അവകാശങ്ങളുടെ പ്രശ്നം

പുനര്‍വായന

(മലയാള കഥാരംഗത്തെ നവോത്ഥാനകാലഘട്ടത്തെ സമ്പന്നമാക്കിയ അന്തരിച്ച പ്രഗത്ഭരുടെ കഥകളാണ് ഇത് വരെ ഞങ്ങള്‍ പുനര്‍വായനയിലൂടെ വായനക്കാര്‍ക്ക് നല്‍കിയത് . അവരുടെ തുടര്‍ച്ചയായി കഥാലോകത്തിന് ആധുനികതയ്ക്ക് തുടക്കം കുറിച്ച പോയതലമുറയിലെ ഏതാനും കഥകള്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കുന്നു. പ്രശസ്തനായ കഥാകൃത്ത് അന്തരിച്ച പത്മരാജന്റെ ‘ അവകാശങ്ങളുടെ പ്രശ്നം ‘ എന്ന കഥ ഈ ലക്കത്തില്‍ വായിക്കാം.)

മരിച്ചവരുടെ ഛായാ പടങ്ങള്‍ മാത്രം വില്‍ക്കുന്ന തെരുവായിരുന്നു അത്. ഒരുച്ചയ്ക്ക് ഒരാള്‍ വിയര്‍ത്തു കിതച്ച് അവിടേക്ക് കയറിച്ചെന്നു . അയാള്‍ ആദ്യമായിട്ടാണ് ആ‍ ഭാഗത്തു വരുന്നതെന്ന് അപരിചിതമായ ഒരു പകച്ച നോട്ടം വിളിച്ചറിയിച്ചു.

ഛായാ പടങ്ങള്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് ആ അമ്പരപ്പു പെട്ടന്ന് മനസിലായി . അവര്‍ ഇത്തരം എത്ര പകച്ച മുഖങ്ങളെ കാണുന്നതാണ്.

‘’ എന്താ നിങ്ങളുടെ പേര്?’‘ കച്ചവടക്കാര്‍ അയാളോടു വാത്സല്യ പൂര്‍വം തിരക്കി.

‘’ ദിവാകരന്‍’’

‘’എന്താ ദിവാകരനു വേണ്ടത്?’‘

‘’ എനിക്കു കുറെ ചിത്രങ്ങള്‍ കിട്ടിയാല്‍ കൊള്ളാമായിരുന്നു.’‘ ദിവാകരന്‍ പറഞ്ഞു.

‘’ എല്ലായിടത്തും ഞാന്‍ അന്വേഷിച്ചു . എന്റെ അച്ഛന്റേയും അമ്മയുടേയും ചിത്രങ്ങള്‍ക്കു വേണ്ടി ഞാനിനി പോകാനിടമില്ല. അവസാനം , ഇന്നിപ്പോള്‍ മാത്രമാണ് അറിഞ്ഞത് ഒരു പക്ഷേ, നിങ്ങളുടെ തെരുവില്‍ നിന്ന് എനിക്കതു കിട്ടിയേക്കുമെന്ന്.’‘

അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്ക് അയാള്‍ വിവശനായിക്കഴിഞ്ഞിരുന്നു. അയാളുടെ നെറ്റിത്തടത്തില്‍ പുതിയ ഗോളങ്ങളുണ്ടായി.

‘’ നിങ്ങള്‍ക്കു കിട്ടിയ അറിവു ശരിയാണ്.’‘ ഒരു കച്ചവടക്കാരന്‍ , കച്ചവടക്കാര്‍ക്കു മാത്രം സ്വായത്തമായ ഒരു നിര്‍വികാരതയോടെ അറിയിച്ചു:

‘’ ഞങ്ങള്‍ക്കു നിങ്ങളെ സഹായിക്കാന്‍ കഴിഞ്ഞേക്കും.’‘

ദിവാകരന്റെ മുഖം സന്തോഷം കൊണ്ട് വികസിച്ചു : ‘’ സഹാ‍യിക്കുമോ?’‘ അയാള്‍ ചോദിച്ചു:

‘’ ശരിക്കും?’‘

കച്ചവടക്കാര്‍ക്ക് ചിരിവന്നു . ഒരു കൂട്ടച്ചിരിക്കിടയില്‍ അവര്‍ പരസ്പരം കണ്ണുകളില്‍ നോക്കി.

