

കവിയെ നാമൊന്നു കണ്ടതിന്നാണഹോ!

നിറനിറന്നതിൽത്തിങ്ങും വികാരത്തിൻ-

ചിറകൊതുക്കുവാനൊക്കുമോ ദുർവിധേ?

തിറമൊടാഞ്ഞാഞ്ഞുപായും പ്രാവാഹത്തിൽ

ചിറ പടുക്കുവാനൊക്കുമോ കാലമേ?

കരയിടിച്ചതുപോകുന്നതും കണ്ടു

വിരലനക്കേണ്ട, വിത്തപ്രതാപമേ!

ദുരിതജീവിതപർവ്വതം പൊട്ടിയോ-

രരുവിയാണതു നാരേ, തടുക്കൊലാ.

നരകസങ്കടം കണ്ടൊരു ജീവന്റെ

നയനനീർ നദി നീയോ തടുക്കുവാൻ?

വഴിമരങ്ങളേ,നിങ്ങളെത്താങ്ങുമീ-

പ്പുഴയിലേയ്‌ക്കിനിപ്പൂവുതിർത്തീടുമോ?

പതിവിലപ്പുറമൊന്നിതു പുൽകുമ്പോൾ

പതിതജീവിതം പാവിതം ശീതളം

പരപരാജയ ബോധമിപ്പാരിന്റെ

പരവതാനിയായ്‌ മാറിടും മഞ്ജുളം

കദനധാരകളെങ്കിലും പ്രേമത്തിൻ

കഥനമാണതു ശാശ്വതം കോമളം!

കരകയേ ഗതി, നീയിദം കൈരളീ,

കരളെരിഞ്ഞു മറഞ്ഞുനിൻ കന്ദളി!

നിഖിലലോകവും മാറ്റൊരിക്കൊളളിച്ച

നിരഘസംഗീത ഗന്ധർവനെങ്ങയേ?

മരുതലങ്ങളും മാനവും പുഷ്‌പിത-

തരുനിരകളും പാടിപ്പുകഴ്‌ത്തിയോൻ,

അരിയ കേരള കേദാരഭംഗിക-

ളകമഴിഞ്ഞെങ്ങും പാടി നടന്നവൻ,

പല ദുരാചാര പംക്തിയോടെപ്പൊഴും

പടപൊരുതുവാനോടി നടന്നവൻ

മറപിടിക്കുന്ന മാമൂലിനോടൊരു

മമത കാട്ടാതെ മാറിനടന്നവൻ,

പുകളിനാശിച്ചു നിൽക്കാതെ ഘോരമാം

പുകയുമഗ്നിയും വിപ്ലവമാക്കിയോൻ,

തരിയിലും കൊച്ചുതാരിലും ഭൗതിക-

ത്തിരയിലും കലാദീപം കൊളുത്തിയോൻ,

പശിയടങ്ങാത്ത ലോകത്തിനോടൊരു

നിശിതചിഹ്നമായ്‌ സ്‌പന്ദിച്ചുനിന്നവൻ,

പ്രണയവീണയിൽ കൈവിരലോടിച്ചു

പ്രമദഗാനങ്ങൾ മീട്ടിക്കളിച്ചവൻ

കഠിനമിന്നേയ്‌ക്കു മാഞ്ഞു ഹാ, കൈരളീ,

കല പൊതിഞ്ഞൊരാക്കൈവല്യകന്ദളി!

രമണനില്ലാത്ത കൈരളീ നീ കൊടും-

രജനിയെങ്ങനെ നീന്തിക്കടന്നിടും….?

1948 ജൂൺ

(1123 മിഥുനം 5ന്‌ ചങ്ങമ്പുഴയുടെ മരണദിനത്തിൽ റേഡിയോ പ്രക്ഷേപണം)

Generated from archived content: poem_mar21.html Author: pala_narayanan_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here