‘’ ഞങ്ങള്‍ പാതി, നിങ്ങള്‍ പാതി എന്നതാണ് ഇവിടത്തെ പ്രമാണം’‘ അവരിലൊരാള്‍ സൗമ്യമായി പറഞ്ഞു . ‘’ നിങ്ങള്‍ക്ക് ഈ തെരുവിലെ ഏതു ഛായാപടവും പരിശോധിക്കാം. അതിനുള്ള സ്വാതന്ത്ര്യം തന്നാല്‍ തല്‍ക്കാലം തൃപ്തിപ്പെടാമല്ലോ അല്ലേ?‘’

ഇരു ഭാഗത്തുമുള്ള കടകളില്‍ അസംഖ്യം ചിത്രങ്ങള്‍ തൂക്കിയിട്ടിരുന്നു. അവയുടെ സംഖ്യ ദിവാകരനെ ഭയപ്പെടുത്തി. ആദ്യത്തെ കടയില്‍ അയാള്‍ വിപുലമായ ഒരു തിരച്ചില്‍ തന്നെ നടത്തി. അനവധി മുഖങ്ങള്‍, അനവധി കണ്ണുകള്‍. അവയില്‍ പലതും താനറിയുന്നവയാണെന്ന് ദിവാകരനു തോന്നി. ഓരോ ചിത്രവും മുന്നിലെത്തിയപ്പോള്‍ അയാള്‍ വിചാരിച്ചു: ഇതാ എന്റെ അച്ഛന്‍, ഇതാ എന്റെ അമ്മ … പക്ഷെ, അയാള്‍ക്കൊരിക്കലും ആവശ്യമുള്ള ചിത്രങ്ങള്‍ കിട്ടിയതേയില്ല .

ആദ്യത്തെ കട വിട്ടിറങ്ങുമ്പോള്‍ അയാള്‍ കച്ചവടക്കാരനോടു ചോദിച്ചു :

‘’ ഒരു കടയില്‍ കണ്ടത്, വേറൊരു കടയില്‍ കാണുകയില്ലല്ലോ, അല്ലേ?’‘

‘’ അങ്ങനെ ഉറപ്പൊന്നുമില്ല’‘ വികൃതമായ മന്ദഹാസത്തോടെ കടക്കാരന്‍ പറഞ്ഞു : ‘’ കിട്ടുന്ന പടങ്ങള്‍ മുഴുവന്‍ ഞങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നു . ഒരു പടം തന്നെ ചിലപ്പോള്‍ എല്ലാ കടകളിലും കണ്ടെന്നും വരും’‘ ദിവാകരനു പരിഭ്രമം തോന്നി.

രണ്ടാമത്തെ കടയില്‍ നിന്ന് പരിശോധനയും കഴിഞ്ഞു നിരാശനായി ഇറങ്ങുമ്പോള്‍ അവിടത്തെ കച്ചവടക്കാരന്‍ അന്വേഷിച്ചു:

‘’ഏതെങ്കിലും കുറെ പടങ്ങള്‍ പോരെ? ഇന്നതുതന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് അത്ര ബുദ്ധിയാണോ? വെറുതെ സമയം പാഴാണ്‘’

‘’ എനിക്ക് വേണ്ടപ്പെട്ടവരുടെ ചിത്രങ്ങളാണ് ഞാന്‍ തിരക്കുന്നത് . കണ്ടവന്റെയൊന്നും പടം എനിക്കാവശ്യമില്ല ‘’

‘’ലേശം ക്ഷോഭിച്ച് ദിവാകരന്‍ മറുപടി പറഞ്ഞു. മൂന്നാമത്തെ കച്ചവടക്കാരന്‍ ചോദിച്ചു: ‘’ വേണ്ടപ്പെട്ടവരുടെ ചിത്രങ്ങള്‍ ക്ണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് എന്താ ഉറപ്പ്?’‘

‘’ എനിക്കറീയാം ’‘ ദിവാകരന്‍ പിറുപിറുത്തു. എങ്കിലും ആ ചോദ്യം അയാളെ ചെറുതായി കുഴക്കി.

ഒരു പക്ഷെ, പിന്നിട്ട അസംഖ്യം ഛായാപടങ്ങളിലൊന്ന് അച്ഛന്റേതായിരുന്നില്ല എന്നെങ്ങെനെ പറയാന്‍ പറ്റും? പതിനായിരക്കണക്കിനു ചിത്രങ്ങള്‍ ഒറ്റ മധ്യാഹ്നം കൊണ്ടു താന്‍ പരിശോധിച്ചു കഴിഞ്ഞിരുന്നു. കണ്ടു കണ്ട് ഏതാണ്ടെല്ലാ പടങ്ങളും ഒരേപോലെയാണെന്നു അയാള്‍ക്കു തോന്നിത്തുടങ്ങിയിരുന്നു.

സന്ധ്യയായപ്പോള്‍ പതിനാറാമത്തെ കടയില്‍ നിന്ന് , വെറും കയ്യുമായി ദിവാകരന്‍ ഇറങ്ങി, അയാള്‍ക്കു നന്നെ ക്ഷീണം തോന്നി , അതുവഴി കടന്നു പോയ ഒരു വഴിയാത്രക്കാരനെ വിളിച്ചു നിര്‍ത്തി അയാള്‍ ചോദിച്ചു:

‘’ ഈ തെരുവില്‍ എത്ര കടകളുണ്ട്?’‘

‘’ എനിക്കറിയില്ല ആരും കണക്കെടുത്തിട്ടില്ലെന്നു മാത്രം എനിക്കറിയാം ‘’

അയാള്‍ പറഞ്ഞു: ‘’ ആയിരക്കണക്കിനുണ്ടാവാം.’‘

ദിവാകരന്‍ അമ്പരന്നു പോയി. ഇനി എത്രയെത്ര മുഖങ്ങളിലൂടെ കണ്ണോടിച്ചാലാണു തനിക്കാവശ്യമുള്ള ചിത്രങ്ങള്‍ ലഭിക്കാന്‍ പോകുന്നതെന്ന് അയാളത്ഭുതപ്പെടുകയായിരുന്നു.

എന്നിട്ടും അയാള്‍ ശ്രമം ഉപേക്ഷിച്ചില്ല. രാത്രിയായതോടെ തെരുവില്‍ വിളക്കുകള്‍ ‍തെളിഞ്ഞു. ഓരോ കച്ചവടക്കാരനും അവനവന്റെ കട, കഴിയുന്നത്ര ഭാവനാപൂര്‍ണ്ണമായി വെളിച്ചം കൊണ്ടു നിറക്കാന്‍ ബദ്ധപ്പെട്ടിട്ടുണ്ടെന്ന് ദിവാകരന്‍ ശ്രദ്ധിച്ചു. എന്നാല്‍, വീണ്ടും രണ്ടു മൂന്നു കടകള്‍ കൂടി പിന്നിട്ടു കഴിഞ്ഞപ്പോഴാണ് ആ വെളിച്ചത്തിനു പിന്നില്‍ ഒരു ചതിവുണ്ടെന്നു മനസിലായത്. ദീപാലങ്കാരങ്ങളുടെ സ്വഭാവം വ്യത്യസ്തമായിരുന്നെങ്കിലും ഛായാ പടങ്ങള്‍ ‍സൂക്ഷിക്കുന്ന മുറികളിലെ വെട്ടത്തിനും ഏതാണ്ടൊരേ സ്വഭാവമാണുള്ളതെന്ന് അയാള്‍ക്കു തോന്നി. ഒരേതരം പ്രകാശം. ആ ധാരാളിത്തത്തില്‍ മുഖങ്ങള്‍ക്കും ഏകാന്തത വീണിരിക്കുന്നു.

രാ‍ത്രി കനത്തു ദിവാകരന്‍ പിന്‍ വാങ്ങിയില്ല. പ്രകാശത്തിന്റെ കബളിപ്പിക്കലിനെ അതിജീവിച്ചും ആവശ്യമുള്ള ചിത്രങ്ങള്‍ തന്നെ കൈക്കലാക്കുമെന്ന് അയാള്‍ പ്രതിജ്ഞയെടുത്തു. ഒരു ഭയം മാത്രമാണ് അപ്പോഴും അയാളെ നിരുത്സാഹപ്പെടുതിയത്. ഛായാ ചിത്രങ്ങളുടെ സമുദ്രങ്ങള്‍ തന്നെ പിന്നിട്ടതുകൊണ്ട് , തനിക്കാവശ്യമുള്ള മുഖങ്ങള്‍ ഏതെന്ന് അയാള്‍ കുറേശെ മറന്നു തുടങ്ങിയിരുന്നു. അവസാനം കയറിയ കടയില്‍ നിന്ന് ‘ ഇതാ എന്റെ അച്ഛന്‍ ‘ എന്നുറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് , ഏതോ ഒരു വൃദ്ധന്റെ പടം വലിച്ചെടുക്കാന്‍ തുടങ്ങിയ സംഭവം അയാളുടെ ആത്മവിശ്വാസം ചെറുതായി ഉലച്ചിരുന്നു. പാതിരാവായി . ദിവാകരന്‍ നന്നേ തളര്‍ന്നവശനായിക്കഴിഞ്ഞിരുന്നു.

‘’ ഈ കടകള്‍ അടക്കാറില്ലേ?’‘ ഒരു പുതിയ കടയിലേക്ക് കയറിക്കൊണ്ട് അയാള്‍ അന്വേഷിച്ചു.

‘’ ഇല്ലല്ലോ ‘’ കടക്കാരന്‍ പറഞ്ഞു: ‘’ ഞങ്ങള്‍ക്കു രാ‍ത്രിയും പകലും എന്ന ഭേദമില്ല .’‘

ആ മറുപടി അയാളെ തളര്‍ത്തി. ഒരിടവേള കിട്ടിയിരുന്നെങ്കില്‍ എന്നയാള്‍ക്ക് ആഗ്രഹം തോന്നി. പടങ്ങള്‍ നോക്കി നോക്കി കണ്‍പോളകള്‍ക്കു കനം വച്ചിരിക്കുന്നു. പുതിയ ഒരു പടത്തിലേക്ക് മിഴിയൂന്നുമ്പോഴേക്ക് കണ്ണില്‍ നിന്നു ചാടുന്ന അവസ്ഥ.

‘’ നിങ്ങള്‍ ആകെ അവശനായിരിക്കുന്നു.’‘

കടക്കാരന്‍ ദിവാകരന്റെ തോളില്‍ തട്ടിപ്പറഞ്ഞു” ‘’ വിശ്രമിക്കു. പുലര്‍ന്നിട്ടു തിര‍ച്ചില്‍ തുടരാം’‘

‘’ എനിക്കു ക്ഷീണമൊന്നുമില്ല ‘’ ദിവാകരന്‍ ഉന്മേഷം നടിച്ചു: ‘’ ഞാന്‍ എന്റെ ബന്ധുക്കളുടെ ചിത്രങ്ങള്‍ തിരയട്ടെ.’‘

പുതിയൊരുത്സാഹത്തോടെ അയാള്‍ കടക്കുള്ളിലേക്കു കയറിപ്പോയി. അസംഖ്യം ചിത്രങ്ങളുടെ നിരക്കു മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ അവിടേയും ദിവാകരന്‍ പകച്ചു നിന്നു.

തല കറങ്ങുന്നതുപോലെ അയാള്‍ക്കു തോന്നി. മുഖങ്ങളുടെ സാദൃശ്യം അയാളെ വിഷമിപ്പിച്ചു.

എനിക്കൊരിക്കലും. ആ ചിത്രങ്ങള്‍ കിട്ടാന്‍ പോകുന്നില്ല .കണ്ടാല്‍ പോലും അവയെ ഞാന്‍ തിരിച്ചറിയാന്‍ പോകുന്നില്ല . അയാള്‍ സ്വയം പിറുപിറുത്തു. ഈ സമുദ്രത്തില്‍ നിന്ന്….

അപ്പോഴേക്കും കടക്കുള്ളിലേക്കു രണ്ടു കൊച്ചുകുട്ടികള്‍ കടന്നു വന്നു. ആറും ഏഴും വയസ്സായ രണ്ട് ആണ്‍കുട്ടികള്‍.

അവരുടെ ചൊടിയുള്ള കാലടിശബ്ദം ആ സമയത്ത് ദിവാകരനെ ഭയപ്പെടുത്തി. അയാളൊരു മൂലയിലേക്കു മാറി ഭിത്തിയില്‍ ‍ചാരിനിന്നു. ആ കുട്ടികള്‍ പോയിക്കഴിഞ്ഞു തിരച്ചില്‍ തുടരുകയാവും ബുദ്ധി എന്ന് അയാള്‍ക്കു തോന്നി.

പുറത്തു തെരുവില്‍ വെളുപ്പാന്‍ കാലമാകുന്നത് ദിവാകരന്‍ കണ്ടു.

പടങ്ങള്‍ നോക്കിനോക്കി കുട്ടികള്‍ അയാള്‍ നില്‍ക്കുന്നയിടത്തെത്തി.

ദിവാകരനെ കണ്ട് അവര്‍ നിന്നു. അവരുടെ കണ്ണുകള്‍ അയാളുടെ തുറന്ന കണ്‍പോളകളില്‍ തറച്ചു. അവരുടെ തിരച്ചില്‍ തന്റെ മുന്നില്‍ ഒടുങ്ങുന്നു എന്ന് ദിവാകരന്‍ ഭയപ്പാടോടെ അറിഞ്ഞു.

നോക്കി നില്‍ക്കെ കുട്ടികളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. നിശബ്ദമായി അവര്‍ കരയാന്‍ തുടങ്ങി. ആ കരച്ചില്‍ കണ്ടുനില്‍ക്കുക വിഷമമായിരുന്നെങ്കിലും എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാതിരുന്നതുകൊണ്ട് അയാള്‍ അവിടെത്തന്നെ നിന്നു.

ഏറെ നേരത്തെ കരച്ചിലിനുശേഷം അവര്‍ കടക്കാരനെ അകത്തേക്കു വിളിച്ചു.

‘’ ഇതാ ഈ പടമാണ് ഞങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്നത്’‘ ഏങ്ങലടികള്‍ക്കിടയിലവര്‍ പറഞ്ഞു.

കടക്കാര്‍ ദിവാകരനെ ഒരു വലിയ കടലാസ് കൂട്ടിലാക്കി ഭംഗിയായി പൊതിയാന്‍ തുടങ്ങി.

കാരണം , മരിച്ചവരുടെ ഛായാപടങ്ങള്‍ മാത്രം വില്‍ക്കുന്ന ഒരു തെരുവായിരുന്നല്ലോ അത്.

Generated from archived content: story1_mar2_12.html Author: padmarajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English